ജനാധിപത്യത്തിന്റെ സൗന്ദര്യം…

പോളിംഗ് ബൂത്തിൽ വിജയിക്കുന്നതാര് എന്ന ചോദ്യത്തിന് ലോകത്ത് എല്ലായിടത്തും ഒരുത്തരം മാത്രമേയുള്ളു; ജനത്തിന്റെ സാമാന്യബുദ്ധി! രാജ്യത്തിനു ആരെ വേണം, ഒരാവശ്യം വന്നാൽ തനിക്കു ഉപകാരപ്പെടുന്നതാര്, ആ സ്ഥാനാർഥിയുടെ ജനത്തിനോടുള്ള പെരുമാറ്റം, വാക്കുകളിലെ ആത്മാർത്ഥത തുടങ്ങിയവയെല്ലാം മനസ്സിലാക്കിയെടുക്കാൻ ആർക്കും ഒരു സ്കൂൾ വിദ്യാഭ്യാസം പോലും ആവശ്യമില്ല. കാരണം അതെല്ലാം നമ്മുടെ അനുഭവങ്ങളും കണ്മുന്നിലെ കാഴ്ചകളുമാണ്.

സ്വതന്ത്രഇന്ത്യയിലെ ഏറ്റവും മികച്ച പ്രധാനമന്ത്രിമാരിലൊരാളായ ശ്രീ. മോദി മൂന്നാമത്തെ തവണയും തുടർഭരണം നേടുന്നതും ആ കാഴ്ചപ്പാടിൽ അടിസ്ഥാനപ്പെടുത്തിയ സമീപനത്താലാണ്. അദ്ദേഹം ഇന്ത്യയിലെ സാധാരണക്കാരുടെ ഹൃദയം വർഷങ്ങളായി കീഴടക്കിയിരിക്കുന്നു. ഇത്രയും അധ്വാനശീലനായ ഒരു രാഷ്ട്രത്തലവൻ ലോകത്തു മറ്റെവിടെയെങ്കിലും കാണുമോ എന്നും സംശയമാണ്. പതിവിൽ നിന്നും വ്യത്യസ്തമായി ഒന്നിലധികം പാർട്ടികളുടെ കൂട്ടായ്മയോട് മത്സരിച്ചു നേടിയ വിജയം മഹത്തരവുമാണ്. എന്നാൽ സ്വന്തം കഴിവിലെ അമിത ആത്മവിശ്വാസം പ്രവർത്തകരിൽ അല്പം നിഷ്‌ക്രിയത്വം കൊണ്ടുവന്നപ്പോൾ, ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടപ്പെടുത്തിയതും ബിജെപിയുടെ രാഷ്ട്രീയപരമായ പോരായ്മയാണ്.

ഭാവിപ്രധാനമന്ത്രിയെന്ന മാധ്യമ വിശേഷങ്ങളിൽ ആലസ്യം ബാധിച്ചൊരു വ്യക്തി, പരാജയത്തിൽ നിന്നും പാഠം ഉൾക്കൊണ്ടു ഒരു സുപ്രഭാതത്തിൽ ഇന്ത്യയിലെ സാധാരണക്കാർക്കിടയിലൂടെ, അവരിലൊരാളായി ഭാരത് ജോഡോ യാത്രയിലൂടെ നടന്നു തുടങ്ങിയപ്പോൾ, ജനം അദ്ദേഹത്തിനും കൈ നൽകിയെന്നതാണ് ഈ തെരെഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ മുന്നേറ്റരഹസ്യം. ലക്‌ഷ്യം നേടിയെടുക്കാനുള്ള വ്യഗ്രതയിൽ ഏതു മാർഗവും സ്വീകരിക്കുന്ന അദ്ദേഹത്തിന്റെ സമീപനത്തോട് വ്യക്തിപരമായ വിയോജിപ്പുണ്ടെങ്കിലും, ഈ തിരിച്ചുവരവിൽ ശ്രീ. രാഹുൽഗാന്ധിക്കും അഭിമാനിക്കാവുന്നതാണ്.

“എനിക്കു തൃശ്ശൂർ വേണം!!” അടുത്തകാലത്തൊന്നും ഇത്രയും തമാശയിൽ പൊതിഞ്ഞ പരിഹാസം നേടിയ ഒരു വ്യക്തിയുണ്ടാകുമോ എന്നു സംശയമാണ്. ഹൃദയം കൊണ്ടു സംവദിക്കുന്ന ശ്രീ. സുരേഷ്‌ഗോപിയേയും ജനം മുറുകെപ്പിടിച്ചു. നേരത്തെ സൂചിപ്പിച്ചപോലെ ഞങ്ങൾക്കൊരാളുണ്ട് എന്നൊരു ആത്മബന്ധം കേരളസമൂഹവുമായി ഉണ്ടാക്കിയെടുക്കാൻ ഈ കാലയളവിൽ അദ്ദേഹത്തിന് സാധിച്ചു. കേരളത്തിൽ ഒരു മൂന്നാം മുന്നണിയായി വളരാൻ ആഗ്രഹിക്കുന്ന ബിജെപി ക്ക്‌ പിന്തുടരാവുന്ന ഒരു വലിയ മാതൃകാ പ്രവർത്തകൻ കൂടിയാണ് അദ്ദേഹം.

കോവിഡ് മഹാമാരിയുടെ ഭയത്തിൽ നിന്നും ജനത്തെ സംരക്ഷിച്ച ഇടതുപക്ഷത്തിനു, വീണ്ടും അധികാരം നൽകി നെഞ്ചിലേറ്റിയ കേരളജനതയെ, പിന്നീടുള്ള ഓരോ ദിനവും അധികാരത്തിന്റെ ധാർഷ്ട്യത്തിൽ അവരിൽ നിന്നും അകലാൻ ശ്രമിച്ചതിന്റെ തിരിച്ചടിയാണ് ഇടതുപക്ഷമുന്നണിയുടെ കനത്ത പരാജയം. സർവ്വസൈന്യാധിപന്മാരെയും അണിനിരത്തിയിട്ടും ഈ തരത്തിൽ വന്നൊരു റിസൾട്ട്‌, പാർട്ടികൾക്കതീതമായി ചിന്തിക്കുന്നവരെപോലും നിരാശപ്പെടുത്തുന്നതാണ്. ഭരണവിരുദ്ധ വികാരം നിലനിൽക്കുമ്പോഴും, വ്യക്തിപ്രഭാവത്തിൽ – സാമൂഹ്യസേവനത്തിനായ് സ്വജീവിതം പൂർണമായും സമർപ്പിച്ച, ഒരു മന്ത്രിയുടേതായ നാട്യങ്ങളൊന്നുമില്ലാതെ ഇന്നും കാർഷികവൃത്തി ചെയ്യുന്ന ഒരു സാധാരണക്കാരനായ കമ്മ്യൂണിസ്റ്റ്, തന്റെ സ്വതസിദ്ധമായ ഒരു ചെറുപുഞ്ചിരിയോടെ വിജയിച്ചു കയറുന്നതിലും സന്തോഷം. ശ്രീ. രാധാകൃഷ്ണനും അഭിനന്ദനങ്ങൾ.

വരാൻ പോകുന്നത്, കൂട്ടുകക്ഷി ഭരണമായതുകൊണ്ടുതന്നെ ഈ ഫലം അധികം സന്തോഷം നൽകുന്നില്ലെങ്കിലും (രാജ്യസുരക്ഷ, അധികാരവടംവലി തുടങ്ങിയ കാരണങ്ങൾ) നമ്മുടെ ജനാധിപത്യസമൂഹത്തിന്റെ ചിന്താഗതിയിൽ വ്യക്തിപരമായി സന്തുഷ്ടനാണ്. പലവിധ മാധ്യമ ഇടപെടലുകളുടെയും ഇടയിലും, തങ്ങളുടെ സാമാന്യബുദ്ധി പണയം വയ്ക്കാതെ കഠിനാധ്വാനികളായ വ്യക്തിത്വങ്ങളെ മനസ്സിലാക്കി തെരെഞ്ഞെടുത്ത ജനതയിൽ അഭിമാനവും സന്തോഷവും പങ്കുവയ്ക്കട്ടെ, നന്ദി.

CATEGORIES

Articles

No responses yet

Leave a Reply

Your email address will not be published. Required fields are marked *