
“ചെക്കൻ തീയാണ്!”
സ്കൂളിലെ പ്രധാന അധ്യാപകനു നേരെ കൈചൂണ്ടി, ‘താൻ പുറത്തിറങ്ങിയാൽ തട്ടികളയും’ എന്നൊരു ഭീഷണി ഒരു പ്ലസ് വൺകാരൻ പയ്യൻ മുഴക്കുന്നത് കണ്ടൊരു വീഡിയോയുടെ ക്യാപ്ഷൻ ആണിത്!
ഏവരും ഒരേപോലെ അപലപിക്കേണ്ട ഒരു വിഷയത്തെ, വളരെ ലാഘവത്തോടെ പ്രതികരിക്കുന്ന അല്ലെങ്കിൽ വൈറൽ ആകാൻ വേണ്ടി മനഃപൂർവ്വത്തിൽ എഴുതിവിടുന്ന ഇത്തരം മാധ്യമങ്ങളെയെല്ലാം കാണുമ്പോൾ, സത്യത്തിൽ ഈ പയ്യനാണോ, നമ്മുടെ സമൂഹത്തിനാണോ ശരിക്കുമുള്ള പ്രശ്നം എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു!? ഇന്നു വരുന്ന മറ്റൊരു വാർത്തയിൽ പതിനേഴു വയസ്സുള്ള ഒരുവിദ്യാർത്ഥി കൂടെയുള്ള സഹപാഠിയെ കുത്തിപ്പരിക്കേൽപ്പിച്ചു എന്നതാണ്. നിയമപാലകർക്കു മുതിർന്ന ക്രിമിനലുകളെയും കൂടാതെ കുട്ടികളെയും കൂടി നേരിടേണ്ട അവസ്ഥയിലേക്ക് നാട് നീങ്ങുന്നു!!.. വളർന്നു വരുന്ന നമ്മുടെ കുട്ടികൾ കാണുന്ന ലോകത്തിന്റെ കാഴ്ചകളെന്താണ്? ആരൊക്കെയാണ് അവരുടെ റോൾ മോഡലുകൾ?!
വിജ്ഞാന സാങ്കേതിക യുഗത്തിൽ നമ്മുടെ കുട്ടികളും മനസ്സിലാക്കിയിരിക്കുന്നത് ഈ ലോകം ഭരിക്കുന്നത് മസിൽ പവർ ആണെന്നാണ്. അത്യാവശ്യം കാശും, സ്വാധീനവുമുണ്ടെകിൽ എന്തും സാധ്യമാണ് എന്നതാണ് ലോകം നമ്മുടെ കുട്ടികൾക്ക് നൽകുന്ന പരോക്ഷ സന്ദേശം. (അക്കാഡമിക് പുസ്തകങ്ങൾക്കപ്പുറം വായനയില്ലാതെ സിനിമകൾ മാത്രം കണ്ടു വളർന്നതിന്റെ സ്വാധീനമെന്നും പറയാം.) നമ്മുടെ നാട്ടിലാകട്ടെ, മാധ്യമങ്ങൾ ചർച്ച ചെയ്യുന്നതും ഒരു പരിധി വരെ പ്രകീർത്തിക്കുന്നതും കുറ്റവാളികളെയായി മാറി. കൊലപാതകിക്കും, ഗുണ്ടയ്ക്കും, തട്ടിപ്പുകാരനുമെല്ലാം ഫ്രണ്ട്പേജിലും ബ്രേക്കിംഗ് ന്യൂസിലുമെല്ലാം സ്ഥാനം നൽകുമ്പോൾ, സാമൂഹ്യ സേവനത്തിനായി ജീവിതം തന്നെ ഉഴിഞ്ഞുവച്ചവരെ സമൂഹം അറിയുന്നുപോലുമില്ല!
മറ്റൊരു വിപത്ത്, സുലഭമായ ലഹരിയാണ്. സിഗരറ്റും, മദ്യപാനവും ക്ഷണികമായ ലഹരിയാണെങ്കിൽ, തലച്ചോറിന്റെ ചിന്താശക്തിയെ തന്നെ മാറ്റി, വ്യക്തിയെ മറ്റൊരാളാക്കുന്ന കഞ്ചാവും, മയക്കുമരുന്നും വരെയുള്ള അതിഭീകരവിഷങ്ങൾ ഇന്ന് സ്കൂൾ പരിസരങ്ങളിൽ വരെ ലഭ്യം. ‘നാർക്കോട്ടിക്സ് ഒരു ഡേർട്ടി ബിസിനസ് ആണെന്ന്’ ഗോഡ് ഫാദറിലേയും, ലൂസിഫറിലേയും കഥാപാത്രങ്ങളൊക്കെ ഡയലോഗ് പറയുന്നുണ്ടെങ്കിലും പരോക്ഷമായി ഈ പ്രവണതയെയും പ്രോത്സാഹിപ്പിക്കുന്നതിലും ഇന്ത്യൻ ചലച്ചിത്രങ്ങൾക്കു വലിയ പങ്കുണ്ട്. അതോടൊപ്പം തന്നെ വയലൻസ് എന്ന ലേബലിൽ, മനുഷ്യനെ പച്ചക്കു കൊല്ലുന്ന സിനിമകളും, വിശ്വാസവഞ്ചനകൾ തുടർകഥകളാകുന്ന സീരിയലുകളും ഉപബോധമനസ്സുകളിൽ പതിച്ചെടുത്താൽ, സാമാന്യ ആളുകൾക്കുപോലും പിന്നീട് ചെറിയ ദേഷ്യങ്ങൾക്കു വരെ സംയമനം നഷ്ടപ്പെട്ടേക്കാം; പിന്നെ കുട്ടികളെ മാത്രം കുറ്റം പറയാനുണ്ടോ?
എങ്ങിനെയോ ഈ ഭൂമിയിൽ ജനിച്ചു!.. വന്ന സ്ഥിതിക്ക് ഇനി പരമാവധി സുഖിക്കണം- അതും വലിയ അധ്വാനവുമൊന്നില്ലാതെ!.. അതിനു തടസ്സമുള്ളവർ ആരായാലും- കാമുകനായാലും, അമ്മയായാലും, അധ്യാപകനായാലും അങ്ങ് തട്ടിക്കളയുക!! ഇത്തരം ചിന്താധാരകളെ പ്രാവർത്തികമാക്കി കൊടുക്കാൻ സേർച്ച് എൻജിനുകളും, വിഡിയോകളും അതിനുവേണ്ട ഡാറ്റയും വരെ വളരെ സുലഭവും. (പല രാജ്യങ്ങളിലും നമ്മുടെ നെഗറ്റീവ് സെർച്ചുകളെ ലൈവ് ആയി നിരീക്ഷിക്കാനും, വേണ്ടിവന്നാൽ അപ്പോൾ തന്നെ ഇടപെടാനുമുള്ള പോലീസ് സംവിധാനമുണ്ട്. നമുക്ക് പക്ഷെ എല്ലാം കഴിഞ്ഞതിനുശേഷം അന്വേഷണം തുടങ്ങുന്നതാണ് ശീലം, ആ വിഷയത്തിലേക്കു കടക്കുന്നില്ല) മറ്റൊന്ന്, കോവിഡ് കാലം നമ്മുടെ സിനിമാ ആസ്വാദനത്തെയും മാറ്റിയിട്ടുണ്ട് എന്നതാണ്. കൊറിയൻ, സ്പാനിഷ്, ലാറ്റിൻ അമേരിക്കൻ തുടങ്ങി ലോകമെമ്പാടുമുള്ള സിനിമകളിലെ പരിമിതികളില്ലാതെ ആക്ഷൻ, വയലൻസ്, മേനീപ്രദർശനങ്ങൾ നമ്മുടെ കുട്ടികൾക്കും, സമൂഹത്തെക്കുറിച്ചു വികലമായ കാഴ്ചപ്പാടുകൾ സമ്മാനിച്ചു. ഇന്ന് ഒരു മലയാള സിനിമ വിജയിക്കണമെങ്കിലും, അത്തരം രീതികൾ അവലംബിക്കുന്നു.!
ചുരുക്കിപ്പറഞ്ഞാൽ, വളർന്നുവരുന്ന തലമുറകളെ എല്ലാ തലത്തിലും ഒരു തല്ലിപ്പൊളിയാക്കാനുള്ള ഇൻഗ്രേഡിയന്റ്‌സെല്ലാം ചുറ്റിലും ഒരുക്കി, ഒടുവിൽ ഒരുവൻ ഒരു പ്രകോപനത്തിൽ വീണുപോയാൽ, പിന്നെ അക്കൂട്ടരെ കൊന്നുകൊലവിളിക്കുന്ന തലത്തിൽ നാം പെരുമാറുന്നതിൽ, പക്ഷേ ഒരു ശരികേടുണ്ട്. കാരണം സമൂഹത്തിന്റെ മൂല്യച്യുതിയാണ് കുട്ടികൾ പ്രതിഫലിപ്പിക്കുന്നത് എന്നും മുതിർന്നവർ മനസ്സിലാക്കേണ്ടതുണ്ട്. (മേൽ സൂചിപ്പിച്ച ആദ്യ വിഷയത്തിൽ പയ്യനെ ന്യായീകരിക്കലല്ല ഉദ്ദേശ്യം, തന്നെയുമല്ല വീഡിയോ ഷൂട്ട് ചെയ്തു സാമൂഹ്യ മാധ്യമങ്ങൾ വഴി തങ്ങളുടെ നിസ്സഹായത തെളിയിച്ച അധ്യാപകർ അഭിനന്ദനം അർഹിക്കുന്നുമുണ്ട്; തികച്ചും മാറുന്ന കാലത്തെ നല്ലൊരു ശിക്ഷ തന്നെയാണിത്.)
അവശേഷിക്കുന്ന ചോദ്യം, ഈയൊരു സാമൂഹ്യ അവസ്ഥയിൽ നാം, മാതാപിതാക്കൾ എന്ത് ചെയ്യണം? എങ്ങിനെയാണ് നമ്മുടെ കുട്ടികളെ നേർവഴിക്കു നടത്തുക? അതോടൊപ്പം തന്നെ, എല്ലാ കുട്ടികളും ഇത്തരത്തിൽ പെരുമാറാത്തതിന്റെ കാരണം എന്തായിരിക്കും എന്നുകൂടി അറിയേണ്ടതുണ്ട്. ഇത്തരം ചോദ്യങ്ങൾക്കുള്ള ആദ്യത്തെ ഉത്തരം – “മാതാപിതാക്കളെ കുട്ടികൾ അനുസരിക്കുകയല്ല, മറിച്ചു അവർ നമ്മെ അനുകരിക്കുകയാണ്”* എന്നതാണ്. മാറ്റം വീട്ടിൽ നിന്നാകണം, അതിനു വീട്ടിലുള്ളവർക്കു ചില ചിട്ടകളും ശീലങ്ങളും ആവശ്യമാണ്. തങ്ങളുടെ അറിവുകൾ മെച്ചപ്പെടുത്താനും, ഒരു മാതൃകാജീവിതം ആരംഭിക്കാനും മാതാപിതാക്കൾ ഉറച്ച തീരുമാനങ്ങൾ എടുത്താൽ മാത്രമേ കുട്ടികളിൽ നിന്നും ആ സംസ്കാരം പ്രതീക്ഷിക്കാനാവൂ.
ആ സംസ്കാരം ലഭ്യമാകണമെങ്കിൽ ധാർമികമൂല്യത്തോടെയുള്ള പഠനം ആവശ്യമാണ്. നിലവിലെ വിദ്യാഭ്യാസരീതി, സ്വന്തം സഹപാഠിയെ ഒരു മത്സരാർത്ഥിയായി, എതിരാളിയായി കാണുന്നുവെങ്കിൽ, ധാർമിക മൂല്യത്തിലൂന്നിയ പഠന രീതികൾ അവനവന്റെ കഴിവുകളെ തിരിച്ചറിയാനും, വ്യക്തിത്വ വികാസത്തിനും, കൂടാതെ ഒരു സംഘടനാ ബോധത്തോടെ കൂടെയുള്ളവരെ ചേർത്തുപിടിക്കാനും പ്രേരിപ്പിക്കുന്നവയാണ്. സെമെസ്റ്റിക് മതങ്ങൾ ഈ തിരിച്ചറിവോടെ മുന്നോട്ടു സഞ്ചരിക്കുന്നുണ്ടെങ്കിലും, ഹൈന്ദവ സമൂഹം ഇത്തരം കാര്യങ്ങളിൽ അലസരാണ്, അതിന്റെ പ്രശ്നങ്ങളും എല്ലാ കുടുംബങ്ങളിലുമുണ്ട്.
(ഈ വിഷയത്തോട് അനുബന്ധിച്ചു സൂചിപ്പിക്കട്ടെ, എന്റെ വ്യക്തിപരമായ അനുഭവത്തിൽ, കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ‘കശ്യപ വേദ റിസേർച്ച് ഫൌണ്ടേഷൻ’, രണ്ടു പതിറ്റാണ്ടോളമായി അനവധി വ്യക്തികളിൽ, കുടുംബങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. വേദപഠനം, ഒരു ഹൈന്ദവ മതപഠനമല്ലേ എന്നെല്ലാം സന്ദേഹിച്ചു ആളുകൾ മാറിനിൽക്കാറുണ്ടെങ്കിലും, ജാതിമത വർണ്ണ ചിന്തകളില്ലാതെ, ഓരോ വ്യക്തികളെയും ഒരു നവജീവിത ശൈലിയിലേക്ക് കൈപിടിച്ച് ഉയർത്തുക എന്നതാണ് KVRF കുലപതി കൂടിയായ ആചാര്യശ്രീ രാജേഷ് അവർകൾ സമൂഹത്തിനു സ്വപ്രവർത്തിയിലൂടെ നൽകുന്ന സന്ദേശം.)
ഇന്നത്തെ ഈ സാമൂഹ്യ പശ്ചാത്തലത്തിൽ, ഇത്തരം ധാർമിക മൂല്യബോധമുള്ള മതപഠനങ്ങൾ ആവശ്യമായിരിക്കുന്നു. അതോടൊപ്പം തന്നെ ആ മൂല്യങ്ങൾ നമ്മുടെ അയൽക്കാരിലേക്കും, ചുറ്റുമുള്ള സമൂഹത്തിലേക്കും പകർന്നു നല്കാനായാൽ, നന്മയുടെ, ആനന്ദത്തിന്റെ ലോകം എന്നും നിലനിൽക്കുന്നതും കാണാനാവുന്നതാണ്.
No responses yet