ഒരൊറ്റ ലോകം. ഒരേ ഒരു ദൗത്യം…

മനഃസമാധാനത്തോടെ സ്വന്തം മുഖം തൊടാൻ പോലും പറ്റാത്ത തലത്തിൽ, ഇന്നു ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിലാണ്. ഹസ്തദാനം ഒഴിവാക്കിയും, കൃത്യമായ ഇടവേളകളിൽ കൈകൾ ശുചിയാക്കിയും, പരമാവധി ആളുകളുമായി സമ്പർക്കം ഒഴിവാക്കിയുമെല്ലാം നാം ഏവരും ഈ മഹാമാരിക്കെതിരെയുള്ള യുദ്ധത്തിൽ വ്യാപൃതരാണ്.

കോവിഡ്, പ്രത്യക്ഷത്തിൽ ഒരു മരണകാരണമായ വൈറസ് അല്ലെങ്കിൽ കൂടിയും, അതിന്റെ പെട്ടെന്നു വ്യാപിക്കാനുള്ള ശേഷിയും, കൂടുതൽ ആളുകൾ രോഗലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തിച്ചേരുമ്പോൾ അതിനെ തരണം ചെയ്യാനുള്ള പ്രവർത്തനശേഷി പരിമിതപ്പെട്ടിരിക്കുന്നതുമാണ് നമ്മുടെ (ഓരോ രാജ്യങ്ങളിലും) യഥാർത്ഥ ഭീഷണിയും പ്രശ്നവും. ഒരു നിശ്ചിത സമയത്തേക്കെങ്കിലും നിർജീവ വസ്തുക്കളിൽ കഴിയാനുള്ള വൈറസിന്റെ അതിജീവനത്തിനു വിരാമമിടുക എന്നതിനും കൂടിയാണ് ജനങ്ങൾ പുറത്തിറങ്ങാനുള്ള വിലക്കുകൾ പല രാജ്യങ്ങളും നിർബന്ധപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ ഇന്നു തുടങ്ങുന്ന ജനത കർഫ്യു, ഇത്തരത്തിൽ വിഭാവനം ചെയ്യപ്പെട്ട മാതൃകയാണ്; ആ വേളയിൽ നമ്മുടെ വീടും പരിസരവും ശുചിത്വപൂർണമായി സൂക്ഷിക്കാനുള്ള ആഹ്വാനങ്ങളും വളരെ സ്വാഗതാർഹമാണ്.

കേരളത്തെ സംബന്ധിച്ചിടത്തോളം, പ്രധാനമായും പുലർത്തേണ്ട നിഷ്കർഷത അന്യരാജ്യങ്ങളിൽ നിന്നും വരുന്നവരുടേതാണ്. വിവിധ വിമാനത്താവളങ്ങളിലൂടെ കടന്നുവരുമ്പോൾ വൈറസ് പിടിപെടാനുള്ള സാധ്യതയുണ്ട്. കേവലം അറൈവൽ ടെർമിനലിലെ ഒരു താപനില പരിശോധനകൊണ്ട് അതെല്ലാം കണ്ടുപിടിക്കപ്പെടണമെന്നുമില്ല. സ്വാഭാവികമായും നിർബന്ധിത ക്വാറന്റൈൻ എടുക്കുക എന്നതാണ് ഉത്തമപൗരബോധമുള്ളവർ തുടരേണ്ടത്. വീട്ടുകാരോടുപോലും അകലം പാലിച്ചു രണ്ടാഴ്ച ഒറ്റയ്ക്ക് കഴിയുക പ്രയാസമെങ്കിൽ കൂടിയും, പൊതുനന്മക്കായി അതു ശീലിച്ചേ മതിയാകൂ; ഭൂരിപക്ഷം ആളുകളും അത് പിന്തുടരുകയും ചെയ്യുന്നു.

എന്നാൽ കഴിഞ്ഞ ദിവസങ്ങളിലെ വാർത്തകളിൽ, ഒരു ബോളിവുഡ് ഗായികയും, മറ്റൊരു കാസർഗോഡ് സ്വദേശിയും കാണിച്ച നിസ്സംഗത, എല്ലാവരെയും നാണിപ്പിക്കുന്നതാണ്. നമ്മുടെ ആരോഗ്യ പ്രവർത്തകരും, ജനപ്രതിനിധികളും അഹോരാത്രം കഠിനമായി ഏകോപനത്തോടെ പ്രവർത്തിക്കുമ്പോൾ, ഇത്തരത്തിലുള്ള ആളുകൾ ഒരു ബോധവുമില്ലാതെ പെരുമാറുന്നത് ലോകത്തിനു തന്നെ ഭീഷണിയാണ്. കൂടാതെ പല സ്ഥലങ്ങളിലും ആൾക്കൂട്ടം ഒഴിഞ്ഞുനിൽക്കണമെന്നു ആവശ്യപ്പെടുമ്പോഴും അതിനെയെല്ലാം തൃണവൽക്കരിച്ചു മത ആരാധനകളും, ഉത്സവങ്ങൾ നടത്തുന്നതും അധികാരികളെ മാത്രമല്ല എല്ലാ വിഭാഗം ജനങ്ങളെയും പ്രതിസന്ധിയിലാഴ്ത്തുകയാണ്. വരും നാളുകളിൽ തീർച്ചയായും സർക്കാരിന് കടുത്ത നിലപാടുകൾ ഇക്കാര്യങ്ങളിൽ എടുക്കേണ്ടിവന്നേക്കാം; അവക്കെല്ലാം ഉറച്ച പിന്തുണയും അറിയിക്കുന്നു.

ഭൂമിശാസ്ത്രപരമായും, സാമൂഹ്യപരമായും വളരെ നല്ല ഘടകങ്ങൾ അനുകൂലമായതിനാൽ, കേരളം ഈ പ്രതിസന്ധിയെ വലിയ അപകടം കൂടാതെ മറികടക്കും എന്നൊരു പ്രതീക്ഷയും കൂട്ടത്തിൽ പങ്കുവയ്ക്കട്ടെ. നാലു ഇന്റർനാഷനൽ എയർപോർട്ടുകളും, രണ്ടു സംസ്ഥാന അതിർത്തികളുമാണ് കേരളത്തിന് കാര്യമായി ശ്രദ്ധിക്കാനുള്ളത്. വിദേശത്തുനിന്നും വരുന്നവർ (മറ്റു രാജ്യങ്ങളിലെ സ്ഥിതികൾ ഇനിയും രൂക്ഷമായാൽ- തൊഴിൽരഹിതരായും മറ്റും) പൊതുവായ ഒരു എയർപോർട്ട് തെരഞ്ഞെടുക്കുക എന്നതാണ് ഇനി പ്രധാനം. ഇക്കാര്യം സർക്കാർ നിഷ്കർഷിക്കുന്നത് നന്നായിരിക്കും. തെരെഞ്ഞെടുക്കപ്പെട്ട ആ എയർ പോർട്ടിന്റെ 10 കിലോമീറ്റര് ചുറ്റളവിൽ ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും ക്വാറന്റൈൻ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയാൽ മറ്റു സ്ഥലങ്ങളിലേക്കുള്ള വ്യാപനം പൂർണമായും തടയാം. ആ നിശ്ചിത കാലാവധിക്കുശേഷം വീടുകളിലെത്താൻ, സ്വന്തമായി വാഹന സൗകര്യം ഇല്ലാത്തവർക്കായി ടാക്സിയെക്കാൾ പ്രത്യേക ബസും ഏർപ്പാടാക്കുന്നതും അഭികാമ്യം. ഇതോടൊപ്പം പറയട്ടെ, നമ്മുടെ റെയിൽവേ മാപ്പും ഭൂമിശാസ്ത്രപരമായി അനുയോജ്യരീതിയിലാണ്. അന്യസംസ്ഥാന തൊഴിലാളികൾക്ക് താൽക്കാലികമായി യാത്രാനിയന്ത്രണം നടപ്പിലാക്കിയാൽ ആ മേഖലയും നിയന്ത്രണ വിധേയം. കൂട്ടത്തിൽ സംസ്ഥാന റോഡ് അതിർത്തികളിലും നന്നായി ജാഗ്രത തുടർന്നാൽ പുറത്തുനിന്നുള്ള പ്രസരണത്തെ വലിയ രീതിയിൽ ഒഴിവാക്കാം.

സാമൂഹ്യപരമായ നന്മയുള്ള ഘടകം എന്നുദ്ദേശിച്ചത് നമ്മുടെ മതേതര ജീവിതശൈലി തന്നെയാണ്. ജാതി-മത-സാമ്പത്തിക-രാഷ്ട്രീയ ഉച്ചനീചത്വമില്ലാതെ, ഒരു പ്രതിസന്ധി വരുമ്പോൾ ഏവരും ഒന്നിച്ചു നിൽക്കുന്ന ശീലം, മറ്റു നാടുകളെ അപേക്ഷിച്ചു നമുക്ക് നിരവധിയുണ്ട്. ഒരു അടിയന്തിര ആവശ്യങ്ങൾക്ക് താല്കാലിക ആശുപത്രിയായി വിട്ടുകൊടുക്കാൻ കഴിവുള്ള വീടുകൾ, മികച്ച സാനിറ്ററി സംവിധാനമുള്ള സ്കൂളുകൾ, ഒഴിഞ്ഞ വീടുകളുമെല്ലാം ഓരോ റസിഡന്റ് മേഖലകളിലും നമുക്കുണ്ട് (അത്തരം സാഹചര്യമുണ്ടാകാതിരിക്കട്ടെ). പ്രൈമറി ഹെൽത്ത് മേഖലയിൽ ഉന്നത നൈപുണ്യം നമുക്കുള്ളതും വലിയ മുതൽക്കൂട്ടാണ്. ഇവയെല്ലാംകൊണ്ടുതന്നെ നമ്മുടെ പ്രായമായ വയോധികർ അധികം ആകുലപ്പെടാതിരിക്കുക.

നേരത്തെ സൂചിപ്പിച്ചതുപോലെ, ഇതൊരു ഭയാനക വൈറസ് അല്ല; വ്യാപനത്തിന്റെ ശേഷിയാണ് നമ്മുടെ വെല്ലുവിളി. കഴിയുന്നതും വീട്ടുസാധനകൾ വരെ ഡെലിവറി സർവീസിനെ ഏൽപ്പിക്കുക. വീട്ടിലിരുന്നു ജോലി ചെയ്യാൻ കഴിയുന്നവർ അതുപയോഗപ്പെടുത്തുക. ഇതെല്ലാം സൂചിപ്പിക്കുമ്പോഴും സ്വകാര്യ മേഖലകളിൽ ജോലിചെയ്യുന്നവരും, ദിവസവേതനക്കാരുമായ ബഹുഭൂരിപക്ഷം ആളുകളും എല്ലായിടത്തുമുണ്ട്. ലോൺ കാലാവധി നീട്ടികൊടുത്തും, ദാരിദ്ര്യരേഖയിൽ താഴെയുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിശ്ചിത തുക നിക്ഷേപിച്ചും ഇത്തരമൊരു അസാധാരണ സാഹചര്യത്തിൽ, സർക്കാരുകൾ അറിഞ്ഞു പ്രവർത്തിക്കേണ്ടതുണ്ട്.

അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഈയൊരു പ്രതിസന്ധി ലോകം മറികടക്കുമെന്ന പ്രത്യാശ ശാസ്ത്രലോകത്തിനുണ്ട്. വൈറസിന്റെ ജനറ്റിക് ഡിക്കോഡിങ്, റഷ്യ നടത്തിയിരിക്കുന്നു, വാക്‌സിൻ പരീക്ഷണം ആദ്യഘട്ടം അമേരിക്ക പിന്നിട്ടു, അതുപോലെ മറ്റു രാജ്യങ്ങളും പലവിധ ശ്രമവഴികളിലാണ്. പ്രതിഭകൾക്ക് പഞ്ഞമില്ലാത്ത നമ്മുടെ രാജ്യത്തിലെയും, കേരളത്തിലെയും മിടുക്കന്മാർക്കും, മിടുക്കികൾക്കും ഈ യജ്ഞത്തിൽ പങ്കാളികളാകാം. ചുരുങ്ങിയത് വീട്ടിൽ ഷുഗർ ടെസ്റ്റ് ചെയ്യുന്ന മാതൃകയിൽ, ഒരു ഈസി കോവിഡ് അനലൈസർ സൃഷ്ടിച്ചെടുത്താലും, ഈ വർഷത്തെ ടൈം മാഗസിനിൽ, ഒരു കോളം നിങ്ങൾക്കായും ഉണ്ടാകും. അതുകൊണ്ടു തന്നെ ക്രിയാത്മകമായി ഈ സമയത്തെ, അവസരമായി വിനിയോഗിക്കുക.

സാധാരണക്കാരൻ മുതൽ ബ്രിട്ടീഷ് രാജ്ഞി വരെ, ഒരേ പോലെ ആശങ്കപ്പെടുന്ന – ഈ ജീവൽഗ്രഹത്തിലെ ഏവരും സമന്മാരായി മാറുന്ന ഇത്തരമൊരു അപൂർവ സന്ദർഭം, മാനവരാശിക്ക് മുൻപിൽ ചില പാഠങ്ങൾ നൽകുന്നുമുണ്ട്. അമിതലാഭങ്ങൾക്കായി പ്രകൃതിയോടും മനുഷ്യനടക്കമുള്ള ജീവജാലങ്ങൾക്കുമെതിരെയുള്ള നിരന്തര ചൂഷണങ്ങൾ, വിശപ്പിനല്ലാതെ നേരമ്പോക്കിനായി വെറുതെ കൊന്നൊടുക്കുന്ന മിണ്ടാപ്രാണികളുടെ വിലാപങ്ങൾ, അന്ധമായ രാഷ്ട്രീയ-മത-അധികാര-സ്വാർത്ഥതയുടെ വിഴുപ്പലക്കലുകൾ തുടങ്ങി മനുഷ്യൻ ചെയ്തുകൂട്ടുന്ന ദുഷ്പ്രവർത്തികളുടെ ഫലം, മറ്റൊരു തലത്തിൽ നാം ഓരോരുത്തരെയും വീട്ടുതടങ്കലിൽ എത്തിച്ചിരിക്കുന്നു! തെറ്റുകളിൽ നിന്നും പഠിക്കുന്നവരാണ് മനുഷ്യർ എന്നതുകൊണ്ടുതന്നെ സ്രഷ്ടാവ് നമ്മെയൊന്നും അധികം പരീക്ഷിക്കില്ലന്നാശ്വസിക്കാം…

ഏവരും ആരോഗ്യവാന്മാരായി, അനുഗ്രഹത്തോടെയിരിക്കുക…

CATEGORIES

Articles

No responses yet

Leave a Reply

Your email address will not be published. Required fields are marked *