
രാവിലെകളിലെ യാത്രകളിൽ എഫ് എം റേഡിയോ ചാനലുകളിലെ പത്രവിശേഷങ്ങളിലൂടെ ആ ദിനത്തെ ഓരോ പത്രത്തിലെയും വാർത്തകളും തലേകെട്ടുമെല്ലാം വിവരിക്കപ്പെട്ടു കേൾക്കാറുണ്ട്. ഒരു ന്യൂസ്‌പേപ്പർ സ്ഥാപനത്തിലെ ഉദ്യോഗസ്ഥനെന്ന നിലയിൽ, ഈ പരിപാടി നമ്മുടെ ബിസിനസ്സിനെ ബാധിക്കുന്ന ഏർപ്പാടല്ലേയെന്നും പലപ്പോഴും തോന്നിയിട്ടുമുണ്ട്

. ഓരോ ദിനവും വൈകീട്ട് വാർത്തകൾ സോർട് ചെയ്തു, ഉഗ്രൻ ക്യാപ്‌ഷൻസും കണ്ടുപിടിച്ചു വിപണിയിൽ പത്രമായി വില്പനക്ക് വച്ചിരിക്കുന്ന ഒരു പ്രോഡക്റ്റ് ഇത്തരത്തിൽ വളരെ എളുപ്പത്തിൽ ‘ചെലവഴിക്കുന്നതിലെ’ നിരാശയും ചെറുതല്ല. പൊതുവെയുള്ള ഗൂഗിൾ, ഓൺലൈൻ മീഡിയയുടെ വെല്ലുവിളി കൂടാതെ, ദൃശ്യ-ശ്രവ്യ മാധ്യമങ്ങളുടെ ഇത്തരം പ്രോഗ്രാമുകൾ കൂടിയാവുമ്പോൾ പത്രം വാങ്ങിക്കാൻ തയ്യാറെടുക്കുന്ന ആയിരത്തിലധികം പേരുടെ താല്പര്യത്തെ കെടുത്തുന്ന, പ്രിന്റ് മീഡിയ ബിസിനസിനെ തന്നെ സാരമായി ബാധിക്കുന്ന ഒരു വിഷയമാണിത്. എന്നാൽ അതൊരു ‘പ്രശ്നമായി’ തോന്നണമെങ്കിൽ നമുക്കൊരു പ്രൊഫഷണൽ എത്തിക്കൽ സമീപനം ആവശ്യമാണുതാനും…
ഇവിടെ പക്ഷെ ചർച്ച ചെയ്യുന്നത് സിനിമയെകുറിച്ചാണ്. പത്രത്തിലെ ക്യാപ്‌ഷനും മറ്റും ഒരു ദിവസത്തെ അധ്വാനമെങ്കിൽ ഓരോ ചലച്ചിത്രവും പിറവിയെടുക്കുന്നത് മാസങ്ങളും വർഷങ്ങളുമെടുത്താണ്. ഒരു കഥാകാരന്റെ സ്വപ്നം, ഒരു തിരക്കഥയായി, സംഭാഷണമായി, അവക്ക് ജീവൻ കൊടുക്കാൻ ഒരു സംവിധായകനും, നിർമാതാവുമൊക്കെയായി പതിയെയാണ് പിറവിയെടുക്കുന്നത്.. പിന്നീട് ഒരു നിശ്ചിത സമയപരിധിക്കുള്ളിൽ ഓരോ ടെക്‌നീഷ്യനും, നടീ നടന്മാരും അവരുടെ ഭാവനയും, സർഗാത്മകതയുമെല്ലാം സന്നിവേശിപ്പിച്ചും മറ്റും ഒരു വലിയ സമയ-അധ്വാന മൂല്യം കൊണ്ടാണ് ഓരോ കലാസൃഷ്ടിയും ഉല്ഭവിക്കുന്നത്, ഇതൊക്കെ എല്ലാവർക്കും അറിയാവുന്നതുമാണ്.
എന്നാൽ ഇത്തരത്തിൽ ഒരുപാടു ആളുകളുടെ പ്രയത്നം, പടം പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ പലരുടെയും റിവ്യൂ രൂപത്തിൽ എത്തുമ്പോൾ പിന്നണിയാളുകൾക്കു ചങ്കിടിപ്പാണ്. സസ്പെൻസ് നിലനിർത്തുന്ന കഥയും, സീനുകളും, നടന്മാരുടെ ഇൻട്രോയുമെല്ലാം സോഷ്യൽ മീഡിയയിൽ പിന്നെ അങ്ങ് ഒഴുകിനടക്കുകയാണ്. വ്യക്തികൾ വിഭിന്നരായതുകൊണ്ടു തന്നെ, അവരുടെ അഭിരുചികളും കാഴ്ചപ്പാടുകളും വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ ഒരു കലാരൂപത്തിനും എല്ലാവരെയും തൃപ്തിപ്പെടുത്താൻ സാധിക്കില്ലെന്നു നമുക്കറിയാം. മറ്റൊന്ന് താരതമ്യമാണ്. മാഞ്ചെസ്റ്റർ സിറ്റിയുടെ ഫുട്ബാൾ മത്സരം ലൈവ് കണ്ടതിനു ശേഷം തൊട്ടടുത്ത പറമ്പിലെ സെവൻസ് ഫുട്ബോളിനെ വിലയിരുത്തുന്ന തരത്തിൽ നമ്മുടെ കുഞ്ഞു മലയാള സിനിമയുടെ ദൃശ്യങ്ങളെ, ഹോളിവുഡും ബോളിവുഡുമായാണ് പലപ്പോഴും താരതമ്യപ്പെടുന്നത്! എന്നാൽ സെവൻസ് ആദ്യമായി കാണുന്ന കൗമാരക്കാർക്കും കളിപ്രേമികൾക്കും അതും നല്ലൊരു വിനോദമോ പഠനമോ ആകാം എന്നുകൂടി ഇത്തരം പണ്ഡിതന്മാർ ഓർക്കുക!.. കാര്യം ഇങ്ങനെയൊക്കെയെങ്കിൽ കൂടിയും ഈ സോഷ്യൽ മീഡിയ കാലഘട്ടത്തിൽ, ആദ്യ ദിനത്തെ ചിലരുടെയെങ്കിലും റിവ്യൂ നൽകുന്ന മുൻവിധികൾ ആ ചിത്രത്തിന്റെ കമേർഷ്യൽ വിജയസാധ്യതയെ നന്നായി ബാധിക്കുന്നുണ്ട്. പ്രത്യേകിച്ചും ഒരു നെഗറ്റീവ് റിവ്യൂ വന്നുകഴിഞ്ഞാൽ ആ മുൻവിധി മനസ്സിൽ വച്ചു പടം കാണേണ്ടിവരുകയോ അല്ലെങ്കിൽ ആ താല്പര്യത്തെ, ചിത്രത്തെ ഉപേക്ഷിക്കുകയോ ചെയ്യുന്ന തലത്തിൽ ഭൂരിഭാഗം പ്രേക്ഷകർ എത്തിപ്പെടുന്നു.
ഞങ്ങൾ കാശുകൊടുത്ത് കാണുന്നതിനാൽ അഭിപ്രായം പറയും എന്നൊരു ന്യായീകരണം പലർക്കും പറയാമെങ്കിലും, ഒരു വ്യാപാരസംവിധാനത്തിൽ പാലിക്കേണ്ട പരസ്പര മര്യാദകൾ ഏവരും ഉൾക്കൊള്ളേണ്ടതുണ്ട്. കാരണം ഓരോ വ്യക്തികളും പല തരത്തിൽ ഒരു ബിസിനസ് ശൃംഖലയുടെ ഭാഗമാണ്. അതിന്റെ ഒരു രഹസ്യസ്വഭാവവും, പരസ്പര അഡ്ജസ്റ്മെന്റുകളും സിനിമയോടും കാണിക്കാം. ഒരു സൂപ്പർമാർക്കറ്റിനു മുന്നിലോ ഹോട്ടലിനു മുന്നിലോ ഇത്തരത്തിൽ അവിടുത്തെ ഉത്പന്നത്തെകുറിച്ച് റിവ്യൂ സാധ്യമല്ലെന്നു ഏവർക്കുമറിയാം. എന്നുകരുതി നമ്മുടെ അഭിപ്രായം ആരോടും പറയരുത് എന്നല്ല, നമ്മുടെ സുഹൃത് ബന്ധങ്ങളുടെ ഒരു ചെറിയ വൃത്തത്തിനപ്പുറം പരസ്യമായി ഒന്നും പ്രകടിപ്പിക്കേണ്ടതില്ല എന്നതാണ് മാന്യത.
മറ്റൊന്നു ചാനലുകളോടാണ്, വാർത്തക്ക് ക്ഷാമമുണ്ടാകുമ്പോൾ തിയേറ്ററിനുമുന്നിൽ ക്യു നിന്നുകൊണ്ട് റിവ്യൂ ചെയ്യുന്ന രീതിയും ശരിയല്ല. ചുരുങ്ങിയത് മൂന്ന് ആഴ്ചയെങ്കിലും തിയറ്ററുകളിൽ സിനിമ പ്രദര്ശിപ്പിച്ചതിനുശേഷം മാത്രം പരസ്യമായി അഭിപ്രായങ്ങൾ പറയാനുള്ള ഒരു ധാർമിക സമീപനം പ്രേക്ഷകരും ചാനലുകളും സ്വീകരിക്കുമെങ്കിൽ അത് നമ്മുടെ സിനിമാ വ്യവസായത്തിന് നൽകുന്ന പ്രചോദനം വലുതാണ്. കാരണം മറ്റു കലാമേഖലകളെ അപേക്ഷിച്ചു വിപുലമായ തലത്തിൽ വ്യത്യസ്ത പ്രേക്ഷകരെ ആകർഷിക്കുന്ന കലാരൂപമായതിനാൽ സിനിമകൾ നമ്മുടെ സംസ്കാരത്തിന്റെ, ഭാഷയുടെയെല്ലാം ബ്രാൻഡ് അംബാസിഡർമാർ കൂടിയാണ്, (അതൊക്കെ എല്ലാവരും പാലിക്കുന്നുണ്ടോ എന്നത് മറ്റൊരു കാര്യം!) അതു പരിരക്ഷിക്കപ്പെടേണ്ടതുണ്ട്.
ആദ്യ പാരഗ്രാഫിൽ സൂചിപ്പിച്ചതുപോലെ കേവലം സിനിമ മാത്രമല്ല, ഇനിയുള്ള നാളുകളിൽ എല്ലാ മേഖലയിലും – ടാക്സി മുതൽ ടെക്സ്റ്റൈൽസ് വരെ, ഇത്തരത്തിലുള്ള പരസ്പര സഹകരണങ്ങൾ വർധിപ്പിച്ചെങ്കിൽ മാത്രമേ പൊതുവെ ഓൺലൈൻ-ഡിജിറ്റൽ ഭീഷണിയുള്ള വ്യക്തിഗത സ്ഥാപനങ്ങളും വ്യവസായങ്ങളും നിലനിൽക്കുകയുള്ളൂ. ആ സാമൂഹ്യ ഉത്തരവാദിത്തം നാമേവർക്കുമുണ്ട്, നന്ദി.
No responses yet