പ്രവാസികളും, വിമാനനിരക്കുകളും, ചില ബിസിനസ് ചിന്തകളും…

രാകിമിനുക്കിയെടുത്ത കത്തിയുമായി കാത്തുനിൽക്കുന്ന അറവുകാരന്റെ മുന്നിൽപെട്ട മിണ്ടാപ്രാണിയുടെ അവസ്ഥയാണ്, നാട്ടിലേക്കു ഫ്ലൈറ്റ് ടിക്കറ്റ്എടുക്കാൻ വെബ്സൈറ്റിൽ കയറുന്ന ഒരു ശരാശരി പ്രവാസിമലയാളിയുടെത്!! “തനിക്കൊക്കെ നാട്ടിൽ പോകണോ” എന്നാക്രോശിക്കുന്ന രീതിയിലാണ് ഓരോ ടിക്കറ്റ് നിരക്കുകളും അവിടെ കണ്ണുരുട്ടുന്നത്… ഉത്സവപറമ്പുകളിൽ ആനയുടെ ഏക്കം നിശ്ചയിക്കുന്നതുപോലെ, സ്കൂൾഅവധി-ഓണം സമയമായാൽ നമ്മുടെ വിമാനകമ്പനികൾ യാതൊരു ദാക്ഷിണ്യവുമില്ലാതെ ഭീമമായ തോതിൽ ടിക്കറ്റ് വര്ധിപ്പിക്കുന്നത് ഇപ്പോഴൊരു ആചാരമാക്കി മാറ്റിയിട്ടുണ്ട്!

ഏതൊരു ബിസിനസ്സിനും ഒരു മിനിമം പ്രൈസ്, അതുപോലെ മാക്സിമം എന്നൊക്കെയൊരു ധാർമിക രീതിയുണ്ട്, പക്ഷെ ഇവിടെ അതും ‘കാറ്റിൽ പറക്കുകയാണ്’. ഉദാഹരണത്തിന് ജൂലൈ 1 ലെ എയർ ഇന്ത്യ എക്സ്പ്രസ്സ് യാത്രക്ക്, ദുബായ്-കൊച്ചി, വൺവേ യാത്രക്ക് മാത്രം, ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക് 2000 ദിർഹംസ് വരും – ഏതാണ്ട് 5 ഇരട്ടി! ദുബായിൽ നിന്നും 2400 കിലോമീറ്ററും 4 മണിക്കൂർ യാത്രയുള്ള കേരളത്തിലേക്കുള്ള ഈ ചാർജ്, ഏതാണ്ട് 9 മണിക്കൂറും 7000 കിലോമിറ്റർ ദൂരമുള്ള മനില (ഫിലിപ്പൈൻസ്) യെക്കാൾ കൂടുതലെന്ന് സൂചിപ്പിച്ചാൽ ഏതൊരു സാധാരണക്കാരനും കാര്യങ്ങൾ മനസ്സിലാക്കാം. ഈ വിവരസാങ്കേതിക യുഗത്തിലും അമിത വിലയുടെ കാരണത്തിനു വിമാനകമ്പനികൾക്കു കൃത്യമായ വിശദീകരണം ഇല്ലാത്തതുകൊണ്ടുതന്നെ കൊള്ളലാഭം എന്നല്ലാതെ മറ്റൊരു നിർവചനം വയ്യ. കുടുംബമായി ഗൾഫിൽ താമസിക്കുന്നവർക്ക് കുട്ടികളുടെ സമ്മർ വെക്കേഷനുകളിലാണ് (ജൂലൈ, ഓഗസ്റ്റ്) കൂടുതൽ സമയം നാട്ടിൽ ചിലവഴിക്കാനാവുക. എന്നാൽ സ്കൂൾ അടക്കുന്ന ദിനം മുതൽ മാറുന്ന ടിക്കറ്റ് റേറ്റ്, മടങ്ങി വരുമ്പോഴുള്ള നിരക്ക് എല്ലാം കൂടി കണക്കിലെടുത്താൽ യാത്രാച്ചെലവ് ലക്ഷം കടക്കുമെന്നതു അതിശയോക്തിയല്ല.. കൂടാതെ ഇവിടുത്തെ സാധാരണ തൊഴിലാളികൾക്കും, ഈ ഭീമമായ ടിക്കറ്റ്നിരക്കിന്റെ പേരിൽ നാട്ടിൽ ഒരു ഓണം കൂടുക എന്നത് ഒരു അതിമോഹമായി കൊണ്ടുനടക്കേണ്ട അവസ്ഥയിലുമാണ്. സംഘടിത വോട്ടുശക്തിയല്ലാത്തതുകൊണ്ടാവാം രാഷ്ട്രീയപാർട്ടികൾക്കൊന്നും വിദേശമലയാളിസമൂഹത്തിന്റെ ഈ വലിയ പ്രശ്നത്തിൽ കാര്യമായ ശുഷ്കാന്തിയുമില്ല.

ഈ ചൂഷണത്തിന്റെ മറ്റൊരു ദോഷവശത്തെ കൂടി ചൂണ്ടികാണിക്കാനാണ് ഈ പോസ്റ്റ്. “ഫൈസി, നീയൊന്നു തിരിച്ചു ചിന്തിച്ചേ” എന്നു തിലകൻ കഥാപാത്രം സിനിമയിൽ പറയുന്നപോലെ, ഭീമമായ ടിക്കറ്റെടുത്ത് ഉത്സവസമയങ്ങളിലെത്തുന്ന ആയിരകണക്കിന് പ്രവാസികൾക്കുപരിയായി, ശരാശരി നിരക്കിൽ ലക്ഷങ്ങൾ നാട്ടിലൊഴുകിയെത്തിയാൽ ലഭിക്കുന്ന പ്രയോജനം എന്തായിരിക്കും? സ്വാഭാവികമായും കേരളം പോലൊരു കൺസ്യൂമർ സ്റ്റേറ്റിൽ, ഇവിടുത്തെ വസ്ത്രവ്യാപാരശാലകൾ, ജൂവലറികൾ, റെസ്റ്റോറന്റുകൾ, കാറ്ററിങ്, തിയേറ്ററുകൾ, മാളുകൾ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവക്ക് ഉണ്ടാകുന്ന വ്യപാരം എത്രയോ പതിന്മടങ്ങായിരിക്കും എന്നതിൽ ആർക്കും സംശയമുണ്ടാകാനിടയില്ല. മാത്രമല്ല, കോവിഡാനന്തര ലോകം കൂടുതൽ യാത്രകൾ ആഗ്രഹിക്കുന്നവരാണ്. ഇന്ത്യയുടെ ടൂറിസം മേഖലക്കും അത് വലിയ നേട്ടം തന്നെയാണ്.

ഉത്സവകാലത്തു അമിതറേറ്റ് അല്ല, മറിച്ചു യാത്രാഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചു പ്രവാസികളെയും അവരുടെ വിദേശസുഹൃത്തുക്കളെയും വരെ നാട്ടിലെത്തിക്കുന്ന തലത്തിൽ നമ്മുടെ ടൂറിസം മേഖല പദ്ധതികൾ നവീകരിക്കേണ്ടതുണ്ട്. (അതിനുപകരം നാലും അഞ്ചും ഇരട്ടി യാത്രാനിരക്ക് വർധിപ്പിച്ചു പ്രവാസികളെ അവരുടെ താമസ്ഥലത്തു ലീവ് എടുത്തുതുടരാൻ പ്രേരിപ്പിക്കുന്നത് ഭാവനാശൂന്യമായ ഏർപ്പാടാണ്). കൂടുതൽ വിമാന സർവീസുകൾ ലഭ്യമാക്കിയും, അയൽ സംസ്ഥാനങ്ങളിലെ എയർപോർട്ടുകളിൽനിന്നും ഇന്റർസിറ്റി ബസ് കണക്റ്റിവിറ്റിയുമായും മറ്റും സുഗമമായ യാത്രകൾ തരപ്പെടുത്തിയാൽ അതിന്റെ ആത്യന്തിക നേട്ടം കേരളത്തിനു തന്നെയാണ്. നിലവിൽ നമ്മുടെ റോഡിന്റെ അവസ്ഥയും, ഹർത്താൽ പോലുള്ള സാമൂഹ്യപ്രതിസന്ധികളും നമുക്കറിയാമെങ്കിൽ കൂടിയും, നേരത്തെ സൂചിപ്പിച്ച സാമ്പത്തിക പ്രയോജനം സർക്കാരിനും സമൂഹത്തിനും ലഭിക്കുമെങ്കിൽ നിഷ്പ്രയാസം ഈ പ്രശ്നങ്ങളും മറ്റു സാമൂഹ്യഅസ്വസ്ഥകളും പരിഹരിക്കപ്പെടും.

എന്നാൽ അത്തരം സാധ്യതകളുടെ, പ്രതീക്ഷയുടെ, വാതിലുകൾ, നിലവിൽ വിമാനകമ്പനികളുടെ അമിത ലാഭകൊതിയിൽ അടഞ്ഞുകിടക്കുകയാണ്. നമ്മുടെ സർക്കാരുകൾ മുൻകൈ എടുത്തു ഈ വ്യവസ്ഥിതിൽ മാറ്റം കൊണ്ടുവരാൻ ശ്രമിക്കുക… നന്ദി.

CATEGORIES

Articles

No responses yet

Leave a Reply

Your email address will not be published. Required fields are marked *