
മുത്ത്.
മീനമാസം തുടങ്ങുമ്പോഴേ നാട്ടിലെ കിണറുകൾ അസ്വസ്ഥരാകും. നോക്കീം കണ്ടും ഉപയോഗിച്ചില്ലെങ്കിൽ ഞങ്ങളെ അവസാനം പഴിപറയരുത് എന്നെല്ലാം ചിലപ്പോൾ അവ പറഞ്ഞുകളയും! ആ സൂചന അറിയാവുന്നതുകൊണ്ടുതന്നെ, വേനൽ തുടങ്ങുന്ന മാസംതൊട്ടേ മുനിസിപ്പാലിറ്റി പൈപ്പിനെയാണ് കൂടുതലായും ഞങ്ങളെല്ലാം പിന്നീട് ആശ്രയിച്ചുതുടങ്ങുക.
വായനശാല റോഡിന്റെ എതിർവശത്തുള്ള പൈപ്പിന്റെ ഓപ്പണർ, ബലമുള്ള ഒരു ചരടുകൊണ്ടു പിന്നിലേക്ക് വലിച്ചുകെട്ടി, ഉച്ചക്കുശേഷം ആദ്യമേ ഉറപ്പിക്കും. ഓരോ ദിനവും വൈകുന്നേരം നാലു മണികഴിഞ്ഞാൽ ഏതു സമയവും എന്നതാണ് കണക്ക്. കാറ്റും ശബ്‌ദവുമൊക്കെയായി അറിയിപ്പോടെതന്നെയാണ് ആദ്യ തുള്ളി വന്നു വീഴുകയും ചെയ്യുക. ആ സമയമാകുമ്പോഴേക്കും നിരനിരയായി കുടങ്ങൾ സർവീസ് റോഡിന്റെ ഒരു ഓരം കീഴടക്കിയിരിക്കും.
സായാഹ്‌ന വെയിലിൽ വിവിധനിറങ്ങളുള്ള പ്ലാസ്റ്റിക് കുടങ്ങളുമെല്ലാം നിരയായി പത്തുഇരുപത് മീറ്ററോളം ചേർന്നിരിക്കുന്നതും ഒരു നല്ലകാഴ്ചയാണ്. ഓരോ കുടുംബത്തിനും രണ്ടു കുടം വീതം എന്നാണ് വരിയിലെ കണക്ക്. പതിവായി വരുന്ന ഏഴോ എട്ടോ കുടുംബത്തിന്റെ ഊഴം കഴിഞ്ഞാൽ വീണ്ടും അത് തുടരും. വരിയിൽ വയ്ക്കാൻ ചെറിയ പാത്രങ്ങളും, ഊഴം വരുമ്പോൾ വലിയ കുടങ്ങൾ വച്ചു അവയെ മാറ്റുന്നതും, അതെല്ലാം തർക്കങ്ങളിൽ അവസാനിക്കുന്നതും പലപ്പോഴും പതിവായിരുന്നു. എന്നിരുന്നാലും പാതിരാത്രിയോളം വെള്ളം ലഭ്യമായതിനാൽ ആർക്കും വലിയ പരാതികളൊന്നും ഇല്ലായിരുന്നു.
വൈകുന്നേരം കളിക്കാനുള്ള സമയത്തിനിടെ വീട്ടിലേക്കു വെള്ളം പിടിക്കുക എന്നത് വേനലിൽ എനിക്കല്പം ശ്രമകരമായിരുന്നു. ഒന്നുകിൽ വോളീബോൾ മത്സരം മുറുകുമ്പോൾ, അല്ലെങ്കിൽ ക്രിക്കറ്റ് കളിക്കിടെ ബാറ്റ് ചെയ്യുമ്പോൾ എല്ലാം ഈ പ്രയാസം എനിക്കുണ്ടായിരുന്നു. എന്നിരുന്നാലും ഏതാണ്ടൊരു സമയം കണക്കാക്കി ഇവ രണ്ടും കൈകാര്യം ചെയ്തുവന്നു; ഇനി അഥവാ എന്നെ കണ്ടില്ലെങ്കിലും വെള്ളം നിറഞ്ഞാൽ ആരെങ്കിലുമൊക്കെ ഈ ഒൻപതാം ക്ലാസ്സുകാരനു വേണ്ടി മാറ്റി വയ്ക്കാറുണ്ടായിരുന്നു.
ഒരിക്കൽ കളിസ്ഥലത്തുനിന്നും വേഗം ഓടിവന്നതാണ്, പൈപ്പിന്റെ ചുവട്ടിൽ പക്ഷെ നമ്മുടെ ഊഴം വരുന്നതേയുള്ളു. എന്റെ അടുത്ത് നിൽക്കുന്നൊരു ചെറിയ പയ്യനെ അപ്പോൾ ശ്രദ്ധിച്ചു. ഒരു കാക്കി ട്രൗസർ മാത്രമുണ്ട്. അടുത്തെ പുതിയ താമസക്കാരാണ്, തമിഴ്നാട്ടുകാരാണെന്ന് ആരോ പറഞ്ഞിരുന്നു. വീട്ടുകാർ വെള്ളം പിടിക്കാൻ വേണ്ടി വിട്ടതാകാം.
“അണ്ണാ ഇതൊന്നു എടുക്കോ”
നിറഞ്ഞു കവിഞ്ഞ ചെറിയ കുടം നോക്കി അവൻ എന്നോട് ചോദിച്ചു.
ഞാനതു പൈപ്പിന് ചുവട്ടിൽ നിന്നെടുത്തുമാറ്റി പുറത്തെ മണ്ണിലേക്ക് വച്ചു.
“അങ്കേയല്ല, ഇങ്കെ”
പയ്യൻ ചിരിച്ചുകൊണ്ട്, അവന്റെ തോൾ ചൂണ്ടി വീണ്ടും പറഞ്ഞു..
ഇവൻ തമാശ പറയുകയാണോ, അതോ എനിക്ക് ഭാഷ മനസ്സിലാവാത്തതാണോ എന്നൊരു നിമിഷം അന്തിച്ചു. ഒരു ഏഴോ എട്ടോ വയസ്സ് പ്രായമുള്ള കുട്ടി, അവനെക്കാൾ ഭാരമുള്ള സംഗതിയാണ് എടുക്കാൻ പറയുന്നത്. വെള്ളം നിറച്ച കുടം പുറത്തേക്കു വയ്ക്കുമ്പോഴേ അതിന്റെ ഭാരം എനിക്കൂഹിക്കാവുന്നതാണ്.
ഞാൻ പതറിനിന്ന ആ നിമിഷം, പിന്നിലുണ്ടായിരുന്ന ബാലേട്ടൻ വേഗം വന്നു കുടമെടുത്തു അവന്റെ തോളിൽ വച്ചു!
ആ കാഴ്ച ശരിക്കും വേദനയും ആശ്ചര്യവുമായിരുന്നു. ഒരു കുഞ്ഞുബാലന്റെ തോളിൽ വലിയ ഭാരം! അതുവച്ചു അവന്റെ ചെറിയ കാലുകൾ റോഡിനെ അടിവച്ചു നടക്കുന്നതും, അല്പദൂരം പിന്നിട്ടപ്പോൾ അവന്റെ അമ്മ, കാലിയായ ഒരു കുടം അവനെ ഏൽപ്പിച്ചു, വെള്ളമുള്ളതു അകത്തേക്ക് കൊണ്ടുപോകുന്നതും കണ്ടു.
അപ്പോഴും അവനിൽ തന്നെയായിരുന്നു എന്റെ ശ്രദ്ധയത്രയും.. കാലി കുടവുമെടുത്തു ഒരു വാഹനം ഓടിക്കുന്നതുപോലെ വായ്കൊണ്ടു ‘ടുർ..ടുർ ശബ്‌ദമുണ്ടാക്കി, കയ്യും കാലും പ്രത്യേക രീതികളിൽ വളച്ചും ഓടിച്ചുമെല്ലാമെടുത്തു അവനതു വരിയിൽ കൊണ്ടുവച്ചു.
“ഉങ്ക പേരെന്ന?”
എന്നെ അത്ഭുതപ്പെടുത്തിയവനോട് ഒരു ബഹുമാനവും സ്‌നേഹവും കലർന്ന രീതിയിൽ ചോദിച്ചു..
-മുത്തു..മുത്തുകൃഷ്ണൻ!
പഠിക്കിതാ?
നമുക്ക് ഈ തമിഴൊക്കെ വശമുള്ളു..
-ഇല്ലണ്ണാ..
വലിയ പണിയാണെന്ന ഭാവമൊന്നുമില്ലാതെ, പ്രസരിപ്പോടെ അവൻ ഓടികളിച്ചു. നിഷ്കളങ്കമുള്ള ആ മുഖത്തു എല്ലായ്‌പോഴും ഒരു പുഞ്ചിരിയുമുണ്ടായിരുന്നു. അടുത്തതവണ അവൻ വീണ്ടും വണ്ടിയുടെ രൂപത്തിൽ വന്നപ്പോൾ പഴയ ആ രാജുവിനെ ഓർമവന്നു, ശരീരവലിപ്പം കൊണ്ടില്ലെങ്കിലും രണ്ടുപേർക്കും നല്ല മുഖസാമ്യമുണ്ട്!
പിന്നീട് പൈപ്പിൻചുവട്ടിൽ ഞങ്ങളോടൊപ്പം അവനും സ്ഥിരസാന്നിധ്യമായി. അവന്റെ ഭാഷ ഞങ്ങൾക്കെല്ലാം മനസിലാകുമായിരുന്നു. വീട്ടിലുള്ളത് അമ്മയും, മൂത്തൊരു പെങ്ങളും രണ്ടാനച്ഛനുമാണെന്നും മനസ്സിലായി. പലവേളകളിലും കെട്ടിയിട്ടു തല്ലുകൊള്ളുന്ന ആ വീട്ടിലെ കാവൽ നായയുടെ നിസ്സഹായമായ രോദനങ്ങൾ, അവന്റെ കുടുംബത്തിലെ അവസ്ഥയുടെ പ്രതിഫലനം വ്യക്തമാക്കിയിരുന്നു.
രാമകുമാരൻ മാഷിന്റെ നിർബന്ധം കൊണ്ടാണോ അറിയില്ല, മുത്തു സ്കൂളിൽ പോയി തുടങ്ങി.. ചെറു പ്രായത്തിലെ വലിയ ഉത്തരവാദിത്വങ്ങൾ അവനെ പ്രായത്തേക്കാൾ വലിയ വിവേകശീലിയാക്കി. ഞങ്ങൾ കളിക്കുന്നയിടം അവനു അന്യമായിരുന്നു. ആ സമയങ്ങളിൽ വെയിലിൽ നിലത്തുവിരിച്ച തുണികളിൽ അവൻ പപ്പടം തയ്യാറാക്കുന്ന തിരക്കിലായിരിക്കും. എന്നാലും ഒരു സങ്കടമോ പരിഭവം പറച്ചിലോ മുത്തുവിൽ നിന്നും ഒരിക്കലും കണ്ടിട്ടില്ല, എന്നാൽ ആരെ കാണുമ്പോഴും ഇറുകിയ കണ്ണുകളോടെ മോണമുഴുവൻ കാണിച്ചു അവൻ ചിരിക്കും, എന്തെങ്കിലുമൊക്കെ സംസാരിക്കും.
ഏതാനും മാസങ്ങൾ പിന്നീടവേ മുത്തു പഠനവും നിർത്തി. ക്ലാസ്റൂമിലെ ഗൃഹപാഠങ്ങളെക്കാൾ ജീവിതത്തിലെ കണക്കുകൾ വലുതായി വന്നതാകാം. കുലത്തൊഴിലായ പപ്പടവും, അതിന്റെ വില്പനയും മറ്റുമായി അവൻ നാടിൻറെ അവിഭാജ്യമായപ്പോൾ, പഠനകാലം കഴിഞ്ഞുള്ള എന്റെ ഊഴം അന്യദേശങ്ങളിലേക്കായിരുന്നു. പിന്നീടെപ്പോഴോ അടുത്തുള്ള ടൗണിലേക്കവർ താമസം മാറിയതായും അറിഞ്ഞു.
കാലം പിന്നീടവേ പ്രവാസജീവിതത്തിലെ ഒരു വെക്കേഷന് സമയത്തു അവനെ വീണ്ടും കണ്ടു.. ഉയരം വച്ച് മിടുക്കനായി, എന്നാൽ ആ നിഷ്കളങ്ക മുഖവും പുഞ്ചിരിയും അതുപോലുണ്ടുതാനും. എന്നോട് വിശേഷം ചോദിച്ചു, ഞാനവന്റെ വീട്ടുകാരെക്കുറിച്ചും ജോലിയെക്കുറിച്ചും തിരക്കി. സാധാരണ എന്നേക്കാൾ പ്രായം കുറഞ്ഞവരോട് പഠനവിശേഷങ്ങളാണ് ആദ്യം പതിവ്. എന്നാൽ മുത്തുവിനോട് അത് ചോദിച്ചില്ല. വിദ്യഭ്യാസമുണ്ടെന്നു കരുതുന്ന എന്നേക്കാൾ വിനയവും, ബഹുമാനവും അവന്റെ വാക്കുകളിലും പെരുമാറ്റത്തിലുമുണ്ട്…
കളിസ്ഥലവും, സ്കൂളും എന്തിനു ഒരു നല്ല കുടുംബാന്തരീക്ഷം പോലുമില്ലാതെ വളർന്ന ഒരു പയ്യൻ, നിറപുഞ്ചിരിയോടെ അതിനെയെല്ലാം അതിജീവിച്ചു ഒറ്റക്കാലിൽ പ്രാപ്തനായി മുന്നിൽ നിൽക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു ആദരവും സന്തോഷവും തോന്നി. വാക്കുകളിൽ അത് പറഞ്ഞില്ലെങ്കിലും മടങ്ങാൻ നേരം അവന്റെ തോളിൽ മെല്ലെ തട്ടി. അതൊരു വിശ്വാസമാണ്. ഓരോ ഈശ്വര സൃഷ്ടിയുടെയും കർമ്മയോഗ രഹസ്യമറിയില്ലെങ്കിലും എനിക്കു നൽകപ്പെട്ട ഏതോ ഒരു ഭാഗ്യം കൈവിരലുകളിലൂടെ പകർന്നു അപരന് സംഭവ്യമാക്കണേ എന്നൊരു മൗനപ്രാർത്ഥനയും, അനുഗ്രഹവും അതിലുണ്ട്! അത്രയല്ലേ കഴിയൂ…
No responses yet