ക്യാമ്പസ് ടെറ-റിസ്റ്റുകൾ…

യേശുവിനേക്കാൾ മൃഗീയമായി പൂക്കോട് കോളേജിൽ സിദ്ധാർഥ് എന്ന വിദ്യാർത്ഥി കൊല്ലപ്പെട്ടിട്ട് വർഷം തികയുന്നതിനുമുൻപേ, വീണ്ടും പലതരത്തിലുള്ള റാഗിങ്ങ് സംഭവങ്ങൾ നമ്മുടെ മുന്നിൽ നിറയുകയാണ്. കഴിഞ്ഞ മാസം, മെഹർ എന്ന കൊച്ചിയിലെ സ്കൂൾ വിദ്യാർത്ഥി, സഹപാഠികളുടെ അതിക്രൂരമായ പ്രവർത്തികളാൽ ആത്‌മഹത്യയിൽ ജീവിതം അവസാനിപ്പിച്ചു. ഇപ്പോൾ കോട്ടയത്തെ മെഡിക്കൽ കോളേജിൽ നിന്നും മറ്റൊരു ദുരന്തവാർത്ത!

ഒട്ടും പ്രകോപനമില്ലാതെ നിരപരാധികളെ അക്രമിക്കുന്നവരെ വിശേഷിപ്പിക്കുന്ന പദമാണ് – ഭീകരവാദികൾ എന്നത്. അതിനു ബോംബും, തോക്കുമൊന്നും ആവശ്യമില്ല; ഇത്തരം പീഡനങ്ങൾ തന്നെ ധാരാളം. സ്വാഭാവികമായും കോളേജിൽ, സ്കൂളിൽ റാഗിങ്ങ് നടത്തുന്നവരെയും വിദ്യാര്ഥികളായി പരിഗണിക്കരുത്- അവരെ ക്യാമ്പസ് ടെറ-റിസ്റ്റുകൾ എന്നുതന്നെ നമ്മുടെ പൊതുസമൂഹം വിശേഷിപ്പിക്കണം. അവരുടെ പാസ്പോര്ട്ട് അവകാശം നിഷേധിക്കണം, കൂടാതെ ആധാർ കാർഡിൽ ഭീകരവാദികളായി തന്നെ അടയാളപ്പെടുത്തുന്ന തലത്തിൽ, നമ്മുടെ നിയമം പരിഷ്ക്കരിക്കേണ്ടതായുമുണ്ട്.

നിലവിൽ സ്കൂൾ വിദ്യാർത്ഥിനികൾ നേരിടുന്ന ഗാർഹിക അതിക്രമണങ്ങൾ അന്വേഷിക്കാൻ സർക്കാർ സംവിധാനമുണ്ടെകിലും, സ്കൂളുകളിൽ, കോളേജുകളിൽ അവർ സഹപാഠികളാൽ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാൻ ഒരു external കമ്മിറ്റി കൂടി അനിവാര്യമായിരിക്കുന്നു. കാരണം പല പ്രിൻസിപ്പൽമാരും, അധ്യാപകരും ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ വിധേയരായിരിക്കും, അതുകൊണ്ടുതന്നെ പരമാവധി പ്രശ്നങ്ങളെ മൂടിവയ്ക്കാനുള്ള അവരുടെ പ്രവണത നമുക്ക് പരിചയമുള്ളതുതന്നെയാണ്. (ഏറ്റവും വലിയ ഉദാഹരണം, സിദ്ധാർഥ് സംഭവം തന്നെ.) ഇത്തരം കമ്മിറ്റികളിലൂടെ, പഠിക്കാൻ പോകുന്നത് കൂടെയുള്ളവനെ ദേഹോപദ്രവം ചെയ്യാനുള്ളതല്ല എന്ന ഭയം നിറഞ്ഞ കാഴ്ചപ്പാട് സ്കൂൾ തലത്തിൽ തന്നെ കൊണ്ടുവരണം.

മറ്റൊന്ന് ഭരണനേതൃത്വത്തിന്റെ, നിയമവ്യവസ്ഥിതിയുടെ അനാസ്ഥ തന്നെയാണ്. സുപ്രിം കോടതി ജഡ്‌ജിയെക്കാൾ കേമന്മാരായ അഡ്വക്കേറ്റുമാരും (ഉദാ: കഴിഞ്ഞ ദിനത്തിലെ കൊക്കയ്ൻ വിധി), തങ്ങൾക്കു വോട്ടു ചെയ്യാത്തതിനാൽ നിങ്ങളൊക്കെ തല്ലി മരിക്കുകയോ, നാട് വിടുകയോ ചെയ്തോളു എന്നു മലയാളികളോട് നിസ്സംഗത പുലർത്തുന്ന കേന്ദ്ര ഭരണവും, സ്വന്തം പാർട്ടിക്കാരുടെ ക്ഷേമത്തിനുവേണ്ടി മാത്രം പ്രവർത്തിക്കുന്ന മുഖ്യനും നാട് ഭരിക്കുമ്പോൾ, സാധാരണക്കാരനും അവന്റെ കുടുംബത്തിനും എന്ത് നീതി?!.. ഒരു കാലത്തു ഭാരതത്തിൽ ജനിക്കുന്നത് പുണ്യമായി നമ്മുടെ പൂർവികർ കരുതിയിരുന്നെങ്കിൽ, ഇപ്പോഴത്തെ ഭരണകൂട-നീതി വ്യവസ്ഥയിൽ, ഇന്ത്യയിൽ ജീവിക്കുക എന്നതുപോലും ഒരു ശിക്ഷയായി മാറുന്നു.

സമയോചിതമായി നീതി നടപ്പിലാക്കാൻ കഴിയാത്ത സമൂഹത്തിൽ, പട്ടുമെത്ത പോലുള്ള റോഡുകളും, അംബരചുംബികളായ കെട്ടിടങ്ങളും ഉണ്ടായിട്ടു എന്തുകാര്യം? ലോകം AI ടെക്നോളജിയിൽ എത്തിനിൽക്കുമ്പോൾ, സ്വാതന്ത്രിനുമുന്പേയുള്ള കേസുകൾ കെട്ടികിടക്കുന്ന രാജ്യമാണ് നമ്മുടേത്! ലോകത്തെ മികച്ച IT കമ്പനികൾ ഇന്ത്യയിൽ ഉണ്ടായിട്ടും, അതൊന്നു ഡിജിറ്റൽ ഫോർമാറ്റിൽ മാറ്റിയെടുത്തു തീർപ്പു കൽപ്പിക്കാൻ ഇതുവരെയും ആവുന്നില്ല! ഒരൊറ്റ ഭരണഘടനയും, നിയമവുമുണ്ടായിട്ടും കീഴ്‌കോടതിയും, ഹൈക്കോടതിയും, സുപ്രീംകോടതിയുമെല്ലാം ഒരു വിഷയത്തിൽ വിവിധ തരത്തിൽ തീർപ്പുകൾ കൽപ്പിക്കുന്ന വൻകോമഡിയും നമ്മുടെ രാജ്യത്തുണ്ട്. പലപ്പോഴും കൂടുതൽ കാശു മുടക്കുന്നവന്, അവനു അനുകൂല നീതി!!

ഒരു കുറ്റവാളിയെ പിടികൂടിയാൽ അതിവേഗം ശിക്ഷിച്ചു നീതി നടപ്പാക്കുന്ന സംവിധാനത്തിലേക്ക് എത്തിപ്പെട്ടാൽ മാത്രമേ, ജനങ്ങൾക്ക് നിയമത്തെ ഭയവും, ബഹുമാനവുമുണ്ടാകൂ. ദൗർഭാഗ്യവശാൽ അതൊന്നും നടപ്പിലാക്കാൻ കഴിവുള്ള ഭരണാധികാരികൾ ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടു ഇതുപോലുള്ള അപ്രതീക്ഷിത അക്രമങ്ങളെ നേരിടാൻ ഏവരും സ്വയം പ്രതിരോധിക്കുക. അതോടൊപ്പം ഒരുവൻ ഇതുപോലുള്ള അനീതിക്കെതിരെയും ആക്രമണത്തിനെതിരെയും പ്രതികരിക്കുമ്പോൾ, അവരെ ഭീകരവാദികളാക്കി മാധ്യമങ്ങൾ ചിത്രീകരിക്കുകയും ചെയ്യാതിരിക്കുക.

CATEGORIES

Articles

No responses yet

Leave a Reply

Your email address will not be published. Required fields are marked *