സാമ്പത്തിക പ്രതിസന്ധികളെ നമുക്ക് നേരിടാം…

മനുഷ്യൻ പങ്കുവയ്ക്കാൻ തുടങ്ങുമ്പോഴാണ് നമ്മുടെ ദാരിദ്ര്യമെല്ലാം അസ്തമിക്കുക എന്ന് പണ്ടെങ്ങോ വായിച്ചിട്ടുണ്ട്. വ്യവസായിക യുഗത്തിലെ ജോലിക്കുവേണ്ടിയുള്ള കിടമത്സരം, സോഫ്ട്‍വെയറുകളും നിർമിതബുദ്ധിയും ഓൺലൈൻ ട്രേഡിങ്ങ് സൈറ്റുകളും മറ്റും തട്ടിയെടുക്കുന്ന തൊഴിൽ അവസരങ്ങൾ, രാഷ്ട്രീയ മുൻഗണനകൾ, അതിലുമുപരി കൊറോണ സൃഷ്‌ടിച്ച സാമ്പത്തിക മാന്ദ്യം തുടങ്ങി സമൂഹത്തിലെ ഏതൊരു മേഖലയിലും ജോലിയെടുത്തു ജീവിക്കുന്നവന് ഈ കാലം അത്ര എളുപ്പമല്ല. നമ്മുടെ വരവ്-ചെലവുകൾ നമ്മുടെ നിയന്ത്രണത്തിലാണോ എന്നൊന്നും തിരിഞ്ഞുനോക്കാൻ സമയമില്ലാതെ, ഒരു ഒഴുക്കിൽ പെട്ടെന്നപോലെയാണ് ഭൂരിഭാഗം പേരുടെയും സാമ്പത്തിക ജീവിതം. അതിൽ ഒരു പരിധി കഴിഞ്ഞും പിടിച്ചു നിൽക്കാൻ കഴിയാത്തവർ സ്വയംഹത്യ തെരഞ്ഞെടുക്കുന്നു, ചിലർ നിഷ്കളങ്കരായ സ്വന്തം കുടുബത്തെക്കൂടി ആ കടുംകൈക്ക്‌ പ്രേരിപ്പിക്കുന്നു. ദൗർഭാഗ്യവശാൽ ആ വാർത്തകളുടെ എണ്ണം, ദിനം പ്രതി കേരളത്തിലും പെരുകുന്നു. ഈ ഗൗരവവിഷയത്തിൽ പരിഹാരമാർഗമായി ഉപയോഗപ്പെടുത്താവുന്ന ചില ചിന്തകൾ ഇവിടെ പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു, ഏവർക്കും അഭിപ്രായവും രേഖപ്പെടുത്താവുന്നതാണ്.

1 ) മുൻകാലത്തുനിന്നും വ്യത്യസ്തമായി, പരാശ്രയമില്ലാതെ ജീവിക്കാവുന്ന തലത്തിൽ ടെക്നോളജി കൊണ്ടുവന്ന ചില സൗകര്യങ്ങൾ നമ്മുടെ സമൂഹത്തെ കുറച്ചൊക്കെ സ്വാർത്ഥരാക്കിയിട്ടുണ്ട്. സാമൂഹിക ഇഴയെടുപ്പം കുറഞ്ഞുവരുന്നതുകൊണ്ടുതന്നെ പലവിധ സാഹചര്യങ്ങൾ കൊണ്ടും ജീവിത പ്രതിസന്ധികളിൽ വീണുപോകുന്നവൻ, ആരും സഹായിക്കാനില്ലാതെ (വ്യക്തികളും ബാങ്കും സർക്കാറുമൊന്നും) ഭാഗ്യംകെട്ടവനായി മാറുന്നു. (എല്ലായിടത്തും ഈ സാഹചര്യമുണ്ടെന്നല്ല, നന്മയുള്ള മനുഷ്യരും, പരസ്പരസഹായ മനസ്സുള്ള ആളുകളും കൂടുതൽ ഉള്ളതുകൊണ്ടുതന്നെയാണ് ഭൂരിഭാഗം പേരും ഈ പ്രതിസന്ധികളെ തരണം ചെയ്യുന്നതും.) സ്വന്തമായി ചെറുകിട സ്ഥാപനങ്ങൾ നടത്തുന്ന വ്യക്തികൾക്കെങ്കിലും സ്വകാര്യ വ്യക്തികളെയും ധനകാര്യ സ്ഥാപനങ്ങളെയും അമിതമായി ആശ്രയിക്കാതെ, ആഗോള മാതൃകയിൽ ഇൻഷുറൻസ് പരിരക്ഷയുള്ള ലോണുകളും, സുഗമമായ തിരിച്ചടവുകളും മറ്റും നൽകാൻ സർക്കാറുകളും ബാങ്കുകളും ഇനിയെങ്കിലും പരിശ്രമിക്കേണ്ടതുണ്ട്.

2) ജോലിയെടുക്കാനുള്ള സന്നദ്ധത കൂടാതെ സാമൂഹ്യ സാഹചര്യവും നമ്മുടെയൊക്കെ സാമ്പത്തിക പുരോഗതിയിൽ പങ്കുവഹിക്കുന്നുണ്ട്. പലരും വിദേശത്തു പോകുന്നതിന്റെ പ്രധാനകാര്യം ഒരു നിശ്ചിത സമയത്തിൽ കൂടുതൽ തൊഴിൽ ചെയ്യാനുള്ള സാഹചര്യം (രാത്രി എട്ടുമണിക്കുശേഷം) പൊതുവെ നമ്മുടെ നാട്ടിലില്ല എന്നതാണ് (ഹോസ്പിറ്റൽ, ഹോസ്പിറ്റാലിറ്റി, മീഡിയ പോലെ ചുരുക്കം മേഖലയൊഴികെ). അതായത് ഒരു വ്യക്‌തി അധ്വാനിക്കാൻ സ്വയം സന്നദ്ധനാണെകിൽ പോലും, നാം ഏറെ ദശാബ്‌ദങ്ങളായി മുറുകെ പിടിച്ചിരിക്കുന്ന ചില ശീലങ്ങൾ മൂലം, മറ്റു നാടുകളെ അപേക്ഷിച്ചു രാത്രി കാലങ്ങളിൽ ജോലിചെയ്യാൻ കേരളത്തിൽ സാധിക്കുന്നില്ല. ഒരു ഉപഭോഗസംസ്ഥാനമെന്ന നിലയിൽ നമ്മുടെ ഓരോ ടൗണിലും രാത്രി 12 മണിവരെയെങ്കിലും കടകൾ തുറന്നുപ്രവർത്തിക്കാനും, കണക്ഷൻ ബസുകൾ ഓടിക്കാനുമുള്ള സൗകര്യം സർക്കാർ മുൻകൈയെടുത്തു നടപ്പാക്കേണ്ടതുണ്ട് (രാത്രി ബിസിനസുകൾക്ക് തുടക്കത്തിൽ ഇലക്ട്രിസിറ്റി ഡിസ്‌കൗണ്ട് നൽകിയും മറ്റും). സമൂഹത്തിൽ സാമ്പത്തികഭദ്രതയുള്ളവർ പണം ചെലവഴിക്കുമ്പോഴാണ് ആ ‘ചക്രം‘ യഥാവിധി പ്രവർത്തിക്കുന്നത്. പകൽ ജോലിക്കു ശേഷം കുടുംബത്തോടൊപ്പം വൈകിട്ട് പാർക്കിലോ, തിയറ്ററിലോ, സൂപ്പർമാർക്കറ്റിലോ, ചുരുങ്ങിയത് അടുത്ത ജില്ലകളിൽ വരെ ഒന്നു ബസിൽ കറങ്ങിവരാൻ കഴിയുന്ന ഒരു പുതിയ പശ്ചാത്തലം, സാമ്പത്തികമായും എല്ലാ തട്ടിലുള്ളവർക്കും പ്രയോജനപ്പെടുമെന്നതിൽ ആർക്കും തർക്കമുണ്ടാകാനിടയില്ല. രണ്ടാമതൊരു വരുമാനം ചിന്തിക്കുന്ന ആളുകൾക്കും, കോളേജ് വിദ്യാർത്ഥികൾക്കും ഇത്തരമൊരു സാമൂഹ്യാവസ്ഥ കൂടുതൽ അവസരങ്ങൾ നൽകും. (ഇതിലേക്കായി പ്രയോജനപ്പെടുന്ന ബിസിനസ് ആശയങ്ങൾ വേണമെങ്കിൽ വിശദീകരിക്കാം)

3) സ്വന്തം സാമ്പത്തിക ബുദ്ധിമുട്ടുകളെ അപകർഷതയോടെ നോക്കികാണുന്ന കാഴ്ചപ്പാടാണ് നാം അടുത്തതായി മാറ്റേണ്ടത്. (മുൻ തലമുറകളൊന്നും ദാരിദ്ര്യത്തെ ഒരു നാണക്കേടായി കരുതിയിരുന്നില്ല) നമ്മുടെ ബാധ്യതകളെല്ലാം സ്വന്തം പങ്കാളി എല്ലായ്‌പോഴും അറിഞ്ഞിരിക്കണം (ചെറിയ കുട്ടികളോട് പറയേണ്ട, അത് അവർക്കു അരക്ഷിതചിന്തയുണ്ടാക്കും). പലിശകടങ്ങൾ ഒരു പരിധിയിൽ കൂടുതൽ വലയം ചെയ്യാൻ തുടങ്ങുകയാണെങ്കിൽ, സ്ഥലത്തെ വാർഡ് കൗൺസിലറെയോ, മറ്റു സാമൂഹ്യ പ്രവർത്തകരെയോ ഉൾപ്പെടുത്തി ഇടപാടുകാരനുമായി ചർച്ച ചെയ്തു സാവകാശം വാങ്ങിക്കുക. അതു വിദ്യാഭ്യസ ലോൺ ആയാലും, മറ്റു ബാങ്ക് ലോൺ ആയാൽ പോലും ചർച്ചയിലൂടെ പരിഹരിക്കാൻ കഴിയാത്തതൊന്നുമില്ല (കാരണം എല്ലാ നിയമങ്ങളും മനുഷ്യനുവേണ്ടിയുള്ളതാണ്.) അതിൽ പക്ഷെ ദുരഭിമാനം കാണരുത്. (പലരും അവസാനനിമിഷം വരെ ആരോടും ഒന്നും പറയാതെ, പരിഹാരമാർഗങ്ങൾ യഥാവിധി അന്വേഷിക്കാതെ തന്റെ ജീവിതം അവസാനിപ്പിക്കും. അതൊരുതരം വിവേകശൂന്യമായ ഒളിച്ചോട്ടമാണ് എന്നുകൂടി സൂചിപ്പിക്കട്ടെ.)

4) ഈ പോസ്റ്റിൽ ആദ്യം സൂചിപ്പിച്ച വാചകത്തിലേക്കു ഇനി വരാം.

ഏക്കറുകളോളം ഒരു കൃഷിയും ചെയ്യാതെ കിടക്കുന്ന ഫലഭൂയിഷ്ടമായ മണ്ണും, ഇനി തരിശായി കിടക്കുന്ന പറമ്പുകളും മറ്റും കേരളത്തിലെ റോഡ് സൈഡിൽ വരെ സാധാരണമാണ്. അതിന്റെ ഉടമകൾ ഒരു പക്ഷെ അന്യനാട്ടിലാവാം. അവർക്കാകട്ടെ ആരെയും വിശ്വസിച്ചു ഏൽപ്പിക്കാനോ, പാട്ടത്തിനു കൊടുക്കാനോ മടിയുമാണ്. എന്നാൽ ഒരഞ്ചു സെന്റു ഭൂമിയിൽ പോലും അത്ഭുതങ്ങൾ വിളയിക്കാൻ കഴിവുള്ള അധ്വാനശീലരായ മനുഷ്യരും എല്ലായിടത്തുമുണ്ട്, അവരിൽ പലർക്കും പക്ഷെ സ്വന്തമായി ഒരു തുണ്ടു ഭൂമിയുമില്ല!

കൂടുതൽ വ്യക്തമാക്കേണ്ടതില്ലല്ലോ.. നമുക്കു വേണ്ടത്, ഇവരെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണികളെ കണ്ടെത്തുകയാണ്. നമ്മുടെ സാമൂഹ്യപ്രവർത്തകർക്ക്, അല്ലെങ്കിൽ കോളേജ് വിദ്യാർത്ഥികൾക്ക്, പഞ്ചായത്തിൽ നിന്നും ലഭ്യമാകാവുന്ന ഒരു ഡാറ്റബേസ് സഹായത്തോടെ ഇതിനായി ഒന്നു മുൻകൈ എടുത്തിറങ്ങിയാൽ, ഒരു പാട് കുടുംബങ്ങൾക്ക് അതു വലിയ അത്താണിയാകും. കൃഷി കൂടാതെ, ബാഡ്മിന്റൺ-ക്രിക്കറ്റ്‌ കോർട്ടുകളോ, ചെറുകിട വ്യവസായങ്ങളോ, ഡയറി ഫാമുകളോ എല്ലാമാക്കി ഈ സ്ഥലങ്ങളെ വികസിപ്പിക്കാവുന്നതാണ്. അതിന്റെ നടത്തിപ്പുകാരായി തന്നെ തരക്കേടില്ലാത്ത വരുമാനം ഏതൊരു സാധാരണക്കാരനും നേടാം. വിശ്വാസ്യയോഗ്യരായ ആളുകളും നിയമപരിരക്ഷയുമുണ്ടെങ്കിൽ ഭൂരിഭാഗം പ്രവാസികളും, തങ്ങളുടെ വെറുതെ കിടക്കുന്ന സ്ഥലങ്ങളിൽ ഇത്തരം പ്രവർത്തനങ്ങൾക്കായി എല്ലാവിധ പിന്തുണയും സഹകരണവും നൽകും.

പറഞ്ഞുവരുന്നത്, നമുക്ക് ചുറ്റുമുള്ള ഇത്തരം സാധ്യതകളെ മനസ്സിലാക്കിയും, പ്രവർത്തിച്ചും, മുന്നോട്ടുള്ള നമ്മുടെ ജീവിതം കരുപ്പിടിപ്പിക്കുക എന്നതുതന്നെയാണ്. സ്നേഹിച്ചു ജീവിച്ചു കൊതിതീരാത്തവർ തങ്ങളുടെ ഗതികേടുകൊണ്ടു തെരെഞ്ഞെടുക്കുന്ന ഓരോ ആത്മഹത്യാ വാർത്തകളും മനസ്സിൽ സൃഷ്ടിക്കുന്ന നിസ്സഹായ ഗദ്ഗദവും നൊമ്പരവും വലുതാണ്… മറ്റു വ്യക്തികളുമായുള്ള താരതമ്യകെണികളിൽ സ്വയം പെടാതെ, നമ്മുടെ വരുമാനത്തിനനുസരിച്ചുള്ള ജീവിതശൈലിയെ നാം പിന്തുടർന്നാൽ അത് നൽകുന്നതു വലിയ സമാധാനമാണ്. ജീവിതത്തിലെ പ്രതിസന്ധികളെയെല്ലാം നമുക്ക് നേരിടാനുള്ളതാണ്, അവയെ മനഃസാന്നിധ്യത്തോടെ പൊരുതിതന്നെ തോൽപ്പിക്കുക, ആ ആനന്ദത്തെ പിന്നീട് അനുഭവിച്ചറിയുക.

CATEGORIES

Articles

No responses yet

Leave a Reply

Your email address will not be published. Required fields are marked *