
പാറ.
ചുവന്ന മണ്ണിൽ കൈവിരലുകൾകൊണ്ടു വരച്ച ചതുരക്കളത്തിലെ രണ്ടുഗോലികളിലൊന്നിലായിരുന്നു എന്റെ ശ്രദ്ധയത്രയും.. ഇതെറിഞ്ഞു തെറിപ്പിച്ചാൽ നല്ലൊരു തെല്ലുഗോട്ടിയാണ് കിട്ടുന്നതെന്ന ചിന്തയിൽ പരമാവധി ഉന്നം പിടിച്ചു എറിഞ്ഞു നോക്കിയെങ്കിലും അത് കൊള്ളാതെപോയി! കയ്യിലുള്ളതും പോയ നിരാശയിൽ നിൽക്കുമ്പോഴാണ് കുറുപ്പുമാഷിനെ കാണുന്നത്. വൈകുന്നേരം നാലേമുക്കാലോടെയാണ്, മാഷ് വായനശാല തുറക്കാൻ വരിക. ഒരു റഷ്യൻ തൊപ്പിയും കറുത്ത കണ്ണടയും ധരിച്ച മധ്യവയസ്കനായ, മിതഭാഷിയായ ഒരു വ്യക്തി. മൂപ്പര് വന്നതോടെ ഞങ്ങൾ കുട്ടികൾ, ഗ്രൌണ്ടിലെ കളിക്കു വിശ്രമംനല്കി ആ വാതിൽപടിയിലേക്ക് തിരക്കുകൂട്ടി നിന്നു. മുതിർന്നവർ എത്തുന്നതിനുമുന്പായി രണ്ടു സെറ്റെങ്കിലും കാരംസ് കളിക്കാനുള്ള വെപ്രാളങ്ങളിലൊന്നായിരുന്നു അത്.
ലൈബ്രറിക്കുള്ളിലെ പഴയ അലമാരയിലെ വലിയ റേഡിയോ അല്പനിമിഷത്തിനുള്ളിൽ ഓണായി. തൃശൂർനിലയത്തിലെ പരിപാടികൾ തുടങ്ങാൻ താമസമുള്ളതിനാൽ സിലോൺ നിലയത്തിലെ തമിഴ് പാട്ടുകളാണ് ആ സമയത്ത് ഉമ്മറത്തെ വലിയ കോളാമ്പിയിലൂടെ പുറത്തേക്കു വന്നിരുന്നത്. എം ജി ആറിന്റെയും, ശിവാജി ഗണേശന്റെയും പഴയകാല സിനിമ പാട്ടുകൾ, ഇളയരാജയുടെയും എസ് ജാനകിഅമ്മയുടെയും സംഗീതവുമെല്ലാം പതിവുപോലെ അന്തരീക്ഷത്തിൽ നിറഞ്ഞുനിന്നു. എന്നാൽ ദൂരെയുള്ള സിഗ്നലുകൾ ആയതിനാൽ ഒരു വരി കേട്ടാൽ അതിന്റെ തുടര്ച്ച പലപ്പോഴും കിട്ടുമായിരുന്നില്ല എന്നതാണ് സിലോൺ നിലയത്തിന്റെ പോരായ്മ.
കോളാമ്പിനാദം തുടങ്ങുന്ന ഈ സമയത്തോടെയാണ് സമീപത്തെ എല്ലാ ദിശകളിലുമുള്ള വീടുകളിൽ നിന്നും അന്നത്തെ ചെറുപ്പം വായനശാലയിലേക്ക് യാത്രതിരിക്കുന്നത്. പലരും പുസ്തകപ്രേമികളാണ്. എം ടിയും, പത്മനാഭനും, സേതുവും, ഒ വി വിജയനും, മുകുന്ദനും, കോട്ടയം പുഷ്പനാഥും, സുധാകർ മംഗളോദയവും, മുതൽ ആർതർ കൊനാൻ ഡോയൽ വരെയുള്ള എഴുത്തുകാരുടെ കൃതികളാൽ സമ്പന്നമായ ഒരു ലൈബ്രറിയുടെ ആരാധകരാണ് ഏറെയും. ഏതാണ്ട് അഞ്ചേകാലോടെ മുൻവശത്തെ വോളിബോൾ കോർട്ടും ഉണരും. കേവലം ഒരു കായിക വിനോദത്തേക്കാൾ ഉപരി, നാട്ടിലെ ചെറുപ്പകാരുടെ ഒരു സംഗമവേദി കൂടിയായിരുന്നു അത്; പകൽ ജോലിയുടെ ക്ഷീണം മാറ്റിവച്ചും, സൗഹൃദങ്ങൾ നിലനിർത്തുവാൻ ഒത്തുകൂടിയവർ. ടെലിവിഷൻ ആഡംബരവസ്തുവായതിനാൽ ഭൂരിഭാഗം ആളുകളുടെയും വിനോദം കൂടിയാണ് ആ വേളകൾ, പിന്നെ കാര്യംസ് കളികളും.
ആദ്യം വരുന്നവർ നെറ്റ് എല്ലാംകെട്ടി, പ്രാക്ടീസ് തുടങ്ങും, ആറുപേർ ഓരോ ടീമിലും തികഞ്ഞാൽ കളി തുടങ്ങുകയായി. പകലിലെ ചൂടു താങ്ങാൻ കഴിയാത്തവരും, അല്പം ‘ബോഡി’ ഉള്ളവരും മിക്കവാറും ഷർട്ട് അഴിച്ചായിരിക്കും കളിക്കുക. സ്മാഷർമാരുടെ ആധിക്യമൊന്നുമില്ലെങ്കിൽ പോലും കളിയെല്ലാം ആവേശം ഉണര്തുന്നത് തന്നെയായിരുന്നു. വിരലുകളിൽ മായാജാലത്തോടെ പന്തിനെ വഴിതിരിച്ചു വിട്ടു സ്മാഷർക്ക് കൊടുക്കുന്ന ശശിയേട്ടൻ, ഒരു പ്രത്യേക രീതിയിൽ സെർവ് ചെയ്യുന്ന ഗൊവിന്ദെട്ടൻ, സന്തോഷ്, ജോയ്, ഗിരിയേട്ടൻ, ഉണ്ണികൃഷ്ണെട്ടൻ അങ്ങിനെ ഒരുപാടു പേർ… ആദ്യത്തെ സെറ്റിന്റെ അവസാന ഭാഗം വരുമ്പോഴേക്കും കാഴ്ചക്കാരുടെ എണ്ണവും കൂടും, കൂടുതൽ പേരും വായനശാലയുടെ അടുത്തുള്ള ബാങ്കിന്റെ മതിലിനു മുകളിലായിരിക്കും ഇരിക്കുക. വലിയ കളിക്കാർ കുറവാണെങ്കിലും കളിയ്ക്കാൻ അവസരം കിട്ടുന്നവരുടെ ആത്മാർത്ഥ പ്രകടനങ്ങൾ ഇപ്പോഴും ഓർമയിലുണ്ട്. വോളിബോളിൽ മൂന്ന് ചാൻസിനുള്ളിൽ പന്ത് എതിർകോർട്ടിൽ എത്തിക്കണം, ആ ശ്രമങ്ങളിൽ കോര്ട്ടും കടന്നു പോയി പന്തെടുക്കാനുള്ള ശ്രമങ്ങളാണ് കാഴ്ചക്കാർക്ക് ആവേശവും…
കാരംസ് കളിയുടെ ആവേശമെല്ലാം കഴിഞ്ഞു വോളിബാൾ മത്സരം കാണാനുള്ള തിരക്കിലായിരുന്നു ഞങ്ങളും. ചുവന്ന പൂക്കൾ പൊഴിക്കുന്ന ഒരു ഗുൽമോഹർമരം തണൽ വിരിച്ചുനിൽക്കുന്ന വായനശാലയുടെ സ്റ്റേജിൽ നിന്നാൽ, മത്സരം നന്നായി കാണാം. പുറത്തെത്തുന്ന പന്ത് എടുക്കാനും മറ്റുമാണ് നമ്മുടെ ഉത്സാഹം, അതോടൊപ്പം ഒരു നാൾ ഈ കളത്തിൽ കളിക്കുമെന്ന പ്രതീക്ഷകളും.
മത്സരം മുറുകിയ ഒരു വേളയിൽ, പന്തെടുക്കാൻ വേണ്ടി കോർട്ടിനു പുറത്തേക്ക് ഓടിയ ഉണ്ണിയേട്ടൻ മടക്കിയ ഒരു റിട്ടേൺഹാൻഡ്, ആന്റിനയൊളം ഉയരത്തിൽ പറന്നു, എതിർകോട്ടും കടന്നു ഞങ്ങൾ നിൽക്കുന്ന സ്റ്റേജിൽ ഒരു തവണ ബൌൺസ് ചെയ്ത ശേഷം തൊട്ടടുത്ത തൊടിയിലേക്ക് പോയി. സാധാരണ മറ്റൊരാളുടെ വളപ്പിലേക്ക് പോകാൻ ഗേറ്റ് കടന്നുപോകുന്നതാണ് മര്യാദ. എന്നാൽ കളിയുടെ ആവേശതള്ളിച്ചയിൽ അത്തരം നേരംകൊല്ലി പരിപാടിക്കൊന്നും സമയമില്ലാത്തതിനാൽ, എളുപ്പത്തിൽ മതിൽ ചാടുന്ന ഒരു സ്വഭാവം എല്ലാവരും ശീലിച്ചിരുന്നു. സ്റ്റേജിനോട് അടുത്ത്, കഷ്ടിച്ച് നാലടി മാത്രം ഉയരമുള്ള മതിൽകെട്ടു ആർക്കും അത്ര പ്രശ്നവും ആയിരുന്നില്ല താനും. എന്നാൽ വീട്ടില് ആളുണ്ടോ എന്നു നോക്കി മാത്രമേ ഇത്തരം സാഹസം ചെയ്യുമായിരുന്നുള്ളൂ. ഇത്തവണയും പതിവ് തെറ്റാതെ സ്റ്റേജിൽ നിന്നും മതിലിനെ നോവിക്കാതെ ചാടി, പന്തെടുത്തു കളി തുടർന്നു.
സ്വന്തം വളപ്പിൽ ഒരു ഇല അനങ്ങിയാൽ, അത് ഏതു അബോധാവസ്ഥയിലും ‘മണത്തറിയുന്ന’ ഒരാൾ അന്ന് ആ വീട്ടിൽ ഉണ്ടായിരുന്നു. മരങ്ങളെ, പ്രത്യേകിച്ച് മാവുകളെ സ്നേഹിച്ച, പരിപാലിച്ചിരുന്ന കുറിയനായ ഒരു വ്യക്തി. മതിൽ ചാടുന്ന വിഷയങ്ങളിൽ എല്ലായ്പോഴും കളിക്കാരുമായി ഉടക്കാറുള്ള മൂപ്പരുടെ സ്വഭാവം ഏവര്ക്കും അറിയാവുന്നത് തന്നെ. ചാരായത്തിന്റെ ലഹരിയുടെ പിൻബലത്തോടെ മൂപ്പര് പതുക്കെ എഴുന്നേറ്റു.
മൂന്ന് സെറ്റ് ആണ് സാധാരണ മത്സരങ്ങളിൽ പതിവ്, മിക്കവാറും ബെസ്റ്റ് ഓഫ് ത്രീ ശൈലിയിൽ… തോല്ക്കുന്ന ടീം, വിജയിക്ക് എന്തെങ്കിലും ട്രീറ്റ് നല്കണം, സാധാരണയായി അന്നെല്ലാം അത് കടയിലെ ചായക്കും, എണ്ണ പലഹാരങ്ങൾക്കും വേണ്ടിയായിരിക്കും. രണ്ടു ടീമും തുല്യരായ സമയങ്ങളിൽ അവസാന മാച്ച് നിർണായകമാകും. പോയന്റുകളുടെ ആ പോരാട്ടങ്ങൾക്കിടയിൽ, അല്പം മുൻതൂക്കം വന്ന സന്തോഷത്തിൽ സെർവ് എടുക്കാനായി ഗൊവിന്ദെട്ടൻ തന്റെ പ്രത്യേക ശൈലിയിൽ, കാലുകൾ പരമാവധി നീട്ടി, കൈമുഷ്ടി കൊണ്ട് ബോളിൽ സ്പർശിക്കാൻ തുടങ്ങുന്ന ആ നിമിഷം…. അതാ ഗ്രൗണ്ടിൽ ഏഴാമത് ഒരാൾ… ശരീരത്തെ തന്നാലാവും വിധം ബാലൻസ് ചെയ്ത് ഇരുകൈകളും പരത്തി ആ രൂപം ഉറക്കെ പറയുന്നു, ഷ്ടോ… പ്പ്…
മതിൽചാടി ബോൾ എടുത്തതിന്റെ ദേഷ്യമാണ്, ആദ്യത്തെ പറച്ചിലിലോന്നും മൂപ്പര് കേൾക്കുന്നില്ല, അതോടെ കാര്യങ്ങൾ കീഴ്മേൽ മറിയുകയായി, രണ്ടു ടീമിലെ ആളുകളും കൂടുന്നു. ഒരേ ആവശ്യമാണ്,
‘പാറേ, നീയൊന്നു മാറിനിക്ക്, ഇതൊന്നു കഴിയട്ടെ.
ഇങ്ങേരെ എന്തുകൊണ്ടാണ് പാറ എന്നു വിളിക്കുന്നത് അന്നും ഇന്നും എനിക്കറിയില്ല.
‘നോ…, ഇക്കാര്യത്തിൽ ഇന്ന്… ദാ ഇപ്പോ തീരുമാനം പറയണം, എന്നിട്ടു കളിച്ചാ മതി’. ഫിറ്റായപ്പോൾ ഇംഗ്ലീഷൊക്കെ വരാൻ തുടങ്ങി.
കാര്യം മതിൽ ചാട്ടമാണ്, പക്ഷെ അതൊരു ഗൌരവമുള്ള കുറ്റമായി ആരും കാണുന്നില്ല എന്നതാണ് മൂപ്പരുടെ പ്രശ്നം. ഇതു ഇയാളുടെ ഒരു മേനക്കെടുത്തൽ മാത്രമല്ലെ എന്നാണ് മറ്റുള്ളവരുടെ ചിന്ത, അല്ലെങ്കിൽ വെറും ഷോ. ശാരീരിക അവസ്ഥ നോക്കിയാൽ ആളെ ഒന്നു തള്ളിയാൽ മതി, പക്ഷെ ഒള്ളിലെ ലഹരി ചിലപ്പോൾ പണി പറ്റിച്ചാൽ നമ്മളെ പോലീസ് സ്റ്റേഷനും കാണിക്കും!.
സമയം സന്ധ്യയാകുന്നു, അവസാന സെറ്റാണ്, കടയിലെ പലഹാരം… സമയം പ്രശ്നം…
അതുവരെ ഈ കാര്യങ്ങൾ വീക്ഷിച്ചു സ്റ്റേജിൽ ഇരുന്ന ഒരാൾ*, പതുക്കെ അവിടെ നിന്നും ഇറങ്ങി ഈ ‘സഭ’യിലെത്തുകയായി. ഇദ്ദേഹം കുറച്ചു കാലം ഗൾഫിലായിരുന്നു, അവിടത്തെ ഒരു പ്രത്യേക കള്ളിലുങ്കിയും ധരിച്ച്, കാലിൽ കാൽ കേറ്റി വച്ച്, കൈകൾ കെട്ടി, അതിൽ വലത്തേ കൈ വിരലുകൾ താടിക്കും കൊടുത്തു വളരെ ശ്രദ്ധാപൂർവം കളി ആസ്വദിക്കുന്ന രൂപമാണ് എല്ലായ്‌പോഴും… തന്റെ സ്വാഭാവികമായ ഒരു പുഞ്ചിരിയുമായി, നമ്മുടെ കക്ഷിയെ സമീപിക്കുകയായി. പിന്നെ തോളിൽ കൈവച്ചു, ചെവിയിൽ എന്തെല്ലാമോ പറഞ്ഞു വരുമ്പോഴേക്കും, ബഹളം വെക്കാൻ വന്ന ആളിന്റെ ചുണ്ടിൽ നാണം കലർന്ന ഒരു ചിരി വിടരുകയായി. ഇവർ എന്താണ് പറഞ്ഞത് എന്ന് പലപ്പോഴും ആര്ക്കും പിടികിട്ടിയിരുന്നില്ല, എന്നാൽ തിരികെ സ്റെജിലേക്ക് നടന്നു വരുമ്പോൾ ഒരു കണ്ചിമ്മുന്നത് ഞാൻ ശ്രദ്ധിക്കാറുണ്ട്, കുട്ടികളായ ഞങ്ങൾക്ക് മനസ്സിലാക്കാൻ കഴിയുന്ന കാര്യങ്ങളായിരുന്നില്ല അതൊന്നും.
വീണ്ടും കളി തുടങ്ങുകയായി… ഇത്തവണ പക്ഷെ ഞങ്ങൾക്ക് കമ്മെന്ററി കൂടി കേൾക്കാം.. സ്മാഷ് എങ്ങനെ അടിക്കണമെന്നും, ഫിങ്കരിംഗ് എങ്ങനെ ചെയ്യണമെന്നെല്ലാം വിശദീകരിച്ചു കൊണ്ട്.. ചിലതെല്ലാം കളിക്കാര്ക്കും കാണുന്നവർക്കും ചിരി ഉണ്ടാക്കുന്നവ.. അല്പം മുൻപേ വന്നു ബഹളം വച്ചയാളാണോ ഇതെന്ന വിസ്മയം എനിക്കും.
സന്ധ്യയായി വരുന്നു, യജമാനനെ അന്വേഷിച്ചു ‘മസ്താൻ’ എത്തുകയായി, ആ നായക്ക് അങ്ങനെ ഒരു പേരിട്ടത് ഷാപ്പിലെ മോഹനെട്ടനാണ്. കളിയുടെ അവസാന ആരവത്തിനോടുവിൽ ഏവരും വലതുവശത്തെ കടയിലേക്ക് നീങ്ങുമ്പോൾ, മൂപ്പരും മടങ്ങുകയായി വായനശാലയുടെ ഇടതുവശത്തെ വീട്ടിലേക്ക്… അസ്തമയ സൂര്യന്റെ ഓറഞ്ച് വർണം മുഖത്ത് പ്രതിഫലിച്ചു, ഒരു ദൃഢനിശ്ചയ ഭാവതോടെ, മുഖമുയർത്തി, ആരെയും ഭയമില്ലാതെ ഇടത്തെ കാൽ തെല്ലൊന്നമർത്തി മെല്ലെ നടന്നു നീങ്ങുന്ന രൂപം ഇന്നും മായുന്നില്ല…
വർഷങ്ങൾ പിന്നിട്ടു… 99 ലെ ഒരു സന്ധ്യക്ക് ഓട്ടോ ഡ്രൈവർ ഒരു ആക്സിഡന്റ് വിവരം വന്നു പറഞ്ഞപ്പോൾ ആദ്യം ഒരു ആന്തലാണ് തോന്നിയത്, ടൌണിൽ വണ്ടി തട്ടി പാറ സീരിയസ് ആണ്. പിന്നെ ആ രൂപവും പതിയെ അകന്നു പോയി. സ്വന്തം വളപ്പിനു അതിന്റെ പരിപാലകനെ നഷ്ടപ്പെട്ടതിന്റെ ദുഖമാണോ എന്നറിയില്ല, ഇന്നു അത് തരിശായിരിക്കുന്നു.
വായനശാലയുടെ ഒരു നല്ല അയൽക്കാരനു വീണ്ടും ആദരാജ്ഞലികൾ…
* (ഇപ്പോഴും നല്ല സൗഹൃദം നിലനിൽക്കുന്നതിൽ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ പേര് ഞാൻ കുറിക്കുന്നില്ല)
No responses yet