
ഇന്നല്ലെങ്കില്‍ നാളെ, എന്ന് പ്രതീക്ഷിച്ച ഒരു തീരുമാനം..എന്നാല്‍ അത് യാഥാര്‍ത്ഥ്യമായപ്പോള്‍ തീരെ ഉള്‍കൊള്ളാന്‍ കഴിയാത്തതുപോലെ…
സച്ചിന്‍ രമേഷ് ടെണ്ടുല്‍ക്കര്‍, ഇന്ത്യക്ക് കേവലം ഒരു ഇതിഹാസ ക്രിക്കറ്റര്‍ മാത്രമല്ല, മറിച്ചു ഇന്ത്യയിലെ ഓരോ ജനവിഭാഗത്തിനും അവരുടെ വന്യമായ സ്വപ്‌നങ്ങള്‍ സാക്ഷാല്‍കരിക്കുന്ന ഒരു അമാനുഷന്‍ കൂടിയാണ്. ക്രിക്കറ്റിലെ ഒരു വിധം എല്ലാ റെക്കോഡുകളും അദ്ദേഹം ഭേദിച്ച് മുന്നേറുമ്പോള്‍ നമ്മിലെ ഇന്ത്യക്കാരനും അത് സ്വന്തം സ്വപ്ന സാക്ഷാല്‍ക്കാരമായി തന്നെ, ജീവിത ലക്ഷ്യമായി തന്നെ കരുതി പോന്നു..സെഞ്ചുരിയനില് ഷുഹൈബ് അക്തറിനെ അടിച്ചു പരത്തുമ്പോഴും, പൊടിക്കാറ്റിനെ വകവയ്ക്കാതെ ഷാര്‍ജയില്‍, ഓസ്ട്രെലിയക്കെതിരെ ഒറ്റയാന്‍ പോരാട്ടം നടത്തിയും, ഏകദിനത്തിലെ ആദ്യ ഡബിള്‍ സെഞ്ചുറി നേടിയുമെല്ലാം നമ്മുടെ പ്രതീക്ഷക്കപ്പുറം പോയിട്ടുണ്ടെന്നതാണ് സത്യം..ഏറ്റവുമൊടുവില്‍ നാം ലോകകപ്പ് നേടിയപ്പോള്‍, ആഹ്ലാദമായ കാര്യം ആ ടീമില്‍ നമ്മുടെ ടെണ്ടുല്‍ക്കര്‍ ഉണ്ടായിരുന്നല്ലോ എന്നതാണ്…
ഒരു തലമുറയെ സംബന്ധിച്ച് ഇതൊരു യുഗ അവസാനമാണ്, ഒരു കാലത്ത് അദ്ദേഹം ബാറ്റ് ചെയ്യുമ്പോള്‍ ഓരോ പന്തിലും പ്രാര്‍ത്ഥനയോടെ, അടക്കി പിടിച്ച നിശ്വാസത്തോടെ നാം കടന്നുപോയി…അദ്ദേഹം നേരത്തെ പുറത്താകുമ്പോള്‍ മത്സരഫലത്തെ കുറിച്ച് തീരുമാനമായ പോലെ TV പോലും നമ്മള്‍ പലപ്പോഴും ഓഫ് ചെയ്തിട്ടുണ്ട്..ഒരു പക്ഷെ വൈകാരികമായ കാര്യങ്ങളില്‍ നാം സ്വതവേ സ്ത്രീകളെ കളിയാക്കുമ്പോള്‍ അവര്‍ക്കുപോലും ക്രിക്കറ്റിനെ സ്നേഹിക്കുന്ന പുരുഷന്മാരെ കുറിച്ച് അത്ഭുതപ്പെടുത്തിയ കാര്യം…
പണ്ട് ആല്ബര്ട്ട് ഐന്‌സ്റ്റൈന് മഹാത്മാ ഗാന്ധിയെ കുറിച്ച് പറഞ്ഞത് കടമെടുത്തു പറയുകയാണെങ്കില്‍, ഇങ്ങനെ ഒരു മാന്യന്‍ ക്രിക്കറ്റില്‍ ഉണ്ടായിരുന്നു എന്ന് ഇനിയുള്ള തലമുറയ്ക്ക് അവിശ്വസനീയമായിരിക്കാം..കോഴ വിവാദങ്ങളില്‍ പെടാതെ, പ്രശസ്തിയുടെ, സമ്പത്തിന്റെ ആഡംബരങ്ങളിലും പെടാതെ, വര്‍ഷങ്ങളോളം അദ്ദേഹം ഇന്ത്യക്കും ലോകത്തിനും മാതൃകയായി. മഹത് ഗുണമുള്ള വ്യക്തികള്‍ക്കു മാത്രമേ ദുര്‍ഘട സാഹചര്യങ്ങളില്‍ വാക്കുകള്‍ പോലും നിയന്ത്രിച്ചു മുന്നോട്ടു പോകാനാകൂ, ഇത്തരം സന്ദര്‍ഭങ്ങളില്‍, യഥാര്‍ത്ഥ പോരാളിയെ ഓര്‍മിക്കുമാര്, പണ്ട് ഗ്ലാഡിയെറ്റര് സിനിമയിലെ റസ്സല്‍ക്രോവ് അഭിനയിച്ച കഥാപാത്രത്തെ അനുസ്മരിക്കാറുണ്ട്….
ഇനി എന്ത്? സച്ചിന്‍ അദ്ദേഹത്തിന്റെ തീരുമാനം അറിയിച്ചു കഴിഞ്ഞു. ക്രിക്കറ്റിനെ ഇത്രയും ത്രസിപ്പിച്ച അദ്ദേഹം, ഒരു ഉചിതമായ യാത്രയയപ്പ് തീര്‍ച്ചയായും അര്‍ഹിക്കുന്നുണ്ട്. ഇന്ത്യന്‍ ജനതയുടെ സ്നേഹപൂര്‍വ്വമായ അഭ്യര്‍ത്ഥന, അദ്ദേഹം നിരസിക്കുമെന്ന് തോന്നുന്നില്ല. നമ്മുടെ ചിരകാല വൈരികളായ പാക്കിസ്ഥാനെതിരെയുള്ള സീരിസില്‍ അദേഹത്തെ നിര്‍ബന്ധപൂര്‍വ്വം ഉള്‍പ്പെടുത്തി, നമ്മുടെ സെലെക്ടര്മാര്‍ നല്ല മാതൃക കാണിക്കട്ടെ..അതോടൊപ്പം ഏകദിനത്തില്‍, സെഞ്ചുറികളില്‍ ഒരു അര്‍ദ്ധ സെഞ്ചുറി കൂടി സൃഷ്ടിക്കാന്‍, അദ്ദേഹത്തിന് അവസരം കൂടി നമുക്ക് ലഭ്യമാക്കാം..
So Honour him…
No responses yet