ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ…

അതിദാരുണമായ കാഴ്ചകൾ കൊണ്ടു മരവിച്ചിരിക്കുന്ന മനസ്സുമായാണ് ഈ ദിനങ്ങളിൽ ഓരോ മലയാളിയും കടന്നുപോകുന്നത്. കേരളത്തിൽ ഇത്രയും ക്രൂരമായ പ്രകൃതിക്ഷോഭമൊന്നും ഈ തലമുറ കണ്ടിട്ടില്ല. എന്നാൽ പരിസ്ഥിതിലോല പ്രദേശത്തെ അപകടത്തെകുറിച്ചുള്ള മുൻകൂട്ടി മുന്നറിയിപ്പുകൾ ഉണ്ടായിട്ടും കൃത്യമായ നടപടികൾ നാം ചെയ്തിരുന്നില്ല എന്ന യാഥാർഥ്യത്തെ കാണാതെ പോകുകയുമരുത്.

ഒരു ദുരന്തം സംഭവിച്ചാൽ, അടിയന്തിരമായി സർക്കാർ ഇടപെടലുകളും സാമൂഹ്യ മനസ്സുകളുടെ നിർലോഭ പിന്തുണയും കൊണ്ടു ലോകത്തെ അതിശയിപ്പിക്കുന്ന നമുക്ക് എന്തുകൊണ്ട് മുൻകൂറായി പ്രതിവിധികൾ എടുത്തുകൂടാ എന്നതാണു ഈ പോസ്റ്റിന്റെ ഉള്ളടക്കം. ജനത ഒറ്റക്കെട്ടായി ദുരന്തബാധിതർക്ക് പിന്തുണ നൽകുന്നത് ശ്ലാഘനീയ പ്രവർത്തിയാണെങ്കിൽ കൂടിയും, തങ്ങളെ ചൂഷണം ചെയ്യുന്നവർക്കു നേരെ പ്രതികരിക്കാൻ ശേഷിയില്ലാതെ, എല്ലാം വിധിയെന്നു കരുതുന്നവന്റെ ബുദ്ധിശൂന്യതയും നമ്മുടെ സമൂഹത്തിനുണ്ട്; അതൊരു വിവേകമുള്ള സമീപനമല്ല.

നന്നായി മഴ പെയ്താൽ മേൽമണ്ണ് ഒഴുകാനും, മണ്ണും പാറകളും തമ്മിലുള്ള ഉറപ്പു നഷ്ടമായി ഉരുൾപൊട്ടലുകൾക്കും സാധ്യതയുള്ള പരിസ്ഥിതിലോല പ്രദേശങ്ങളിൽ, കാര്യലാഭങ്ങൾക്കായി കുടിയേറ്റം സാധ്യമാക്കികൊടുത്ത ദീർഘവീക്ഷണമില്ലാത്തവരുടെ അബദ്ധങ്ങളുടെ ഇരകളാണ് ഒരു രാത്രിയിൽ അസ്തമിച്ചവർ. അത്തരം പ്രദേശങ്ങൾ, അതുപോലെ കാലാവധി പിന്നിട്ട അണക്കെട്ടുകൾ ഇനിയും കേരളത്തിൽ ഏറെയുണ്ട്.

നാം ഇനിയെങ്കിലും പരിസ്ഥിതി ദുർബല പ്രദേശങ്ങളുടെ ഒരു ഭൂമിശാസ്ത്രമാപ്പിങ് പൂർത്തിയാക്കി, അവിടങ്ങളിലെ ജനങ്ങൾക്ക്‌ ഒരു ബോധവൽക്കരണത്തിലൂടെ, സർക്കാർ നിർമിത ഫ്ലാറ്റുകളിലേക്കോ മറ്റൊ ഒരു സുരക്ഷിത സൗകര്യം ഏർപ്പെടുത്തേണ്ടതാണ്. കൂടാതെ മുൻകാലത്തെ അപേക്ഷിച്ചു മൺസൂൺ വേളകൾ ഓരോ വർഷവും പ്രളയസാഹചര്യം സൃഷ്ടിക്കുന്നതിനാൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന-പ്രത്യേകിച്ചു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും കൂടുതൽ സുരക്ഷിതത്വവും, മികച്ച സാനിറ്ററി സംവിധാനങ്ങളും, വൈദ്യുതിയും ഏർപ്പെടുത്തേണ്ടതും ഈ കാലത്തിന്റെ അനിവാര്യതയായി മാറിയിരിക്കുന്നു. ഇനി ഇത്തരത്തിലൊരു പ്രകൃതിക്ഷോഭം, ഒരു ദുരന്തമായി നമുക്കു ഭവിക്കാതിരിക്കട്ടെ.

CATEGORIES

Articles

No responses yet

Leave a Reply

Your email address will not be published. Required fields are marked *