തുണിക്കടയിലെ പെൺകുട്ടി.

തുണിക്കടയിലെ പെൺകുട്ടി.

തെരുവിലെ കടകളിലെല്ലാം അത്യാവശ്യം തിരക്കുണ്ട്, അടുത്താഴ്ച ഓണമാണല്ലോ. ഞാനും കൂട്ടുകാരനും ആ ഒഴുക്കിലൂടെ മെല്ലെ നടന്നു. വലിയ വാഹനങ്ങളുടെ ബഹളമില്ലാത്തതിനാൽ റോഡ്‌ മുഴുവനായി തന്നെ ആളുകൾ കൈവശപ്പെടുത്തിയിട്ടുണ്ട്. ഹൽവകൾക്കും, തുണിത്തരങ്ങൾക്കും പേരുകേട്ട മിഠായിതെരുവിലെ വീഥികളിൽ അങ്ങിങ്ങായി വഴിയോരക്കച്ചവടങ്ങളും പൊടിപൊടിക്കുന്നുണ്ട്..

ഡിസ്‌കൗണ്ട് സെയിൽസ് നടക്കുന്ന രണ്ടു കടകളിൽ ഞങ്ങൾ കയറി. സുഹൃത്തിന്റെ അമ്മക്ക് ഒരു സാരി എടുക്കണം.. കുറെ ഡ്രെസ്സുകൾ വാരി വലിച്ചു സമയം കളഞ്ഞതല്ലാതെ അവനിഷ്ടപ്പെട്ടതൊന്നും കിട്ടിയില്ല. എനിക്കാണെകിൽ ഇത്ര മെനെക്കെടാനുള്ള ക്ഷമയൊന്നുമില്ല; അത് അവനറിയുകയും ചെയ്യാം. മുൻപൊരിക്കൽ ഞാനതു പറഞ്ഞപ്പോൾ വിദ്വാൻ പറഞ്ഞത് ഇതാണ്..

“ഭായ്, കസ്റ്റമർ ഈസ് കിംഗ്! നമ്മുടെ പണം.. അത് ചെലവാക്കുന്നതിനുമുന്പ് എത്ര സമയമെടുത്താലും ഒരു പ്രശ്നോല്ല…” ഞാനതിൽ പിന്നെ ഇക്കാര്യങ്ങളിൽ തർക്കിക്കാറില്ല.

ടോപ്‌മോസ്റ്റിനു അടുത്തെത്തിയപ്പോൾ ഏതോ കടയിൽ നിന്നും പുതിയ ഗാനം മുഴങ്ങി.. കേട്ടപാതി അവൻ താളം പിടിച്ചു തുടങ്ങി…

വച്ചവച്ചാവോ… വാച്ച വാച്ച
തപ്പു തപ്പു തപ്പു…

ജയരാജിന്റെ പുതിയ പടത്തിലെ പാട്ടാണ്, ഇപ്പൊ എല്ലായിടത്തും ഇതാണ് ട്രെൻഡ്. ഒരേ പാട്ടു തന്നെ ആവർത്തിച്ചു കേട്ട് എനിക്കും ഈ ലജ്ജാവതിയെ ഇഷ്ടമായിരിക്കുന്നു!

ആ ഗാനത്തിന്റെ അലയിൽ ഞങ്ങളങ്ങനെ വീണ്ടും ഒഴുകിനടന്നു.. പെട്ടെന്ന് അടുത്തുള്ള ഒരു ചെറിയ ഷോപ്പിലേക്ക് ഞങ്ങൾ കയറി. ഉള്ളിൽ തിരക്കൊന്നും കണ്ടില്ല, ഡിസ്‌കൗണ്ട് ഓഫറുകൾ ഇല്ലാത്തതാവാം..

“സാർ, സാരിയാണോ നോക്കുന്നത്?”
അല്പം പ്രായമുള്ള ഒരു ചേച്ചി ഞങ്ങളോടായി ചോദിച്ചു..

-അതെ, നോക്കട്ടെ…

നിമിഷങ്ങൾക്കകം ഒരു അഞ്ചെട്ടെണ്ണം ഞങ്ങളുടെ മുന്നിൽ നിവർന്നു.. എനിക്കാകട്ടെ ഈ വിഷയത്തിൽ ഒരു നിറം പോലും നോക്കാൻ അറിയില്ല. അമ്മക്കുള്ള സാരി, അമ്മ തന്നെ എടുക്കാറാണ് പതിവ്.

സുഹൃത്ത് തന്റെ പതിവ് തുടർന്നു… വിലകൂടിയ സാരികളൊക്കെ വലിച്ചു തളർന്നിട്ടാവണം ഒടുവിൽ അവർ ചോദിച്ചു..

“സാർ റേറ്റ് എത്രയാണ് നോക്കുന്നത്?..”

-ഒരു 300-500 — ആ റേഞ്ചിൽ…

എടാ പഹയാ, നിനക്കിതു നേരത്തെ പറയാമായിരുന്നില്ലേ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.. വാരി വലിച്ചിട്ടവയെല്ലാം ആയിരത്തിനു മുകളിലുള്ളതാണ്! പക്ഷെ മിണ്ടിയില്ല. കസ്റ്റമർ, രാജാവാണല്ലോ…

വീണ്ടും ലവൻ തെരച്ചിൽ തുടർന്നു.. എനിക്കു ബോറടിച്ചപ്പോൾ അപ്പുറത്തെ സീറ്റിൽ മുഖം താഴ്ത്തിയിരിക്കുന്ന ഒരു പെൺകുട്ടിയെ ശ്രദ്ധിച്ചു. അതൊരു അസാധാരണ കാഴ്ചയാണ്.. സാധാരണ സെയിൽസ് പെൺകുട്ടികൾ എല്ലായ്‌പോഴും പ്രസന്നവദരായി നിൽക്കുന്നതെ കണ്ടിട്ടുള്ളു. പാവം എന്തെകിലും വയ്യായ്ക ഉണ്ടായിരിക്കാം…

“ഭായ്, മതി നമുക്ക് പോകാം…
ഞാൻ ഉദ്ദേശിച്ച കളർ ഇവിടെയില്ല..”
കൂട്ടുകാരൻ പറഞ്ഞു…

-സാർ, ഏതു കളറാണ് വേണ്ടത്?
ആ സ്ത്രീ, ഞങ്ങളോടായ് ചോദിച്ചു..

“അല്ല, അത്… ഈ മെറ്റീരിയൽ വല്യ സുഖല്യ..”
ഓക്കേ, പൂവാം…

എന്തോ എനിക്കതു പറ്റിയില്ല. കുറച്ചു ദിവസമായി ഒരു പാന്റ് നോക്കണമെന്നുണ്ടായിരുന്നു. അത് ഇനി ഇവിടുന്നാവാം..

-ഇവിടെ പാന്റ് പീസുണ്ടോ?

“ഉവ്വ് സാർ,
മോളെ അതൊന്നു കാണിക്കൂ..” അവർ ആ പെണ്കുട്ടിയോടായ് പറഞ്ഞു..

–ചങ്ങായി, പാന്റ് നോക്കാനാണെകിൽ നമുക്ക് വേറെ പോവാം..
ലവൻ വീണ്ടും പറഞ്ഞു..

-എന്തായാലും നോക്കാം..ഞാൻ പറഞ്ഞു..

“സാർ, ഏതു കളറാണ്?

-ഡാർക്ക് ഗ്രേ മതി, മാക്സിമം ഒരു മുന്നൂറു രൂപ റേഞ്ചിൽ..

ആ പെൺകുട്ടി മൂന്ന് നാലെണ്ണം പലയിടങ്ങളിൽ നിന്നായി തെരഞ്ഞെടുത്തു.

ഞാനപ്പോൾ ആ കുട്ടിയെ ശ്രദ്ധിച്ചു.. ഒരു പതിനേഴു, പതിനെട്ട് വയസ്സിനടുത്തു പ്രായം.. മുഖത്തു ചൈതന്യമുണ്ടെകിലും കയ്യിലെ എല്ലുകൾ പുറത്തു ദൃശ്യമാണ്. പേരിനു മാത്രം ചെറിയ ആഭരണങ്ങൾ.

സാർ, ഇതു നോക്കിക്കോളൂ…

എനിക്കിഷ്ടപ്പെട്ട ഒരു കളർ എടുക്കാൻ അധികം താമസിച്ചില്ല, മീറ്ററിൽ അളവ് പറഞ്ഞു തിരികെ കൗണ്ടറിൽ എത്തിയപ്പോഴും സാരി മടക്കികൊണ്ടിരുന്ന ചേച്ചിയെ കണ്ടു.

-ങ്ങക്ക് വല്ല കാറ്റുണ്ടോ ഭായ്.. ഇതൊക്കെ ബ്രാൻഡഡ് വാങ്ങിക്കണ്ടേ?
പുറത്തിറങ്ങിയതും കൂട്ടുകാരൻ ചോദിച്ചു..

“എപ്പഴും ബ്രാൻഡ് മാത്രം നോക്കിയാൽ ശരിയാവില്ല ചങ്ങായ്. ഇടക്ക് ഇവർക്കും ജീവിക്കണ്ടേ..
എന്റെ ഫിലോസഫി പതിവുപോലെ എടുത്തിട്ടു.

-അതൊന്നുമല്ല മാഷെ, ങ്ങളാ പെൺകുട്ടിയെ ഇടക്ക് നോക്കുന്നത് ഞാൻ കണ്ടിട്ട്ണ്ടായിരുന്നു. അതിനെ പഞ്ചാരയടിക്കാനല്ലേ ഈ പൈസേം കളഞ്ഞു പാന്റ് വാങ്ങിച്ചത്? ഉം നടക്കട്ടെ, നടക്കട്ടെ…” ഒരു ഗൂഢസ്മിതത്തിൽ അവൻ തോളിലടിച്ചു പറഞ്ഞു..

“പഞ്ചാര! കുറച്ചു ഹോര്ലിക്‌സാ കൊടുക്കേണ്ടത്! ഇതെന്താ മുകേഷിന്റെ സിനിമയോ? ഒരു പെൺകുട്ടിയെ കടയിൽ കാണുന്നു, റോഡിൽ കാണുന്നു, ബസിൽ കാണുന്നു, ഉടനെ അങ്ങൊരു പ്രേമം തുടങ്ങുന്നു! പിന്നെ കല്യാണം.. കമോൺ മാൻ!..

ആ വിഷയം തത്കാലം അവസാനിപ്പിച്ചു, നടത്തം തുടർന്നു.

“അതേയ് ഞാൻ പാളയത്തേക്കു പോവാണ്, ങ്ങള് അങ്ങോട്ടേക്ക് വരുന്നുണ്ടോ?”
സുഹൃത്ത് ചോദിച്ചു..

-ഇല്ലെടാ, നീ വിട്ടോ.. ഞാനൊന്നു ലൈബ്രറി പോയി നേരെ റൂമിലേക്ക്‌ പോകും.

നടത്തം ഒറ്റക്കായപ്പോൾ ചിന്തകളും ഉണർന്നു. ഉന്മേഷമില്ലാത്ത പെൺകുട്ടിയുടെ മുഖം വീണ്ടും കടന്നുവന്നു. ചെറുപ്രായത്തിലുള്ള അത്തരം കുട്ടികളെ പലയിടത്തും കണ്ടിട്ടുണ്ട്. സൂപ്പർമാർക്കറ്റുകളിൽ, ബുക്ക് ഷോപ്പുകളിൽ, പിന്നെ ഇതുപോലുള്ള തുണിക്കടകളിൽ…

പഠിക്കേണ്ട പ്രായമാണത്… ജീവിതമെന്ന യാഥാർഥ്യത്തിൽ, വീട്ടിലെ സാമ്പത്തിക മോശം ചുറ്റുപാടുകൾ പിടിമുറുക്കുമ്പോൾ ആ സ്വപ്നങ്ങൾ അവസാനിക്കുന്നു. വർണ്ണങ്ങളിൽ തുടിക്കേണ്ട മനസ്സുകളിൽ ചെറുപ്രായത്തിൽ തന്നെ പ്രാരാബ്‌ധങ്ങൾ കീഴടക്കുന്നു. മാസാവസാനം കിട്ടുന്ന തുച്ഛവേതനത്തിൽ, ബസിന്റെ കൂലികഴിഞ്ഞു ബാക്കിവയ്ക്കുന്ന തുക ചിലപ്പോൾ വീട്ടുകാരുടെ ചികിത്സക്ക്, അല്ലെങ്കിൽ കൊള്ള പലിശക്കാരന്റെ അടവുകളിലേക്ക്.. അതിനിടയിലും ചെറിയൊരു ജീവിതം കെട്ടിപ്പടുക്കുവാനുള്ള സ്വരൂപങ്ങളിലേക്കുള്ള ചില ചില്ലറ നീക്കിയിരിപ്പുകൾ. ഒടുവിൽ മാതാപിതാക്കൾ നിശ്ചയിക്കുന്നൊരുവന് മുന്നിൽ കഴുത്തു നീട്ടാൻ മാത്രമായി ഒരു പരീക്ഷണ ജീവിതം!

കൂടെ പഠിച്ചവരെ കാണുമ്പോൾ അപകർഷതകൊണ്ടുൾവലിയുന്ന ആ പെൺരൂപങ്ങളെ പലയിടത്തും കണ്ടിട്ടുണ്ട്. ബസ്‌സ്റ്റോപ്പുകളിൽ ആളുകളിൽ നിന്നകന്നുമാറി ദൂരെ മിഴിനട്ട്, നിറപ്പകിട്ടുകളില്ലാത്ത വസ്ത്രങ്ങളിൽ തന്റെ വിധികളിൽ തൃപ്തരായി തന്നെ ജീവിതം മുന്നോട്ടുപോകുന്ന അഭിമാനികളെ മാറിനിന്നു നോക്കിയിട്ടുണ്ട്; ആദരവോടെ തന്നെ… വിലകൂടിയ ചുരിദാറുകൾ ധരിച്ച, വിടർന്ന മിഴികളോടെ ആകർഷമായി സംസാരിക്കുന്ന സുന്ദരികുട്ടികളോടുള്ള എന്റെ സ്ഥിരം പരിഭ്രമമൊന്നും ഇവരോട് തോന്നാറില്ല. കാരണം ചില കോണിലെങ്കിലും ഞാനും ആ കൂട്ടത്തിൽ പെടുന്നവനാണ്; പൊരുതിവന്നൊരു ബാല്യവും കൗമാരവും എനിക്കുമുണ്ട്. ഓരോ ദിനവും കുടുംബപ്രാരാബ്‌ധങ്ങളുടെ അതിജീവനത്തിനായി തത്രപ്പാടുക എന്നതല്ലാതെ അത്തരക്കാർക്കൊക്കെ എന്തു നിറപ്പകിട്ടുള്ള സ്വപ്‌നങ്ങൾ? എന്തു പ്രണയം?

മാനാഞ്ചിറയുടെ മടിത്തട്ടിലേക്കെന്നവണ്ണം ചാഞ്ഞുകിടക്കുന്ന മരത്തണലുകൾക്കുതാഴെ, പച്ചനിറമുള്ള ബസുകൾ വന്നും പോയുമിരുന്നു. അടുത്തെ ജ്യൂസ് ഷോപ്പുകളിൽ നിന്നുള്ള പേരക്കയുടെയുടെയും മാമ്പഴത്തിന്റെയും ഗന്ധമുള്ള ആ അന്തരീക്ഷത്തിൽ, ഏതോ ഒരു സഹൃദയൻ വച്ചൊരു ദാസേട്ടന്റെ പഴയൊരു ഹിന്ദിഗാനം കൂടുതൽ ഹൃദ്യമായി തോന്നി…

മിത്വവ, മേരെ ആ തു ഭീ സീഖ് ലെ… സപ്നെ ദേഖ് നാ.. സപ്ന
ദേഖീ മേരെ ഖോയെ ഖോയെ നൈന…

തെരുവിന്റെ അറ്റത്തു ഈ ദേശത്തിന്റെ കഥ പറഞ്ഞൊരു മഹാനായ എഴുത്തുകാരന്റെ പ്രതിമ ചെറു പുഞ്ചിരിതൂകി അപ്പോഴും എന്നെ നോക്കി. മനുഷ്യൻ, മനസ്സറിഞ്ഞു പങ്കുവയ്ക്കാൻ പഠിക്കുന്ന കാലം വരേയ്ക്കും ഇങ്ങനെയൊക്കെ തുടരുമെന്നൊരു ആത്മഗതം, ആ നിമിഷങ്ങളിൽ അദ്ദേഹം പങ്കുവയ്ക്കുന്നതായി തോന്നി.

നി സ ഗ മ.. പ നി… സ രി ഗ…
ആ… ആ.. രെ മിത്വവാ….

ജനം ജനം സെ ഹെ ഹം തോ പ്യാർ സെ..
ആ സംഘ് മേരെ ഗാ….
നി സ ഗ മ.. പ നി സ രി ഗാ…
ആ ആ…

CATEGORIES

Blog

No responses yet

Leave a Reply

Your email address will not be published. Required fields are marked *