
സമൂഹത്തിൽ ബഹുമാനം നേടിയവന്, ദുഷ്കീർത്തി മരണത്തെക്കാൾ കഷ്ടമാണ് എന്നർത്ഥം വരുന്നൊരു ശ്ലോകം ഗീതയിലുണ്ട്. അപകീർത്തി രണ്ടു രീതിയിൽ സംഭവിക്കാം. ആദ്യത്തേത് സ്വന്തം കയ്യിലിരുപ്പിന്റെ ഫലമായി കാലം കൊണ്ടുവരുന്ന ഫലമെങ്കിൽ, രണ്ടാമത്തേത് അസൂയാലുക്കളുടെയും കാര്യലാഭത്തിന് വേണ്ടി വേലചെയ്യുന്നവരുടെയും ഫലമായും സംഭവിക്കുന്നതാണ്. ഗീതോപദേശം നൽകിയ സാക്ഷാൽ ശ്രീകൃഷ്ണൻ പോലും സ്യമന്തക രത്നത്തിന്റെ പേരിൽ ആരോപണം ഏറ്റുവാങ്ങിയിട്ടുണ്ട്! എന്നാൽ ഗ്രഹണസമയത്തെ സൂര്യനെപോലെ അല്പസമയത്തിനു ശേഷം ഈ രണ്ടാമത്തെ കൂട്ടർ തിരിച്ചുവരാറുമുണ്ട്.
മലയാളസിനിമയുടെ അണിയറക്കാർ നേരിടുന്ന സമീപകാലത്തെ വിവാദങ്ങളിലും ഈ രണ്ടു തലമുണ്ട് എന്നാണ് ഈയുള്ളവന്റെ അഭിപ്രായം. പിന്നിട്ട തലമുറയിലെ ചിലരുടെയെങ്കിലും ‘വീരഗാഥകൾ‘, പുതിയ കാലത്തെ സ്ത്രീകളോടും പ്രകടിപ്പിക്കാൻ തുനിഞ്ഞതിന്റെ കാലോചിതമായ തിരിച്ചടിയാണ് അടുത്തകാലത്തായി പലരും നേരിടുന്നത്. അത്തരം സൂപ്പർപവറുകളുടെയും ഗാങ്സ്റ്റാറുകളുടെയും സ്വാധീനത്തിനപ്പുറം, തങ്ങളുടെ കഴിവിലും ബുദ്ധിയിലും വിശ്വസിച്ചു മുന്നോട്ടു സഞ്ചരിച്ച മിടുക്കികളായ ഒരുകൂട്ടം സ്ത്രീകളുടെ പ്രയത്നഫലം കൂടിയാണ് ഹേമകമ്മീഷനും അതിന്റെ റിപ്പോർട്ടിങ്ങും. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലെയും സമാനചൂഷണം അനുഭവിക്കുന്ന സ്ത്രീകൾക്കും ഇതോടെ WCC യും, കേരളവും പ്രത്യാശാസൂചകമായും മാറുന്നു.
വസ്തുതകളുടെ നിജസ്ഥിതി അറിയുന്നതിനുമുൻപേ വിചാരണ നേരിടേണ്ടിവരുന്ന ഹതഭാഗ്യരെകുറിച്ചാണ് രണ്ടാമത്തേത്. നമ്പിനാരായണനെപോലെ അവരെ കാലം കൈവിടില്ല എന്നു പ്രത്യാശിക്കാമെങ്കിലും അക്കാലയളവിൽ അവരും കുടുംബവും നേരിടുന്ന അപമാനം സമാനതകളില്ലാത്തതാണ്. അതുകൊണ്ടുതന്നെ കോടതിയുടെ പരിഗണനയിലല്ലാത്ത ഒരു വ്യക്തിയെയും മാധ്യമവിചാരണ ചെയ്യാതിരിക്കുക എന്നതാണ് ശരിയായ പൗരധർമം. എന്നാൽ ദൗർഭാഗ്യവശാൽ, ഇന്ത്യൻ സാഹചര്യത്തിൽ ഏതൊരാൾക്കും ആർക്കെതിരെയും ആരോപണം ഉന്നയിക്കാനും അതൊരു വലിയ മാധ്യമ ചർച്ചയാക്കാനും സാധിക്കുന്നു. ടി.വി പരസ്യങ്ങളും വിവിധങ്ങളായ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളും സെക്കന്റുകൾക്ക് നൽകുന്ന വെള്ളികാശുകൾക്ക് മുന്നിൽ, സകലസീമകളും ലംഘിച്ചു പൊതുസമൂഹത്തിനുമുന്നിൽ എന്തും പറയാമെന്ന ധാർഷ്ട്യത്തിലേക്ക് നമ്മുടെ മാധ്യമചർച്ചകൾ മലിനസമമായി എത്തിപ്പെട്ടിരിക്കുന്നു. പൊതുസമൂഹമെന്നാൽ കേവലം പുരുഷനും സ്ത്രീയും മാത്രമല്ല, നമ്മുടെയെല്ലാം കുട്ടികൾ കൂടിയുണ്ട്; അവരോട് നമുക്കൊരു ഉത്തരവാദിത്വമുണ്ട്. വീട്ടിലേക്കു ക്ഷണിക്കപ്പെടാതെ വന്നൊരു അതിഥി എന്നൊരു വിശേഷണം നേരത്തെ തന്നെ ടെലിവിഷനുണ്ട്, അതോടൊപ്പം മാധ്യമചർച്ചകളുടെ ഈ നിലവാരമില്ല്യായ്മ കൂടി കാണുമ്പോൾ, ആ ഉപകരണത്തെ വീട്ടിൽ നിന്നും പുറന്തള്ളാനും തോന്നുന്നുണ്ട്. പലരും പത്രങ്ങളും നിർത്തുന്നതിന്റെ കാരണവും മറ്റൊന്നല്ല.
അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സംഭവങ്ങളിൽ കാലം ആവശ്യപ്പെടുന്ന ഒരു ശുദ്ധീകരണപക്രിയയോടൊപ്പം തന്നെ, നിയമവാഴ്ചയെ ബഹുമാനിച്ചു, നമ്മുടെ സംസ്കാരത്തെ മോശമാക്കാത്ത തലത്തിൽ വസ്തുതകളെ കൈകാര്യം ചെയ്യാൻ ഓരോ മാധ്യമ മേധാവികളോടും അഭ്യർത്ഥിക്കുന്നു. സൂചിയെ തൂമ്പകൊണ്ടും ജെസിബി കൊണ്ടുമെടുക്കാതെ, വിഷയത്തിന്റെ അതിർത്തികൾ, മുൻഗണനാക്രമം നിശ്ചയിക്കുക. അതിനുള്ള മിതത്വവും ധാർമികബോധവും അവർക്കും, അതോടൊപ്പം നമ്മുടെ എല്ലാ മുതിർന്ന ആളുകൾക്കും ഉണ്ടാകട്ടെയെന്നും പ്രത്യാശിക്കുന്നു, നന്ദി.
No responses yet