
…..”ശരിക്കും ഈ കളിയോട് ഇത്രയും ഭ്രാന്തു തോന്നാൻ കാരണമെന്താണ്?
കണ്ണുകൾ ഇറുകെ അടച്ചുപിടിച്ചു. ബസിന്റെ വേഗതയോടൊപ്പം തണുത്ത കാറ്റിന്റെ ശീൽക്കാരം മാത്രം ഇപ്പൊ കേൾക്കാം. മനസ്സിന്റെ അടിത്തട്ടിലേക്ക് മെല്ലെ ഊളിയിട്ടു തുടങ്ങിയപ്പോൾ അവിടെ, ദാ എണ്പതുകൾക്കൊടുവിലെ ബാലരമയിലെ സെന്റർ പേജിൽ വന്ന ഒരു കളർ പോസ്റ്റർ നിവർന്നു നിന്നു. ചുവന്ന ജേഴ്സിയും ട്രൗസറുമിട്ടു, നാപ്പോളി ക്ളബ്ബിന്റെ വേഷത്തിൽ ഒരു ഫുട്ബോളിനെ കാൽകൊണ്ടു തടവുന്ന അല്പം തടിച്ച, ചുരുണ്ടമുടിയുള്ള കളിക്കാരൻ. ഒരു പക്ഷെ ഈ ജീവിതാവസാനം വരെ മായാത്ത ആ പേര്, ആ പോസ്റ്ററിലെ ലിപികളുടെ രൂപത്തിൽ തന്നെ ഓർത്തെടുത്തു മന്ത്രിച്ചു… ഡീഗോ മറഡോണ!!!
വിൻഡോ സൈഡിലെ ഇടം കയ്യിലെ രോമങ്ങൾ ഒരു നിമിഷത്തേക്ക് ഉണർന്നു. കാലിൽ അദൃശ്യമായ് കെട്ടിയ നൂലിലൂടെ പന്തുമായി, നൃത്തച്ചുവടുകൾ പോലെ കുതിച്ചോടുന്ന, കുറിയനായ, ഇറുകിയ ജേഴ്സി ധരിച്ച ഒരു മനുഷ്യൻ. ബലിഷ്ഠമായ മസിലുകളിലും അലസമായ മുടിയിലും വരെ ഒരു താളമുണ്ട്. അതെ ആ ശരീരം മുഴുവൻ പന്ത് കളിക്കുകയാണെന്നു തോന്നും.! മനോഹരമായ പല നീക്കങ്ങൾക്കും നിമിഷായുസ്സ് മാത്രമേയുണ്ടാകൂ, അപ്പോഴേക്കും എതിരാളികൾ ഒരു ദയയുമില്ലാതെ ചിവിട്ടി വീഴ്ത്തും. വേദന അഭിനയിക്കാൻ അറിയാതെ വീണ്ടും എഴുന്നേറ്റോടുന്ന, പന്ത് കിട്ടുമ്പോൾ ഒരു കൊച്ചുകുട്ടിയെ പോലെ മുഖം വിടരുന്ന ഈ മനുഷ്യനോടുള്ള പ്രണയം, കാലാന്തരത്തിൽ ആകാശനീലയും, വെള്ളയുമുള്ള ജേഴ്സിയിലെക്കും തുടർന്നു.”……
____________________________________________
……”കൺപോളയടച്ചു തുറക്കുന്നതിനുമുന്പ് ഒരു ആരവം കേട്ടു.. അവ്യക്ത രൂപത്തിൽ മിന്നിമാഞ്ഞത് ഇംഗ്ളണ്ട് ഗോൾ കീപ്പർ പീറ്റർ ഷിൽട്ടൺ?!
ഒരു തണുത്ത സ്പർശമപ്പോൾ വിരലുകളെ ചേർത്തുപിടിച്ചു. അത് കുസൃതിക്കാരനായ, ആ പഴയ കുറിയൻ അർജന്റീനക്കാരനാണെന്നറിഞ്ഞു!!
ആനന്ദാശ്രുക്കൾ നിറഞ്ഞൊഴുകുന്ന ആ നിമിഷങ്ങളിലെങ്ങോ എന്റെ ഇടം കൈ, ആ ചുവന്ന പന്തിനെ വലയിലേക്കടിച്ചു!.”….
(from the blog:
അങ്ങിനെയൊരു ഫുട്ബോൾ കാലം.)
2020 ലെ വലിയ നഷ്ടങ്ങളിലേക്ക് ഈ വിയോഗവും! വിട
No responses yet