
മനസ്സിൽ മുറിവേറ്റൊരു സിംഹമാണയാൾ… സ്വന്തം മകന്റെ ഇഷ്ടതാരം മെസ്സിയാണ് എന്നവൻ പറയുമ്പോഴും അതിനെയൊരു കുസൃതിതമാശയായി കാണാൻ അയാൾക്ക് കഴിയുന്നുണ്ട്. എന്നാൽ സ്വന്തം രാജ്യത്തെ ജനത, നിങ്ങൾ CR 37 ആയെന്നു പരിഹസിക്കുമ്പോൾ, പകരക്കാരന്റെ ബെഞ്ചിലേക്ക് അവർ വിരൽ ചൂണ്ടുമ്പോൾ, കോച്ച് അതക്ഷരംപ്രതി നടപ്പിലാക്കുമ്പോൾ, അയാൾ മുറിവേറ്റവനും അപമാനിതനുമാകുന്നു..
അയാൾ കടന്നുവന്ന വഴികളെല്ലാം സ്വന്തം പ്രയത്നം കൊണ്ടു വെട്ടിത്തെളിച്ചവയായിരുന്നു. ഒരു ഗോഡ് ഫാദറുമില്ലാതെ, 2003 ൽ മാഞ്ചെസ്റ്റെർ യുണൈറ്റഡ് ടീമിനോടൊപ്പം ചേരുമ്പോൾ, വേഗതയിൽ ഡ്രിബ്ലിങ് അഭ്യാസം നടത്തുന്ന സ്‌ട്രൈക്കർ മാത്രമായിരുന്നുവെങ്കിൽ, അലക്സ് ഫെർഗൂസൻറെ 6 വർഷ പരിശീലനകളരിക്കുശേഷം 2009ൽ, റയൽ മാഡ്രിഡിലെത്തുന്നത് അന്നത്തെ റെക്കോർഡ് ട്രാൻസ്ഫർ തുകക്കായിരുന്നു! കഠിന പരിശീലനങ്ങളിലൂടെ, ടീമിനുവേണ്ടിയുള്ള ആത്മസമർപ്പണത്തിലൂടെ, ഗോൾ ദാഹത്തിലൂടെ എല്ലാം ഉയർന്നുവന്ന അയാളുടെ പ്രകടനങ്ങളും നേട്ടങ്ങളും പതുക്കെ പതുക്കെ സമകാലീന ഫുട്ബോൾ ഇതിഹാസമായ മെസ്സിയുമായി താരതമ്യം ചെയ്യത്തക്ക രീതിയിൽ വളർന്നുവന്നു എന്നതാണ് വാസ്തവം.
കളിക്കളത്തിൽ അയാൾ സ്വാർത്ഥനായിരിക്കാം. ഗോളുകൾ നേടാനുള്ള വ്യഗ്രതയിൽ, വിജയാരവങ്ങളിൽ, ഫ്രീകിക്ക് തയ്യാറെടുപ്പുകളിൽ എല്ലാം ഒരു ക്രിസ്ത്യാനോ ടച്ച് കൂടി അയാൾ സൃഷ്ടിച്ചു. എന്നാൽ ജീവിതത്തിൽ അങ്ങനെയായിരുന്നില്ല. മദ്യപാനിയായ അച്ഛന്റെ അകാലനിര്യാണത്തിന്റെ വ്യസനത്തിൽ അയാൾ മദ്യത്തെ പൂർണമായും അവഗണിച്ചു; കോളപാനീയങ്ങളെ നിരുത്സാഹപ്പെടുത്തി. കൃത്യമായ രക്തദാനം മുടങ്ങാതിരിക്കാൻ ശരീരത്തിൽ പച്ചകുത്തൽ ചെയ്തില്ല.. ഭാര്യക്കും കുട്ടികൾക്കുമൊപ്പം,തന്നെ കഠിനാധ്വാനത്തിലൂടെ വളർത്തിയ അമ്മയെയും എല്ലായ്‌പോഴും കൂടെകൂട്ടി.. പലപ്പോഴും വേഷപ്രച്ഛന്നനായി തെരുവുകളിലെ ആളുകളോടൊപ്പം പന്തുതട്ടാനും വരെ അയാൾ സമയം കണ്ടെത്തി.. ആ പ്രാർത്ഥനകളും ഗുരുത്വവുമാകാം ഒരു ഫുട്ബോൾ താരത്തിന്റെ ശരാശരി കരിയർകാലം പിന്നിട്ടും മികച്ച ഗോളുകൾ നേടാൻ അയാളെ ഇന്നും സഹായിക്കുന്നതും.
എന്നാൽ ആരോഗ്യസംരക്ഷണത്തെ മുൻനിർത്തി കൊടുത്തൊരു സന്ദേശത്തിന്റെ പേരിലാണോ എന്നറിയില്ല, ഏതാനും മാസങ്ങളായി അയാൾ ഒതുക്കപ്പെടുന്നുണ്ട്. മറ്റുള്ളവർക്ക് അയാളെക്കുറിച്ചു പരാതികൾ ഇപ്പോൾ കൂടിവരുന്നു; അവരെല്ലാം അയാളെ മാനസികമായി തളർത്താൻ ശ്രമിക്കുന്നുമുണ്ട്.. സ്വന്തമായി നിലപാടുള്ളവർക്കു ഇതൊന്നുമൊരു പുത്തരിയല്ല, മാത്രമല്ല തീച്ചൂളയിലൂടെ കടന്നുവന്നവനൊന്നും ഒരു വെയിൽ കണ്ടാൽ ഓടിമറയുന്നവനുമല്ല. അവർ എന്നും സ്വന്തം പ്രതിഭയിലൂടെ മറുപടി കൊടുക്കുന്നവരാണ്. ആ വാശിയെ നന്നായി ഉപയോഗിക്കാനറിയാവുന്ന കോച്ച്, അതുകൊണ്ടാകാം അതിശക്തരായ പ്രതിരോധനിരയുള്ള മൊറോക്കോയാണ് അടുത്തൊരു ഘട്ടത്തിൽ എതിരാളിയായി വരുന്നതെന്നറിഞ്ഞപ്പോൾ, അയാളെ താരതമ്യേനെ ദുർബലരായ ടീമിനെതിരെയുള്ള അവസാന മത്സരത്തിൽ റിസേർവ് ബെഞ്ചിൽ തന്ത്രപരമായി ഇരുത്തിയതും!..
ഇന്ന്, അയാളുടെ ഫൈനലാണ്… ആഫ്രിക്കൻ വനാന്തരങ്ങളിലെ കാട്ടുപോത്തിന്റെ കരുത്തിനോട് ഉപമിക്കാവുന്ന മോറോക്കൻ ഡിഫൻഡർമാർക്കു മുന്നിലേക്ക് വേട്ടക്കായി ഇറങ്ങുന്ന ഒരു സിംഹത്തിന്റെ ശൗര്യമുള്ള പോരാട്ടം… എല്ലാ അവഗണനകളോടുമുള്ള പ്രതികാരം തീർക്കാൻ, ഈ മാമാങ്കത്തിനൊടുവിൽ അക്ഷീണനായി അടുത്ത തലമുറയ്ക്ക് ബാറ്റൺ കൈമാറാൻ അയാൾക്കിന്നു സ്വന്തം പേരിൽ നിറയെ ഗോളുകൾ വേണം… അതെ, ഇന്നത്തെ മത്സരം ക്രിസ്ത്യാനോ റൊണാൾഡോയും, അയാളെ എഴുതിത്തള്ളാൻ വെമ്പി നിൽക്കുന്ന ലോകവും തമ്മിലാണ്!! കാത്തിരിക്കാം ഒരു വന്യപോരാട്ടത്തിനായ്…
No responses yet