
ശുഭ്രവസ്ത്രമണിഞ്ഞ മാലാഖമാർ!
“ചേഞ്ച് നഹി ഹേ ഭായ്?”
ഗ്രോസറി കൗണ്ടറിലെ മലയാളിയായ ചെറുപ്പക്കാരന്റെ അല്പം നിരാശയോടെയുള്ള ചോദ്യം കേട്ടമാത്രയിൽ അങ്ങോട്ടൊന്നു മുഖം തിരിച്ചു.
അവിടെ ക്യാഷ് കൗണ്ടറിൽ രണ്ടു തൊഴിലാളികൾ വർക്കിംഗ് ഡ്രെസിൽ വിയർത്തു നിൽപ്പുണ്ട്. കണ്ടിട്ടു ആന്ധ്രാ സ്വദേശികളാണെന്നു തോന്നി. ഒരാളുടെ കയ്യിൽ വലിയൊരു പെപ്സി ബോട്ടിലും, പിന്നെ ജ്യൂസും, ബിസ്കറ്റുമെല്ലാമുണ്ട്. ഏതാണ്ട് പത്തു ദിർഹംസിൽ താഴെവരുന്ന സാധനങ്ങൾക്ക് നൂറിന്റെ നോട്ടു നീട്ടിയപ്പോഴുണ്ടായ പ്രതികരണമാണ് ആദ്യം കേട്ടത്.
“ഇല്ലണ്ണാ”… നിസ്സഹായനായി മറ്റേയാൾ തലയാട്ടി.
സമയം രാവിലെ 11 മണിയായതേയുള്ളു, ഓഗസ്റ്റിലെ ചൂടിന്റെ കാഠിന്യത്തിൽ, കെട്ടിടനിർമാണ ജോലിക്കിടെ ദാഹമകറ്റാൻ ഒന്നോടിയെത്തിയതാണ് രണ്ടുപേരുമെന്നു ഊഹിച്ചെടുത്തു. കടയുടെ മുന്നിലെ സർവീസ് റോഡിന്റെ മറുവശത്തു, ചൂടുപൊടിക്കാറ്റടിക്കുന്ന മണൽ വിരിച്ചിട്ട വിശാലകാഴ്ചക്കപ്പുറം പണിനടന്നുകൊണ്ടിരിക്കുന്ന ഒരു ബിൽഡിങ് കാണുന്നുണ്ട്.
“ഭായ്, ഓണർ ഇവിടെയില്ല, ഞാനും ഇവിടുത്തെ ഒരു തൊഴിലാളിയാണ്, നിങ്ങൾ ചേഞ്ച് ആയിട്ടു വരൂ.”അല്പം നിസ്സഹായത്തോടെ, അറിയാവുന്ന ഹിന്ദിയിലൊക്കെ കടക്കാരൻ പറഞ്ഞൊപ്പിച്ചു.
അടുത്തുള്ളത് ഒരു ലോൺഡ്രി ഷോപ്പാണ്, അതിനപ്പുറം ഒരു കഫെറ്റീരിയ. അവിടെയെല്ലാം ചേഞ്ച് മാറി കിട്ടാൻ പ്രയാസമാണ്. അവർക്കു തിരിച്ചുതന്നെ പോകേണ്ടിവരും.. ബാച്ച്ലർ റൂമിൽ നിന്നുള്ള പെട്ടെന്നുള്ള ഓട്ടത്തിനിടയിൽ, നമ്മുടെ പോക്കറ്റിലാണെങ്കിൽ പാൽ വാങ്ങിക്കാനുള്ള കാശു മാത്രമേ എടുത്തിട്ടുമുള്ളു.
മറ്റുവഴികളില്ലാതെ എടുത്ത സാധനങ്ങൾ ഓരോന്നായി ആ തൊഴിലാളി തിരിച്ചുവയ്ക്കാൻ തുടങ്ങവേ, ഗ്രോസറിക്കുള്ളിൽ നിന്നുതന്നെ ഒരു ഗാംഭീര്യ ശബ്ദം ഏവരും കേട്ടു.
“മാഫി മുഷ്കിൽ.. തും ജാവോ.”
തെല്ലൊരു അത്ഭുതത്തോടെ തിരിഞ്ഞപ്പോൾ, ശുഭ്രവസ്ത്രധാരിയായ മധ്യവയസ്കനായ ഒരു അറബിയെ കണ്ടു. കൈകൾ കൊണ്ട്, ബില്ല് ഞാൻ കൊടുത്തോളാം എന്നൊരു ആംഗ്യവും അദ്ദേഹം കടക്കാരനോടായി സൂചിപ്പിച്ചു. തൊഴിലാളികൾ ആദ്യമൊന്നു അമ്പരന്നെങ്കിലും, പിന്നീട് രണ്ടുപേരും സന്തോഷത്തോടെ നന്ദി പറഞ്ഞു സാധനങ്ങളുമായി നടന്നകന്നു…
തന്റെ നാട്ടിൽ ഈ പൊരിവെയിലിലും അത്യധ്വാനം ചെയ്യുന്ന, നിസ്സാരവരുമാനക്കാരായ തൊഴിലാളികളോടുള്ള ഒരു അവസരോചിതമായ സ്നേഹസ്പര്ശത്തിന്റെ ആ കരുതൽ, ഈ പ്രവാസഭൂമിയിലെ ആദ്യകാഴ്ചകളിലൊന്നായിരുന്നു!. പിന്നീടും എത്രയോ സന്ദർഭങ്ങളിലും അറേബ്യൻ ജനതയുടെ സ്നേഹത്തിനും, സൗഹാർദ്ദത്തിനും, ദാനങ്ങൾക്കുമെല്ലാം ദൃക്സാക്ഷിയായിട്ടുണ്ട്; അനുഭവങ്ങളിലുമുണ്ട്. അത്തരം ഊഷ്മള പെരുമാറ്റരീതികളും, പങ്കുവയ്ക്കലുകളുമെല്ലാം ഞങ്ങൾ പ്രവാസികളുടെയും സ്വഭാവസവിശേഷതകളെ സംസ്കരിച്ചെടുക്കുന്നു എന്നതും വസ്തുതയാണ്.
ദീർഘവീക്ഷണവും കഠിനാധ്വാനികളുമായ ഭരണാധികാരികളുടെ സാംസ്കാരിക പുരോഗതിയിലൂന്നിയ മാതൃകാ പ്രവർത്തനങ്ങളാണ്, ആത്യന്തികമായി ഒരു ദേശത്തെ വലിയ ഉയരങ്ങളിലേക്ക് നയിക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ലോകത്തിലെ അത്ഭുതമായ പല വിസ്മയങ്ങൾക്കും, അതിവിശിഷ്ട പദവികൾക്കും, എണ്ണമറ്റ തൊഴിൽ അവസരങ്ങൾക്കും, സ്ത്രീ സുരക്ഷക്കും, മെച്ചപ്പെട്ട ജീവിതശൈലിയ്ക്കുമെല്ലാം ഈ ചെറിയ രാജ്യത്തെ പ്രാപ്തമാക്കുന്നതു ഇവിടുത്തെ ജനത ശീലിച്ചെടുത്ത ഉന്നത മൂല്യങ്ങളാണ്. ലോകം പകച്ചുപോയ കോവിഡ് പ്രതിസന്ധിയിലും ജനതയുടെ സുരക്ഷക്കു വിട്ടുവീഴ്ച ചെയ്യാതെ, എന്നാൽ ബിസിനസ് താല്പര്യങ്ങളെയും തൊഴിലാളികളുടെ ഭാവിയെയും, ക്ഷേമത്തെയും സംരക്ഷിച്ചുമുള്ള എല്ലാ നടപടികളും സമാനതകളില്ലാത്തതാണ്.
പെറ്റമ്മപോലെ വരില്ല പോറ്റമ്മയെങ്കിൽ കൂടിയും, ഓരോ പ്രവാസികൾക്കും നന്ദിയോടെ, സ്നേഹത്തോടെ, ബഹുമാനത്തോടെ മാത്രം ഓർക്കാൻ കഴിയുന്ന സ്മരണകളുടെ മണ്ണാണിവിടം. ഉത്സാഹശീലരായ ഈ ജനതയ്ക്ക് സർവേശ്വരൻ തുടർന്നും അനുഗ്രഹങ്ങൾ ചൊരിയട്ടെ എന്നാശംസിക്കുന്നു.
#thankyouUAE
No responses yet