വാസുദേവൻ മാസ്റ്റർ

നാട്ടിൻപുറത്തെ പ്രൈമറിക്ലാസ്സുകളിൽ ഉയർന്ന മാർക്കെല്ലാം വാങ്ങിയ ഗമയോടെ, ഒരു മത്സര പരീക്ഷയും കടന്നു, വിവിധ ദേശക്കാരായ ഞങ്ങൾ ഹൈസ്കൂൾ ക്ലാസ്സിലെത്തിയപ്പോൾ, അന്ന് ആദ്യ പിരീഡിൽ എത്തിയ ഇംഗ്ലീഷ് അധ്യാപകൻ,  മിനിറ്റുകളോളം നിർത്താതെ ആംഗലേയ ഭാഷയിൽ മുഖവുര തുടങ്ങി. കാഴ്ചയിൽ  ഒരു ഇംഗ്ലീഷുകാരന്റെ വ്യക്തിത്വത്തോട്  സാദൃശ്യമുള്ള അദ്ദേഹത്തിന്റെ സംഭാഷണത്തിൽ ഇടക്കിടെ പ്രത്യേക താളത്തിൽ പ്രയോഗിച്ചിരുന്ന ‘so’ എന്ന പദമല്ലാതെ ഒന്നും അന്നെനിക്ക് മനസ്സിലായിരുന്നില്ല എന്നതാണ് വസ്തുത!!… ഞങ്ങളൊന്നും ഒന്നുമല്ല എന്ന തിരിച്ചറിവിന്റെ നിശബ്ദതക്കൊടുവിൽ, കണ്ണുകൾ ഇറുകെയടച്ച ഒരു തെളിഞ്ഞ പുഞ്ചിരിയോടെ, ശുദ്ധ വള്ളുവനാടൻ  മലയാളത്തിൽ നല്ലൊരു സ്വാഗതവും ആശംസിച്ചുകൊണ്ട്, മുണ്ടക്കോട്ടുകുറുശ്ശി സ്വദേശിയായ ശ്രീ. വാസുദേവൻ സർ ഞങ്ങളുടെ ഹൃദയത്തിലേക്കു ചുവടു വയ്ക്കുകയായിരുന്നു.

നനുത്ത മഴനൂലുകൾ ചിതറിത്തെറിക്കുന്ന ജനാലക്കരികിലെ സീറ്റിലിരുന്നു, പുരാതന ഇംഗ്ളണ്ടിലെ ചരിത്രവും, പ്രണയവും, യുദ്ധവും, ദൃശ്യഭംഗിയുമെല്ലാം വില്യം വേർഡ്സ് വേർത്തിന്റെയും, ഷെല്ലിയുടെയും, കേറ്റ്സിന്റെയുമെല്ലാം വിഖ്യാത രചനകളിലൂടെ, അതിന്റെ മനോഹര ആഖ്യാനങ്ങളിലൂടെ മാഷിന്റെ ക്ലാസ്സിൽ മുഴങ്ങുമ്പോൾ, മനസ്സ് നൂറ്റാണ്ടുകൾക്കപ്പുറമുള്ള വേറൊരു ലോകത്ത് വിഹരിച്ചു!.. എട്ടാം ക്ലാസ്സിലെ ആ ഒരു വർഷത്തിനുശേഷം, മറ്റൊരു ഇതിഹാസതുല്യയായ ഇംഗ്ലീഷ് ടീച്ചറിനാലും അനുഗ്രഹീതരായിരുന്നു ഞങ്ങളുടെ ബാച്ച്.

സ്കൂളിനുള്ളിലും, പുറത്തുമെല്ലാം കുട്ടികളെ എന്നും ചേർത്തുപിടിച്ചിട്ടുള്ള, ആ സർക്കാർ വിദ്യാലയത്തിലെ  ഇംഗ്ലീഷും, മലയാളവും, ഭൗതികശാസ്ത്രവും, മെക്കാനിക്കൽ എഞ്ചിനീറിംഗുമെല്ലാം അഭ്യസിപ്പിച്ചവരൊന്നും കേവലം അധ്യാപകർ മാത്രമായിരുന്നില്ല, ലെജൻഡ്സ് തന്നെയായിരുന്നു എന്നു വിശേഷിപ്പിക്കണം… ആ അഭിമാനവും അഹങ്കാരവും ഞങ്ങളുടെ തലമുറയ്ക്ക് എന്നും സ്വന്തമാണ്. അതിലൊരു കണ്ണിയായിരുന്ന, കഴിഞ്ഞ നാളിൽ വിട്ടു പിരിഞ്ഞ പ്രിയ വാസുദേവൻ സാറിന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം, ആദരാഞ്ജലികൾ…🙏🌹

I wandered lonely as a cloud

  That floats on high o’er vales and hills,

When all at once I saw a crowd,

  A host, of golden daffodils;

Beside the lake, beneath the trees,

Fluttering and dancing in the breeze.

Continuous as the stars that shine

  And twinkle on the milky way,

They stretched in never-ending line

  Along the margin of a bay:

Ten thousand saw I at a glance,

Tossing their heads in sprightly dance.

“The Daffodils”

– W. Wordsworth

CATEGORIES

Tribute

No responses yet

Leave a Reply

Your email address will not be published. Required fields are marked *