കാഴ്ചകൾക്കു മാത്രമല്ല, കാഴ്ചപ്പാടുകൾക്കും വേണം സൗന്ദര്യം…

ലോകത്തെ തന്നെ ഏറ്റവും മികച്ച രീതിയിൽ സംഘാടനം ചെയ്യപ്പെടുന്ന സിംഫണികളിലൊന്നാണ്, മലയാളികളുടെയെല്ലാം സ്വന്തം തൃശൂർ പൂരം. അതിന്റെ ആസ്വാദകരായ ലക്ഷങ്ങൾ തന്നെയാണ് നമ്മുടെ കേരളത്തിന്റെ ടൂറിസം ബ്രാൻഡ് അംബാസിഡർമാരും. അത്തരത്തിൽ വലിയ സാധ്യതകളുള്ള ഒരു സാംസ്‌കാരിക മഹോത്സവത്തെ മുൻകൂട്ടി ആസൂത്രണമോ ചർച്ചകളോ ചെയ്യാതെ, അനാവശ്യ ഇടപെടലുകളിലൂടെ രസം കെടുത്തിയ പോലീസ് സംവിധാനം വലിയ നിരാശയുണ്ടാക്കുന്നു.

ലോകത്തെ പല പ്രധാന ഇവന്റുകളിലും, ഭൂരിഭാഗവും യൂണിഫോം ധരിക്കാത്ത പോലീസുകാരാണ് ചടങ്ങുകൾ നിയന്ത്രിക്കാറുള്ളത്. എന്തെങ്കിലും ഒരു അപകടം/ അക്രമസംഭവം ഉടലെടുത്തുകഴിഞ്ഞാൽ മാത്രമേ വടം കെട്ടിയും മറ്റും ജനത്തെ അവർ നിയന്ത്രിക്കാറുള്ളു. എന്നാൽ നമ്മുടെ നാട്ടിൽ, ജനങ്ങളെ വെറും ജയിൽപുള്ളികളെ പോലെ കാണുന്ന, അല്ലെങ്കിൽ തങ്ങളുടെ അധികാരം പ്രദർശിപ്പിക്കാനുള്ള അവസരമായി ഇതുപോലുള്ള പരിപാടിയെ മാറ്റുന്ന ചില ഉദ്യോഗസ്ഥരുമുണ്ട്. ഇവിടെ എന്തോ ഒരു ഭീകരാക്രമണം നടക്കാൻ പോകുന്നു – എന്ന തരത്തിലുള്ള യൂണിഫോംധാരികളുടെ വിന്യാസവും മറ്റും അടുത്തകാലത്തായി കൂടുതൽ കണ്ടുവരുന്നു. ഒരു പക്ഷെ ഇക്കാലത്തെ പുതിയ തൊഴിൽ സംസ്കാരത്തിന്റെ (പണി എടുത്താൽ മാത്രം പോരാ, അത് മുകളിലുള്ളവനെ കാണിക്കണം) എന്നൊരു തത്വവുമാകാം. എന്തായാലും ഈ കാലഘട്ടത്തിലെ ഇത്തരം ഏകാധിപത്യ രീതികളെക്കാൾ എത്രയോ ഭംഗിയായി നമ്മുടെ പൂർവികരും അന്നത്തെ പോലീസുമെല്ലാം ഈ ജനാവലിയെ തൃപ്‌തരാക്കി കഴിഞ്ഞ കാലങ്ങളിൽ പൂരം നടത്തിയിരുന്നു എന്നതിൽ ആ തലമുറയോട് വലിയ ബഹുമാനം. കാരണം കേവലം പൂരകാഴ്ചകളിൽ മാത്രമല്ല, അവിടെ പങ്കെടുക്കുന്നവർ സ്വന്തം അതിഥികളാണെന്ന കാഴ്ചപ്പാടുകളിൽ വരെ ഒരു സൗന്ദര്യബോധം അവർക്കുണ്ടായിരുന്നു.

കഴിഞ്ഞ ദിനത്തിലേത്, ഒരു ആകസ്മിക സംഭവമാണോ അല്ലെങ്കിൽ മുൻകൂട്ടി പ്ലാൻ ചെയ്തതാണോ എന്നതെല്ലാം മനസ്സിലാക്കാനുള്ള സാമാന്യബുദ്ധിയെല്ലാം നമ്മുടെ ആളുകൾക്കുണ്ട്. അതിന്റെ രാഷ്ട്രീയ വശങ്ങളിലേക്ക് തല്ക്കാലം കടക്കുന്നില്ല. എന്നാൽ നമ്മുടെ സാംസ്‌കാരിക പെരുമ ഉയർത്തുന്ന ഇത്തരം പരിപാടികളെ തങ്ങളുടെ രാഷ്ട്രീയനേട്ടങ്ങൾക്കുള്ള വേദിയാക്കി മാറ്റരുത് എന്നൊരു അപേക്ഷ എല്ലാ പാർട്ടികൾക്കും മുന്നിൽ സമർപ്പിക്കുന്നു. നന്ദി.

CATEGORIES

Articles

No responses yet

Leave a Reply

Your email address will not be published. Required fields are marked *