പ്രണയം പകയായി ഒടുങ്ങുമ്പോൾ…

മനുഷ്യസഹജമായ വാസനകളൊക്കെ അനുഭവിക്കാൻ യോഗമുള്ളവർ ആസ്വദിക്കുക എന്നതാണ് പ്രണയത്തെകുറിച്ചുള്ള ഈയുള്ളവന്റെ കാഴ്ചപ്പാട്. (എല്ലാവരുടെയും ജീവിതസാഹചര്യവും മനോധൈര്യവും ഒരുപോലെയാകണമെന്നില്ല എന്നതാണു യോഗത്തിന്റെ പ്രയോഗാർത്ഥം!) ഒരു സ്നേഹബന്ധം തുടങ്ങി അതിലൂടെ നമ്മളിൽ വന്നുചേരുന്ന ഉന്മേഷവും, പ്രസരിപ്പും, സുരക്ഷിതത്വവും, കലാബോധവും, ലക്ഷ്യവുമെല്ലാം സ്വാഭാവികമായും വ്യക്തികൾക്ക് പുരോഗതി തന്നെയാണ്. സമയം കടന്നുപോകുമ്പോൾ, ചില നിർഭാഗ്യവാന്മാരുടെയെങ്കിലും ബന്ധത്തിൽ വിള്ളലുകൾ വരാം. ജാതിമത, സാമ്പത്തിക, യാഥാസ്ഥിക ചിന്തകൾ തീവ്രമായിരുന്ന പഴയ കാലത്തു ഭൂരിഭാഗം പ്രണയത്തിനും വിരഹദുഃഖം ഏൽക്കേണ്ടി വന്നിട്ടുമുണ്ട്…

വിരഹത്തിന്‍ ചൂടേറ്റു വാടിക്കൊഴിഞ്ഞു നീ
വിടപറയുന്നൊരാ നാളില്‍…

നിറയുന്ന കണ്ണുനീര്‍ത്തുള്ളിയില്‍ സ്വപ്നങ്ങള്‍
ചിറകറ്റു വീഴുമാ നാളില്‍…

മൗനത്തില്‍ മുങ്ങുമെന്‍ ഗദ്ഗദം മന്ത്രിക്കും
മംഗളം നേരുന്നു തോഴി…

ഒരു പ്രണയിനി നഷ്ടപ്പെട്ടാൽ ഹൃദയം നുറുങ്ങുന്ന വേദനയിലും അവൾക്കു ഭാവിമംഗളം ആശംസിക്കുന്ന പിന്നിട്ട തലമുറയുടെ സംസ്കാരത്തിന്റെ പരിച്ഛേദമാണ് “ഋതുഭേദകല്പന”യിൽ തുടങ്ങുന്ന ഈ വരികൾ. ആ പ്രണയങ്ങളൊന്നും വ്യക്തിയുടെ ശരീരത്തെയോ സമ്പത്തിനേയോ സ്നേഹിച്ചായിരുന്നില്ല, മറിച്ചു മനസ്സും ആത്മാവുമെല്ലാം ഇഴചേർന്ന ഒരു വിശുദ്ധത അവയ്ക്കുണ്ടായിരുന്നു. വ്യസനം ഉള്ളിലൊതുക്കി യാഥാർഥ്യബോധത്തോടെ ജീവിതത്തെ സമീപിച്ചു ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്, സാധ്യതകളിലേക്കു സഞ്ചരിക്കുന്നവരായിരുന്നു ഏറെയും.. പിൽക്കാലത്തു ‘അങ്കിളിനൊരു ടാറ്റ കൊടുക്കൂ മോനെ’ എന്നുപറഞ്ഞു പകരം വീട്ടിയ ആ കുസൃതിയെ പലരും പുഞ്ചിരിയോടെ നോക്കിക്കണ്ടവരുമാണ്!

എന്നാൽ ഈ മൊബൈൽ നൂറ്റാണ്ടിൽ ഹൃദയം തെരഞ്ഞെടുക്കുന്ന പ്രണയത്തെക്കാൾ, മസ്തിഷ്‌കം കൊണ്ടു അനുയോജ്യരായ പങ്കാളിയെ കണ്ടെത്തുന്നവരാണേറെയും. ജോലി, സൗന്ദര്യം, പണം, മെച്ചപ്പെട്ട ജീവിതശൈലി തുടങ്ങി ഡിമാന്റുകളാണ് അവരെ മുന്നോട്ടു നയിക്കുന്നത്; അതിൽ കുറ്റം പറയാനുമില്ല. കാരണം തികച്ചും ഉപഭോഗസംസ്കാരത്തിലാണ്, അതിന്റെ ലാഭ-നഷ്ട എക്സൽ ഷീറ്റുകളിലാണ് ഈ കാലഘട്ടം നീങ്ങുന്നത്. വികാരവും വിവേകവും സമന്വയിപ്പിച്ചുള്ള മനോഹരപ്രണയങ്ങൾ പുതുതലമുറയിൽ കാണുന്നുണ്ട്, അത് സഫലമാക്കി ജീവിതം നയിക്കുന്ന ഏറെപ്പേരുമുണ്ട്.

പൊതുവെ സാമൂഹ്യ സുരക്ഷയിൽ കൂടുതലായി ആകുലപ്പെടുന്ന പെൺകുട്ടികൾ, തങ്ങളുടെ പല ഇഷ്ടങ്ങളുടെയും തിരിച്ചറിവിലേക്കു മടങ്ങിവരുമ്പോൾ ബന്ധങ്ങൾ തുടരാനുള്ള വിമുഖത കാണിച്ചെന്നുവരാം. ചിലർക്കെങ്കിലും അത് മറ്റൊരു ഓപ്ഷൻ തെരെഞ്ഞെടുപ്പുമാകാം. (എന്തുതന്നെയായാലും നമ്മോട് ഒരാൾ നോ പറഞ്ഞാൽ ആ വഴി പിന്നീട് പോകാതിരിക്കലാണ് മാന്യമായ രീതി.) ഒരു വശത്തു ഇത്തരം ചിന്തകളും, മറുവശത്തു ആഗ്രഹിച്ചതെല്ലാം നേടിയെടുക്കണമെന്ന ദൃഢനിശ്ചയവുമായി ഇറങ്ങുന്ന വ്യക്തിയും കൂടിയാവുമ്പോൾ, അതിന്റെ ക്ലൈമാക്സ് സംഘർഷമാണ്. കുട്ടിക്കാലം മുതൽ മക്കളുടെ എല്ലാ വാശിക്കും വളംവച്ചു അവർ ആവശ്യപ്പെടുന്നതെന്തും വാങ്ങിച്ചു കൊടുത്തു ശീലിപ്പിച്ച മാതാപിതാക്കളുടെ മക്കൾ, പ്രണയത്തിന്റെ കാര്യത്തിലും അത്തരം പിടിവാശികൾ പിന്തുടരുമ്പോൾ ബലിയാടാവുന്നതു പലരുമാണ്. ഇഷ്ടപെട്ട പെൺകുട്ടി, പലകാരണങ്ങളാൽ പ്രണയം നിരസിച്ചാൽ ഉടനെ അവളെ മാരകായുധം കൊണ്ടും, പെട്രോളൊഴിച്ചും കത്തിക്കാനുള്ള തലത്തിലേക്ക് നമ്മുടെ ആൺകുട്ടികൾ മാനസികമായി അധഃപതിച്ചിരിക്കുന്നു. ഏതാനും വര്ഷങ്ങളായി പല സന്ദർഭങ്ങളിലായി ഇത്തരം പ്രവണത ഏറിവരുന്ന കേരളത്തിൽ, ഇന്നലെ ഈ ക്രൂരകൃത്യം ഒരു പടി കൂടി കടന്നു ഒരു കൂസലുമില്ലാതെ വിവാഹദിനത്തിൽ വധുവിനെ ആക്രമിക്കാനും, അവരുടെ അച്ഛനെ കൊലപ്പെടുത്താനും വരെ മടിയില്ലാത്തവരായിരിക്കുന്നു! എത്ര ഭീരുക്കളാണവർ!

എന്തും ചെയ്യാനുള്ള തലത്തിലേക്ക് ആളുകളെ പ്രേരിപ്പിക്കുന്നതിനു ആരാണ് ഉത്തരവാദി എന്ന് ചോദിച്ചാൽ സമൂഹം എന്ന് തന്നെ പറയേണ്ടി വരും..! ജീവിത തിരക്കുകൾക്കിടയിൽ മക്കൾക്കായി നല്ലൊരു സംസ്കാരം വളർത്തിയെടുക്കാൻ ശ്രമിക്കാത്ത മാതാപിതാക്കൾ ആദ്യ ഉത്തരവാദികളാണ്. ക്ഷണിക്കപ്പെടാത്ത അതിഥിയായി നമ്മുടെ വീടുകളിൽ തുടരുന്ന ടെലി’വിഷ’ത്തിലൂടെ ദൈനം ദിനം മനസ്സിൽ കുത്തിവയ്ക്കപ്പെടുന്ന വികലമായ സാമൂഹ്യ ബന്ധങ്ങൾ, കവലകൾ തോറും സുലഭമായ വിവിധങ്ങളായ ലഹരികൾ, ക്രൈം ത്രില്ലെർ എന്നപേരിൽ ക്രൂരകൃത്യദൃശ്യങ്ങളാൽ സാധാരണക്കാരെപോലും മാനസിക രോഗിയാക്കുന്ന മനുഷ്യത്വരഹിത സിനിമകൾ, സ്വന്തം രാഷ്ട്രീയപ്രവർത്തകനെ ഏതറ്റവും കടന്നു സംരക്ഷിക്കുന്നവർ, കൊലപാതകികൾക്കു സൗജന്യമായി വക്കാലത്തു ഏൽക്കുന്ന ആളൂരന്മാർ.. അങ്ങിനെ ഈ കണ്ണി നീളുകയാണ്.

ഈയൊരു യാഥാർഥ്യത്തെ ഉൾകൊണ്ടു സാമൂഹ്യനടപടികൾ സ്വീകരിക്കുകയും, കുറ്റവാളികൾക്ക് അന്താരാഷ്ട്ര രീതിയിൽ ആറു മാസത്തിനുള്ളിൽ തന്നെ വിചാരണ ചെയ്തു കഠിനമായി ശിക്ഷിക്കാനുമുള്ള തലത്തിൽ നമ്മുടെ നിയമവും ഭേദഗതി ചെയ്താൽ മാത്രമേ ഇതിനൊരു പരിഹാരം കുറിക്കുകയുള്ളു. അതല്ലെങ്കിൽ സാധാരണക്കാരായ ആളുകൾ നിയമം കയ്യിലെടുക്കേണ്ട തലത്തിൽ കാര്യങ്ങൾ മോശമായി നീങ്ങിയേക്കാം.

CATEGORIES

Articles

No responses yet

Leave a Reply

Your email address will not be published. Required fields are marked *