നമ്മുടെയൊക്കെ ഒരു “വിധി”!

”ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്”

ഇന്ത്യയിലെ ഒരു വക്കീലും, ഒരു കാലത്തും പട്ടിണി കിടക്കരുത് എന്നു കരുതിയാവാം, ഏതോ ഒരു സൂത്രക്കാരൻ ജഡ്ജ് നമ്മുടെ നിയമസംവിധാനത്തിനു ഇത്തരമൊരു ആപ്തവാക്യം കല്പിച്ചു കൊടുത്തത്! തീർച്ചയായും കുറ്റവാളികൾക്ക്, തങ്ങളുടെ എന്തും വിറ്റുപെറുക്കി രക്ഷപ്പെട്ടു വരാനുള്ള വഴിയായി പിന്നീടത് ഭവിച്ചു. ഇത്തരം ‘വലിയ ആദർശത്തിൽ’ പ്രവർത്തിക്കുന്ന നമ്മുടെ കോടതികളിൽ ഒരു കൊടും കുറ്റവാളിക്ക് എത്രമാത്രം പരിരക്ഷ കിട്ടും എന്നതിന്റെ ഒരു വലിയ ഉദാഹരണമായിരിക്കുകയാണ്, കേരളത്തെ നടുക്കിയ സൗമ്യ വധക്കേസിലെ സുപ്രീം കോടതിയുടെ അന്തിമവിധി!

ഒരു കോടതിയെ സംബന്ധിച്ചിടത്തോളം മനോഭാവങ്ങളല്ല തെളിവുകളാണ് പ്രാധാന്യം എന്നേവർക്കുമറിയാം.. എന്നിരുന്നാൽ കൂടിയും, ഈ സംഭവത്തിൽ സൗമ്യക്ക് പകരം ഒരു വിദേശവനിതയാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടെതെങ്കിൽ? അല്ലെങ്കിൽ ഒരു ന്യായാധിപന്റെ മകൾ, ചലച്ചിത്ര താരം, തുടങ്ങി വടക്കേ ഇന്ത്യയിലെ ഒരു മിഡിൽ ക്ലാസ് പെൺകുട്ടി തുടങ്ങിയവരാരെങ്കിലുമൊക്കെയാണ് ഇരകളെങ്കിൽ നമ്മുടെ പരമോന്നത കോടതിയുടെ വിധി മറ്റൊന്നായിരിക്കുമെന്നു ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാൻ സാധിക്കുകയില്ല, കാരണം അതിനെ സാധൂകരിക്കുന്ന കാര്യങ്ങളാണ് ഇന്നത്തെ ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്നത്. അധികാരം – സ്വാധീനം – പണം.. അതിന്റെ ഏറ്റക്കുറച്ചിലനുസരിച്ചു കാര്യങ്ങൾ തീർപ്പാക്കപ്പെടുന്നു.

സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു സർക്കാർ വണ്ടിയിൽ നിന്നും നിസ്സഹായയായ ഒരു പെൺകുട്ടിയെ തള്ളിയിട്ടു, അതിക്രൂരമായി ആക്രമിച്ചു, പിന്നീട് ആ പെൺകുട്ടി മരിക്കാൻ വരെ കാരണക്കാരനായ – നരാധമനായ ഒരു ഭിക്ഷക്കാരനെ കോടതി ആദ്യഘട്ടത്തിൽ വധശിക്ഷ വിധിച്ചെങ്കിലും, പിന്നീട് മറ്റാരുടെക്കെയോ പിന്തുണയോടെ ഈ ശിക്ഷയിൽ നിന്നും പുറത്തു വന്നെങ്കിൽ നാം ശരിക്കും ഭയക്കേണ്ടിയിരിക്കുന്നു. ട്രെയിനിൽ ഭിക്ഷ യാചിക്കുന്നവനടക്കം വൻ മാഫിയ ബന്ധങ്ങൾ ഉണ്ടെങ്കിൽ, അത് ചങ്കൂറ്റത്തോടെ അവർ നടപ്പാക്കുന്നെങ്കിൽ പിന്നെ ഈ ജനാധിപത്യ സംവിധാനങ്ങൾ ആർക്കുവേണ്ടിയാണ് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ കേസ് സുപ്രീം കോടതിയിൽ എത്തിയപ്പോൾ, നിർണായക തെളിവുകൾ ശേഖരിച്ചു സമർപ്പിക്കുന്നതിൽ പറ്റിയ ഒരു ‘പിഴവാണ്’ ഈ കൊടും കുറ്റവാളി അർഹിച്ച മരണശിക്ഷയിൽ നിന്നും ഒഴിവാക്കപ്പെടാനുള്ള കാരണമെന്നു വിശ്വസിക്കുന്നവരാണ് കേരളത്തിലെ സാമാന്യബുദ്ധിയുള്ള ജനങ്ങൾ. അതുകൊണ്ടു തന്നെ സർക്കാരിന്റെ അഭിഭാഷകന് ഇതിന്റെ ഉത്തരവാദിത്വത്തിൽ നിന്നും പെട്ടെന്ന് ഒഴിഞ്ഞുമാറാനാവില്ല, അദ്ദേഹം മറുപടി പറഞ്ഞേ പറ്റൂ.

ഇന്ത്യയിലെ സാധാരണക്കാരന്റെ പ്രതീകമാണ്, സൗമ്യയും കുടുംബവും.. പരിമിത സാഹചര്യങ്ങളിൽ കഴിയുന്ന, വലിയ സ്വാധീനശക്തിയൊന്നുമില്ലാത്ത, മത-രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ മിതത്വം പുലർത്തുന്ന, സർവോപരി അവനവന്റെ ദൈനംദിന പരിശ്രമങ്ങളിൽ ജീവിതം കരുപ്പിടിപ്പിക്കുന്ന ഓരോ ഇന്ത്യക്കാരനും ഈ കാലഘട്ടത്തിൽ പലവിധ വെല്ലുവിളികളുണ്ട്. അവരുടെ സമാധാന ജീവിതത്തിനു ഉറപ്പു നല്കാൻ സർക്കാരുകളില്ല, എന്നാൽ അവസരത്തെ മുതലെടുക്കുവാൻ രാഷ്ട്രീയ പാർട്ടികളുണ്ട്! എല്ലാവരുമായും സഹവർത്തിത്വം ആഗ്രഹിക്കുന്നവർക്ക് പോലീസ് സംരക്ഷണമില്ല, എന്നാൽ മതസംഘടനകളിൽ വർഗീയ വിഷം തുപ്പുന്നവർക്കു ആപേക്ഷികമെങ്കിലും സുരക്ഷിതത്വമുണ്ട്!.. പട്ടുമെത്ത പോലുള്ള റോഡുകളും, അംബരചുംബികളായ കെട്ടിടങ്ങളും മാത്രമല്ല വികസനം; എല്ലാ വിഭാഗം ജനങ്ങൾക്കും ഭയമില്ലാതെ ജീവിക്കാൻ കഴിയുന്ന സമാധാനപൂർണമായ അന്തരീക്ഷവും, ആയതിനുള്ള നിയമപരിരക്ഷകളുമായിരിക്കണം ഭരിക്കുന്നവർ ഉറപ്പു വരുത്തേണ്ടത്. എന്നാൽ ദൗർഭാഗ്യവശാൽ നമ്മുടെ ഭരണാധികാരികൾ, മാധ്യമങ്ങൾ തുടങ്ങിയവർ കേവലം രാഷ്ട്രീയ-നാടകങ്ങളിൽ മാത്രം അഭിരമിച്ചു നാടിൻറെ സമയം കളയുന്നവരായി മാറിയിരിക്കുന്നു.

സൗമ്യ എന്റെ നാട്ടുകാരിയായതുകൂടികൊണ്ടാകാം, ഈ അന്തിമവിധിയിൽ എനിക്കു ദുഃഖവും അമർഷവുമുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം നീതിപ്രസ്താവങ്ങൾ എന്നെ വൈകാരികമായി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്, മേലാൽ ഇത്തരം കുറ്റവാളികളെ നാട്ടുകാർ കയ്യോടെ പിടികൂടിയാൽ ഒരു ‘ജനകീയശിക്ഷ’ നടപ്പിലാക്കിയ ശേഷമേ ബന്ധപ്പെട്ടവർക്ക് കൈമാറൂ എന്നാണ്. സ്ത്രീകളെ ഉപദ്രവിക്കൽ, കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, മോഷണം തുടങ്ങി പരിപാടികളുമായി കേരളത്തിൽ സ്വൈരവിഹാരം നടത്തുന്നവർക്ക് ഇനി ഇതൊരു ദുരന്തഭൂമി തന്നെയായിരിക്കണം… ഒരു പ്രത്യേക സാമ്പത്തിക തലത്തിനു താഴെയുള്ളവർക്ക് തുല്യനീതിയും, പോലീസുമെല്ലാം നിഷേധിക്കപ്പെടുന്ന ഈ നാട്ടിൽ, നമ്മുടെ കോളനികൾ, റെസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവ കേന്ദ്രീകരിച്ചു, മത-രാഷ്ട്രീയ ഭേദമെന്യേ എല്ലാവരെയും ഉൾകൊള്ളിച്ചു പരസ്പര സുരക്ഷക്കായി സ്വയം സംഘടിക്കുക; അങ്ങിനെ മാത്രമേ നിലവിൽ സാധാരണക്കാരനു ഇത്തരം പ്രശ്നങ്ങളെ അതിജീവിക്കാൻ സാധിക്കുകയുള്ളു.

പരമോന്നത കോടതി ശിക്ഷിച്ചാലും ഇല്ലെങ്കിലും, കേരളത്തിന്റെ മനഃസാക്ഷി സൗമ്യയുടെ കുടുംബത്തോടൊപ്പമുണ്ട്. ഈ നാട്ടിലെ കാപട്യ വ്യവസ്ഥിതിയുടെ മറ്റൊരു ദുരന്തമായി ഈ വിധിയും അറിയപ്പെടും, ആ കുടുംബത്തിനു മുൻപിൽ ലജ്ജയോടെ തല കുനിക്കുന്നു.

CATEGORIES

Articles

No responses yet

Leave a Reply

Your email address will not be published. Required fields are marked *