ഒരു ജനതയെ ബന്ദിയാക്കരുത്…

കെടുകാര്യസ്ഥതയുടെ അങ്ങേയറ്റം എന്നൊരു വിശേഷണമുണ്ടെങ്കിൽ അത് ബ്രഹ്മപുരത്തെ ഇന്നത്തെ സ്ഥിതിവിശേഷമാണ്! തീപിടിത്തമെല്ലാം ലോകത്തെവിടെയും സംഭവിക്കുന്ന കാര്യമാണെങ്കിലും അത് ഇത്രയും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ഒരു യജ്ഞമായി മാറുന്നുവെങ്കിൽ നമ്മുടെ ഭരണസംവിധാനങ്ങൾ പരാജിതരാണ് എന്നാണർഥം. ലക്ഷകണക്കിന് ആളുകൾ, അവരുടെ പ്രവർത്തി ദിനങ്ങൾ, ഗർഭിണികൾ, വയോധികർ, കുട്ടികൾ, രോഗികൾ തുടങ്ങി അയൽ ജില്ലകളിലെ ആളുകൾ പോലും വീടിനുള്ളിൽ ബന്ദികളായി കഴിയേണ്ട സാഹചര്യം അടിയന്തിരമായി പരിഹരിക്കേണ്ട കാര്യമാണ്.

ഒരു വലിയ രീതിയിലുള്ള ദുരന്തങ്ങളെ നേരിടാൻ ചിലപ്പോൾ കേരളത്തിന് ഉപകരണങ്ങളുടെ ലഭ്യതയോ, പരിശീലനം സിദ്ധിച്ച ഫയർസർവീസ് ഉദ്യോഗസ്ഥരോ ഇല്ലാതെ വരാം. എന്നാൽ ഒരു മലയാളി, ഇന്ത്യക്കാരൻ കൂടിയാണ്! രാജ്യത്തെ ഓരോ പൗരന്റെയും ജീവനും സ്വത്തിനും ആരോഗ്യത്തിനും സംരക്ഷണം നല്കാൻ ഓരോ സംസ്ഥാനങ്ങൾക്കും മാത്രമല്ല, കേന്ദ്രത്തിനും ഉത്തരവാദിത്വമുണ്ട്. ലോകത്തെ തന്നെ ഏറ്റവും മികച്ച റെസ്ക്യൂ-ഡിസാസ്റ്റർ മാനേജ്മെന്റ് ടീം നമ്മുടെ രാജ്യത്തിനുണ്ട്. ഇത്രയും ജനത്തെയും പരിസ്ഥിതിയെയും ബാധിക്കുന്ന വിഷയമായിട്ടും, ഒരു യുദ്ധകാലാടിസ്ഥാനത്തിൽ പരിഹാരം നേടേണ്ട സാഹചര്യമുണ്ടായിട്ടും നമ്മുടെ കേന്ദ്രഗവൺമെൻറ് ഈ വിഷയത്തിൽ സമയോചിതമായി ഇടപെടുന്നില്ല എന്നത് മലയാളികൾക്ക് വേദനയും അമർഷവും ഉണ്ടാക്കുന്ന കാര്യമാണ്. പൗരന്റെ ആരോഗ്യത്തിൽ ശ്രദ്ധിക്കുന്നതിനുപകരം പരസ്പര ചെളിവാരിയേറുകൾക്കു ഇതെല്ലാം രാഷ്ട്രീയമായി പ്രയോഗിക്കപ്പെടുന്നത് മറ്റൊരു സാമൂഹ്യ ദുരന്തമാണ്!

നമ്മുടെ ജനത കുറച്ചുകൂടി പ്രതികരണശേഷി വർധിപ്പിച്ചില്ലെങ്കിൽ ഇത്തരം ആലസ്യമായ പ്രവണതകൾ ഇനിയും ആവർത്തിച്ചേക്കാം. ലോകത്തെവിടെയും മികച്ച ഭരണകൂടം ഉണ്ടാകുന്നതും, നിലനിൽക്കുന്നതിലും, അതാതിടത്തെ ജനങ്ങളുടെ കാര്യക്ഷമമായ ഇടപെടലുകൾ കൊണ്ടുകൂടിയാണ് എന്നൊരു അടിസ്ഥാനസത്യവും, ഇന്നത്തെ തലമുറകൾ മനസ്സിലാക്കുക. അതിവേഗ പരിഹാരത്തിനായി നമുക്കൊന്നിച്ചു പ്രവർത്തിക്കാം.

CATEGORIES

Articles

No responses yet

Leave a Reply

Your email address will not be published. Required fields are marked *