
ഏറ്റവും ഹൃദയഭേദകമായ വാർത്തകളാണ് കുട്ടികൾക്കെതിരെയുള്ള അതിക്രമണങ്ങൾ. വന്യമൃഗങ്ങൾ പോലും പിഞ്ചുകുഞ്ഞുങ്ങളെ നിഷ്കരുണം അക്രമിക്കാറില്ല, ചിലപ്പോഴൊക്കെ കരുതലും നൽകാറുണ്ട്. എന്നാൽ ചില മനുഷ്യർ ക്രൂരമൃഗങ്ങളെക്കാൾ അധഃപതിച്ചു, പൈശാചികതുല്യരായി നമ്മുടെ കുഞ്ഞുങ്ങളെ വരെ കൊല്ലാൻ മടിയില്ലാത്തവരായി മാറുന്നു. അത്തരത്തിലുള്ള ഏറ്റവും പുതിയ വാർത്തയും ഇന്നലെ കാണാനിടയായി.
ആർക്കും-ആരെയും, എന്തും-എവിടെയും ചെയ്യാം എന്ന നിലയിൽ കേരളസമൂഹം മാറിയതിനു പല കാരണങ്ങളുണ്ട്. പ്രധാനം ലഹരി മരുന്ന് തന്നെ. ഇതര രാജ്യങ്ങളെ അപേക്ഷിച്ചു ഇന്ത്യയിൽ മയക്കുമരുന്ന് ലഭ്യത ഇപ്പോൾ വളരെ കൂടുതലാണ്. കണ്മുന്നിൽ നിൽക്കുന്നവൻ എന്തെല്ലാം ചവച്ചിട്ടാണോ, ഏതു ലോകത്തിലാണോ എന്നൊന്നും സങ്കൽപ്പിക്കാൻ കഴിയാത്ത ഒരു ഗതികെട്ട കാലം ഇന്ന് ഏവരുടെയും ചുറ്റിലുമുണ്ട്! ഈ ലഹരികൾ ശരീരത്തെയാണ് ബാധിക്കുന്നുവെങ്കിൽ മറ്റൊന്ന് മനസ്സിനെയാണ്. സന്ധ്യ കഴിഞ്ഞാൽ, മുൻകാലങ്ങളിൽ പ്രാർത്ഥനകൊണ്ടും മറ്റും മനസ്സിലെ പോസിറ്റീവ് ഭാവം നിലനിർത്തിയിരുന്നുവെങ്കിൽ, ഇന്നത് പകയും വിദ്വേഷവും അവിഹിതവും, ക്രൂരകൃത്യങ്ങൾ കൊണ്ടും അല്പാല്പമായി കുത്തിവയ്ക്കപ്പെട്ടു, ഉപബോധമനസ്സിനെ കീഴ്‌പ്പെടുത്തിയിരിക്കുന്നു. റേറ്റിംഗ് കൂട്ടുവാൻ, രചനാസങ്കല്പത്തിന്റെ ഏതതിരും കടന്നുപോയി, കുട്ടികളെ കൊണ്ടുള്ള വീട്ടുവേലയും, പീഢനവും, ക്രൂരകൊലപാതകങ്ങളും വരെ ഷൂട്ട് ചെയ്യാൻ മടിയില്ലാത്തവരും, അത് ‘ആസ്വദിക്കുവാൻ’ തലത്തിലുള്ള പ്രേക്ഷകരും നമ്മുടെ സമൂഹത്തിലുണ്ടെന്നതു ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുതയാണ്.
സാങ്കേതികവിദ്യ പുരോഗമിച്ചപ്പോൾ, മതങ്ങളും, വിശ്വാസങ്ങളും, പ്രാർത്ഥനകളുമെല്ലാം അഭിനവ പുരോഗമനവാദികളാൽ പല തലത്തിൽ അവഹേളിക്കപ്പെടുമ്പോൾ, നമ്മുടെ മാനുഷിക-ധാർമിക മൂല്യങ്ങളുടെ അടിത്തറകൂടിയാണ് കടപുഴകുന്നത് എന്നത് പൊതുസമൂഹം മറന്നുപോകുന്നു. സ്വയം തെരഞ്ഞെടുക്കുന്ന ജീവിത പ്രാരാബ്‌ധങ്ങൾക്കിടയിൽ സ്വന്തം കുഞ്ഞിന് മൂലയൂട്ടാനും കൂടെ നിർത്താനും കഴിയാത്ത അമ്മമാർ മുതൽ, അപരന്റെ കുഞ്ഞിനെ ഏതു രീതിയിലും ഉപദ്രവിക്കാൻ മടിയില്ലാതെ പിശാചുക്കൾ വരെ കുട്ടികളോടുള്ള ക്രൂരതയിൽ ഒരു കണ്ണിയിലെന്നപോലെ ബന്ധിക്കപ്പെട്ടവരാണ്. (പിതാവ് മരിച്ചോ, ചികിൽസയിലോ ഉള്ള ജീവിത സാഹചര്യത്തിൽ പിഞ്ചുകുഞ്ഞുങ്ങളെ സ്വന്തം വീട്ടുകാരെ ഏൽപ്പിക്കുന്ന നിർഭാഗ്യസ്ത്രീകളെ ഇതിൽ ഉൾപ്പെടുത്തുന്നില്ല).
മറ്റൊന്ന് ഇന്ത്യയിലെ മെല്ലെപോക്ക് നിയമസംവിധാനങ്ങളെ കുറിച്ചുതന്നെയാണ്. ലോകത്തെ മികച്ച IT കമ്പനികളെല്ലാം നമുക്കുണ്ടെങ്കിൽ പോലും, ദശാബ്ദങ്ങൾ വരെ പഴക്കമുള്ള പല കേസുകളും, പേപ്പർ ഫയലുകളിൽ നിന്നും ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റാൻ അവർക്കു കഴിയുന്നില്ല! ഒരു കേസ് പെട്ടെന്ന് തീർപ്പായാൽ തങ്ങളുടെ കഞ്ഞികുടിമുട്ടുമോ എന്നു ചിന്തിക്കുന്ന പലരെങ്കിലും ഈ കൂട്ടത്തിലുണ്ട്. (അത്തരം പല അനുഭവങ്ങൾ ഏവർക്കും പറയാനുമുണ്ടാകും) ഇത്തരം സമീപനങ്ങൾ കുറ്റവാളികളുടെ എണ്ണം സമൂഹത്തിൽ വൻതോതിൽ വർധിപ്പിക്കുന്നു. തെരെഞ്ഞെടുക്കപ്പെട്ട എല്ലാ സർക്കാരുകളും കോടതികളുടെ ഈ ചൂഷണവും, മെല്ലെപോക്ക് നയങ്ങളും അവസാനിപ്പിക്കാൻ മുൻകൈ എടുക്കേണ്ടതാണ്. കൂട്ടത്തിൽ സൂചിപ്പിക്കട്ടെ, അമേരിക്കൻ-യൂറോപ്യൻ-ഗൾഫ് രീതികൾ അന്ധമായി പിന്തുടരുന്ന കേരളത്തിൽ അവിടുത്തെ ശിക്ഷാ നിയമങ്ങൾ കൂടി ഇവിടെ ഉൾപ്പെടുത്തുന്ന ചർച്ചകളും പരിഗണിക്കേണ്ടതാണ്.
രണ്ടാനമ്മയുടെ പീഡനത്താൽ, ഒരു മാമ്പഴക്കഷണവുമായി രണ്ടാഴ്ചയോളം പട്ടിണി കിടന്നു മരിച്ച അഥിതിമോളും, അച്ഛന്റെ പീഡനത്തിൽ ദേഹമാസകലം പൊള്ളലേറ്റും, തല്ലിച്ചതക്കപെട്ടും കഴിഞ്ഞ റഫീക് എന്ന ബാലനുമെല്ലാം ഇന്നും ഹൃദയത്തിലെ നെരിപ്പോടുകളാണ്. സാമ്പത്തിക പ്രയാസത്തിൽ, വീട്ടുവഴക്കിൽ എല്ലാം നമ്മുടെ പിഞ്ചുകുഞ്ഞുങ്ങൾ ബലിയാക്കപ്പെടുന്നു. പ്രതികരിക്കാൻ വേണ്ട ആരോഗ്യംപോലുമില്ലാതെ അവർ ഏറ്റുവാങ്ങുന്ന പീഡനങ്ങൾ അതീവദുഖകരമാണ്. ഈ ഭൂമിയിൽ ജന്മമെടുത്തു, എല്ലാവരോടും പുഞ്ചിരിക്കാൻ മാത്രമറിയാവുന്ന നിഷ്കളങ്കരായ പിഞ്ചുകുഞ്ഞുങ്ങൾ ശ്വാസം മുട്ടി കൊല്ലപ്പെടുമ്പോൾ, ആ ശാപം നമുക്ക് താങ്ങാൻ കഴിയാവുന്നതല്ല. ഇനി ഒരാളും ഇത്തരത്തിൽ ചിന്തിക്കാൻ പോലും ഭയപ്പെടുന്ന തലത്തിൽ അധികാരികളും, കോടതികളും തങ്ങളുടെ കർത്തവ്യം യഥാവിധി നിറവേറ്റണം, പരമാവധി ശിക്ഷ ഈ ക്രൂരന്മാർക്കു ലഭ്യമാക്കുകതന്നെ വേണം.
No responses yet