
ഒരു ദാക്ഷിണ്യവുമില്ലാതെ നിരപരാധികളായ ആളുകളെ ഉപദ്രവിച്ചു, സ്വന്തം അവകാശമെന്നോണം അവരെ കൊന്നുകളയുന്ന നരാധമന്മാർ എല്ലാ സമൂഹങ്ങളിലുമുണ്ട്. അവർക്കു നൽകാവുന്ന ഏറ്റവും വലിയ മുന്നറിയിപ്പ് ഭയം മാത്രമാണ്; മറ്റൊന്നുകൊണ്ടും, ഒരു ബോധവൽക്കരണം കൊണ്ടും ഇക്കൂട്ടരിൽ മാനുഷിക ഗുണം വളർത്താനാകില്ല. സ്ത്രീകൾക്കും, കുട്ടികൾക്കുമെതിരെയുള്ള എല്ലാ ആക്രമണങ്ങൾക്കും വികസിത രാജ്യങ്ങൾ വൻശിക്ഷ വിധിക്കുന്നതിന്റെ കാരണവും ഈ ഭയം വളർത്താൻ വേണ്ടിത്തന്നെ. എന്നാൽ വലിയ മനുഷ്യാവകാശങ്ങൾ കൊണ്ടുനടക്കുന്ന നമ്മുടെ നാട്ടിൽ ഇരയെക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ ആപേക്ഷികമായി കുറ്റവാളികൾക്കാണ് ലഭിക്കുന്നത്. ഗോവിന്ദച്ചാമിയും, അമീറുൽ ഇസ്ലാമും, വാളയാർ പ്രതികളുമെല്ലാം ഇത്തരത്തിൽ നമ്മുടെ സമൂഹത്തെ ഇന്നും പല്ലിളിച്ചു കൊഞ്ഞനം കുത്തുന്നു.
ഈ സന്ദർഭത്തിൽ ഹൈദരാബാദിൽ നിന്നും വരുന്ന വാർത്ത സ്വാഭാവികമായും, സാധാരണക്കാരായ ആളുകളെ തൃപ്തിപ്പെടുത്തുന്നതാണ്. ക്രിമിനലുകളെ, അവരാണെന്നു ഉറപ്പിച്ച ശേഷം, വീട്ടുകാരുടെ പോലും പിന്തുണയില്ലാതെ ഒറ്റപ്പെടുത്തി ഒടുവിൽ ‘രക്ഷപ്പെടാനാകാതെ’ വെടിവച്ചു കൊന്ന പോലീസ്, ഒരു സമൂഹത്തിന്റെ നേർ പ്രതിഫലനമായി. അതു ഹൈദരാബാദിലെ ജനങ്ങളുടെ ഒത്തൊരുമയുടെ കൂടി ഫലമാണ്. നിഷ്ടൂര കൊലപാതകം നടത്തിയ പ്രതികൾക്ക് വേണ്ടി കേസ് വാദിക്കില്ലെന്നു ശപഥം ചെയ്ത വക്കീലന്മാരും, കുറ്റം ചെയ്ത മകന് വധശിക്ഷ തന്നെ വിധിക്കണമെന്നു ആവശ്യപ്പെട്ട അമ്മമാരും വീട്ടുകാരും, ഒരു നാടിന്റെ മൂല്യവും അന്തസ്സും കാത്തു സൂക്ഷിക്കുന്നു. സാക്ഷരരും, അഭ്യസ്തവിദ്യരെന്നു സ്വയം മേനി നടിക്കുന്ന കേരളസമൂഹം, സമാന സന്ദർഭങ്ങളിലെങ്കിലും – കുറ്റവാളിയുടെ മനുഷ്യാവകാശത്തേക്കാൾ, നീതി നഷ്ടപ്പെടുന്നവനുവേണ്ടി ഒരുമയോടെ നിൽക്കാൻ, നമ്മെക്കാൾ വിദ്യാഭ്യാസം കുറഞ്ഞതെന്നു പരിഹസിക്കുന്ന തെലുങ്കരെ മാതൃകയാക്കേണ്ടിയിരിക്കുന്നു.
No responses yet