കോടതികൾ കാണാതെ പോകുന്നത്…

വിദ്യാർത്ഥിനികളായ പെൺകുട്ടികളുടെ ഹോസ്റ്റൽ സമയവിഷയത്തിൽ ഇന്ന് ഹൈക്കോടതി നടത്തിയ ചില നിരീക്ഷണങ്ങളോട് യോജിക്കാൻ കഴിയുന്നില്ല. സുരക്ഷിതത്വത്തിന്റെ നിർവചനത്തിൽ ‘അപകടകരമായ സാഹചര്യങ്ങൾ ഒഴിവാക്കുക’ എന്നു കൂടി കടന്നുവരുന്നുണ്ട്. അതു കേവലം സ്ത്രീകളുടെയോ കുട്ടികളുടെയോ മാത്രം രാത്രിസഞ്ചാര പരിധിയിൽ വരുന്നതല്ല; മറിച്ചു അർധരാത്രിയിൽ തനിയെ യാത്ര ചെയ്യുന്ന ആരോഗ്യമുള്ള പുരുഷനായാലും ശരി, കേരളത്തിലും ഡൽഹിയിലും യൂറോപ്പിലും ന്യൂയോർക്കിലുമൊന്നും അവനും സുരക്ഷിതനല്ല. കാരണം അക്രമകാരികൾക്ക് ഇരുട്ട് വലിയൊരു രക്ഷയൊരുക്കുന്നു എന്നു നമുക്കറിയാം. കേരളത്തിൽ ഒട്ടുമിക്ക സിറ്റികളിലും രാത്രി 8 മണിക്കുശേഷം ആളനക്കം കുറവായതിനാൽ, പൊതുവെ സ്വർണം ധരിക്കുന്ന ശീലമുള്ള സ്ത്രീകൾ കൂടുതൽ റിസ്ക് എടുക്കേണ്ടിവരും. അതായതു സ്ത്രീ സുരക്ഷിതയല്ല എന്ന നിർവചനത്തിന് കേവലം ഒരു മോശം പെരുമാറ്റസാഹചര്യത്തെയോ കമന്റുകളെയൊ അഭിമുഖീകരിക്കുക എന്നതിനേക്കാൾ മോഷണ-കൊലപാതക ശ്രമങ്ങളെയാണ് കരുതിയിരിക്കേണ്ടത്.

മറ്റൊന്ന്, ഒരു ഹോസ്റ്റൽ (സ്ത്രീകളുടെയായാലും പുരുഷന്മാരുടേതായാലും), സമൂഹത്തിലെ സാധാരണക്കാരായ ആളുകൾക്ക് ചെലവുകുറഞ്ഞ സുരക്ഷിതത്വം നൽകുന്ന ഇടമാണ്. അതിന്റെ പരിമിതി ഉൾകൊള്ളാൻ കഴിയാത്തവർക്കു വാടക വീടും, ഫ്ലാറ്റുമെല്ലാം നമ്മുടെ നാട്ടിൽ ലഭ്യമാണ് താനും. നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യം ഇഷ്ടപെടുന്നവർക്ക് അത്തരം സൗകര്യങ്ങൾ നിലവിലുള്ളപ്പോൾ സാധാരണക്കാരായ ആളുകളുടെ ഇടയിൽ, അവരുടെ അച്ചടക്കത്തിനും അതോടൊപ്പം നടത്തിപ്പുകാരുടെ നിഷ്കർഷതക്കും പ്രശ്നമുണ്ടാക്കുന്ന തലത്തിൽ പ്രവർത്തിക്കുന്നവരുടെ ഉദ്ദേശം നല്ലതല്ല. പൊതുവെ ലഹരി – പീഡനകേസുകൾ കൊണ്ടും, നീതിയുടെ അനാസ്ഥ കൊണ്ടും മലിനമസമായ രാജ്യത്തിന്റെ പൊതു അന്തരീക്ഷത്തിൽ നിയന്ത്രണങ്ങളില്ലാതെയുള്ള സ്വാതന്ത്രം യുവാക്കളെ അരാജകത്വത്തിലേക്കു എളുപ്പം തള്ളിയിടും. ഇന്ന് മുതിർന്നവരുടെ ഹോസ്റ്റലിൽ നിയന്ത്രണമെടുത്തു കളഞ്ഞാൽ നാളെ കൗമാരക്കാരന്റെയും സ്കൂളിൽ പഠിക്കുന്നവന്റെയും മറ്റും നിലവിലുള്ള അച്ചടക്കങ്ങൾ പതിയെ എടുത്തു കളയേണ്ടി വരും.

അതുകൊണ്ടുതന്നെ സമൂഹത്തിലെ സാധാരണക്കാരായ ആളുകൾക്ക് – സ്വന്തം പ്രയത്നം കൊണ്ടും, സ്വഭാവം കൊണ്ടും, അന്തസ്സുകൊണ്ടും ഒറ്റക്കാലിൽ ജീവിതം കരുപ്പിടിപ്പിക്കുന്നവർക്കു, കൂടാതെ അവരുടെ ആശ്രിതർക്കും വലിയ ആശ്വാസമാകുന്ന, സുരക്ഷിതത്വം നൽകുന്ന ഹോസ്റ്റൽ സംവിധാനങ്ങൾക്ക്, ദയവായി കോടതികൾ വില കൽപ്പിക്കുക. അവരുടെ സാമൂഹ്യനന്മയെ കരുതിയുള്ള സദുദ്ദേശങ്ങൾക്ക് പരിഗണയും ബഹുമാനവും നൽകുക. നന്ദി.

CATEGORIES

Articles

No responses yet

Leave a Reply

Your email address will not be published. Required fields are marked *