മുല്ലപെരിയാർ.

ആശങ്കകളെ നമുക്ക് പരിഹരിക്കാം…

ഏതാണ്ട് ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള മുല്ലപെരിയാർ ഡാം, നമുക്ക്‌ ഭയാശങ്കകൾ നിറഞ്ഞൊരു ഭീഷണിയായി വർഷങ്ങളായി തുടരുന്നു. അതിന്റെ ബലത്തെക്കുറിച്ചുള്ള ആശങ്കകൾ അടിസ്ഥാനമില്ലാത്തതെന്നു സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ കൂടിയും നമ്മുടെയെല്ലാം സാമാന്യബുദ്ധി വിലയിരുത്തുന്ന ചില കാര്യങ്ങളുണ്ട്. ചുണ്ണാമ്പും സുർക്കിയും കൊണ്ടുള്ള പഴയ കാല നിർമിതി, ഇത്രയുംകാലത്തെ പഴക്കം, ചെറിയ ചോർച്ചകൾ, അതോടൊപ്പം ഏകദേശം 40 ലക്ഷത്തോളം ജനതയുടെ ജീവിതത്തെയും ഭൂമിയെയും സമ്പാദ്യത്തെയും ബാധിക്കുന്ന വിഷയം എന്നീ തലങ്ങളിൽ നാം കേരളീയർക്ക്‌ ആശങ്കകൾ അവസാനിക്കുന്നേയില്ല. കൂടാതെ ജലനിരപ്പ്‌ ഉയർത്തുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരിന്റെയും കോടതികളുടെയും നിലപാടുകൾ പലപ്പോഴും നമുക്കു അനുകൂലവുമല്ല.

മഴക്കെടുതികളും കാലാവസ്ഥ വ്യതിയാനങ്ങളും തുടർകഥയായ കേരളത്തിൽ, അടിയന്തിര പ്രാധാന്യം അർഹിക്കുന്ന ഈ ഘട്ടത്തിലും, സർക്കാർ കാര്യം മുറപോലെ എന്നതലത്തിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള എഴുത്തുകുത്തുകളും, കോടതി സ്റ്റേകളും, വല്ലപ്പോഴുമുള്ള സുരക്ഷാ പരിശോധനയും, ചർച്ചകളും മറ്റുമായി ഈ പ്രശ്നം ഇഴഞ്ഞു നീങ്ങുന്നു. അതിനവരെ കുറ്റം പറയുന്നില്ല. എന്നാൽ അഭ്യസ്ഥവിദ്യരായ നമ്മുടെ സമൂഹം കേവലം ഇതെല്ലാം വിധിയെന്നു പഴിച്ചിരുന്നാൽ മതിയോ?

നാം നേരിടുന്ന യഥാർത്ഥ പ്രശ്നം ഈ ഡാമിന്റെ കൃത്യമായ ഒരു expiry date അറിയുക എന്നതാണ്. ചിലപ്പോൾ ഭൂകമ്പത്തെയും പ്രളയത്തെയും അതിജീവിച്ചു ഇനിയും 50 വർഷം ഇതു നിലനിന്നേക്കാം. അല്ലെങ്കിൽ അഞ്ചോ ആറോ വർഷത്തിനുള്ളിൽ ഡീകമ്മീഷൻ ചെയ്യേണ്ടിവന്നേക്കാം. ചിലപ്പോൾ അടുത്ത പ്രളയക്കെടുതിയെവരെ താങ്ങാൻ കഴിഞ്ഞെന്നും വരില്ല!

നിലവിൽ രാജ്യത്തിനും ഇത്തരം പരിശോധനാ സമിതികൾ ഉണ്ടെങ്കിലും, കാലഹരണപ്പെട്ട സാങ്കേതിക വിദ്യയും ഉപകരണങ്ങളും, പൊതുവെയുള്ള സൗത്ത് ഇന്ത്യയോടുള്ള മെല്ലെപോക്ക് നയവും, കൂടാതെ കേരള-തമിഴ്നാട് ഉദ്യോഗസ്ഥരുടെ രാഷ്ട്രീയം, ഈഗോ, തുടങ്ങി വിഷയങ്ങളെല്ലാം മലയാളികളുടെ നീതിക്ക് തടസ്സമാകുന്നുണ്ട്. നമുക്കാവശ്യം പ്രൊഫഷണൽ രീതിയിൽ, ലോകത്തെവിടെയുമുള്ള ഡാമുകളുടെ സുരക്ഷയും expiry ഡേറ്റും വരെ പരിശോധിക്കുന്ന അന്താരാഷ്ട്ര ഏജൻസികളുടെ സഹായമാണ്. ISO Certification ഉള്ള അത്തരം ഒരു അമേരിക്കൻ / യൂറോപ്യൻ ഏജൻസിയെ തെരെഞ്ഞെടുത്തു ഈ ഡാമിന്റെ നിലവിലെ അവസ്ഥ കൃത്യമായി മനസ്സിലാക്കാവുന്നതാണ്. ജലനിരപ്പിന്റെ സുരക്ഷിത അടി ഉയരവും, ഉന്നത സാങ്കേതിക വിദ്യയിലൂടെ അവർക്കു ഉറപ്പിക്കാനാവും. ആശങ്കപ്പെടേണ്ട സാഹചര്യമുണ്ടെങ്കിൽ, ആ പരിഹാരങ്ങൾക്ക് ഈ നിർണയം ഉപയോഗപ്പെടുത്തുകയുമാകാം.

നമ്മുടേത് ഒരു ജനാധിപത്യ വ്യവസ്ഥയായതു കൊണ്ടുതന്നെ ജനങ്ങൾ മുന്നിട്ടിറങ്ങുന്ന ഈ പ്രവർത്തനത്തിന് ആരും തുരങ്കം വയ്ക്കാൻ സാധ്യതയില്ല. കേരളത്തിലെ സന്നദ്ധ സംഘടനകൾക്കോ, പ്രവാസി അസോസിയേഷനുകൾക്കോ നിഷ്പ്രയാസം സാധിക്കാവുന്ന (ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ) ഈ വിഷയത്തിൽ കൂടുതൽ കാലതാമസം വരുത്താതിരിക്കുന്നതാണ് അഭികാമ്യം.

CATEGORIES

Articles

No responses yet

Leave a Reply

Your email address will not be published. Required fields are marked *