
പല ഇന്റർവ്യൂകളും കാണുമ്പോൾ ‘ഇതെന്തൊരു കഥയില്ലാത്ത മനുഷ്യൻ’ എന്നെനിക്കു മുൻപ് പലപ്പോഴും തോന്നിയിട്ടുള്ള വ്യക്തിയാണ് ശ്രീ. ബോബി ചെമ്മണ്ണൂർ. ദശാബ്ദങ്ങളുടെ പാരമ്പര്യമുള്ള ഒരു ജ്വല്ലറി ഗ്രൂപ്പിന്റെ ഈ തലമുറയിലെ അമരക്കാരനായിരുന്നിട്ടും, ഒരു ചട്ടയും മുണ്ടും ധരിച്ചു അദ്ദേഹം നടത്തുന്ന പല കസർത്തുകളും ആധുനിക ബിസിനസ് മാനേജ്മെന്റ് ക്ലാസുകളെടുക്കുന്നവരുടെ കാഴ്ചപ്പാടിൽ തീരെ നിലവാരമില്ലാത്തതാണ്. എന്നാൽ ഹൃദയം കൊണ്ടു ചിന്തിക്കുന്ന, സ്നേഹിക്കുന്ന ഒരു സാധാരണക്കാരന് അദ്ദേഹം പ്രിയപ്പെട്ടവനുമാണ്. അതിന്റെ പ്രധാന കാരണം അവരുടെ പ്രയാസങ്ങൾ, പ്രത്യേകിച്ച് സാമ്പത്തിക ബുദ്ധിമുട്ടുകൾ അറിഞ്ഞു ഇദ്ദേഹം നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളും, മറ്റൊന്ന് നമ്മുടെ വൈകാരിക സ്വപ്നങ്ങൾ (ഡീഗോ മറഡോണ കേരളത്തിൽ വന്ന സന്ദർഭവും, തൃശ്ശൂരിലെ റോൾസ് റോയ്സ് ടാക്സിയും ഓർക്കുന്നു) പൂവണിയിക്കാൻ നടത്തുന്ന ശ്രമങ്ങളുമാണ്.
സമ്പത്തും പ്രശസ്തിയും നേടാൻ ഒരു വശത്തു എന്തും ചെയ്യാൻ തള്ളികയറുന്ന ആളുകളുള്ളപ്പോൾ, അതെല്ലാം വേണ്ടുവോളം അനുഗ്രഹിക്കപ്പെട്ട വ്യക്തികൾ ആത്യന്തികമായി അവർക്കു കൂടുതൽ സന്തോഷം നൽകുന്ന സന്നദ്ധ പ്രവർത്തനങ്ങൾ ഉത്സാഹത്തോടെ നടത്തുമ്പോൾ പൊതുസമൂഹത്തിന് അവരെ അഭിനന്ദിക്കാതെ വയ്യ. അന്യരാജ്യത്തെ ജയിലിൽ സ്വന്തം നിർഭാഗ്യം കൊണ്ടു 18 വർഷങ്ങൾ ജയിലിൽ പിന്നിട്ടു വധശിക്ഷയും പ്രതീക്ഷിച്ചു കഴിയുന്ന അബ്ദുൽ റഹീമിനെപോലുള്ള ആളുകളുടെ പ്രശ്നങ്ങൾ പൊതുസമൂഹത്തിൽ അവതരിപ്പിച്ചു, തന്റെ വലിയൊരു തുകയും സംഭാവനയും നൽകി, പദയാത്രയായി ശ്രീ. ബോബി ചെമ്മണ്ണൂർ ഈ സന്ദർഭത്തിൽ മുന്നിട്ടുനടത്തിയ മാതൃകാ പ്രവർത്തനം ശ്ലാഘനീയമാണ്.
നമുക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത ഇതുപോലുള്ള വലിയ സാമ്പത്തിക ലക്ഷ്യങ്ങളിൽ ഏതൊരു മനുഷ്യരും പ്രതീക്ഷിക്കുന്നത് പൊതുസമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണയാണ്. അത്തരം അവസരങ്ങളിൽ ഇദ്ദേഹത്തെ പോലുള്ള ബിസിനസ് വ്യക്തികളും, സെലിബ്രിറ്റികളും, സാധാരണക്കാരുമെല്ലാം (ഭൂരിഭാഗം പേരും പുറത്തു പറയാത്തവരാണ്) നമ്മുടെ കേരളത്തിന് വലിയ പ്രതീക്ഷയും അഭിമാനവുമാണ്. ഹൃദയവിശാലതയുള്ള ആ കൂട്ടായ്മയും നന്മയും നമ്മിൽ എന്നെന്നും നിലനിൽക്കട്ടെ, മാത്രമല്ല കൂടുതൽ സമ്പത്ത് നൽകി ജഗദീശ്വരൻ ഏവരെയും തുടർന്നും അനുഗ്രഹിക്കട്ടെ.
No responses yet