
വൈവിധ്യമാർന്ന ഈ പ്രപഞ്ചം, ഭൂമിയെന്ന ജീവൽ ഗ്രഹത്തിലെ എണ്ണിയാലൊടുങ്ങാത്ത അത്ഭുതങ്ങൾ, നമ്മുടെ ജീവിതയാത്ര-ലക്‌ഷ്യം തുടങ്ങിയ ചിന്തകളിലെല്ലാം, ഒരു സാധാരണ വിജ്ഞാന കൗതുകി ഇതിന്റെയെല്ലാം സ്രഷ്ടാവിനെ അന്വേഷിക്കാറുണ്ട്. അത്തരം അന്വേഷണങ്ങളിൽ / ആധ്യാത്മിക യാത്രയിൽ പക്ഷെ നമുക്ക് ലഭിക്കുന്നത് അതിമാനുഷികതയുള്ള, നമ്മുടെ സാമാന്യബുദ്ധിക്കു നിരക്കാത്ത കഥകളും സങ്കല്പങ്ങളുമാണ്. അതുകൊണ്ടുതന്നെ ഒരു നിശ്ചിതപ്രായം കഴിഞ്ഞാൽ ഈ യാത്രയിൽ നിന്നും പലരും പിറകോട്ടു പോകാറുമുണ്ട്. എന്നാൽ ഒരു ഉൾപ്രേരണയാൽ വീണ്ടും വീണ്ടും അന്വേഷണത്വരയോടെ മുന്നോട്ടു നടക്കുന്നവർക്ക് ലഭിക്കുന്ന ഒരു വലിയ വരദാനമാണ് സനാതനധർമത്തിലെ അടിസ്ഥാനഗ്രന്ഥങ്ങളായ വേദങ്ങൾ…
നമുക്കറിയാം, ഇതരജീവജാലങ്ങളിൽ നിന്നും മനുഷ്യരെ വ്യത്യസ്തമാക്കുന്നത് മസ്തിഷ്കത്തിന്റെ ഉപയോഗം തന്നെയാണ്; അതോടൊപ്പം അവിടെ കൃത്യമായ ഒരു ഡാറ്റ ഫീഡിങ് ഇല്ലെങ്കിൽ അത് പരിമിതപ്പെടുമെന്നും അറിയാം. ഉദാഹരണത്തിന് ജനിച്ചു വീഴുന്ന പശുക്കുട്ടിക്കോ, ആനക്കോ മൽസ്യത്തിനോ പ്രത്യേകിച്ച് ശീലങ്ങളൊന്നും പഠിപ്പിക്കേണ്ടതില്ല; അവർ ഒരു പ്രകൃതി ശക്തിയാൽ തങ്ങളുടെ ജീവിതചര്യ പൂർത്തിയാക്കുന്നു. എന്നാൽ ഒരു മനുഷ്യകുഞ്ഞിനെ മുലപ്പാൽ ഊട്ടുന്നതിനപ്പുറമുള്ള എല്ലാ കാര്യങ്ങളും പഠിപ്പിക്കേണ്ടതുണ്ട്. മറ്റൊരു രീതിയിൽ സൂചിപ്പിച്ചാൽ ഒരേ വയസ്സുള്ള ശാരീരിക-മാനസിക പ്രകൃതമുള്ളവർ ഭാവിയിൽ വ്യത്യസ്തരാകുന്നത് അവർക്കു കുടുംബത്തിൽനിന്നോ, സ്കൂളുകളിൽ നിന്നോ, സമൂഹത്തിൽ നിന്നോ, വായനകളിൽ നിന്നുമെല്ലാം സ്വാംശീകരിച്ചെടുക്കുന്ന അറിവിന്റെ, സംസ്കാരത്തിന്റെ ഏറ്റക്കുറച്ചിലുകൾ കൊണ്ടാണെന്നു നമുക്ക് മനസിലാക്കാം.
വേദം എന്നതിനർത്ഥം അറിവ് എന്നാണ്. അതിൽ മനുഷ്യസൃഷ്ടിയെക്കുറിച്ചുള്ള പരാമർശമില്ല. അവയുടെ മന്ത്രാർത്ഥങ്ങളെ അപഗ്രഥിച്ചു സൃഷ്ടിക്കപ്പെട്ട മറ്റു പല അറിവുകളും – ആയുർവേദം, സംഗീതം, രാഷ്ട്രനിർവഹണം, ന്യായം, നീതി തുടങ്ങിയവയെല്ലാം ഇന്നും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. മനുഷ്യബുദ്ധിയെ ഉണർത്തി, ക്രിയാത്മകമായ ജീവിതലക്ഷ്യങ്ങൾ അവരിൽ രൂപപ്പെടുത്താനും, ധാർമിക മൂല്യമുള്ള വ്യക്തിയാക്കി വളർത്തുകയുമെല്ലാമാണ് വേദമന്ത്രങ്ങളുടെ ക്രിയാരൂപം. ഈശ്വരാന്വേഷണം മാത്രമല്ല മറിച്ചു ചരിത്രവും മൂല്യമേറിയ അറിവുകളിലൂടെയുള്ള യാത്രയും കൂടിയാണ്, വേദപഠനം. ഇന്ത്യയുടെ വേദകാലഘട്ടത്തിൽ, ജീവിതചര്യയുടെ ഭാഗമായുള്ള വൈദിക ഉപാസനകൾ വ്യക്തികളെയും സമൂഹത്തെയും ഉന്നതിയിലെത്തിക്കുകയും, ആ സമ്പന്ന ധാർമിക സംസ്കാരത്താൽ നമ്മുടെ രാജ്യം, ലോകത്തിന്റെ നെറുകയിൽ സഹസ്രാബ്ദങ്ങളോളം വിരാജിക്കുകയും ചെയ്തിരുന്നു… എന്നാൽ വലിയ കാലപ്രവാഹത്തിൽ, രാജ്യം നേരിട്ട വിവിധ അധിനിവേശങ്ങളിൽ, ആ അറിവുകൾ/സംസ്കാരം നമുക്ക് അന്യമായി; ഒരു കൂട്ടം വ്യക്തികളിൽ, താളിയോലകളിൽ മാത്രമായി അവ പരിമിതപ്പെടുകയും ചെയ്തു. പിൽക്കാലത്തെ ബ്രിട്ടീഷ് ആക്രമവും, അവരുടെ ചരിത്രകാരന്മാരാൽ വളച്ചൊടിക്കപ്പെട്ട പരിഭാഷകളും കൂടി നമ്മിലേക്ക് അടിച്ചേല്പിക്കപ്പെട്ടപ്പോൾ, സനാതന സംസ്കാരത്തെ പിന്തുടർന്നിരുന്ന ഒരു സമൂഹത്തിനു ഈ വൈദിക അറിവുകൾ ഏറെക്കുറെ അപ്രാപ്യമായി, അവർ പുരാണ-ഇതിഹാസങ്ങളിലെ കഥകളിൽ മാത്രമായി കാലാന്തരത്തിൽ പരിമിതപ്പെട്ടു എന്നതാണ് വാസ്തവം.
എന്നാൽ ഒരു ചരിത്രനിയോഗമെന്നപോലെ, ഹൈന്ദവ സംസ്കാരത്തിന്റെ അടിസ്ഥാന പ്രാമാണിക ഗ്രന്ഥങ്ങളായ വേദങ്ങളെക്കുറിച്ചു വിധിയാംവണ്ണം പഠിച്ചു, ആ ഈശ്വരോന്മുഖമായ അറിവുകൾ പൊതുസമൂഹത്തിനു – അറിവ് ആഗ്രഹിക്കുന്ന ഏവർക്കും പകർന്നുനൽകാൻ ഒരു ആചാര്യൻ നമ്മുടെ കേരളത്തിലുണ്ടായി എന്നത് ഈ സംസ്കൃതി നമുക്കേകിയ വലിയ പുണ്യമാണ്. കോഴിക്കോട് കാശ്യപാശ്രമം കുലപതിയായ ആചാര്യശ്രീ രാജേഷ് അവർകൾ, കഴിഞ്ഞ രണ്ടു ദശാബ്‌ദങ്ങളായി വേദപ്രചാരണങ്ങൾക്കായി സ്വയം സമർപ്പിച്ച മഹത് വ്യക്തിത്വമാണ്. ഇന്ത്യയിലും വിദേശത്തുമായി ഇക്കാലയളവിൽ ലക്ഷകണക്കിന് ആളുകൾ അവരുടെ സ്വജീവിതത്തിൽ വേദമന്ത്ര ഉപാസനകളിൽ വലിയ ജീവിതമുന്നേറ്റം സാധ്യമാക്കിയവരാണ്. സമ്പത്തും, ഐശ്വര്യവും, ആരോഗ്യവും, ക്രിയാത്മകതയും വേണ്ടുവോളം പ്രധാനം ചെയ്യുന്ന വേദമന്ത്രങ്ങളുടെ ഫലം, പക്ഷെ സ്ഥിരപ്രയ്തനത്തോടെ, മന്ത്രദീക്ഷ സ്വീകരിക്കുന്നവർക്കു മാത്രമേ പ്രാപ്യമാകുകയുള്ളു എന്നും കൂട്ടത്തിൽ കുറിക്കട്ടെ. (കാരണം ഇന്നത്തെ ഇൻസ്റ്റന്റ് കാലഘട്ടത്തിൽ യൂട്യൂബിൽ ഒരു മന്ത്രം കിട്ടിയാൽ നാളെ മുതൽ അതും പരീക്ഷിക്കാം എന്ന് ചിന്തിക്കുന്നവരാണല്ലോ കൂടുതലും!, അതുകൊണ്ടു സൂചിപ്പിച്ചതാണ്.)
സാധാരണക്കാരായ ആളുകൾ കേട്ടിട്ടുപോലുമില്ലാത്ത സന്ധ്യാവന്ദനം, അഗ്നിഹോത്രം, ബലിവൈശ്യരദേവ യജ്ഞം തുടങ്ങി അമൂല്യങ്ങളായ ആചരണങ്ങൾ, എല്ലാ പഠിതാക്കൾക്കുമായി – അറിവ് ആഗ്രഹിക്കുന്ന ഏവർക്കും അഭ്യസിപ്പിക്കുന്നതും, ഒരു കാലത്തു വേദമന്ത്രങ്ങൾ ചൊല്ലുന്നതിൽ പോലും അയിത്തം കല്പിക്കപ്പെട്ട സ്ത്രീ സമൂഹത്തിനെ വൈദികാചരണങ്ങളുടെ മുൻനിരയിൽ കൊണ്ടുവന്നതും, ഇക്കാലയളവിലെ വിപ്ലവാത്മകമായ പ്രവർത്തനങ്ങളെന്നു സൂചിപ്പിക്കാതിരിക്കാൻ വയ്യ. കാശ്യപാശ്രമത്തിന്റെ മേൽനോട്ടത്തിൽ ഉൽഘോഷിച്ച “പ്രജ്ഞാനം ബ്രഹ്മ”, സോമയാഗം പോലുള്ള ചരിത്ര മുഹൂർത്തങ്ങൾക്കു വേദിയായ കോഴിക്കോടിന്റെ മണ്ണ്, ഇന്ന് മറ്റൊരു ചരിത്രത്തിനു കൂടി സാക്ഷ്യം വഹിക്കുകയാണ് – ലോകത്തിലെ ആദ്യത്തെ ചതുർവേദ പ്രതിഷ്‌ഠാ ക്ഷേത്രം എന്ന ബഹുമതി. കാശ്യപാശ്രമത്തിന്റെ അവിശ്രമയാത്രയിലെ മറ്റൊരു വലിയ കാൽവെപ്പ്.
അറിവിനെ ജനഹൃദയങ്ങളിൽ പ്രതിഷ്ഠിച്ചു, ധാർമിക മൂല്യബോധമുള്ള സമൂഹത്തെ വാർത്തെടുക്കുക എന്ന വിശാല ലക്ഷ്യവുമായി ലോകത്തെ മുന്നോട്ടു നടത്തുന്ന ഗുരുനാഥനായ ആചാര്യശ്രീക്കും, കാശ്യപകുടുംബത്തിനും ഈ മംഗളമുഹൂർത്തത്തിൽ ഒരായിരം നന്ദി, നമസ്കാരം…
No responses yet