നാടകകളരി

നാടകകളരി

“മുരളി.. നമുക്കതു നോക്ക്യാലോ?

-ശരി വിശ്വേട്ടാ…
മുരളിയേട്ടൻ മറുപടി പറഞ്ഞു..

“അപ്പു.. ഒന്നു പ്രോംപ്റ്റ് കൊടുത്തേ..”

അത്രയും പറഞ്ഞു തീർന്നശേഷം, തന്റെ വെള്ള ഷർട്ടിന്റെ പോക്കറ്റിൽ നിന്നും വിൽസിന്റെ പാക്കറ്റ് വിശ്വേട്ടൻ പതിയെ പുറത്തെടുത്തു.. ഒരെണ്ണമെടുത്തു ചുണ്ടിൽ വച്ച്, മേശപ്പുറത്തെ തന്റെ ചെറിയ തീപ്പട്ടിയെടുത്തു ഒരു ചെറിയ ശബ്ദത്തോടെ അതിനു തീ കൊളുത്തി. ശേഷം വിരലുകൾകൊണ്ട് ആ തീപ്പെട്ടിക്കോലിനെ വായുവിൽ രണ്ടു മൂന്ന് തവണ ചുഴറ്റി തീ കെടുത്തിയശേഷം, പിന്നിലെ ജനൽ വാതിലിനിടയിലൂടെ പുറത്തെ ഇരുട്ടിലേക്ക് നിക്ഷേപിച്ചു.

വായനശാലയുടെ ലൈബ്രറി റൂം ക്ലോക്കിൽ സമയം എട്ടരമണി കഴിഞ്ഞു. ട്യൂബ് ലൈറ്റ് വെളിച്ചതിനുതാഴെ അഭിനേതാക്കളായ രണ്ടുപേരും, ബെഞ്ചിൽ കാഴ്ചക്കാരായി നാലഞ്ചുപേരും പിന്നെ നിർദേശങ്ങൾ നൽകി വിശ്വേട്ടനും. അപ്പുറത്തെ റൂമിൽ നിന്നും കാരംസ് ബോർഡിൽ സ്ട്രൈക്കർ കോയിൻ മുഴക്കുന്ന ശബ്ദവും താളമായി അലയടിക്കുന്നുണ്ട്. ലൈബ്രറി റൂമിനകത്തെ രണ്ടു അലമാരകൾക്കിടയിലെ ചുമരിനോട് ചേർന്നുനിന്നുകൊണ്ടു അപ്പുവേട്ടൻ, സി എൽ ജോസിന്റെ ആ നാടകപുസ്തകത്തിലെ വരികൾ വായിച്ചു തുടങ്ങി.

“പിറപ്പിച്ച അച്ഛനെ…

–പിറപ്പിച്ച അച്ഛനെ…

” അച്ഛനെന്നു വിളിക്കാൻ പോലും…

— അച്ഛനെന്നു വിളിക്കാൻ പോലും എന്റെ മകന് മടിയായി തുടങ്ങി…കൊള്ളാം.. കൊള്ളാം മൈ സൺ…

“”നിക്ക് നിക്ക്”… വിശ്വേട്ടൻ പെട്ടെന്ന് ഇടപെട്ടു.

“മുരളീ… ആ കൊള്ളാം ന്നു പറയുന്ന ഭാഗത്തുണ്ടല്ലോ, ചിൻ സ്വല്പം ഒന്നു ഉയർത്തണം.. എന്നിട്ട് വികാരാധീനനായി, ആ മൈക്കിനോട് ചേർന്ന് ഇങ്ങനെ… –കൊള്ളാം…..
ഒരു കയ്യിൽ സിഗരറ്റും പിടിച്ചു, ആ രംഗം വിശ്വേട്ടൻ കാണിച്ചു…

“പിന്നെ ജയൻ… ആ ഡയലോഗ് ഡെലിവറില് കൈ വീശി ‘ശ്ശെ’ എന്നുറക്കെ വീശണംട്ടോ.. ആ എസ്പ്രെഷൻ ശരിക്കും വന്നില്ല..

–വിശ്വേട്ടാ, ഞാൻ ഡേവിഡാണ്.. ഇങ്ങള് ഈ കഥാപാത്രത്തിന്റെ പേര് വിളിച്ചില്ലെങ്കിൽ ഇയ്ക്കാ മൂഡ് വരില്ലാട്ടോ. ങ്ഹാ.. ഒന്നു കണ്ണിറുക്കി കള്ളചിരിയോടെ ജയേട്ടൻ പറഞ്ഞു…

“ഉം. അതേയ് അടുത്താഴ്ച ജബ്ബാർക്ക വരും.അന്ന് കാണാം പ്പോ എല്ലാം..”
പ്രധാന സംവിധായകൻ ഫൈനൽ റൗണ്ട് റിഹേഴ്സലിൽ വരുന്ന കാര്യമാണ് വിശ്വേട്ടൻ സൂചിപ്പിച്ചത്.

“ങ്.. നീ വന്നോഡാ…
വിശ്വേട്ടന്റെ നോട്ടവും ചോദ്യം എന്നോടാണ്…

-ഉം.. കാപ്പിയും വടയും കൊണ്ടുവന്നിട്ടുണ്ട്…
ഞാൻ ഭവ്യതയോടെ പറഞ്ഞു.

“അപ്പോ ഇനി ഓരോ കട്ടൻ കാപ്പി കുടിച്ചിട്ടാവാം അടുത്ത പരിപാടി… എല്ലാരും വാ…
ക്യാപ്റ്റൻ ഫെർണാണ്ടെസും, മോനും അളിയനുമൊക്കെ…
കയ്യിലെ സിഗരറ്റ് ഒരവർത്തികൂടി വലിച്ചു,കെടുത്തി എല്ലാവരെയും ആ സംവിധായകൻ വിളിപ്പിച്ചു…

പുതിയ മാൻഡിൽ വാങ്ങിച്ചു, പെട്രോമാക്സ് താളത്തിൽ തെളിയിച്ചെടുക്കുന്ന പ്രഭാകരേട്ടന് നേരെ, ഞാനൊരു ഗ്ലാസ് കാപ്പി നീട്ടി.. എന്നാൽ ചെവിയിലുള്ള കിംഗ് ബീഡിയെ ആംഗ്യത്തിൽ കാണിച്ചപ്പോൾ ആ ഗ്ലാസ് ഞാൻ പിൻവലിച്ചു.

-അതേയ്, വിശ്വേട്ടാ, ഞാൻ ഒരു കാര്യം ചോദിക്കട്ടെ..
ഞാൻ വിശ്വേട്ടന്റെ അടുത്തേക്ക് വന്നു.

“ഉം.. ന്തേയ്..”

-അതേ, ആ തീപ്പെട്ടി കാല്യായാ ഇക്ക് തരോ?

“എന്തിനാണ് അണക്കിപ്പോ തീപ്പെട്ടി? ഞാൻ അച്ചനോട് പറയുംട്ടോ..”

-അല്ല.. ഇയ്ക്ക് തീപ്പെട്ടി ചിത്രങ്ങളുടെ ഒരു കളക്ഷൻ ണ്ട്.. ആ ചിത്രം ന്റെ കയ്യിലില്ല..

“ഉം..
കൈയ്യിലെ ഗ്ലാസും പിടിച്ചു വിശ്വേട്ടൻ മേശപ്പുറത്തെ തീപ്പട്ടിയെടുത്തു. ഒരു വിമാനമാണ് ചിത്രം.
ഞാനാവട്ടെ ഈ ചിത്രം ഏറെ നാളായി നോക്കിവച്ചിരിക്കുന്നതുമാണ്.

വിശ്വേട്ടൻ കൂടുതുറന്നു അതിലെ അവശേഷിച്ച കുറച്ചുകൊള്ളികൾ പോക്കലിട്ടു, ആ ബോക്സ് എനിക്കായ് നീട്ടി..
“ന്നാ, വാങ്ങിച്ചോ..”

-അല്ല അത് കഴിഞ്ഞിട്ടു മതി..
സത്യത്തിൽ അങ്ങനെ ചെയ്തപ്പോൾ എനിക്കും പേടിയായി.

“നീ വച്ചോഡാ..
ഇത്തവണ അല്പം ചിരിയോടെ പറഞ്ഞു, ഞാനതു വാങ്ങിച്ചു.

റിഹേഴ്സൽ വീണ്ടും പുനരാരംഭിച്ചു.. ഞാനാകട്ടെ, വീട്ടിൽ അവതരിപ്പിക്കാൻ ചില ഡയലോഗുകൾ ഹൃദിസ്ഥമാക്കി, വിമാനത്തിന്റെ തീപ്പെട്ടി ചിത്രവും കിട്ടിയ സന്തോഷത്തോടെ അല്പം കഴിഞ്ഞു പോയി.

രണ്ടാഴ്ചക്കുള്ളിൽ, അന്നത്തെ ശിവരാത്രി നാളിൽ സ്റ്റേജിൽ നാടകം അരങ്ങേറുമ്പോൾ ഓരോ കഥാപാത്രങ്ങളും, അവരുടെ ആഗമനങ്ങളും ഏതാണ്ട് മനഃപാഠമായിരുന്നു. പരിചിത മുഖങ്ങൾ മേക്കപ്പിലൂടെയും,വലിയ വെളിച്ചങ്ങളിലൂടെയും, കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെയും അരങ്ങു തകർക്കുമ്പോൾ അതിമാനുഷകരായി തോന്നി, ഒപ്പം ആരാധനയും വളർന്നു.

മാസങ്ങൾക്കു ശേഷം ഒരു വൈകുന്നേരം, ലൈബ്രറി ചുമതല കൂടിയുള്ള വിശ്വേട്ടനെ വായനശാലയുടെ മുന്നിൽ കണ്ടുമുട്ടി.

“നീയിപ്പോ ഇനി ഏതു ക്ലാസ്സിൽക്യാ?”

-എട്ടിൽ ക്ക്..

“അപ്പൊ ഇവിടുത്തെ കച്ചോടം കഴിഞ്ഞു ലെ?”

അടുത്തുള്ള പ്രൈമറി സ്കൂളിലെ അധ്യായനമാണ് മൂപ്പര്ദ്ദേശിച്ചത്.

-ഉം.. ഇനീപ്പോ ജെ ഏറ്റിസിൽ പോണംന്നുണ്ട്.. പരീക്ഷ എഴുതി..

“”നന്നായി പഠിച്ചാലേ ഇനീള്ള കാലത്തു രക്ഷെള്ളു…
അന്റെ തീപ്പെട്ടി പരിപാടി ഇപ്പോഴും ണ്ടോ?”

-ചെറുതായിട്ട്.. ഒരു നൂറെണ്ണക്കെ ആവാറായി…

ഒരു ചെറിയ നിശബ്തതക്കു ശേഷം തന്റെ പോക്കറ്റിൽ നിന്നും രണ്ടു തീപ്പെട്ടി കൂടുകൾ എനിക്കായി വിശ്വേട്ടൻ നീട്ടി.

“അന്റെ കയ്യിലുണ്ടോന്നറീല്ല, നീയിതു വച്ചോ..”

ആ അപ്രതീക്ഷിത സമ്മാനം വലിയ സന്തോഷം നൽകി.
മറുപടിയായി നല്കാൻ, ഒരു കണ്ണീർകണമുള്ള പുഞ്ചിരി മാത്രമേ ഉണ്ടായിരുന്നുള്ളു!

…..

ശിവരാത്രി നാളുകളിലെ വായനശാലയിലെ ആഘോഷങ്ങൾക്ക് ഒരു ഇടവേള വന്നത്, നാട്ടിലെ പ്രൈമറി സ്കൂളിലെ പ്ലാറ്റിനം ജൂബിലി സമയത്താണ്. തൊണ്ണൂറ്റിനാലിലെ മെയ് മാസത്തിലെ ആദ്യ ആഴ്ച്ചയിലെ അവധി ദിനങ്ങളിലായിരുന്നു ഞങ്ങളുടെ സ്കൂളിന്റെ വാർഷികം. ഉൽഘാടകനായി ബിഷപ്പ് പൗലോസ് മാർ പൗലോസ്, കവി അരങ്ങിലെ അതിഥിയായി കവി കുഞ്ഞുണ്ണി മാഷ് തുടങ്ങി, പത്രത്താളുകളിലൂടെ മാത്രമറിഞ്ഞ വിശിഷ്ട വ്യക്തികളെ നേരിൽ കാണാനും ശ്രവിക്കാനും കഴിഞ്ഞ ദിനങ്ങൾ… ഓരോ ദിനത്തേയും അവസാന പ്രോഗ്രാം കൃഷ്ണനാട്ടമായിരുന്നു, അതും ആദ്യത്തെ ഒരു ദൃശ്യാനുഭവം!

ആദ്യ ദിനത്തിൽ മിമിക്സ് ഗാനമേള കഴിഞ്ഞു വായനശാല കലാകാരന്മാരുടെ നാടകവും ഉണ്ടായിരുന്നു. ആ നാടകത്തിന്റെ റിഹേഴ്സൽ ദിനങ്ങളൊന്നിൽ, പതിവായി ഇതെല്ലാം വീക്ഷിക്കുന്ന എനിക്കൊരു റോളും വിശ്വേട്ടൻ നൽകി.

അപ്പുവേട്ടന്റെ പോലീസ് കഥാപാത്രം ഒരു സഞ്ചി നീട്ടും.. അതിൽ “മീനാണ്”.. അത് വാങ്ങിക്കുക, മടങ്ങുക.. അത്രേയേയുള്ളു. ഒരു വീട്ടുവേലക്കാരൻ കുട്ടിയുടെ റോൾ.

ഓരോ റിഹേഴ്സലിലും, എന്റെ ‘വാങ്ങിക്കാനുള്ള ഉത്സാഹം കണ്ടു, വിശ്വേട്ടൻ അതിനൊരു ഡയലോഗും കൊടുത്തു.. ഇതെന്താണ് ചെയ്യേണ്ടത് എന്നു ചോദിക്കണം.. ഞാനതും ചെയ്തു…

നാടക ദിനമായി.. മേക്കപ്പ് അണിഞ്ഞ ഒരു പാട് മുതിർന്ന കലാകാരൻമാർ, ഒന്ന് രണ്ടു നടിമാർ അങ്ങനെ രംഗം സീരിയസ് ആണ്. കർട്ടൻ ഉയരുന്നതിനുമുന്പ് എല്ലാവരും സംവിധായകന്റെ അനുഗ്രഹം വാങ്ങിക്കാൻ കാൽ തൊട്ടു വന്ദിക്കാൻ പോയെങ്കിലും ആ മുതിർന്ന സംവിധായകനോടുള്ള ഭയം കാരണം ഞാൻ അവിടെ തന്നെ നിന്നു. ഒരു ചെറിയ റോളല്ലേ, മാത്രല്ല അദ്ദേഹത്തിന് എന്നെ അറിയുക പോലുമില്ല.

നാടകം തുടങ്ങി.. സൈഡ് കർട്ടനിലൂടെ സദസ്സിനെ കണ്ടതോടുകൂടി എന്റെ ധൈര്യമെല്ലാം ആവിയായി.. കൂടെ പഠിക്കുന്നവർ, നാട്ടുകാർ അങ്ങിനെ സകലരെയും കാണുന്നുണ്ട്!

എന്റെ ഊഴമെത്തിയപ്പോൾ പിന്നിൽ നിന്നും ആരോ ഒരൊറ്റ തള്ളലായിരുന്നു. എവിടെയോ ഒരു ഗുരുത്വം അവശേഷിച്ചതുകൊണ്ടു ആ നിമിഷം തരക്കേടില്ലാതെ ചെയ്തു! സ്റ്റേജിൽ എന്നെ കണ്ടതിലെ അത്ഭുതം പലരുടെയും കണ്ണിൽ പിന്നീട് കണ്ടു.

പിറ്റേന്ന് റോഡിലൂടെ കടയിൽ പോകുമ്പോൾ, റേഷൻ വാങ്ങി മടങ്ങിപ്പോകുന്ന ഒരു പ്രായം ചെന്ന സ്ത്രീ എന്നെ നോക്കി ചിരിച്ചു ചോദിച്ചു..

“കുട്ട്യേ.. നീയാ മീൻ എന്താ ചെയ്തേ?”

എനിക്കു ചിരി വന്നു, അതോടൊപ്പം പ്രത്യേക അഭിമാനവും സന്തോഷവും തോന്നി. നമുക്ക് കിട്ടുന്ന ആദ്യ ഓസ്കാർ! പഠിപ്പിൽ നേടുന്ന വിജയങ്ങളേക്കാളും, എല്ലാവിധ ആളുകളുടെയും മനസ്സുകളെ ബന്ധിപ്പിക്കുന്നത് കലയാണ്.. ആ നിമിഷം ഉള്ളിൽ വിശ്വേട്ടന് നന്ദി പറഞ്ഞു.

കോളേജ് പഠനകാലത്തെങ്ങോ ഒരു വേഷം ചെയ്തതൊഴിച്ചാൽ നാടകങ്ങളിൽ പങ്കെടുക്കാൻ പിന്നീട് സാധിച്ചിരുന്നില്ല എന്നതാണ് ജീവിതയാഥാർഥ്യം. എന്നാൽ വായനശാലയുടെ നാടകകളരിയിൽ നിന്നുത്ഭവിച്ചു, ഏതു വേഷത്തിനും അനുയോജ്യനായ ഒരു വ്യക്തിയുടെ വളർച്ചക്ക് ഞങ്ങൾ സാക്ഷികളായിട്ടുണ്ട്. പ്രസന്നമുഖഭാവത്തോടെ ഏതു നിമിഷത്തിൽ നിന്നും തമാശകൾ സൃഷ്ടിച്ചെടുക്കുന്ന, നാട്ടിലെ എല്ലാ കലാപരിപാടികളിലും സജീവമായ ഒരു കലാകാരൻ. പിന്നീട് അദ്ദേഹം മിമിക്രിയിലൂടെ വളർന്നു, കലാഭവൻ നിയാസ് ബക്കറിനോടൊപ്പം ഏഷ്യാനെറ്റ് ചാനലിലൂടെ പ്രോഗ്രാം അവതരിപ്പിച്ചു ആദ്യം ഞങ്ങളെ അത്ഭുതപ്പെടുത്തി. സ്വാഭാവിക അഭിനയശൈലിയിലൂടെ സുഗുണനായി മഴവിൽ മനോരമയിൽ ഇന്നദ്ദേഹം നിറഞ്ഞാടുമ്പോൾ അതൊരു മറിമായമല്ല, മറിച്ചു ആത്മ സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും പിന്നിട്ട വലിയ പടവുകളുണ്ടതിൽ… അതെ ഞങ്ങളുടെ കൊച്ചു നാട്ടിലെ വലിയ അഭിമാനമായി ശ്രീ. മണി ഷൊർണൂർ മാറി കഴിഞ്ഞു!

സായാഹ്നത്തിൽ, ഇളം മന്ദമാരുതനിൽ മുളകൾ തീർക്കുന്ന മർമരങ്ങൾക്കിടയിൽ, കാലപ്പഴക്കം കൊണ്ടു പുല്ലു കിളിർത്ത ആ പഴയ സ്റ്റേജിൽ വന്നിരിക്കുമ്പോൾ, വര്ഷങ്ങളുടെ ചരിത്രം മുന്നിൽ മിന്നിമായും. ശിവരാത്രി നാളുകളിലെ കച്ചവടക്കാരുടെ ബഹളങ്ങൾ, നാടകങ്ങളിലെ സംഭാഷണങ്ങൾ, വോളിബോൾ കോർട്ടിലെ ആരവങ്ങളെല്ലാം ആ ചുറ്റിലും അലയടിക്കുന്നതായി തോന്നും! അകാലത്തിൽ മറഞ്ഞുപോയ വിശ്വേട്ടൻ, ഒരു സിഗരറ്റും വലിച്ചു ആ വരാന്തയിലെവിടെയോ കാണുമായിരിക്കും…

ആസ്വാദ്യ കലകളുടെ സാങ്കേതിക മാറ്റങ്ങൾക്കിടയിലും ഇവയെല്ലാം മറഞ്ഞുപോകാതിരിക്കാൻ സ്ഥലത്തെ പുതിയ തലമുറയിലെ കൂട്ടരും പരിശ്രമിക്കുന്നുണ്ട്. അവർ കഴിയുംപോലെ മുന്നോട്ടുപോകട്ടെ.

CATEGORIES

Blog

No responses yet

Leave a Reply

Your email address will not be published. Required fields are marked *