Andreas Brehme

ഒരു പെനാൽറ്റി ഗോളിൽ അർജന്റീനയെ കീഴടക്കി ലോകകപ്പ് കിരീടം നേടിയ പശ്ചിമ ജർമനിയുടെ ഫോട്ടോയും, തൊട്ടടുത്തൊരു കോളത്തിൽ ഗ്രൗണ്ടിൽ പൊട്ടികരയുന്ന ഡീഗോ മറഡോണയുടെ ചിത്രവുമുള്ള മാതൃഭൂമിയിലെ വാർത്തയാണ് ഫുട്ബോൾ വേൾഡ് കപ്പിനെകുറിച്ചുള്ള ആദ്യകാല ഓർമകളിലൊന്ന്. പിന്നീട് വർഷങ്ങൾക്കു ശേഷം ഈ ഫൈനൽ മത്സരത്തെക്കുറിച്ചുള്ള ഒരു കായിക വാർത്തയിലാണ് അന്നത്തെ ഏകഗോൾ നേടിയ താരം, ജർമനിയുടെ പ്രതിരോധനിരയിലെ ആൻഡ്രെസ്സ് ബ്രഹ്മേ എന്ന കളിക്കാരനാണ് എന്നു മനസ്സിലാക്കുന്നത്. ജർമനിയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റൻമാരിലൊരാളായ ലോതർ മെത്തേയൂസും, മികച്ച സ്ട്രൈക്കരായ ക്ലിൻസ്മാനും ടീമിലുള്ളപ്പോൾ, ക്യാപ്റ്റൻ തന്നെ ഇദ്ദേഹത്തെ പെനാൽറ്റി കിക്ക് എടുക്കാൻ നിർദ്ദേശിച്ചതിന്റെ കാരണവും അപ്പോഴാണ് വായിച്ചറിയുന്നത്.

അന്നത്തെ (1986) ചാമ്പ്യൻമാരായ അർജന്റീന ഫൈനലിലെത്തുന്നത് ഇറ്റലിയെ പെനാൽറ്റി ഷൂട്ട്‌ഔട്ടിൽ തോൽപ്പിച്ചാണ്. അർജന്റീനയുടെ ഗോൾകീപ്പറായിരുന്ന സെർജിയോ ഗോയ്കോഷ്യ, അറിയപ്പെട്ടിരുന്നതുതന്നെ അക്കാലത്തെ ഏറ്റവും മികച്ച ഒരു പേനൽറ്റിസേവർ എന്ന പേരിലായിരുന്നു. ആ ഫൈനൽ മത്സരത്തിൽ അർജന്റീന ആക്രമണത്തിൽ കൂടുതൽ ശ്രദ്ധിക്കാതെ മത്സരം ഷൂട്ട്‌ ഔട്ടിലേക്കു കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും, മത്സരം അവശേഷിക്കാൻ മിനിറ്റുകൾക്ക് മുൻപ് ഒരു പെനാൽറ്റികിക്ക് അവർക്കു വഴങ്ങേണ്ടിവന്നു.

എതിരാളിയുടെ മനസ്സും ശരീരചലനങ്ങളും വായിച്ചെടുക്കുന്ന തങ്ങളുടെ ഗോൾ കീപ്പറിൽ സ്വഭാവികമായും അർജന്റീനക്ക് ആത്മ വിശ്വാസമുണ്ടായിരുന്നു. ക്യാപ്റ്റൻ മത്തേയൂസ് പതിവുപോലെ കിക്ക് എടുക്കുമെന്ന് ഏവരും കരുതിയപ്പോഴാണ്, അദ്ദേഹം ബ്രഹ്മയെ ക്ഷണിക്കുന്നത്. ഗോൾപോസ്റ്റിന്റെ സൈഡ്ബാറിനോട് ചേർന്നു ഗോൾ നേടുന്നതിൽ പരിശീലനം സിദ്ധിച്ച വിദഗ്ധനായിരുന്നു ബ്രഹ്മേ. ആറടി ഉയരമുള്ള ഗോയ്കോഷ്യ, പോസ്റ്റിൻറെ ഏതു വശത്തേക്കും എത്ര നീളത്തിൽ ചാടിയാലും കീപ്പർ ഗ്ലൗസിനും ഗോൾ പോസ്റ്റിനുമിടയിലുള്ള ഒരു ഗ്യാപ്, അദ്ദേഹത്തിന്റെ ഒരു പോരായ്മയായിരുന്നു. അതായിരുന്നു ജർമൻ ടീമിന്റെ ലക്ഷ്യവും.

റഫറി വിസിൽ ഊതി… പോസ്റ്റിന്റെ വലതുവശത്തേക്ക് അടിച്ച പന്തിന്റെ അതേദിശയിൽ തന്നെ ഗോയ്കോഷ്യയും മുന്നോട്ടു കുതിച്ചു ചാടി. രണ്ടു പ്രതിഭകളുടെ മാറ്റുരക്കലിനൊടുവിൽ ബ്രഹ്മെയുടെ വൈദഗ്ദ്ധ്യത്തിൽ അദ്ദേഹം ഗോൾ നേടി; പിന്നീട് ജർമനി ലോകകപ്പും കരസ്ഥമാക്കി.

കഴിഞ്ഞ ദിനം വിടവാങ്ങിയ അദ്ദേഹത്തിന് ആദരാഞ്ജലികൾ,

CATEGORIES

Tribute

No responses yet

Leave a Reply

Your email address will not be published. Required fields are marked *