പ്രതികരണശേഷി വർധിപ്പിച്ചില്ലെങ്കിൽ…

അറിവ് നേടുക എന്നതിനേക്കാൾ ജോലി സാധ്യത വർധിപ്പിക്കുക എന്നതലത്തിൽ സിലബസുകൾ രൂപാന്തരപ്പെട്ടപ്പോൾ, സഹപാഠികൾ വരെ ആധുനിക വിദ്യാഭ്യാസരീതിയിൽ എതിരാളികളായി മാറ്റപ്പെട്ടു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സാഹചര്യത്തിൽ നിന്നും വരുന്ന സമർത്ഥരായ വിദ്യാർത്ഥികളെ തന്ത്രപൂർവ്വം ഈ ഓട്ടമത്സരത്തിൽ ഒഴിവാക്കാനുള്ള അതിസമ്പന്നരുടെ കുബുദ്ധിയാണ് ഇടത്തരം ക്യാമ്പസ്സുകളിലെ കലാലയ രാഷ്ട്രീയവും അതിന്റെ പേരിൽ അധ്യയന ദിനങ്ങൾ വിദ്യാർത്ഥികൾക്ക് മനഃപൂർവം നഷ്ടപ്പെടുത്തികൊണ്ടുള്ള സമരപരമ്പരകളുമെല്ലാം. അതിൽ നേതാവ് കളിക്കുന്ന സ്വാർത്ഥരൊക്കെ പിന്നീട് PSC റാങ്ക് ലിസ്റ്റിൽ ‘കയറിപ്പറ്റും’, അല്ലാത്തവർക്ക് തിരിച്ചറിവ് ഉദിക്കണമെങ്കിൽ വയസ് നാൽപതു കഴിയണം! ഈ വിദ്യാഭ്യാസ അപചയത്തെ മുതലെടുത്തുകൊണ്ടാണ്, ഇംഗ്ലീഷിൽ ഒരു പാരഗ്രാഫെങ്കിലും ഉപന്യാസം എഴുതാൻ അറിയാത്തവർ പോലും ഇംഗ്ലീഷ് പ്രൊഫസർമാരായും, അഭിഭാഷകരായും, വിദ്യാഭ്യാസമന്ത്രിമാരായിവരെ സ്വയം അവരോധിക്കപ്പെടുന്നതുമെല്ലാം!..

നമ്മുടെ വിഷയം അതല്ല. ഈ രാഷ്ട്രീയതെമ്മാടികൾ കലാലയത്തിൽ നിരപരാധികളോട് ചെയ്യുന്ന ക്രൂരതയാണ്. റാഗിംഗ് എന്ന പേരിൽ തങ്ങൾക്കു ഇഷ്ടമില്ലാത്തവരെ ഉത്മൂലനം ചെയ്യുന്ന ഭീകര പ്രവർത്തകർ ഈ കാലഘട്ടത്തിൽ ഇന്ത്യയിൽ ബാധ്യതയാണ്. സാധാരണ ക്രിമിനൽ കുറ്റകൃത്യങ്ങളെക്കാൾ ആൾക്കൂട്ടം നടത്തുന്ന ഇത്തരം വിചാരണ കൊലപാതകരീതികൾ ഒരു രാജ്യം തീർപ്പാക്കേണ്ടത് സൈനിക നടപടികളിലൂടെയാണ്. പക്ഷെ ‘ഹിറ്റ്ലറിന് മുന്നിൽ ഗാന്ധിസം‘ എന്ന മട്ടിൽ പഴയ തലമുറക്കാർ പിന്തുടർന്ന നിസ്സംഗതയിൽ നമുക്ക് നഷ്ടമായതു ഇന്ത്യയുടെ നല്ല ഭാവി വാഗ്ദാനങ്ങളെ കൂടിയാണ്. ഇനിയും ആ രീതി പിന്തുടരണോ എന്നതു ഇപ്പോഴത്തെ ഭരണാധികാരികളുടെ നിശ്ചയദാർഢ്യം പോലെയിരിക്കും.

സിദ്ധാർഥിന്റെത് ഒറ്റപെട്ട സംഭവമല്ല. ഇതെഴുതുമ്പോഴും ഒരുപാടു വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ ഇന്ത്യയിലെ വിവിധ ക്യാമ്പസ്സുകളിൽ ഈ നിമിഷത്തിലും അപമാനിതരായി കൊണ്ടിരിക്കുന്നുണ്ടാവും. എന്നാൽ അതിൽ ഒരുപരിധിവരെ അവരും കുറ്റക്കാരാണ്. കാരണം ഇത്രയും മനുഷ്യാവകാശം നിലനിൽക്കുന്ന കാലത്തിൽ, മീഡിയകളും സോഷ്യൽ മീഡിയകളും വിരൽ തുമ്പിൽ ലഭ്യമായ അവസരത്തിൽ, ഒരു ഫോണെടുത്തു വിളിച്ചാൽ ലോകത്തിന്റെ ഏതുകോണിലും എത്തിപ്പെടുന്ന ഈ സാങ്കേതിക യുഗത്തിൽ, തങ്ങൾ നേരിടുന്ന സമാനതകളില്ലാത്ത ക്രൂരത ചുരുങ്ങിയത് നാട്ടിലെ സുഹൃത്തുക്കളെയോ മാതാപിതാ, ബന്ധുജനങ്ങളെയോ അറിയിക്കുന്നില്ല എന്നത് അവരുടെ പിഴവ് തന്നെയാണ്. അവനവനു ആത്മധൈര്യം നഷ്ടപ്പെട്ടാൽ പിന്നെ അപരന്റെ വിധിയും പേറി ജീവിക്കുക എന്ന നരകത്തിൽ നിന്നും രക്ഷപ്പെടണമെങ്കിൽ ഒരുവൻ സ്വയം വിചാരിക്കുക തന്നെ വേണം. മറ്റുള്ളവന്റെ സ്വാതന്ത്ര്യം സ്വന്തം മൂക്കിൻ തുമ്പുവരെ മാത്രം, അതിനപ്പുറം ആത്മാഭിമാനം നഷ്ടപ്പെടുത്തിയുള്ള ഒരു കോംപ്രമൈസിനും ഒരാളും തയ്യാറാവരുത്. പലപ്പോഴും ഈ തലമുറ, പ്രത്യേകിച്ച് ആൺകുട്ടികൾ സൗഹൃദം നഷ്ടപ്പെടുമോ, താൻ ഒറ്റപ്പെട്ടു പോകുമോ എന്നെല്ലാം വൃഥാ ചിന്തിച്ചു ഏവരെയും സഹിച്ചു ജീവിക്കുന്നത് കാണാറുണ്ട്. മദ്യപാനവും തനിക്കിഷ്ടമില്ലാത്ത പല ശീലങ്ങളും ജീവിതത്തിലേക്ക് ക്ഷണിച്ചു വരുത്തുന്നത് ഈ ഭയത്തെ മറ്റുള്ളവർ മുതലെടുത്തുകൊണ്ടാണ്.

അതുകൊണ്ടു തന്നെ കൗമാരക്കാരോട് പറയാനുള്ളത്, തങ്ങൾ ഒറ്റക്കാണ് എന്ന ചിന്തയെല്ലാം ആദ്യമേ എടുത്തുകളയുക എന്നാണ്. ടീനേജ് കാലഘട്ടത്തിൽ സ്വന്തം മാതാപിതാക്കളെ തങ്ങളുടെ പ്രശ്നങ്ങൾ അറിയിച്ചു വിഷമിക്കേണ്ട എന്നൊക്കെ ഏവരും കരുതുമെങ്കിലും, നിങ്ങളുടെ മാതാപിതാക്കൾക്കു ഏതു പ്രശ്നത്തിലും പരിഹാരം കണ്ടെത്താൻ കഴിയും (എന്നാൽ സ്വന്തം കുടുംബത്തിലെ വിഷയങ്ങൾ മറ്റു സ്ഥലങ്ങളിൽ അനവസരത്തിൽ വിളമ്പാതിരിക്കുക എന്നതും ഈ കുടുംബക്കാർ ശ്രദ്ധിക്കണം, അതും ചിലയാളുകളുടെ ഒരു പ്രശ്നമാണ്‌‌). മറ്റൊന്ന് മാനസികമായി കരുത്തു നൽകുന്ന സെൽഫ് ഹെല്പ് കാറ്റഗറിയിൽ വരുന്ന പുസ്തകങ്ങൾ ജീവിതത്തിന്റെ ശീലമാക്കുക എന്നതുതന്നെയാണ്.

‘ഒരുവൻ സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയിട്ട് എന്തു നേടിയിട്ടെന്തു കാര്യം‘ എന്ന വചനം പോലെ, കൂടെയുള്ള ഒരു വിദ്യാർത്ഥി ഭക്ഷണവും വെള്ളവുമില്ലാതെ കെട്ടിയിട്ടു ക്രൂരമായി മർദ്ദനമേൽക്കുമ്പോൾ കാഴ്ചക്കാരായി നിൽക്കേണ്ടിവന്നവരെകൊണ്ടു ഈ ലോകത്തിനു എന്തു പ്രയോജനം? ’ചത്തതിനൊക്കുമെ ജീവിച്ചിരിക്കിലും‘ എന്നതാണ് അവരുടെ അവസ്ഥ. അവരിലാരെങ്കിലും ആദ്യമേ ഒരു പ്രതികരണം നടത്തിയിരുന്നെങ്കിൽ ഈ സിദ്ധാർഥ് രക്ഷപെടുമായിരുന്നു… നമുക്ക് ചുറ്റുമുള്ള പത്തോ നൂറോ പേർ കൂടെയില്ലെങ്കിൽ പോലും, ആയിരങ്ങൾക്കപ്പുറമുള്ള വൃത്തത്തിൽ നമ്മെ കേൾക്കാൻ ലക്ഷങ്ങൾ ഉണ്ടാവുന്നു എന്നതാണ് സോഷ്യൽ മീഡിയയുടെ ഒരു ഗുണം. (ഒരു കഥയുമില്ലാത്ത ‘തൊപ്പിക്കു’ പോലും ആരാധകരുണ്ട്!). ഇനിയൊരു റാഗിംഗ് സംഭവം ആവർത്തിക്കാതിരിക്കാൻ നിങ്ങൾക്ക് കഴിയേണ്ടത് സമയോചിതമായ ഇത്തരം ഇടപെടലോടെയായിരിക്കണം. വിവിധ മോഡലുകളുള്ള ഹിഡൻ ക്യാമറകൾ മാർക്കറ്റിൽ ലഭ്യമാണ്. സ്വന്തം അക്കൗണ്ടിൽ അല്ലെങ്കിൽ അനോണിമസ് ആയും മറ്റും സോഷ്യൽ വെബ് സൈറ്റുകളിൽ അവനവന്റെ കോളേജിൽ നടക്കുന്ന റാഗിംഗ് റിപ്പോർട്ട്‌ ചെയ്യാൻ ഓരോ വിദ്യാർത്ഥിയും തീരുമാനിച്ചു ഉറപ്പിച്ചാൽ, ദശാബ്‌ദങ്ങളായി തുടർന്നുവരുന്ന ഈ പ്രാകൃതരീതി ഈ വർഷം കൊണ്ടുതന്നെ അവസാനിപ്പിക്കാം. തീരുമാനമെടുക്കേണ്ടത് പക്ഷെ നിങ്ങൾ, വിദ്യാർത്ഥികൾ മാത്രമാണ്.

ഇനി ഭരണാധികാരികളോട്: കേരളത്തിലെ ക്രിമിനലുകൾക്ക് നിയമം എന്നു പറഞ്ഞാൽ പോലീസും കോടതിയുമാണ്. എന്നാൽ അതിനപ്പുറം ഒരു കൂട്ടരേ കൂടി കേരളത്തിന്റെ റോഡുകളിൽ പരിചയപ്പെടുത്തേണ്ടിയിരിക്കുന്നു-പട്ടാളം. ഇടക്കൊക്കെ ഒരു പരേഡും, സൈനിക അഭ്യാസങ്ങളും, തോക്കും, പീരങ്കിയും ഫൈറ്റർ ജെറ്റുമൊക്കെ മലയാളികളും ഒന്നു നേരിൽ കാണേണ്ടതാണ്. ജീവിതത്തിന്റെ മൂല്യത്തെക്കുറിച്ചും ഉത്തരവാദിത്തത്തെകുറിച്ചുമുള്ള ഒരു പുതിയ അവബോധം എല്ലാ കൗമാര-യുവാക്കളിലും വളർത്താനും അതിനു കഴിയും. നന്ദി.

CATEGORIES

Articles

No responses yet

Leave a Reply

Your email address will not be published. Required fields are marked *