
BC 326 ൽ അലക്സാണ്ടർ ഇന്ത്യയെ അക്രമിച്ചതിനുശേഷമുള്ള ഇന്ത്യയുടെ ചരിത്രം പഠിക്കാൻ ‘ഭാഗ്യം’ സിദ്ധിച്ചവരാണ് നാം! അദ്ദേഹം യുദ്ധത്തിൽ ഇവിടുത്തെ രാജാക്കന്മാരോട് പരാജയപ്പെടുമ്പോഴും, ആ രാജപരമ്പരകളെക്കുറിച്ചും അതിനു മുൻപുള്ള കാലഘട്ടത്തെക്കുറിച്ചുമെല്ലാം നമ്മുടെ പാഠപുസ്തകങ്ങളിൽ ആരും അധികം രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ ചരിത്രം യഥാർത്ഥത്തിൽ പഠിക്കണമെങ്കിൽ ബൃഹത്തായ വായന ആവശ്യവുമാണ്.
ചരിത്രത്തിൽ രേഖപ്പെടുത്തിയ* മഹാപ്രളയത്തിനു (ബിസി 6000) ശേഷം ഹിമാലയമേഖലയിൽ അഭയം പ്രാപിച്ചിരുന്ന വൈവസ്യതമനു സ്ഥാപിച്ച രാജ്യമാണ് കോസലയും, അതിന്റെ തലസ്ഥാന നഗരിയുമായ ‘അയോദ്ധ്യ’ യും. ആ പേരിന്റെ വേദാർത്ഥം ”ഒരു യുദ്ധത്തിനും തോൽപ്പിക്കാനാവാത്തത്” എന്നാണ്. പിന്നീട് അദ്ദേഹത്തിന്റെ മകൻ ഇക്ഷാകുവിലൂടെ, കുക്ഷിയിലൂടെ വളർന്നു ഹരിശ്ചന്ദ്രൻ, ഭഗീരഥൻ തുടങ്ങിയ ചക്രവർത്തിമാരിലൂടെ 78 മത്തെ വംശപരമ്പരയിലാണ് മഹാരാജാവായ ദശരഥന്റെ സ്ഥാനം; പിന്നീട് ഭരതൻ, ശ്രീരാമൻ. ശ്രീരാമന്റെ കാലത്തിനുശേഷം ലവ-കുശന്മാരിലൂടെ (ബിസി 4350 ൽ ആരംഭം) മുന്നോട്ടുപോകുന്ന സൂര്യവംശം, 143 ത്തെ പരമ്പരയിൽ പെട്ട ബ്രിഹത്ബാല, മഹാഭാരത യുദ്ധത്തിൽ അഭിമന്യുവിനാൽ കൊല്ലപെടുന്നതുവരെ (ബിസി 3138), കോസല രാജ്യവും, അയോദ്ധ്യ നഗരിയും അതിന്റെ പ്രതാപം നിലനിർത്തിയിരുന്നു. (അന്നത്തെ ഓരോ രാജാവും 20-25 വർഷത്തെ ഭരണകാലശേഷം നിർബന്ധമായും വാനപ്രസ്ഥവും, സംന്യാസവും അനുഷ്ടിച്ചിരുന്നതിനാൽ ഈ വംശപരമ്പരയുടെ കാലയളവുതന്നെ ശരാശരി 3000 വർഷങ്ങൾ വരുമെന്ന് കാണാം.)
നൂറ്റാണ്ടുകളാൽ രൂപം കൊണ്ട പലവിധ രാജവംശങ്ങളും അധിനിവേശങ്ങളും പിന്നിട്ടു, വലിയൊരു കാലയളവിനുശേഷം ബിസി ആറാം നൂറ്റാണ്ടിൽ കോസലരാജ്യം വീണ്ടും ശക്തിപ്രാപിക്കുന്നുണ്ടെകിലും അന്നത്തെ തലസ്ഥാനം പക്ഷെ ശ്രാവസ്തിയാണ്. ശ്രീബുദ്ധനും, മഹാവീരരും ജീവിച്ചിരുന്ന ബിസി അഞ്ചാം നൂറ്റാണ്ടിൽ, കോസല രാജ്യം യുദ്ധത്തിൽ മഗധയോട് ചേർക്കപ്പെട്ടു. പിന്നീടു വന്ന മൗര്യസാമ്രാജ്യത്തിന്റെ കാലത്തു (ബിസി 322- ബിസി 185) അയോദ്ധ്യ നഗരം, മഗധയുടെ ഭാഗമാണ്. മൗര്യസാമ്രാജ്യത്തിന്റെ തകർച്ചക്കുശേഷം, ബിസി രണ്ടാം നൂറ്റാണ്ടിൽ ദേവവംശം, ദത്തവംശം, മിത്രവംശം എന്നീ ഭരണകാലത്തിനുശേഷം കുശ സാമ്രാജ്യത്തിനു കീഴിലായിരുന്നു ഈ നഗരം. ക്രിസ്തുവർഷത്തിനുശേഷം എ ഡി നാലാം നൂറ്റാണ്ടിൽ, ഗുപ്തസാമ്രാജ്യത്തിന്റെ ഭരണകാലത്തു, വിക്രമാദിത്യനിലൂടെ അയോദ്ധ്യ അതിന്റെ പ്രതാപം വീണ്ടെടുത്തു. അതുവരെ ഗുപ്തസാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന പാടലീപുത്രയിൽ നിന്നും, (ഇന്നത്തെ ബീഹാറിൽ) തലസ്ഥാനം അയോധ്യയിലേക്കു മാറ്റി. എന്നാൽ രണ്ടുനൂറ്റാണ്ടുകൾക്കുശേഷം ഹൂണന്മാർ ഇവിടം ആക്രമിച്ചു, പിന്നീട് ഹർഷവർദ്ധ രാജാവ് അവരിൽ നിന്നും അയോദ്ധ്യയെ സ്വാതന്ത്രമാക്കുന്നുമുണ്ട്.
സഹസ്രാബ്ദങ്ങൾ നിലകൊണ്ട കോസലരാജ്യത്തെ തലസ്ഥാനനഗരി എന്നതിൽ നിന്നും, ശ്രീരാമന്റെ ജന്മസ്ഥലം എന്ന രീതിയിൽ ഇക്കാലംകൊണ്ടു അയോദ്ധ്യ ഏറെ പ്രശസ്തമായി. അതിൽ ദേശാന്തരങ്ങൾ പിന്നിട്ട രാമായണത്തിന്റെ പങ്കു വളരെ വലുതാണ്. ഹര്ഷവര്ധന്റെ കാലത്തിനുശേഷം വിവിധ വംശങ്ങളുടെ കീഴിൽ നാലു നൂറ്റാണ്ടുകൾ പിന്നിട്ട അയോദ്ധ്യ, എ ഡി പതിനൊന്നാം നൂറ്റാണ്ടിലാണ് വൈഷ്ണവരുടെ ഒരു തീർത്ഥാടനകേന്ദ്രമായി മാറുന്നത്. ഈ കാലയളവിലായിരിക്കണം രാമജന്മഭൂമി ക്ഷേത്രം അവിടെ പണികഴിപ്പിക്കുന്നതും. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഡൽഹി സുൽത്താനെറ്റിന്റെ കീഴിൽവന്ന ഈ പ്രദേശത്തെക്കുറിച്ചുള്ള പിന്നീടുള്ള ചരിത്രങ്ങളും അധിനിവേശങ്ങളും മറ്റും നമുക്ക് അറിവുള്ളതുതന്നെയാണ്.
ഏതാണ്ട് ആറു നൂറ്റാണ്ടുകൾക്കുശേഷം അയോദ്ധ്യ നഗരം അതിന്റെ പ്രതാപം വീണ്ടെടുക്കുകയാണ്. പിന്നിട്ട കാലത്തെ സാംസ്‌കാരിക പൈതൃകത്തെ ഓർമപ്പെടുത്തുന്ന പുതിയ കാല നിര്മിതികളും മറ്റുമായി ഈ നഗരത്തെ ഇപ്പോൾ മാറ്റിയെടുത്തത് യോഗി ആദിത്യനാഥ് ആണ്. ഈ നഗരത്തിന്റെ ഇത്രയും വലിയ ചരിത്രപ്രാധാന്യം അറിയാവുന്നതുകൊണ്ടുതന്നെയാണ് ശ്രീ. മോദി, രാമജന്മഭൂമിയിലെ ബാല്യരൂപത്തിലുള്ള ശ്രീരാമ പ്രതിഷ്ടാചടങ്ങിനെ (രാം ലല്ല), ഗൗരവപൂർവ്വം സമീപിക്കുന്നതും…
ഇനി കൂട്ടത്തിൽ രാമായണത്തെക്കുറിച്ചുകൂടി സൂചിപ്പിക്കട്ടെ. രാമായണം, ഇന്ത്യയിൽ മാത്രമല്ല ഏഷ്യയിലെ വിവിധ രാജ്യങ്ങളിൽ വിവിധ പേരുകളിൽ അറിയപ്പെടുന്നു എന്നെല്ലാം നമുക്കറിയാവുന്നതാണ്. അതിൽ ചില രാജ്യങ്ങളിൽ ഇൻഡോനേഷ്യ, തായ്‌ലൻഡ്, കംബോഡിയ, ലാവോസ്, മ്യാൻമർ എന്നിവിടങ്ങളിൽ അവിടുത്തെ ദേശീയ ഇതിഹാസം കൂടിയാണത്. കൂടാതെ ചൈനയിലും, ഇറാനിലും, ശ്രീലങ്കയിലും, ജപ്പാനിലും, വിയറ്റ്നാമിലും, നേപ്പാളിലും, ടിബറ്റിലുമെല്ലാം രാമായണമുണ്ട്.**
ഗൗതമബുദ്ധന്റെ പ്രിയ ഇടം, അഞ്ചു തീർത്ഥങ്കരുടെ ജന്മസ്ഥലം എന്നിവകൊണ്ടുതന്നെ ബുദ്ധ-ജൈന വിഭാഗങ്ങൾക്കും അയോദ്ധ്യ നഗരം പ്രാധാന്യമുള്ളതാണ്. മറ്റൊരു വാർത്ത, ദക്ഷിണകൊറിയയിൽ ആറുലക്ഷം പേരെങ്കിലും അവർ സൂര്യവംശത്തിന്റെ പിന്മുറക്കാരെന്ന് വിശ്വസിക്കുന്നവരാണ് എന്നാണ്. അവരുടെയും പ്രിയ സന്ദർശന ഇടം കൂടിയാണ് അയോദ്ധ്യ. ഹ്യൂ ഹാൻ ഓക് എന്നു നാമകരണം ചെയ്യപ്പെട്ട സൂരിരത്ന രാജകുമാരിയിൽ നിന്നാണ് ആ വംശവും രണ്ടായിരം വര്ഷങ്ങള്ക്കു മുൻപ് അവിടെ രൂപീകരിക്കപ്പെടുന്നത്. ദക്ഷിണകൊറിയയുടെ അഭ്യർത്ഥനപ്രകാരം 2019 മുതൽ ഹ്യൂ ഹാൻ ഓക്കിന് അയോധ്യയിൽ സ്മാരകവുമുണ്ട്.*** അത്തരത്തിൽ ഭാവിയിൽ കിഴക്കൻ ഏഷ്യയുടെതന്നെ സാംസ്‌കാരിക തലസ്ഥാന നഗരിയായി ഈ നഗരം മാറുമെന്ന് പ്രതീക്ഷിക്കുന്നവരാണ് ഏറെയും.
റഫറൻസ്: ഹിരണ്യ ലേഖനം, ജനുവരി 2024 – ആചാര്യശ്രീ ഡോ. എം ആർ രാജേഷ്
* The Ultimate Record of World History. (Published in USA, D K Publishing)
** വിദേശങ്ങളിലെ വിചിത്ര രാമായണം – ആചാര്യശ്രീ ഡോ. എം ആർ രാജേഷ്
***https://www.indiatoday.in/…/why-an-indian-princesss…
കുറിപ്പ്: സൂര്യവംശത്തിന്റെ രാജപരമ്പര ഇപ്പോഴും ലോകത്തു പിൻതുടരുന്നുണ്ടോ എന്നൊരു സംശയം പക്ഷെ എത്തിനിന്നതു സാക്ഷാൽ ഉദയസൂര്യന്റെ നാട്ടിലാണ്! നിപ്പോൺ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ജപ്പാനിലെ രാജവംശം ഇപ്പോഴും പിന്തുടരുന്ന ആചാരങ്ങൾ -വിവാഹത്തിലും മറ്റും, സഹസ്രാബ്ദങ്ങൾക്കു മുൻപ് ഇന്ത്യ ഭരിച്ച സൂര്യവംശത്തിന്റേതാണ്! നിപ്പോൺ -എന്ന ജാപ്പനീസ് വാക്കിന്റെ അർഥം സൂര്യൻ എന്നാണ്, ജപ്പാൻ പതാകയിലും സൂര്യനെ ആലേഖനം ചെയ്തിട്ടുണ്ട്. മാത്രമല്ല ജാപ്പനീസ് രാജാക്കന്മാരുടെ പേരുകൾ ഭൂരിഭാഗവും സൂര്യനുമായി ബന്ധമുള്ളതാണ്. (അകിഹിതോ, നരുഹിതോ തുടങ്ങി…)
No responses yet