നന്ദി പ്രിയ ധോണി…

നന്ദി പ്രിയ ധോണി, വിജയകുതിപ്പുകൾ ശീലമാക്കി ഞങ്ങളുടെ ആത്മവിശ്വാസം വളർത്തിയതിന്…

മുടിനീട്ടി വളർത്തിയ ഒരു വിക്കറ്റ് കീപ്പർ പൊടുന്നനെ ഒരു ടെർമിനേറ്റർ മോഡിലേക്കും, പിന്നെ ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സ്ഥിരം സ്ഥാനത്തേക്കും പ്രതിഷ്ഠിക്കപ്പെട്ട ഇന്നിങ്‌സ് ആയിരുന്നു 2005 ലെ ശ്രീലങ്കക്കെതിരെയുള്ള 183 റൺസ്. മറുപടി ബാറ്റിംഗ് ചെയ്ത വേളയിൽ സച്ചിന്റെ വിക്കറ്റ് നഷ്ടപ്പെട്ടതിനു ശേഷം മൂന്നാമനായി ഇറങ്ങിയാണ് അന്ന് ധോണി ആ നേട്ടം (ഗാംഗുലിയോടൊപ്പം പങ്കുവച്ച ഇന്ത്യക്കാരന്റെ രണ്ടാമത്തെ ഉയർന്ന സ്കോർ) കൊയ്തത്. വിക്കറ്റ് കീപ്പിങ്ങിൽ സ്ഥിരതയില്ലാത്ത കളിക്കാർ ഇല്ലാത്ത ആ കാലത്തു ഇന്ത്യൻ ടീമിന്, ഒരു ഗിൽ ക്രിസ്ററ് മോഡൽ ബാറ്റ്സ്മാനെ കൂടി ബോണസായി അന്ന് മുതൽ ലഭിക്കുകയായിരുന്നു.

പൊതുവെ മത്സരത്തിന്റെ ടെൻഷൻ മുഖത്തു പ്രതിഫലിക്കുന്ന അന്നത്തെ ഇന്ത്യൻ താരങ്ങളിൽ നിന്നും വിഭിന്നമായി ഏതു അവസ്ഥയിലും ഒരു മിസ്റ്റർ കൂൾ ഭാവം നിലനിർത്താൻ കഴിയുമായിരുന്നത് ധോണിയുടെ അസാമാന്യ കഴിവ് തന്നെയാണ്. ആ ഒരു ഗുണമാണ് 2007 ൽ ആദ്യമായി അവതരിക്കപ്പെട്ട 20 -20 പരീക്ഷണ ക്രിക്കറ്റിലെ, ആദ്യത്തെ ലോകകപ്പിലെ ക്യാപ്റ്റൻ സ്ഥാനത്തേക്കു അദ്ദേഹത്തെ തെരഞ്ഞെടുക്കാനുള്ള പ്രേരണയും. സൂപ്പർ താരങ്ങൾക്കെല്ലാം വിശ്രമം അനുവദിച്ച ബിസിസിഐ, ധോണിക്ക് യുവരക്തങ്ങളുടെ ഒരു കൂട്ടത്തെ നൽകി, അവരാകട്ടെ കപ്പെടുത്തു ചരിത്രം കുറിച്ചാണ് മടങ്ങിയതും. ആ നേട്ടത്തോടെ അദ്ദേഹത്തിന്റെ ക്യാപ്റ്റൻസി ലോകം അംഗീകരിച്ചു. ലോക റാങ്കിങ്ങിൽ മൂന്നും നാലും സ്ഥാനങ്ങളിൽ എന്നും ലിസ്റ്റ് ചെയ്യപ്പെട്ടിരുന്ന ഇന്ത്യൻ ടീം, പിന്നീട് ചരിത്രത്തിലാദ്യമായി ടെസ്റ്റിലും, ഏകദിനത്തിലും 20-20 യിലുമെല്ലാം ഒന്നാം സ്ഥാനത്തേക്ക് കുതിക്കപ്പെട്ടു; അല്ലെങ്കിൽ അദ്ദേഹം അതിലേക്കു നയിച്ചു. വ്യക്തിഗത ഇന്നിങ്സിൽ അധിഷ്ഠിതമായ, അല്ലെങ്കിൽ ആരാധകരാൽ സൂപ്പർ താരങ്ങളായ പല കളിക്കാർക്കും – സെവാഗ്, സൗരവ്, ദ്രാവിഡ് തുടങ്ങിയവർക്കെല്ലാം മികച്ച പ്രകടനം പുറത്തെടുത്തില്ലെങ്കിൽ ടീമിന് പുറത്ത്, എന്നൊരു തലത്തിൽ ആ ക്യാപ്റ്റൻസി വളർന്നു. ആരാധകർക്ക് ഒരു പക്ഷെ ഉൾകൊള്ളാൻ കഴിയാത്ത നടപടികളാണെങ്കിൽ പോലും ടീമിന്റെ വിജയം മാത്രം നിഷ്കർഷിക്കുന്ന വ്യക്തിയായതിനാൽ ആരും പരസ്യമായി പ്രതികരിക്കാൻ മുതിർന്നിരുന്നില്ല. മറ്റൊരു തലത്തിൽ, ആ പ്രൊഫഷണലിസത്തിനു മുൻപിൽ ആൾ ദൈവങ്ങൾ അപ്രസക്തരായി പിന്നീട് മാറുകയായിരുന്നു.

എന്നാൽ പതിയെ ക്രിക്കറ്റ്, ഏകദിന മത്സരങ്ങളിൽ നിന്നും 20 -20 യിലേക്കും, പിന്നെ ഐപിഎൽ പോലുള്ള ഗ്ലാമർ പ്രകടനങ്ങളിലേക്കും വഴിമാറി പോയപ്പോൾ, സ്ട്രൈക്ക് റേറ്റ് മാത്രമായി കളിക്കാരുടെ പ്രകടന മാനദണ്ഡം! അവിടെയും ധോണി മോശമായില്ല. സിനിമകളിലെ ആവേശമുണർത്തുന്ന രംഗങ്ങളെപോലെ, അവസാന ഓവറുകളിൽ സിക്സറുകൾ പ്രവഹിപ്പിച്ചു പതിനഞ്ചും, ഇരുപതും റൺസ് എടുത്തു കളി അവിശ്വസനീയമായ ശൈലിയിൽ അവസാനിപ്പിക്കുന്ന എത്രയോ നിമിഷങ്ങൾ, മത്സരങ്ങൾ നാം കണ്ടുകഴിഞ്ഞു. ട്രേഡ് മാർക്ക് എന്നു വിശേഷിപ്പിക്കാവുന്ന ഹെലികോപ്ടർ ഷോട്ട്, ഇന്നും ഒരു അതിശയം തന്നെയാണ്. മറ്റൊരു അത്ഭുതകാര്യം, അദ്ദേഹത്തിന്റെ സ്റ്റമ്പിങ്ങിലെ ടൈമിംഗ് ആണ്. എത്ര ചടുലമായാണ് അദ്ദേഹം കളിക്കാരെ പുറത്താക്കുന്നത്! സെക്കന്റിന്റെ അംശം കൊണ്ട് സംഭവിക്കുന്ന വേളയിൽ, തേർഡ് അമ്പയർ തീരുമാനിയ്ക്കുന്നതിനു മുൻപ് തന്നെ തന്റെ കഴിവിൽ ആത്മവിശ്വാസം തുളുമ്പുന്ന ആ മുഖവും നാം എത്രയോ തവണ കണ്ടിട്ടുണ്ട്.

ഇന്റർനെറ്റ് മായാലോകം തീർക്കുന്ന ഈ 4G കാലത്തിൽ, ഒരു 20-20 മത്സരം കാണാൻ പോലും നമുക്ക് സമയമില്ല എന്ന് തോന്നാറുണ്ട്. അതല്ലെങ്കിൽ ഈ കളിയിൽ ഇനി ഒന്നുമില്ല എന്നൊരു തോന്നലാണോ (ഒരു ഓവറിൽ ആറു വിക്കറ്റ് കണ്ടിട്ടില്ല) എന്നറിയില്ല, ഇപ്പോഴത്തെ പല കളിക്കാരുടെ പേര് പോലും അറിയില്ല എന്നതാണ് ഈയുള്ളവന്റെ കാര്യം. ചെറുപ്പം മുതൽ ഇതിഹാസങ്ങൾ എന്നു തോന്നിയിട്ടുള്ള ചില ഇന്ത്യൻ കളിക്കാരുണ്ട്. സുനിൽ ഗാവസ്‌കർ, കപിൽ ദേവ്, അസ്ഹറുദിൻ, സച്ചിൻ, ഗാംഗുലി, ദ്രാവിഡ്, സെവാഗ് യുവരാജ്, അങ്ങിനെ… ആ ഗണത്തിൽ പെടുത്താവുന്ന ഒരു വലിയ താരം തന്നെയാണ് മഹേന്ദ്രസിംഗ് ധോണിയും. (പിന്നെ രോഹിതും, കോഹ്‌ലിയും) അതോടൊപ്പം തന്നെ പറയട്ടെ, ഒരു കളിക്കാരൻ എന്നതിലപ്പുറം ഒരു ആരാധനാപാത്രമാകാൻ / ആൾദൈവമാകാൻ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്നു തോന്നിയിട്ടുണ്ട്. ആരെയും കൂസാക്കാത്ത, എന്നാൽ ജാടയില്ലാത്ത ഒരു ഉൾവലിഞ്ഞ പ്രകൃതം. എന്നാൽ സ്വന്തം കർമ്മത്തിൽ അഗ്രഗണ്യനും, അതാണ് ഞാൻ മനസ്സിലാക്കുന്ന ധോണി.. അദ്ദേഹത്തിന് ഭാവി ജീവിത ആശംസകൾ.

ഒരു ഇന്റർവ്യൂ വേളയിൽ സുനിൽ ഗാവസ്‌കർ മറുപടി പറഞ്ഞത്, താൻ മരണകിടക്കയിൽ കാണാനാഗ്രഹിക്കുന്ന ക്രിക്കറ്റ് നിമിഷം, 2011 വേൾഡ് കപ്പ് ഫൈനലിലെ, ധോണിയുടെ വിന്നിങ് സിക്സർ ആണെന്നാണ്. ഒരു പക്ഷെ ഈ കാലഘട്ടത്തിലെ എല്ലാ ഇന്ത്യക്കാർക്കും അഭിമാനത്തോടെ സ്മരിക്കാവുന്ന ആ ഒരു വലിയ നേട്ടം, ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തിനു സമ്മാനിച്ച ഇതിഹാസ നായകാ, നന്ദി… ഭാവുകങ്ങൾ, എല്ലാവിധ നന്മകളും നേരുന്നു.

CATEGORIES

Articles

No responses yet

Leave a Reply

Your email address will not be published. Required fields are marked *