സല്യൂട്ട്, ശ്രീ. ജോമോൻ പുത്തൻപുരക്കൽ…

സിസ്റ്റർ അഭയയുടെ മരണം, ഒരു കൊലപാതകമാണെന്നറിഞ്ഞ നിമിഷം മുതൽ ആ നിർധന കുടുംബത്തിന് നീതി ലഭ്യമാക്കാൻ ഏതറ്റം വരെ പോകാനും ധൈര്യം കാണിച്ച ഒരു സവിശേഷ വ്യക്തിയാണ് ശ്രീ. ജോമോൻ പുത്തൻപുരക്കൽ. കേരള പോലീസും, ക്രൈംബ്രാഞ്ചും, ആദ്യ ഘട്ടത്തിൽ സി ബി ഐ യും, കോടതികളുമെല്ലാം എതിരായിരുന്നിട്ടും, പ്രതികൾക്ക് മതമേലധ്യക്ഷന്മാരുടെ പരോക്ഷ പിന്തുണയും, സാമ്പത്തിക സഹായവുമെല്ലാം ഉണ്ടായിട്ടുകൂടി, പലവിധ ഭീഷണികളെയും പ്രലോഭനങ്ങളെയും നേരിട്ട് തന്റെ ഉറച്ച കാൽവെപ്പുകൾ പിൻവലിക്കാതെ, അഹോരാത്രം പൊരുതിയ ഒരു പോരാളിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ അക്ഷീണ പ്രയത്നത്തെ വിശേഷിപ്പിക്കാൻ മാത്രം അർഹത ഈയുള്ളവനില്ല; പ്രപഞ്ചസ്രഷ്ടാവ് തന്റെ നീതിയും, ധർമവും നടപ്പിലാക്കാൻ തെരെഞ്ഞെടുത്ത, ഭാഗ്യം സിദ്ധിച്ച ഒരു സുകൃത ജന്മം.

ഒരു കൊലപാതകക്കേസിൽ ചുരുങ്ങിയത് അഞ്ചു വർഷത്തിനുള്ളിലെങ്കിലും ശിക്ഷ പ്രഖ്യാപിക്കാൻ കഴിവില്ലാത്ത സംവിധാനം, നീതി നിഷേധം തന്നെയാണ് ചെയ്യുന്നത്. അത്തരം എത്രയോ അഭയകളുടെയും, സൗമ്യമാരുടെയും കുടുംബങ്ങൾ നമ്മുടെ കൂട്ടത്തിലുണ്ട്. സമൂഹത്തിൽ ഒരു നിശ്ചിത വരുമാനത്തിന് താഴെയുള്ള വ്യക്തികൾക്ക് നീതി നിർദയം നിഷേധിക്കപ്പെടുന്ന നമ്മുടെ രാജ്യത്തു, സാമൂഹ്യ പാർട്ടികളൂം, മുഖ്യധാരാ മാധ്യമങ്ങളും, പോലീസും, കോടതിയുമെല്ലാം തരാതരം പോലെ കണ്ണടച്ച് ഇരുട്ടാക്കുമ്പോൾ അവക്കിടയിലേക്കു പ്രതീക്ഷയുടെ നുറുങ്ങുവെട്ടങ്ങൾ പോലെ ജോമോനും, രാജുവുമെല്ലാമായി മാറുവാൻ നമുക്കാവണം. അത്തരം ആദർശ സമീപനങ്ങളാണ് മാനുഷിക മൂല്യങ്ങൾ കാലങ്ങളോളം നിലനിർത്തുന്നതും, പ്രചോദിപ്പിക്കുന്നതും…

ഈ കേസിനു പുറകിലെ എല്ലാ കഠിനാധ്വാനികൾക്കും ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ…നിങ്ങൾക്കും കുടുംബത്തിനും, അടുത്ത തലമുറകൾക്കും വരും കാലഘട്ടങ്ങളിൽ അഭിമാനിക്കാവുന്ന നിമിഷമാണിത്, നന്ദി. 

CATEGORIES

Articles

No responses yet

Leave a Reply

Your email address will not be published. Required fields are marked *