ഈ മൊബൈൽ, ഓൺലൈൻ കാലഘട്ടങ്ങൾക്കു മുൻപുള്ള ഞങ്ങളുടെ തലമുറയിലെ പ്രധാന വിനോദോപാധികളായിരുന്നു ആഴ്ചപ്പതിപ്പുകൾ; അവയിൽ പ്രധാനമായും മനോരമയും മംഗളവും. വ്യാഴാഴ്ചകളിൽ, അന്ന് പത്രത്തേക്കാൾ പ്രചാരമുള്ള മനോരമ വാരികക്കു വേണ്ടിയുള്ള കാത്തിരിപ്പായിരുന്നുവെങ്കിൽ തിങ്കളാഴ്ച മംഗളത്തിന്റേതാണ്. കയ്യിൽ കിട്ടുന്ന വാരിക, അവസാന പേജുകളിൽ നിന്നും വായിക്കാൻ പ്രേരിപ്പിച്ച ബോബനും മോളിയും കാർട്ടൂണുകൾ.., ജോസി വാഗമറ്റം, സുധാകർ മംഗളോദയം, ജോയ്സി, കമലാഗോവിന്ദ്, കോട്ടയം പുഷ്പനാഥ്, ബാറ്റൺ ബോസ് തുടങ്ങി പേരുകളിൽ തന്നെ വൈവിധ്യമുള്ള നോവലിസ്റ്റുകൾ തീർക്കുന്ന ഭാവനാ ലോകം… ആർട്ടിസ്റ് മോഹന്റെ ജീവൻ തുടിക്കുന്ന വരകൾ, എല്ലാം അന്നത്തെ കാലത്തെ വലിയ ഓർമകളാണ്. ഇന്നും ആഴ്ചപ്പതിപ്പുകളുണ്ടെന്നു അറിയാമെങ്കിലും, അധ്യയന കാലത്തിനു ശേഷം ആ ശീലം തുടരാനായില്ല.
ആ കാലത്തെ, തൊണ്ണൂറുകളിലെ എനിക്കും പ്രിയപ്പെട്ട ഒരു നോവലിസ്റ്റ് ആയിരുന്നു, ശ്രീ. സുധാകർ മംഗളോദയം. അതിഭാവുകങ്ങളില്ലാതെ തികച്ചും കുടുംബബന്ധങ്ങളുടെയെല്ലാം കഥകൾ മാത്രം തെരഞ്ഞെടുക്കുന്ന ഒരു എഴുത്തുകാരൻ. ‘നന്ദിനി ഓപ്പോൾ’ പോലുള്ള നോവലുകൾ പിന്നീട് സിനിമയായും വന്നിട്ടുണ്ട്. ആ ഒരു കാലഘട്ടത്തിൽ ശ്രീ. എം. ടി യുടെ കഥാശൈലി പിന്തുടരുന്നതിനാൽ ഒട്ടുമിക്ക ആളുകൾക്കും ഇഷ്ടപെടുന്ന ഒരു നോവലിസ്റ്റ് കൂടിയായിരുന്നു ശ്രീ. മംഗളോദയം.
ഇന്ന് ഇദ്ദേഹത്തിന്റെ മരണവാർത്തയറിഞ്ഞപ്പോൾ എന്തോ ഒരു വലിയ നിരാശയും ദുഖവുമെല്ലാം തോന്നി. ഗൃഹാതുരത്വത്തിന്റെ നല്ല ഓർമകളിൽ ഈ വാരികകളും, കലാകാരന്മാരുമെല്ലാമുണ്ട്. കാലമെന്ന അനിവാര്യതയിൽ, ഒരു പൂവിതൾ പോലെ കൊഴിഞ്ഞുപോകുന്ന ഈ പ്രതിഭക്കും ആദരാഞ്ജലികൾ… ആത്മാവിനു നിത്യശാന്തി നേരുന്നു. 🌹🙏

No responses yet