
കഴിഞ്ഞാഴ്ച വരെ കാര്യമായി തലപുകച്ചിരുന്നത്, തെരുവിലെ നായകളുടെ സംരക്ഷണത്തെകുറിച്ചുള്ള ചില നിർദ്ദേശങ്ങളായിരുന്നുവെങ്കിൽ ഇപ്പോൾ അതിൽ നിന്നും മാറി ചിന്തിക്കുകയാണ്. ഒരു നിസ്സഹായനായ കുട്ടി ഒരാഴ്ചമുമ്പ് അതിദാരുണമായി നായയുടെ ആക്രമണത്തിൽ മരണപ്പെട്ടപ്പോൾ, അതൊരു പക്ഷെ ഇനി അവർത്തിക്കപ്പെടുകയില്ലെന്നു ആശിച്ചു. എന്നാൽ ഇന്നലെ സ്കൂൾ വിട്ടു വരുന്ന മറ്റൊരു കുട്ടിയെ കൂട്ടം ചേർന്ന് വന്യമൃഗങ്ങളെപോലെ നായകൾ ആക്രമിക്കുന്ന ദൃശ്യം കണ്ടപ്പോൾ അതെല്ലാം സഹിക്കാൻ കഴിയുന്നതിന്റെ അപ്പുറമായിരുന്നു. മുതിർന്നവർ പോലും ഭയപ്പെട്ടുപോകുന്ന ഭീകരാവസ്ഥ, ആ കുട്ടിക്ക് അതിജീവിക്കാൻ കഴിയണേ എന്ന് പ്രാർത്ഥിക്കുന്നു.
പൊതുവെ നായകൾ മനുഷ്യരെ അധികം ഭയപ്പെടാറില്ലെന്നു മാത്രമല്ല, നമ്മുടെ ഏതു സാഹചര്യത്തോടും ഇണങ്ങി ജീവിക്കുന്നവയുമാണ്. എന്നാൽ സങ്കരയിനം നായകൾ വീട്ടുകാവൽക്കാരായി എത്തിയപ്പോൾ, ആദ്യം സ്റ്റാറ്റസ് സിംബൽ കൊണ്ടും, പിന്നീട് cctv ക്യാമറകളുടെ വരവോടു കൂടിയും നാടൻ ഇനങ്ങൾ നമ്മുടെ വീടുകളിൽ നിന്നും ഏതാണ്ട് ഒഴിവാക്കപ്പെട്ടു എന്ന് പറയാം. കോവിഡ് കാലഘട്ടവും ഈ വേഗത വർധിപ്പിച്ചു എന്നും വിലയിരുത്തേണ്ടിയിരിക്കുന്നു. നൂറ്റാണ്ടുകളായി മനുഷ്യരോട് നാട്ടിൽ സഹവസിച്ചു പരിചയമുള്ള ആ നല്കാലികൾക്കു പക്ഷെ കാട്ടിലേക്ക് മാറാനുള്ള അതിജീവന കഴിവും നഷ്ടമായി,അതുകൊണ്ടു നമ്മുടെ തെരുവുകളിൽ തമ്പടിക്കുന്നു.
എന്നിരുന്നാലും തെരുവ് നായ്ക്കൾ കേരളത്തിലെ പുതിയ കാഴ്ചയൊന്നുമല്ല; അവ എല്ലായിടത്തുമുണ്ട്. എന്നാൽ ചില പ്രത്യേക സ്ഥലങ്ങളിൽ -കടൽത്തീരത്തും മറ്റും, ഒരു പ്രകോപനവുമില്ലാതെ ആക്രമിക്കാൻ വരുന്ന ഇപ്പോഴത്തെ നായകളുടെ സ്വഭാവം പഠന വിധേയമാക്കേണ്ടിയിരിക്കുന്നു (വീഡിയോ കാണുക). അവക്ക് സംഭവിച്ച മാറ്റങ്ങൾ – ഇറച്ചി വേസ്റ്റിന്റെ രുചിയിലൂടെ വന്ന ജെനെറ്റിക് മ്യൂട്ടേഷനാണോ, മറ്റു മരുന്നുകളാണോ തുടങ്ങി എന്താണ് മനുഷ്യരെ പ്രകോപനമില്ലാതെ വന്നു കടിക്കാനും, ഇത്തരത്തിൽ ഭ്രാന്തമായി പെരുമാറാനും കാരണമെന്നു നാം ആദ്യം മനസ്സിലാക്കേണ്ടതുണ്ട്. എന്നാൽ അതിനു ആര് മുൻകൈയെടുക്കും എന്നതാണ് നമ്മുടെ യഥാർത്ഥ പ്രശ്‍നം!!
പൂമുഖപ്പടിയിൽ നിന്നും കാറിലേക്ക് കാലെടുത്തുവയ്ക്കുന്ന മൃഗസ്നേഹികളായ എം പി മാർക്കും, കോടതി ജഡ്ജിമാർക്കും, സെലിബ്രിറ്റികൾക്കും ഈ ബുദ്ധിമുട്ടു അറിയണമെന്നില്ല. വിലക്കെടുക്കപ്പെട്ട മീഡിയയും, മെഡിക്കൽ എത്തിൿസിന്റെ വിശ്വാസ്യത കളഞ്ഞുകുളിച്ച ഡോക്ടർമാരും, കമ്മീഷനുകൾക്കു മുൻപിൽ ആദർശം മറക്കുന്ന ഭരണകൂടങ്ങളുമുള്ളപ്പോൾ, സാധാരണക്കാരായ ആളുകൾക്ക് പ്രാദേശിക കൂട്ടായ്മകൾ അല്ലെങ്കിൽ റെസിഡൻസ് അസോസിയേഷനുകൾ തന്നെയാണ് ഈ വിഷയത്തിലും അഭികാമ്യം. നമ്മുടെ സ്വന്തം കുട്ടികളുടെ, വീട്ടുകാരുടെ സുരക്ഷ നമ്മൾ തന്നെ മാത്രം ശ്രദ്ധിക്കേണ്ടതിനാൽ, അതിജീവിതത്തിനായുള്ള ഈ പോരാട്ടത്തിൽ ഒരു പ്രകോപനവുമില്ലാതെ ആക്രമിക്കുന്ന ഈ മൃഗങ്ങളെ ഏതുവിധേനയെയും നേരിടുന്നതിൽ തെറ്റില്ല!! ഇക്കാര്യത്തിൽ അയൽക്കാർ പരസ്പരം സഹകരിക്കുക. ജനങ്ങളുടെ നികുതിപ്പണമുപയോഗിച്ചു അവർക്കു സുരക്ഷ നല്കാൻ കഴിയാതെ നിഷ്ക്രിയരായവർ നാട് ഭരിക്കുമ്പോൾ, ജനത്തിന് വേറെ മാർഗമില്ല, അതിന്റെ പാപവും അധികാരികൾക്കുള്ളതാണ്.
No responses yet