
ആദ്യം ചില ചോദ്യങ്ങൾ നമ്മോടു തന്നെ സ്വയം ചോദിക്കാം…
1) ഇന്ത്യയിലെ ഏറ്റവും മികച്ച കാർഡിയോളജിസ്റ്റ് (ഹൃദ്രോഗ വിദഗ്ദ്ധൻ) ആരാണ്?
2) രാജ്യത്തെ മികച്ച ആർകിടെക്ട്?
3) അവസാനമായി പരംവീർചക്ര നൽകി ഇന്ത്യ ആദരിച്ച സൈനികൻ?
4) ISRO യുടെ അടുത്ത മിഷൻ?
5) കേരള രഞ്ജി ടീം ക്യാപ്റ്റൻ?
ഇനി വേറെ ചിലതുകൂടി നോക്കാം…
1) 1996 ൽ പുറത്തിറങ്ങിയ മഞ്ജുവാര്യരുടെ ആദ്യ സിനിമ?
2) സോളാർ തട്ടിപ്പുകേസിലെ വനിതാ ക്രിമിനൽ പ്രതിയുടെ പേര്?
3) മഗ്രാത്തും ബ്രെറ്റ്ലീയും ഏതു രാജ്യത്തെ കളിക്കാരാണ്?
4) പ്രണവ് മോഹൻലാലിൻറെ ചെല്ലപേര്?
ഈ പോസ്റ്റിന്റെ ഉദ്ദേശവും ദിശയും ഏതാണ്ടൊക്കെ മനസ്സിലായെന്നു കരുതുന്നു. ഒരുപക്ഷെ മത്സരപരീക്ഷക്കു തയ്യാറായിരിക്കുന്ന ആളുകൾക്കൊഴികെ, ഭൂരിഭാഗം സാധാരണക്കാരായ – പൊതുവിജ്ഞാനത്തിനായി വിവിധ തരം മാധ്യമങ്ങളെ ആശ്രയിക്കുന്നവർക്ക് ആദ്യത്തെ ചോദ്യങ്ങൾ കഠിനവും, രണ്ടാമത്തെ വിഭാഗത്തിലേതു അനായാസവുമായിരിക്കും!
ഒരു സമൂഹത്തിൽ വാർത്തകൾ കൈകാര്യം ചെയ്യുന്നവർ പുലർത്തേണ്ട മുൻഗണനാക്രമവും, അവരുടെ സാമൂഹിക പ്രതിബദ്ധതയും നഷ്ടപ്പെട്ടാൽ സംഭവിക്കുന്ന മൂല്യച്യുതിയുടെ ഒരു പ്രതിഫലനത്തെ സൂചിപ്പിക്കാൻ വേണ്ടിയെടുത്ത ഒരു ഉദാഹരണം മാത്രമാണിത്. ജനത നേരിടുന്ന രാഷ്ട്രീയ സാമൂഹിക പ്രശ്നങ്ങളെ തൃണവൽക്കരിച്ചു, കേവലം വിനോദ വാർത്തകളിൽ മാത്രം കുളിപ്പിച്ചുകിടത്തുന്ന ഒരു ശൈലിയാണ് കേരളത്തിലെ ഒട്ടുമിക്ക പത്ര-ദൃശ്യ-ശ്രവ്യ മാധ്യമങ്ങളും തുടരുന്നത്. ആ തുടർച്ചയാവട്ടെ, നമ്മുടെ ചിന്താഗതിയെ ഇക്കാലയളവിൽ മാറ്റിമറിച്ചിട്ടുണ്ടുതാനും. അവയെ നമുക്കൊന്നു വിശകലനം ചെയ്യാം.
1) വിഷയത്തോടുള്ള സമീപനം.
ജനങ്ങൾ കൂടുതൽ ഇഷ്ടപെടുന്ന വാർത്തകൾ, തങ്ങൾ മുൻഗണയിൽ കൊടുക്കുന്നതിനാലാണ് പീഡന വാർത്തകളും, കൊലപാതകവും, സിനിമയും, സാമൂഹ്യവിധ്വംസക വാർത്തയുമെല്ലാം മുൻപേജുകളിൽ, അല്ലെങ്കിൽ പ്രൈം ന്യൂസിൽ ഉൾപ്പെടുത്തുന്നത് എന്നതാണ് എല്ലാ മാധ്യമ വ്യവസായികളുടെയും ആദ്യ ന്യായീകരണം. എന്നാൽ മനുഷ്യസമൂഹം എന്നത് കേവലം സ്ത്രീ-പുരുഷന്മാർ മാത്രമല്ല, മറിച്ചു ‘കുട്ടികൾ’ എന്നൊരു കൂട്ടർ കൂടി ഇവിടെയുണ്ടെന്ന് എല്ലാവിഭാഗം സാമൂഹ്യപ്രവർത്തകരും ഒന്നു തിരിച്ചറിയേണ്ടതാണ്. പ്രായപൂർത്തിയാവുക എന്നത് കേവലം ശാരീരിക വളർച്ചയുമായി മാത്രം ബന്ധപ്പെട്ടതല്ല, അത് മാനസിക വളർച്ചയുടേതാണ്. പത്രം തുറന്നാൽ, ടീവി ഓൺ ചെയ്താൽ ചർച്ച ചെയ്യുന്ന ഭൂരിഭാഗം വാർത്തകളിലും ബലാത്സംഗവും, പീഡനവും, രാഷ്ട്രീയ കുതികാൽ വെട്ടലും, അവിഹിത ബന്ധങ്ങളും, ക്വട്ടേഷൻ മാഫിയ സംഘങ്ങളുടെ വീരകഥകളും, പ്രതികളുടെ ഫോട്ടോകളും മാത്രം നിറഞ്ഞുനിന്നാൽ, വളർന്നുവരുന്ന, പഠിക്കുന്ന കുട്ടികൾക്ക് നാം നൽകുന്ന സന്ദേശം എന്താണ്? അവർ ഇത്തരത്തിൽ ഒളിച്ചോടുകയും, പെട്ടെന്ന് കാശുകാരനാകാൻ ശ്രമിക്കുകയും, ലഹരികൾക്കടിമപ്പെടുകയും ചെയ്തു ‘പ്രശസ്തരാകാൻ ശ്രമിച്ചാൽ’, അതിന്റെ സാമൂഹിക ഉത്തരവാദിത്വങ്ങളിൽ നമ്മുടെ മാധ്യമപ്രലോഭനങ്ങൾക്കും വലിയ പങ്കുണ്ട് എന്നത് തിരസ്കരിച്ചുകൂടാ. നമ്മുടെയെല്ലാം വീടുകളിൽ ക്ഷണിക്കപ്പെടാതെ എത്തുന്ന അതിഥിയായ ടീവി യിലെ വിവിധതരം പ്രോഗ്രാമുകളിലൂടെ നൽകുന്ന തുടർച്ചയായ പലതരം പ്രലോഭനങ്ങളിൽ, രക്ഷിതാക്കൾ നിസ്സഹായരായി മാറുന്ന കാഴ്ചയും എവിടെയുമുണ്ട്.
2) ചർച്ചകൾ
മികച്ച സംവാദങ്ങൾ, നമ്മുടെ സാമൂഹിക തുലനത്തിനു അവശ്യമാണ്. കൂടുതൽ ജനങ്ങളിലേക്ക് ലൈവായി, നല്ല വിഷയങ്ങൾ ഉൾപ്പെടുത്തി രാഷ്ട്രീയ സാമൂഹ്യ ചർച്ചകളും എല്ലാ ദൃശ്യമാധ്യമങ്ങളും നടത്താറുമുണ്ട്. അത്തരം പ്രതികരണശേഷിയും, അതിന്റെ സാമൂഹ്യമാധ്യമങ്ങളിലെ ഷെയറിങ്ങും എത്രയോ നല്ല മാറ്റങ്ങളും കൊണ്ടുവന്നിട്ടുണ്ട് എന്ന് വിസ്മരിക്കുന്നില്ല. എന്നാൽ പല ചർച്ചകളിലും പൊതുവായി കണ്ടുവരുന്ന ചില സവിശേഷതകൾ പിൽകാലത്തു ചില ശീലങ്ങളായി സമൂഹത്തിൽ മാറിയിട്ടുണ്ട്. അതൊന്നു പരിശോധിക്കാം..
“എനിക്ക് മമ്മൂട്ടിയെ ഇഷ്ടമാണ് എന്നൊരാൾ അഭിപ്രായപ്പെട്ടാൽ ഉടനെ ആ വ്യക്തിയെ ഒരു മോഹൻലാൽ വിരുദ്ധനാക്കി മാറ്റുന്ന ഒരു സമീപനം”, നമ്മുടെ മാധ്യമ സംഭാവനയാണ്! സത്യത്തിൽ നമുക്കെല്ലാ നടന്മാരോടും, അവരുടെ കഠിനാധ്വാനത്തോടും ആദരവുണ്ടെങ്കിലും, ചിലരോടുള്ള പ്രത്യേക ഇഷ്ടം മനുഷ്യസഹജമാണ്. എന്നാൽ ഈ പ്രത്യേക താല്പര്യത്തെ, അഭിപ്രായപ്പെടുന്നയാളുടെ വ്യക്തിത്വമായി മുദ്രകുത്തുകയും, മറിച്ചൊരാളെക്കുറിച്ചു അഭിപ്രായപ്പെടുന്നതെല്ലാം പാർശ്വവത്കരിക്കപ്പെടുകയും ചെയ്യുന്ന രീതി ഇത്തരം ചർച്ചകളിലൂടെ നാം സാംശീകരിച്ചതാണ്. മറ്റൊരു ഉദാഹരണത്തിൽ പറഞ്ഞാൽ, രാഹുൽ ഗാന്ധിയെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തി ഉടനെ ഒരു മോഡി / പിണറായി വിരുദ്ധനാവുന്നു; അല്ലെങ്കിൽ തിരിച്ചും. ആ വ്യക്തിയുടെ അഭിപ്രായങ്ങൾക്ക് മുൻവിധിയും, നിയന്ത്രണങ്ങളും, അതിർത്തിയും നാം കൽപ്പിച്ചെടുക്കുന്നു. അതുകൊണ്ടു ഇന്നാട്ടിലെ ഒരു സാമൂഹ്യവിഷയത്തിൽ ഒരു അഭിപ്രായം പറയണമെങ്കിൽ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ അംഗത്വം നിർബന്ധമാണ് എന്ന തലത്തിൽ ജനങ്ങൾക്കിടയിൽ ചിന്താധാര സൃഷ്ടിച്ചെടുക്കപ്പെട്ടിരിക്കുന്നു!
അത്തരത്തിൽ ഓരോ പാർട്ടിയുടെയും പ്രതിനിധിയായി ചർച്ചകളിൽ പങ്കെടുക്കുന്ന വ്യക്തികൾ ഓരോരുത്തരും അവരവരുടെ നിലപാടുകൾ സമാന്തരമായി മുറുകെപ്പിടിച്ചു, സോഷ്യൽ മീഡിയയിലെ കയ്യടികൾക്കായി സിനിമാസ്റ്റൈൽ ഡയലോഗുകളും, പരസ്പര ആക്രോശ-പോർവിളികളും നടത്തി, ഒടുവിൽ പരിഹാരങ്ങളില്ലാതെ അവ അവസാനിപ്പിക്കുകയും ചെയ്യുന്നു. കേരളത്തിലെ ഏതാണ്ട് നാൽപതു ലക്ഷം പേരെയെങ്കിലും ബാധിക്കുന്ന മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം, ദശാബ്‌ദങ്ങളായി നമുക്കൊരു തീരുമാനം പോലുമാകാതെ തുടരുന്നതിൽ ഇത്തരം പരിഹാരത്വരയില്ലാതെ തുടരുന്ന സമീപനങ്ങൾകൂടി കൊണ്ടാണെന്നു സൂചിപ്പിക്കേണ്ടിവരുന്നു.
നിലവിൽ കോടതിയിലുള്ള പല കേസുകളുടെയും വിധികർത്താക്കൾ മാധ്യമങ്ങളായി മാറുന്നു എന്നതാണ് മറ്റൊരു മാറ്റം. കുറ്റവാളി ശിക്ഷിക്കപ്പെടണം എന്നതല്ല, തങ്ങൾ ഫോക്കസ് ചെയ്യുന്ന ആളുകൾ ശിക്ഷിക്കപ്പെടണം എന്നാഗ്രഹിക്കുന്ന, തികച്ചും കൂലിയെഴുത്തുകാരെ പോലെ അധഃപതിക്കുന്ന പ്രവണത നമ്മുടെ മുഖ്യധാരാ മാധ്യമങ്ങൾ വരെ പിന്തുടരുന്നു എന്നത് ദുഖകരമാണ്. വിലപ്പെട്ട തെളിവുകളെ സമൂഹത്തിനു മുന്നിൽ മറച്ചും, പ്രസക്തി കുറഞ്ഞ കാര്യങ്ങളിൽ അനാവശ്യ വിവാദങ്ങളും സൃഷ്ടിച്ചും ഒരു ജനഹിതം രൂപപ്പെടുത്തി, നമ്മുടെ നിയമവാഴ്ചയുടെ സ്വാഭാവിക ശൈലിയെ ലോകത്തിനു മുന്നിൽ നാണം കെടുത്തുന്ന സ്വഭാവം തങ്ങളുടെ അവകാശമെന്നോണം പല മാധ്യമങ്ങളും ശീലിക്കുന്നുണ്ട്. (പല വികസിത രാജ്യങ്ങളിലും ഇതെല്ലാം ക്രിമിനൽ കുറ്റമാണ്)
4) വ്യാജ/നിർമിത വാർത്തകൾ.
നിർഭയമായി നേര് പറയുന്നൊരു മാധ്യമത്തിൽ, സ്വന്തം പേരും വംശവും വരെ രേഖപ്പെടുത്തുന്ന ഒരു റിപ്പോർട്ടറുടെ പല വാർത്തകളും വിവാദമായിട്ടുള്ളതിനാൽ ഒരു പ്രത്യേക താല്പര്യത്തോടെ കുറച്ചുകാലമായി ആ വീഡിയോ റിപ്പോർട്ടുകൾ ഈയുള്ളവൻ പിന്തുടർന്നിരുന്നു. അവ ശ്രദ്ധിക്കുമ്പോൾ, അത്തരം വാർത്തകളുടെ പൊതുസ്വഭാവം, “ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ‘ഉദ്ധരിച്ചു’ റിപ്പോർട്ട് ചെയ്തു” എന്ന തലത്തിലൊക്കെയാണ്. കൂടാതെ “നമുക്ക് ലഭിച്ച വിവരപ്രകാരം”, “സൂചനപ്രകാരം”, “നമുക്ക് മനസ്സിലാക്കിയിടത്തോളം” തുടങ്ങീ പ്രയോഗങ്ങളല്ലാതെ പേരും, പദവിയുമൊന്നും ആർക്കുമില്ല!! അതേ പാത പിന്തുടർന്ന് പല പത്രങ്ങളും “അമേരിക്കയിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയുടെ സർവ്വേഫലം എന്നപേരിൽ” തങ്ങളുടെ താല്പര്യങ്ങൾ അടിച്ചേൽപ്പിക്കുന്നത് കാണാം. പിന്നീട് അൽപ ദിവസങ്ങൾക്കുശേഷം ഈ വാർത്തയുടെ ചുവടുപിടിച്ചു മറ്റുള്ളവർ ഏറ്റെടുത്താൽ ഇവർ ആ പരിസരത്തുപോലും കാണില്ല എന്നതാണ് പതിവ്. ഈ രീതിയും, ഒരു വാർത്തയുടെ തുടർച്ച നഷ്ടപ്പെടുത്തുന്നതും പൊതുസമൂഹത്തോട് ചെയ്യുന്ന നീതികേടാണ്. അതുകൊണ്ടുതന്നെ ജനങ്ങൾ ഇത്തരം വിവാദ വാർത്തകളെ ശ്രദ്ധാപൂർവം- വാക്കുകളെ അരിച്ചെടുത്തു, മുൻവിധികളോടെ എടുത്തു ചാടാതെ ശ്രദ്ധിക്കേണ്ടതുണ്ട്.
5) വ്യക്തിയുടെ സ്വകാര്യത.
ഒരു മീഡിയ ലൈസൻസ് ഉണ്ടെങ്കിൽ ആരുടെ നേർക്കും ക്യാമറ ചൂണ്ടാമെന്നത് ഇന്ത്യയിൽ മാത്രമുള്ള ഏർപ്പാടാണ്. സത്യത്തിൽ ഒരു വ്യക്തിയുടെ സമ്മതമില്ലാതെ അയാളുടെയോ കുടുംബത്തിന്റെയോ ചിത്രമെടുക്കാൻ രാജ്യത്തെ നിയമം അനുവദിക്കുന്നില്ല! സെലിബ്രിറ്റീസിനു ഇതെല്ലാം ആസ്വാദ്യമാകുമെങ്കിലും, ഭൂരിപക്ഷം ആളുകൾക്കും, ജോലി ചെയ്യുന്നവർക്കും ഈ രീതികൾ ആസ്വസ്ഥകളാണ്. ഈ ശൈലി പിന്തുടർന്ന് നമുക്ക് പരിചയമില്ലാത്ത പല ആളുകളുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും അവരുടെ സമ്മതമൊന്നും ചോദിക്കാതെ ഫോട്ടോസ് ഷെയർ ചെയ്യുന്നതും, എഡിറ്റ് ചെയ്തു വാർത്തയാക്കുന്നതും മറ്റും സത്യത്തിൽ കുറ്റകരമാണെന്ന് പലർക്കും അറിയില്ല.
6) വാർത്തകളുടെ ഭൂമിശാസ്ത്ര അതിർത്തി.
അമേരിക്കയിലെ ടെക്സ്സസിലെ എതെങ്കിലും സ്കൂളിൽ ഒരു വിദ്യാർത്ഥി വെടിവെപ്പ് നടത്തിയാൽ, യൂറോപ്പിലെ ഏതെങ്കിലും രാജ്യത്തെ ഏതോ ഒരു പിതാവ് കുടുംബത്തെ ഒന്നടങ്കം കൊലപെടുത്തിയാൽ അതെല്ലാം നിമിഷങ്ങൾക്കുള്ളിൽ നമ്മുടെ മുന്നിലെത്തും. വിവരസാങ്കേതികതയിൽ നമുക്ക് അഭിമാനവുമാകാം. അതേപോലെ ബംഗ്ലാദേശിൽ ഒരു പ്രാദേശിക വർഗീയ കലാപമുണ്ടായാൽ, രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ ദുരന്തമുണ്ടായാൽ എല്ലാം നാം വലിയ പ്രാധാന്യത്തിൽ അറിയാറുണ്ട്. മുൻകാലങ്ങളിൽ ഇത്തരം വാർത്തകൾ ദേശീയ, വിദേശവാർത്തകളിലെ ഒരു കോളത്തിൽ ഒതുങ്ങിയെങ്കിൽ ഇപ്പോഴത് പ്രധാന വാർത്തയായി വരെ അവതരിപ്പിക്കപ്പെടുന്നു.
സത്യത്തിൽ നമ്മെയെല്ലാം വ്യക്തിപരമായോ, സാമൂഹ്യ സാമ്പത്തിക തലത്തിലോ ഒരു രീതിയിലും ബാധിക്കാത്ത ഇത്തരം വാർത്തകൾ (ഒരു ഭൂകമ്പമോ മറ്റു പ്രകൃതി ക്ഷോഭമോ ഒഴിച്ചുനിർത്തിയാൽ), പക്ഷെ ഒരു കാരണവുമില്ലാതെ വ്യക്തികളുടെ ബ്ലഡ് പ്രഷർ കൂട്ടാനും, കുടുംബത്തിനുള്ളിൽ അവിശ്വാസം ഉടലെടുക്കാനും, ചിലപ്പോൾ വർഗീയ ചിന്താഗതികൾ രൂപപ്പെടുത്താനും വരെ ഇടയാക്കാൻ മാത്രമുള്ളതാണ്. ചുരുക്കത്തിൽ കേരളത്തിൽ നാം നല്ല സാമൂഹ്യശീലം പുലർത്തുന്നുവെങ്കിലും ഇതര നാടുകളിലെ ‘ഉദാഹരണങ്ങൾ’ ഇവിടെ പെരുപ്പിച്ചു ഈ അന്തരീക്ഷം കൂടെ മലിനപ്പെടുത്തുന്നു എന്നതാണ്, ആവശ്യമില്ലാതെ അതീവ പ്രാധാന്യം നൽകുന്ന ഇത്തരം വാർത്തകളുടെ പ്രത്യാഘാതം. നമ്മുടെ മുൻകാല എഴുത്തുകാർ അല്പം സാമൂഹ്യ ബോധമുള്ളവരായതിനാൽ കാര്യമാത്ര പ്രസക്തിയുള്ള വാർത്തകളേ നാം അറിഞ്ഞിരുന്നുള്ളു. എന്നാൽ ഓരോ മണിക്കൂറിലും വൈറൽ സ്റ്റോറി സൃഷ്ടിച്ചെടുക്കേണ്ട ഇക്കാലത്തു ഈ മനോഭാവം ഉണ്ടാകണമെന്നില്ല. അതും പൊതുസമൂഹം മനസ്സിലാക്കുക.
ഒപ്പംതന്നെ, പച്ചിലമരുന്നുകൾക്കൊണ്ട് സുഖപ്പെടുത്തുന്ന ലക്ഷ്മിക്കുട്ടിയമ്മയും, ഓറഞ്ച് കച്ചവടത്തിനിടയിൽ കുട്ടികൾക്ക് സ്കൂൾ പണിതു വിദ്യാഭ്യാസം കൊടുക്കുന്ന ഹരേകള ഹാജബയും അറിയേപ്പെടേണ്ടത്, അവർക്കു പത്മശ്രീ ലഭിക്കുമ്പോൾ മാത്രമാകരുത്. നമ്മുടെ ചുറ്റും കണ്ണോടിച്ചാൽ, ഓരോ പഞ്ചായത്തിലും നിസ്വാർത്ഥമായി സന്നദ്ധ സേവനം നടത്തുന്ന സാമൂഹ്യ പ്രവർത്തകരും, ഡോക്ടർമാരും, അധ്യാപകരും മറ്റു NGO, അസംഘടിത തൊഴിലാളികളെയും പ്രവർത്തകരെയും കാണാം… തട്ടിപ്പുകാരിയുടെ വീരകഥകൾക്ക് ഫ്രന്റ്പേജിൽ 8 കോളം നീക്കിവയ്ക്കുമ്പോൾ, സാമൂഹ്യ ബഹുമാനം നേടുന്ന ഇത്തരം വ്യക്തികൾക്ക് ഉൾപ്പജുകളിലെങ്കിലും 2 കോളം നൽകാൻ നമ്മുടെ മാധ്യമങ്ങൾ ശ്രമിക്കണം. സമൂഹമാകുന്ന ജലാശയത്തിലേക്കു ഊളിയിട്ടു വാർത്താമൽസ്യത്തെ പിടിക്കുന്ന പൊൻമാനു പകരം, ആ ജലത്തിലെ അരയന്നമായാൽ വാർത്താദാരിദ്രം അവസാനിക്കും, ജനഹൃദയങ്ങളും കീഴടക്കും.
മേൽ സൂചിപ്പിച്ച കാര്യങ്ങൾ കേവലം മാധ്യമ വിമർശനമല്ല, മറിച്ചു ഓരോ വ്യക്തിയും തങ്ങളുടെ സാമൂഹ്യ പ്രതിബദ്ധതയെ കുറിച്ചു ബോധവാന്മാർ ആകേണ്ടതിനെക്കുറിച്ചുമാണ്. കാരണം നാം ഇന്റർനെറ്റിൽ തിരയുന്ന വാർത്തകളാണ് ഓരോ മാധ്യമത്തിന്റെയും മുൻഗണന ലിസ്റ്റിൽ വരുന്നതും, പ്രൈം ചർച്ചകളിൽ നിറയുന്നതും. അവയിൽ പ്രസക്തിയുള്ള വിഷയങ്ങൾ കൊണ്ടുവരേണ്ടതും, കഴിയുമെങ്കിൽ തങ്ങളുടെ അഭിപ്രായങ്ങൾ പത്രങ്ങളിൽ, അവയുടെ സോഷ്യൽ പ്ലാറ്റ്ഫോമുകളിൽ അറിയിക്കേണ്ടതും ഓരോ വ്യക്തിയുടെയും കൂടി കടമയാണ്. കേരളത്തിൽ തന്നെ ഗൗരവമായി ചർച്ച ചെയ്യേണ്ട, പരിഹരിക്കപ്പെടേണ്ട നിരവധി സാമൂഹ്യപ്രശ്നങ്ങളുണ്ട്. മുല്ലപെരിയാർ ഡാം സുരക്ഷ, ആളോഹരി കടം, പരിസ്ഥിതി-കാലാവസ്ഥ വ്യതിയാനങ്ങൾ, അന്യരാജ്യങ്ങളിലേക്ക് വലിയ തോതിൽ കുടിയേറുന്ന മലയാളി സമൂഹം, വ്യവസായ മുരടിപ്പ് തുടങ്ങി നിരവധി… ആ അവസ്ഥയിൽ കേവലം വിനോദ വിഷയങ്ങളിൽ മാത്രം രമിച്ചു നമ്മുടെ ജീവിതചക്രം കഴിച്ചുകൂട്ടരുത്. ലോകത്തെല്ലായിടത്തും ഇങ്ങനെയൊക്കെയല്ലേ എന്ന സാമാന്യ സമീപനവും നാം തിരുത്തേണ്ടതാണ്. ഉദാഹരണത്തിനു ഈ ഗൾഫ്‌രാജ്യത്തെ സിനിമാ ടീവി നടന്മാരെ ഭൂരിഭാഗം ആളുകൾക്കും അറിയില്ലെങ്കിലും, മാർസ് പ്രോബ് മിഷനും, ഹസ്സ അൽ മൻസൂരി എന്ന യു എ ഇ യുടെ ആദ്യ ബഹിരാകാശ സഞ്ചാരിയെകുറിച്ചും എല്ലാ വിദ്യാർത്ഥികളും പൗരന്മാരും അറിഞ്ഞിരിക്കാൻ ഇവിടുത്തെ ഭരണകൂടവും മാധ്യമങ്ങളും ശ്രദ്ധിക്കുന്നു.
ഒരു സമൂഹത്തെ, തലമുറകളെ, രാജ്യത്തെ സാംസ്‌കാരിക പുരോഗതിയിലേക്ക് കൈപിടിച്ചുയർത്തേണ്ടത് കാര്യമാത്രപ്രസക്തിയുള്ള സത്യവാർത്തകളിലൂടെയാണ്. അതു ജനതയുടെ അവകാശം കൂടിയാണ്. നമ്മുടെ മാധ്യമങ്ങൾ ആ ധാർമിക ഉത്തരവാദിത്തം യഥാവിധി നിർവഹിക്കട്ടെയെന്നു പ്രത്യാശിക്കുന്നു.
ദീർഘവായനക്ക് നന്ദി.
No responses yet