ടി. എൻ. ശേഷൻ.

തെരഞ്ഞെടുപ്പ് സമയമായാൽ എല്ലാ വീടുകളുടെയും മതിലുകളിലും, ഉയർന്ന മരങ്ങളിലും, കടത്തിണ്ണകളിലും, ഇലക്ട്രിക്ക് പോസ്റ്റുകളിലും, റോഡുകളിലുമെല്ലാം ഓരോ രാഷ്ട്രീയ പാർട്ടികളുടെയും പരസ്യങ്ങളും, കട്ടൗട്ടുകളും, ചിഹ്നങ്ങളുടെയുമെല്ലാം വലിയ ഉത്സവകാഴ്ചകളായിരുന്നു തൊണ്ണൂറുകളുടെ മദ്ധ്യം വരെ. ‘പരസ്യം പതിക്കരുത്’ എന്ന് ഉടമസ്ഥൻ എഴുതിവച്ചാലും രാഷ്ട്രീയ പാർട്ടികൾ അവയെല്ലാം ഇലക്ഷൻ സമയങ്ങളിൽ ‘സ്വന്തമാക്കിക്കളയും’! ഇന്നതൊരു ഗൃഹാതുരത്വമുള്ള ഓർമകളാണെങ്കിലും, പുതിയവീടിന്റെ മതിലിനു പെയിന്റടിച്ച ഉടമസ്ഥരെ സംബന്ധിച്ചും, നിഷ്പക്ഷ രാഷ്ട്രീയതാല്പര്യം പാലിക്കുന്നവർക്കുമെല്ലാം അന്നതൊരു മുഖ്യപ്രശ്‍നം തന്നെയായിരുന്നു.

അത്തരമൊരു കാലഘട്ടത്തിലാണ്, ശ്രീ. ടി. എൻ. ശേഷൻ എന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജ്യത്തിൻറെ ഇലക്ഷൻ കമ്മിഷണറായി നിയോഗിക്കപ്പെടുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് വിനിയോഗിക്കാനുള്ള ഫണ്ടിന്റെ ഉറവിടം, ചെലവിടാനുള്ള പരിമിതി തുടങ്ങി മേൽ സൂചിപ്പിച്ച കലാപരിപാടികളെല്ലാം ഉടമസ്ഥന്റെ അനുമതിയില്ലാതെ നടത്താൻ സാധിക്കില്ലെന്ന കർശന ഉത്തരവും, അത് കാര്യക്ഷമമായി സംരക്ഷിക്കപ്പെട്ടതുമെല്ലാം ഇദ്ദേഹം ആ പദവിയിൽ എത്തിയതോടെയാണ്. മാത്രമല്ല വോട്ടർ ഐഡി കാർഡ്, സ്ഥാനാർഥികൾക്കുള്ള പെരുമാറ്റച്ചട്ടങ്ങൾ, പോളിംഗ് ബൂത്ത് പരിസരത്തെ വോട്ടുതേടൽ അവസാനിപ്പിക്കൽ തുടങ്ങി രാജ്യത്തെ തെരഞ്ഞെടുപ്പ് പക്രിയക്ക് സുതാര്യമായ ഒരു നിലവാരം കൊണ്ടുവരാൻ അദ്ദേഹം കഠിനാധ്വാനത്തോടെ പ്രയത്നിച്ചിട്ടുണ്ട്.

നിശ്ചയദാർഢ്യം, പ്രവൃത്തിയിലെ കാര്യക്ഷമത തുടങ്ങീ മൂല്യങ്ങളിലൂടെ ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ അദ്ദേഹം പെട്ടെന്നുതന്നെ അക്കാലത്തു പ്രിയങ്കരനായി തീർന്നു. രാഷ്ട്രീയ നേതൃത്വങ്ങൾക്ക് അനിഷ്ടക്കാരനായെങ്കിൽ കൂടിയും, എതിരാളികളുടെ പോലും ബഹുമാനവും, ആദരവും നേടിയെടുക്കാൻ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് കഴിഞ്ഞു എന്നതും പിന്നിട്ട കാലത്തിന്റെ സവിശേഷത. ‘ശേഷനെ പോലെ’ എന്നൊരു പ്രയോഗം പോലും പിൽക്കാലത്തു സംസാരവിഷയമാകുകയും, ആ പ്രചോദനത്തിൽ നിന്നും, ജനകീയ പിന്തുണയിൽ നിന്നും ഒരു ഒറ്റയാൻ വിപ്ലവകാരിയെപോലെ രാഷ്ട്രപതി സ്ഥാനത്തേക്ക് വരെ മത്സരിക്കാൻ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു. (എന്നാൽ രാജ്യത്തിനു ഇത്രയും നല്ല സംഭാവനകൾ നൽകിയിട്ടും നാം അദ്ദേഹത്തെ വേണ്ട രീതിയിൽ ആദരിച്ചിട്ടുണ്ടോ എന്നൊരു സന്ദേഹവും കൂട്ടത്തിൽ പങ്കുവെക്കുന്നു. മാഗ്‌സെസെ അവാർഡ് പോലും നേടിയ ശ്രീ. ശേഷൻ ഒരു പത്മ പുരസ്കാരമെങ്കിലും അർഹിക്കുന്നുണ്ടായിരുന്നു)

സ്വന്തം കർമ മണ്ഡലത്തിൽ തന്റേതായ ഒരു മാതൃക തന്നെ സൃഷ്‌ടിച്ച ആ സുകൃത ജീവിതത്തിനു മുൻപിൽ ആദരവോടെ പ്രണാമം. ആത്മാവിന് നിത്യശാന്തി നേരുന്നു. 🙏🌹

CATEGORIES

Tribute

No responses yet

Leave a Reply

Your email address will not be published. Required fields are marked *