ഹായ് ടീച്ചറേ!!
പ്രമീള ടീച്ചർ അപ്രതീക്ഷിതമായി ക്ലാസ്സിലെത്തിയപ്പോൾ നാലു ബിയിലെ കുട്ടികൾക്കൊക്കെ വലിയ അത്ഭുതം. ആ സന്തോഷത്തിനൊടുവിലാണ് അവർ ‘ഗുഡ് ആഫ്റ്റർനൂൺ ടീച്ചർ’ എന്നു പറഞ്ഞതുതന്നെ..
‘എല്ലാവരും ഇരിക്കൂ.. എന്തൊക്കെയുണ്ട് നിങ്ങളുടെ വിശേഷം? സുഖമല്ലേ..’
ടീച്ചർ പതിവുപോലെ മനോഹരമായി പുഞ്ചിരിച്ചുകൊണ്ടു തുടങ്ങി…ടീച്ചർ അങ്ങിനെയാണ്, നല്ല പുഞ്ചിരിയുള്ള സംഭാഷണം കൊണ്ടും അധ്യാപനം കൊണ്ടും, മികച്ച വസ്ത്രധാരണം കൊണ്ടുമെല്ലാം സ്കൂളിലെ ഏവർക്കും വലിയ ബഹുമാനമാണ്. യുപി ക്ലാസ്സിലെ സോഷ്യൽ അധ്യാപികയാണെങ്കിലും ടീച്ചർ ചെറിയ ക്ലാസ്സുകളിലും ഇടക്കൊക്കെ ഒന്ന് വിസിറ്റ് ചെയ്യും..
‘നിങ്ങളുടെ പി ഇ ടീച്ചർ ഇന്ന് ലീവ് ആണ്, അപ്പൊ ഞാനിങ്ങോട്ടു വരാമെന്നു വിചാരിച്ചു.. ഇന്നിപ്പോ മഴക്കാറില്ലെങ്കിൽ നിങ്ങളെ കളിയ്ക്കാൻ വിട്ടേനെ… ടീച്ചർ പറഞ്ഞുതുടങ്ങി.
പിന്നെ എന്തു പറയുന്നു ഏവരും?
എന്താ ദാമോദരാ, നിനക്കെന്നെ അറിയോ?‘
രാഹുൽ എഴുന്നേറ്റു നിന്ന് തലയാട്ടി. നാട്ടിൻപുറത്തെ ഭൂരിഭാഗം കുട്ടികളെയും അറിയാമെങ്കിലും ടീച്ചർക്ക് ചെറിയക്ലാസുകാർ ഏവരും ദാമോദരനും, കിട്ടുണ്ണിയും, അമ്മിണിയും കിങ്ങിണി പാറുവുമാണ്.. അങ്ങിനെ വിളിക്കുന്നതും കുട്ടികൾക്ക് ഇഷ്ടമാണുതാനും. സീറ്റിനരികിലേക്കു വിളിക്കുമ്പോഴെല്ലാം കുട്ടികളെ ചേർത്തുനിര്ത്താനും, തോളിൽ തട്ടിപ്രോത്സാഹിപ്പിക്കാനും ഒരു പിശുക്കും ടീച്ചറും കാണിക്കാറില്ല. കൂടുതൽ സന്തോഷം വരുന്ന വേളകളിൽ, തലമുടിയിൽ തലോടി കൈകൊണ്ടു തലയെ വട്ടം കറക്കുന്നതും ടീച്ചറുടെ ഒരു രീതിയാണ്. അത് കാണുമ്പോൾ അനുഗ്രഹിക്കുന്നതായി ഏവർക്കും തോന്നും.. ഇതുകൊണ്ടൊക്കെത്തന്നെ മറ്റു ടീച്ചർമാരെക്കാൾ സ്വന്തം അമ്മയോടുള്ളസ്നേഹമാണ് കുട്ടികൾക്ക് പ്രമീള ടീച്ചറോട്.
-ടീച്ചറിപ്പോ ഏതു സബ്ജക്റ്റാ പഠിപ്പിക്കണേ? മുൻബെഞ്ചിലെ ആരതിയാണ് ചോദിച്ചത്..
“നമുക്കിപ്പൊ പാഠപുസ്തകം ഒന്നും വേണ്ടെന്നേ.. ഒരു കഥാമത്സരമായാലോ?
-അതുമതി ടീച്ചർ, എല്ലാവര്ക്കും ഉത്സാഹം.
‘നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്ന കഥ തന്നെ. ഞാൻ ഒന്നുകൂടി പറയാം.. അതുകഴിഞ്ഞു ആ കഥയിൽ നിങ്ങൾമനസ്സിലാക്കിയ കാര്യം ഒരു പേപ്പറിൽ എഴുതിയാൽ മതി.. ഓക്കേ..‘
- ടീച്ചറെ അപ്പൊ എത്രെലാ മാർക്ക്?
അഭിമന്യുവിനാണ് സംശയം..
’ഏയ്, ഇതിനു മാർക്കും ഗ്രേഡും ഒന്നുമില്ല. നിങ്ങൾ മനസ്സിലാക്കിയത് മാത്രം സ്വന്തമായി എഴുതിയാൽ മതി.
ശരി തുടങ്ങാം…‘
ടീച്ചർ പെട്ടെന്ന് തന്നെ ആമയുടെയും മുയലിന്റെയും ഓട്ടപന്തയത്തിലെ കഥയിലേക്ക് പ്രവേശിച്ചു.
പണ്ട് പണ്ട്…
ഒരു സിനിമയിൽ കാണുന്നതുപോലുള്ള രീതിയിൽ ആമയുടെയും മുയലിന്റെയും കഥ കുട്ടികളിലേക്ക് പ്രമീള ടീച്ചറിന്റെ സ്വതശൈലിയിൽ അവതരിക്കപ്പെട്ടു. ആമ പതിയെ തുടങ്ങുന്നതും, പിന്നീട് ഉറങ്ങുന്ന മുയലിനെ ഒളികണ്ണിട്ടുനോക്കുന്നതും, വിജയിയാവുന്നതും, ഇളിഭ്യനായ മുയലിന്റെ സങ്കടവുമെല്ലാം ടീച്ചറുടെ മുഖഭാവങ്ങളിലൂടെ കുട്ടികളുടെ മനസ്സിലേക്ക് എഴുതപ്പെട്ടു. ഒടുവിൽ കഥ അവസാനിച്ചപ്പോൾ ഇത്ര വേഗം വേണ്ടായിരുന്നുവെന്നവർക്കു തോന്നി.
“അപ്പൊ കുട്ടികളെ.. നമുക്കിനി അടുത്ത സ്റ്റെപ്പിലേക്കു കടക്കാം…എല്ലാവരും പേപ്പറും പെൻസിലുമെടുത്തോളൂ..
ഇനി നിങ്ങളെല്ലാവരും ഈ കഥയിൽ നിങ്ങള്ക്ക് മനസ്സിലായ കാര്യം എഴുതി മേശപ്പുറത്തു വച്ചോളു..“
എല്ലാവരും തലയാട്ടി, പേപ്പറും പെൻസിലുമെടുത്തു തുടങ്ങി..
-അല്ല ടീച്ചറെ, എഴുത്തിനു പകരം ചിത്രം വരക്കാമോ? മൂന്നാം ബെഞ്ചിലെ നിഖിലാണ് ചോദിച്ചത്..
‘അമ്പടാ, എഴുതാൻ മടിയാണല്ലേ, നിങ്ങളുടെ മലയാളം ടീച്ചറെ എനിക്കൊന്നു കാണണം..
ഉം ശരി വരച്ചോളു.‘
-ടീച്ചറെ ഞാനും വരച്ചോട്ടെ? രശ്മി ചോദിച്ചു..
ഇത്തവണ ടീച്ചർ ഒന്നു ഞെട്ടി. ഇമോജികളുടെ കാലമാണ്, അക്ഷരങ്ങൾക്കു ഇളക്കം വന്നു തുടങ്ങിയോ!
‘ഉം ശരി. നിങ്ങളുടെ യുക്തിപോലെ, ആരും പക്ഷെ വേറെ ആരെയും അനുകരിക്കരുത്. തീരുന്നവർ ടേബിളിലിൽ അവരവരുടെ പേരെഴുതി പേപ്പർ വയ്ക്കുക, ഞാനിപ്പോൾ വരാംട്ടോ..‘
കുട്ടികൾ അവരവരുടെ ലോകത്തു നിശബ്ദരായി സസൂക്ഷ്മം രചനകളിൽ തുടർന്നു.
ഏതാണ്ട് പത്തു മിനിട്ടു കഴിഞ്ഞു വീണ്ടും പ്രമീള ടീച്ചർ ക്ലാസ്സിലേക്ക് വന്നു, മേശപ്പുറത്തു പലരും പേപ്പർ വച്ചിട്ടുണ്ട്. കുറച്ചുപേർ ഇപ്പോഴും വരക്കുന്നതായി തോന്നി.
‘ശരി, എല്ലാവരും സബ്‌മിറ്റ് ചെയ്തോളു. ’
രശ്മി മാത്രം നിർത്തിയില്ല, അവൾ ബാഗിൽ നിന്നും ഒരു തിളങ്ങുന്ന ചെറിയ സ്റ്റിക്കർ കൂടി പേപ്പറിൽ ഒട്ടിക്കുന്നതു ടീച്ചർശ്രദ്ധിച്ചു.
പതിയെ മേശപ്പുറത്തെ സൃഷ്ടികൾ ഓരോന്നായി എടുത്തു.
‘ങേ, ഈ ആമയുടെ ചിത്രം രാഹുൽ വരച്ചതാണോ?’
-അതെ ടീച്ചർ..രാഹുൽ അതിസന്തോഷവാനായി തുടങ്ങി..
‘കൊള്ളാം.. എന്താണ് ആമയെ വരക്കാനുള്ള കാരണം?’ അല്പം ആകാംക്ഷയോടെ ടീച്ചർ തിരക്കി.
- അത്, ശക്തനായ മുയലിനെ മലർത്തി അടിച്ചതല്ലേ, അതുകൊണ്ടു ഈ കഥയിലെ ഹീറോ ആമയല്ലേ ടീച്ചർ?
‘ഉം…
അടുത്ത പേപ്പറിലും ആമയുടെ ആഘോഷമാണ് കൂടുതൽ.. വിന്നിങ് പോയിന്റിൽ ഒരു ട്രോഫിയുമായി നിൽക്കുന്ന ആമയെ വരച്ചെടുക്കാൻ ഗോകുൽ കുറച്ചു കഷ്ടപ്പെട്ടിട്ടുണ്ട്..
രശ്മിയാകട്ടെ, കളർപെൻസിലുകൾ കൊണ്ട് ഭംഗി കൂട്ടിയിട്ടുണ്ട്. ഒരു വിന്നിങ് ഷാൾ അണിയിച്ചിട്ടുണ്ട്.. കൂട്ടത്തിൽ നെറ്റിയിൽ ബാഗിലെ ആ സ്റ്റിക്കർ ഒരു പൊട്ടുപോലെ ഒട്ടിച്ചിട്ടുണ്ട്..അവളുടെ അമ്മ ശ്യാമളയെ ടീച്ചർക്കറിയാം, ടൗണിൽസ്വന്തമായി ടൈലറിംഗ് ഷോപ് നടത്തുകയാണ്, മോൾക്ക് ആ ടാലെന്റ്കിട്ടിയിട്ടുണ്ട്. ടീച്ചർ മനസ്സിൽ മന്ത്രിച്ചു.
-മാം, ഐ തിങ്ക് ദ ഹെയർ വാസ് അൺ ലക്കി ഓൺ ദാറ്റ് ഡേ. ഇഫ് എ റീ മാച്ച് ഹാപ്പെൻ, ഹി സിംപ്ലി ഡെഫിറ്റ് ദ ടോർടോയ്‌സ്.. നല്ല വടിവൊത്ത ഇംഗ്ലീഷ് അക്ഷരത്തിൽ എഴുതിയത് വിസ്മയ് ആണ്.
ഈ കുട്ടി, പുതിയ അഡ്മിഷനാണെന്നു തോന്നുന്നു, ടീച്ചർ ഒരു പുഞ്ചിരി അവനു സമ്മാനിച്ചു.
വരക്കാൻ കഴിയാത്ത പലരും, മൈ ഹീറോ എന്നൊരു ടൈറ്റിൽ നൽകി ആമ എന്നു വലുതാക്കി എഴുതിയിട്ടുണ്ട്. ഭൂരിഭാഗം പേരും ആമയുടെ ഫാൻസ് ആണ്..
ജ്യോതിഷ് പക്ഷെ എഴുതിയത് മറ്റൊന്നാണ്.. “ഈ കഥ എനിക്ക് അവിശ്വനീയമാണ്. എങ്ങനെയാണു ഒരു കാട്ടിൽ ഇത്തരമൊരു മത്സരം നടത്താൻ കഴിയുക, ആമക്കും മുയലിനും എങ്ങനെ സംസാരിക്കാൻ കഴിയും? അതുകൊണ്ടു ഇതൊരു കെട്ടുകഥയാണ്. ഞാനതിൽ വിശ്വസിക്കുന്നില്ല..“
ടീച്ചർ അതൊന്നു ഉറക്കെ വായിച്ചു ഒന്ന് പുഞ്ചിരി തൂകി.. സനലിന്റെ മോനല്ലേ? ഭാവിയിൽ പൊതുപ്രവർത്തനത്തിൽ മോശമാകില്ല ഇവനും., മനസ്സിൽ ചിന്തിച്ചു.
വീണ്ടും ആമയുടെ പട്ടാഭിഷേഭത്തിനിടയിൽ ഒരു പേപ്പറിലേ വരികൾ കൂടി കണ്ണിലുടക്കി. പദങ്ങൾ
ഇടക്കെല്ലാം വെട്ടിയെഴുതിയെങ്കിലും അക്ഷരങ്ങൾക്ക് നല്ല ഭംഗിയുണ്ട്…
“ഏതൊരു അവസ്ഥയിലും നിശ്ചയദാർഢ്യവും, ആത്മവിശ്വാസവുമുണ്ടെങ്കിൽ, പതുക്കെയാണെങ്കിലും ആർക്കും വിജയം കൈവരിക്കാം എന്നൊരു സന്ദേശം ഈ കഥയിലുണ്ട്. അതെനിക്കു നൽകുന്ന പ്രചോദനം വളരെ വലുതാണ് ടീച്ചർ..
അതും വായിച്ചു ഒരു ചെറിയ പുഞ്ചിരിയോടെ ടീച്ചർ സുദേവനെ ശ്രദ്ധിച്ചു. അധികം സംസാരിക്കുന്ന ടൈപ്പല്ല, വാതിലിനടുത്തെ ബെഞ്ചിലാണ് അവന്റെ സ്ഥാനം. റേഷൻകടക്കടുത്തുള്ള ചെറിയ പലചരക്കുകട നടത്തുന്ന വിധവയായ ജാനകിയുടെ ഒറ്റമോനെ അവിടെ ഇടക്കെല്ലാം കാണാറുമുണ്ട്.
ആരാണ് ഈ മുയലിന്റെ ചിത്രം വരച്ച മഹാൻ? ടീച്ചർ പേരില്ലാത്ത പേപ്പർ ഉയർത്തിയതും ക്ലാസ്സിലെ നീളമുള്ള വിമൽ പെട്ടെന്നെഴുന്നേറ്റു.
-ടീച്ചർ ഈ കഥ പറഞ്ഞപ്പോൾ നിര്ഭാഗ്യവാനായ ആ മുയലിനെ മറക്കാൻ കഴിഞ്ഞില്ല. ഞാൻ ഈ മുയലിനോടൊപ്പമാണ്.. “പറഞ്ഞുതീരേണ്ട താമസം, ക്ലാസ്സിലെ ഏവരും പൊട്ടിചിരിച്ചു…
എല്ലാം വായിച്ചുകഴിഞ്ഞു, പേപ്പർ വെയ്റ്റ് എടുത്തുവയ്ക്കേണ്ട താമസം, ഐശ്വര്യ എഴുന്നേറ്റു ചോദിച്ചു…
-ടീച്ചർക്ക് ആരുടെ പേപ്പറാണ് കൂടുതൽ ഇഷ്ടമായത്?
“എനിക്ക് നിങ്ങളുടെ എല്ലാവരുടെയും സൃഷ്ടികൾ വളരെ ഇഷ്ടമായി..അതിൽ ആദ്യമായി പറയാനുള്ളത്, ഏവരും ശ്രദ്ധയോടുകൂടി ഈ കഥ കേട്ടു എന്നതാണ്. ചിലപ്പോൾ ഞങ്ങൾ മുതിർന്നവർക്കുപോലും അത് സാധിക്കാറില്ല. രണ്ടാമത്തെ കാര്യം ഓരോരുത്തരും അവരുടെ അഭിപ്രായം മാർക്കിന്റെ പേടിയില്ലാതെ സ്വന്തമായി എഴുതി, അതും നല്ല കാര്യമാണ്.
“ഈ കഥ കേട്ടപ്പോൾ, നിങ്ങൾക്കുണ്ടായ ഭാവനയിലെ കാഴ്ചകളാണ് ഈ ചിത്രങ്ങളൊക്കെയും; അതിൽ സൗന്ദര്യവുമുണ്ട്. എന്നാൽ ചിലർക്കെങ്കിലും അതൊരു ആരാധനയുമായും മാറിയിട്ടുണ്ട്. അല്പം യുക്തിയോടെ ഈ സംഭവത്തെ വിസ്മയും, ജ്യോതിഷും സമീപിച്ചു. എന്നാൽ ഈ കഥയും, കഥാപാത്രങ്ങൾക്കപ്പുറം ഇതിന്റെ യഥാർത്ഥ ഉള്ളടക്കത്തെ കുറിച്ച് മനസ്സിലാക്കുന്നതിനെയാണ് ദർശനം എന്ന് പറയുന്നത്. “
“ഇപ്പൊ നിങ്ങള്ക്ക് കാഴ്ചയുടെയും, ദര്ശനത്തിന്റെയും അർത്ഥം മനസ്സിലായോ?”
-ഉവ്വ് ടീച്ചർ..
നിങ്ങൾ വലിയ ക്ലാസുകളിലേക്ക് പോകുമ്പോൾ ഈ കാര്യവും കൂടെ ഓർമിക്കണം.. ഓരോ ഗ്രന്ഥങ്ങളും മറ്റു കഥകളും വായിക്കുമ്പോഴും, അതേപോലെ കലാസൃഷ്ടികളോ, ചിത്രങ്ങളോ കാണുമ്പോഴും മറ്റും ചിലപ്പോൾ അതിമാനുഷികമായോ, തീരെ ശാസ്ത്രീയമല്ലാത്തതായോ അവ തോന്നിയേക്കാം. എന്നിരുന്നാലും അതിന്റെ യഥാർത്ഥ ഉള്ളടക്കത്തെ ദർശിക്കാൻ ശ്രമിക്കുമ്പോഴാണ് നമ്മൾ ശരിയായ ജ്ഞാനം നേടുന്നത്…
“അപ്പൊ ഇനി നിങ്ങൾ തന്നെ പറയൂ, ആരായിരുന്നു ഈ ക്ലാസ്സിൽ അത്തരത്തിൽ നന്നായി എഴുതിയത്?
-സുദേവൻ…
ക്ലാസ്സിലേവരും ഒരുമിച്ചു പറഞ്ഞു തീർന്നതും ഇന്റെര്വല് മണി മുഴങ്ങി..
കുട്ടികളോട് പുഞ്ചിരിയോടെ വീണ്ടും കാണാമെന്നു പറഞ്ഞു ടീച്ചർ മെല്ലെ നടന്നു.. വായുവിനെ മെല്ലെ തഴുകിപോയ ആ വലംകൈവിരലുകൾ, പതിയെ സുദേവന്റെ തലമുടിയെ തഴുകി, മെല്ലെ ആ തലയെ വട്ടം കറക്കിതുടങ്ങി. ക്ലാസ്സിലെല്ലാവരും തന്നെ ശ്രദ്ധിക്കുന്നു എന്നു തോന്നിയ ആ നിമിഷങ്ങളിൽ നാണവും അഭിമാനവും കലർന്ന ഒരു പുഞ്ചിരിയോടെ അവൻ തല താഴ്ത്തി മെല്ലെ ചിരിച്ചു.
No responses yet