
ഒരു പരീക്ഷണം.
രാവിലെ നടക്കാവിൽ നിന്നും ബസ് കയറിയതുമുതൽ ഈ പോസ്റ്ററുകൾ ശ്രദ്ധിക്കുന്നുണ്ട്. പുതിയ ബസ് സ്റ്റാൻഡിനു മുന്നിലെ സ്റ്റോപ്പിനുമുന്പിൽ ബസ് ഇറങ്ങി സ്റ്റാൻഡിലേക്ക് നടക്കുമ്പോഴും വഴിനീളെയുള്ള ചുമരുകളിലും തൂണുകളിലുമെല്ലാം ആ മുഖം നിരയായി കാണുന്നുണ്ട്. ശുഭ്രവസ്ത്രം ധരിച്ച്, കഴുത്തിലൊരു ജമന്തിമാലയുമണിഞ്ഞു, നിറഞ്ഞ പുഞ്ചിരിയോടെ ഇടതുവശത്തേക്ക് കൈകൂപ്പുന്ന ആ മുഖത്തു ചെറിയൊരു കുസൃതി ഭാവമുണ്ടോ?
നമുക്ക് അല്ലെങ്കിലും ഈ ആൾദൈവങ്ങളോട് നേരത്തെ മുതൽ വലിയ താല്പര്യമില്ല. കുറെ വിശ്വാസികൾ, അവരുടെ ആത്മ സംതൃപ്തിക്കുവേണ്ടി ഇവരെയെല്ലാം കാണുന്നു, ദിവ്യശക്തിയുണ്ടെന്നൊക്കെ സാക്ഷ്യം പറയുന്നു; ഏറ്റുപിടിക്കാനും മറ്റും അടുത്ത കൂട്ടരും… ഏതായാലും ഈ വഴി എനിക്കുള്ളതല്ല.
പുതിയ സ്റ്റാൻഡിൽ രാമനാട്ടുകരയിലേക്കുള്ള ബസിനായി കാത്തുനിൽക്കുന്ന വേളയിൽ, അല്പസമയത്തേക്കു മനസ്സ് ചിന്തകളിൽ മുഴുകി…
-പക്ഷെ ഇവർക്ക് എന്തെങ്കിലും കഴിവ് കാണാതിരിക്കില്ലല്ലോ. ഇത്രയും ആൾക്കാരൊക്കെ, അതും വിദേശികളും മറ്റും കാണാനും ചെല്ലുമ്പോഴ്?!!… എന്റെ ബുദ്ധിയും മനഃസാക്ഷിയും ഒരുപോലെ പ്രതിപ്രവചിച്ചു!
പുറപ്പെടാൻ കാത്ത ഒരു ബസിനകത്തേക്കു പെട്ടെന്ന് കയറി; ചെറിയ തിരക്കുണ്ട്, കൂടുതലും വിദ്യാർത്ഥികൾ.
“ചേട്ടാ ഒരു രാമനാട്ടുകര”
കണ്ടക്ടർ ടിക്കറ്റ് നീട്ടി, അതോടൊപ്പം മുന്നോട്ട് കയറിനിൽക്കാനും ആംഗ്യം കാണിച്ചു.
സൈഡ് സീറ്റിലെ കമ്പിയിൽ പിടിച്ചു പുറത്തെ കാഴ്ചകളിലേക്ക് കണ്ണുംനട്ട് യാത്ര തുടർന്നു. ബസിൽ മീശമാധവനിലെ പാട്ടാണ്, രാവിലെ ഈ കരിമിഴിക്കുരുവിയുടെ ബിജിഎം നല്ലൊരു ഉന്മേഷം തരുന്നുണ്ട്..
പിന്നീടൊരു സ്റ്റോപ്പിൽ വണ്ടി നിർത്തിയപ്പോൾ, നേരത്തെയുള്ള ചിന്തകൾ വീണ്ടും ഉണർത്തപ്പെട്ടു.
“ശരിക്കും ഇവരെ ഒന്നുപോയി കണ്ടാലോ? കോഴിക്കോട്, അതും ഇത്രയും അടുത്ത് വരുന്നതല്ലേ. ഈ കേൾക്കുന്ന കാര്യങ്ങളൊക്കെ ഒന്നു നേരിട്ട് ബോധ്യപ്പെടാമല്ലോ” മനസ്സ് മൊഴിഞ്ഞു.
-ഉം.. അപ്പൊ പരീക്ഷണമാണ് നിന്റെ ഉദ്ദേശം.. അതും ദൈവത്തോട് തന്നെ..
മനഃസാക്ഷി എന്നെ ഒന്നുതോണ്ടി.
“അല്ലപിന്നെ.. എല്ലാ മനുഷ്യന്മാരുടെയും വിഷമങ്ങളും പരിഹാരങ്ങളുമെല്ലാം ഇവരുടെ കയ്യിലുണ്ടെന്നു പറയുന്നു, വീണ്ടും, വീണ്ടും ആളുകൾ കാണാൻ ചെല്ലുന്നു.. ആ ഗുട്ടൻസ് എന്തായാലും അറിയണമല്ലോ.. അതും ഈ ശാസ്ത്രയുഗത്തിൽ!
കഴിഞ്ഞവർഷം അച്ഛനും അമ്മയുമെല്ലാം ഈ അമ്മയുടെ അൻപതാം പിറന്നാൾ വാർഷികത്തിൽ കലൂർ സ്റ്റേഡിയത്തിൽ പോയി ക്യൂ നിന്നതാണ്. പക്ഷെ തിരക്കിൻറെ ബാഹുല്യത്താൽ കാണാതെ മടങ്ങേണ്ടിവന്നു. അവർക്കില്ലാത്ത ഭാഗ്യമാണ് തൊട്ടടുത്ത്; ഈ നഗരത്തിൽ ജോലികിട്ടിയതിന്റെ മറ്റൊരു നിയോഗമാകാം.
എന്തായാലും തീയതി മനസ്സിൽ കുറിച്ചിട്ടു, അടുത്തമാസം ഡിസംബർ 15. അന്നു മുതൽ രണ്ടു ദിവസമുണ്ട്.. അതിലൊരു ദിവസം ലീവ് നോക്കി കാരപ്പറമ്പ് സ്കൂളിൽ പോകാം.
ആ നിമിഷം മുതൽ ആ യാത്രയെക്കുറിച്ചും, നേരിൽ കാണുന്നതിനെക്കുറിച്ചുമെല്ലാമുള്ള ദൃശ്യങ്ങൾ മനസ്സിൽ തെളിഞ്ഞു വന്നു.
-അല്ല, ഈ അമ്മ എങ്ങാനും എന്നെ കാണുന്ന വഴി, പേര് വിളിച്ചു വീട്ടിലെ വിശേഷോ, വീട്ടുകാരെക്കുറിച്ചോ മറ്റോ ചോദിക്ക്യോ?!
“ഏയ്, അതൊന്നുമുണ്ടാവില്ല..
ഇനിപ്പോ അഥവാ അങ്ങിനെയെങ്ങാനും ചോദിച്ചാൽ, ഞാനീ ജോലിയൊക്കെ മതിയാക്കി മൊട്ടയടിച്ചു ഇവരോടൊപ്പം…“
-ഏയ് വേണ്ട, അത്ര വലിയ ശപഥം വേണ്ട. ബുദ്ധി ഉടനെ വിലക്കി..
-പക്ഷെ വേറെ ഒരു പ്രശ്നമുണ്ടല്ലോ? ഇവർ എല്ലാവരെയും പ്രായം നോക്കാതെ കെട്ടിപ്പിടിക്കും!!
എന്റെ ദൈവമേ, ആലോചിച്ചപ്പോൾ തന്നെ നാണം വന്നു. കല്യാണം പോലും കഴിക്കാത്ത വെറും ഇരുപത്തിമൂന്നു വയസ്സുള്ള എന്നെ ഒരു അന്യസ്ത്രീ ആലിംഗനം ചെയ്യുന്നത് ഓർക്കുമ്പോൾ തന്നെ…
“ഹലോൺ….”
കണ്ടക്ടറുടെ വിളിയാണ്..
എന്റെ ലീക്കായ ചിരിയെങ്ങാനും കണ്ടു വിളിച്ചതാണോ?!
ചമ്മലൊഴിവാക്കാൻ അടുത്ത നിമിഷം തന്നെ, ജോസഫ് അലക്സിനെ മനസ്സിൽ ആവാഹിച്ചു, മുഖത്തു ഗൗരവം കലർത്തി അല്പം ബാസ്സ് കൂട്ടി ഇങ്ങനെ പറഞ്ഞു..
-ടിക്കറ്റ് എടുത്തല്ലോ ഏട്ടാ…
എന്റെ ഭാവപ്പകർച്ചയിൽ തെല്ലൊരു അത്ഭുതത്തോടെ മൂപ്പർ ഇങ്ങനെ പറഞ്ഞു.
-അല്ല സീറ്റുണ്ട്, നിങ്ങൾ ഇങ്ങനെ നിക്കണ്ട…
കണ്ടക്ടർ അതും പറഞ്ഞു ചാടി നീങ്ങിപോയി.
അടുത്ത നിമിഷം മമ്മൂട്ടിയുടെ കഥാപാത്രമൊക്കെ ആവിയായി അടുത്തുള്ള ഒരു സീറ്റിലേക്ക് ഞാനിരുന്നുപോയി. ഹോ ദൈവമേ, അടുത്ത് കാലി സീറ്റുകൾ ഉണ്ടായിട്ടും പരിസരബോധമില്ലാതെ ഈ കമ്പിയും പിടിച്ചു പുറത്തോട്ടു നോക്കി ആലോചിച്ചുനിൽക്കുന്ന എന്റെ രൂപത്തെ വീണ്ടും ഓർക്കാൻ മനസ്സ് അനുവദിച്ചില്ല.
അടുത്താഴ്ച വീണ്ടും ഇതേ ബസിൽ ഇതേ സമയത്തു കയറണം, ഫുൾ ബോധത്തിൽ!. അല്ല പിന്നെ നമ്മളോടാ കളി.
——————————————————
ഇരഞ്ഞിപ്പാലത്തുനിന്നും കാരപറമ്പിലേക്കുള്ള യാത്ര സത്യത്തിൽ ആദ്യമായിട്ടാണ്. പറ്റുമെങ്കിൽ ഉച്ചക്കുമുന്നെ പരിപാടികഴിഞ്ഞു, ആഫ്റ്റർനൂൺ ഡ്യൂട്ടിക്കു കേറണം. വെള്ളിയാഴ്ച പൊതുവെ ജോലിത്തിരക്ക് കുറവാണ്, ഇനി ഞാനില്ലെങ്കിൽ പോലും സുനീഷ് അവിടെ മാനേജ് ചെയ്തോളും.
വെള്ളിമാടുകുന്നിലെ അമൃത വിദ്യാലയത്തിനുള്ളിലെ ക്യൂവിൽ നിൽക്കുമ്പോൾ ആദ്യം ശ്രദ്ധിച്ചതു ഓരോ വ്യക്തികളും പരസ്പരം അഭിവാദ്യം ചെയ്യുന്ന രീതിയാണ്. ഏവരും എല്ലാവര്ക്കും നല്ല ബഹുമാനം നൽകുന്നു, പല വിദേശികളെയും അത്തരത്തിൽ കാണാനിടയായി. പക്ഷെ എന്റെ പ്രായത്തിലുള്ള ആണുങ്ങൾ പൊതുവെ കുറവായി തോന്നി. കുറച്ചുനേരം വരിയിൽ നിന്നപ്പോഴാണ്, അതൊരു വലിയ നിരയാണെന്നു മനസ്സിലായത്. അല്പസമയം പിന്നിട്ടപ്പോൾ ശുഭ്രവസ്ത്രം ധരിച്ച വ്യക്തികൾ ഏവർക്കും ടോക്കണുകൾ വിതരണം ചെയ്തപ്പോൾ തെല്ലൊരാശ്വാസം. എന്റേത് ഒരു നാലക്ക നമ്പർ ആയിരുന്നു. ഒരു പക്ഷെ ഉച്ച കഴിഞ്ഞേക്കാം.
ടോക്കൺ പോക്കറ്റിലിട്ടു ആ പരിസരമൊക്കെ ഒന്നു ചുറ്റിനടന്നു. ഭസ്മം ധരിച്ചു, ശുഭ്രവസ്ത്രധാരികളായ ആളുകൾ ഒരു പുഞ്ചിരിയോടെ കാണുമ്പോഴെല്ലാം അഭിവാദ്യം ചെയ്തിരുന്നു. ഒരുപാടു ആളുകൾ വരുന്ന സ്ഥലമായതുകൊണ്ടുതന്നെ അവർക്കാവശ്യമായ എല്ലാ സൗകര്യങ്ങളും അവിടെ ഉണ്ടായിരുന്നു. അതിൽ ലഘുഭക്ഷണം നൽകുന്ന ഒരു കടയിൽ എല്ലാവരും സ്ത്രീകളായിരുന്നുവെന്നത് ഒരു കൗതുകമായി തോന്നി.
ക്യൂ ഞാൻ കരുതിയതിലും വലുതാണ്.. പുറത്തിറങ്ങി ബൂത്തിൽ നിന്നും സുനീഷിനെ വിളിച്ചു ലീവ് സൂചിപ്പിച്ചു, പിന്നെ വീട്ടിലേക്കും ഒന്നു വിളിച്ചു. അവർക്കു അതൊരു അദ്ഭുതമായിരുന്നു. പൊതുവെ അമ്പലകാര്യങ്ങളിൽ വിമുഖതയുള്ള മകന് ‘നല്ലൊരു ബുദ്ധി’ തോന്നിയതിലും അവർ സന്തോഷിച്ചിരിക്കാം… ഉച്ചഭക്ഷണവും കഴിച്ചു ആ സ്കൂളിലെ പുറത്തെ ബെഞ്ചിൽ തെല്ലൊരു ആലസ്യത്തോടെ ഞാനിരുന്നു. എനിക്കഭിമുഖമായുള്ള ദർശനഹാളിലെ ദൃശ്യങ്ങൾ സൈഡ് സ്‌ക്രീനിൽ അവ്യക്തമായി കാണാം.
അല്പസമയം കഴിഞ്ഞപ്പോൾ ഒരു മുപ്പതിനോടടുത്തു പ്രായമുള്ള ഒരു ചെറുപ്പക്കാരൻ എന്റെ മുന്നിൽ പ്രത്യക്ഷപെട്ടു. ഒരു ഹാഫ് സ്ലീവ് ഷർട്ടും, പാന്റുമാണ് വേഷം. കയ്യിൽ ചെറിയൊരു കവറുമുണ്ട്.
– ങ്ങള് അമ്മയെ കാണാൻ വന്നതാണോ?
“അല്ലടാ ചങ്ങായി ഞാനൊരു സിനിമ കാണാൻ വന്നതാണ്’ എന്ന് പറയാൻ വന്നെങ്കിലും, പരമാവധി സൗമ്യമായി അതെയെന്നു തലയാട്ടി.
– ഇങ്ങടെ ടോക്കൺ എത്രയാ?
ഞാൻ ടോക്കൺ എടുത്തു കാണിച്ചു, മൂപ്പരുടെ നമ്പറും ചോദിച്ചറിഞ്ഞു..
-ഇന്നിപ്പോ കാണാൻ പറ്റുമെന്ന് തോന്നിൺ ല്യ, രാത്രി ആവുംന്നാ തോന്നുന്നേ..
നിരാശയോടെ അയാൾ പറഞ്ഞു.
– ങ്ങള് കല്യാണം കഴിച്ചതാ? വീണ്ടും ചോദ്യം..
എടാ മഹാപാപി, എങ്ങനെ പറയാൻ തോന്നി.. ഞാൻ ചിരിച്ചുകൊണ്ടില്ലെന്ന് പറഞ്ഞു.. വീക്കോ ഒന്ന് മാറ്റിപിടിക്കേണ്ട സമയമായി, മുഖത്തു പ്രായം കൂടുന്നുണ്ട്..
– എന്റെ കല്യാണം കഴിഞ്ഞതാണ്. ഭാര്യയും മോനുമുണ്ട്. അല്ല നിങ്ങൾ എന്തിനാ അമ്മയെ കാണാൻ വന്നത്? എന്തെങ്കിലും പ്രശ്‍നം വല്ലതും.?
ദൈവമേ, ഞാൻ എന്ത് മറുപടി പറയും? ഇയാൾ എന്നെ വിടുന്നില്ലല്ലോ!… മനസ്സ് പറഞ്ഞു.
“അല്ല, ഞാൻ ഇവരെ കുറിച്ച് കേട്ടിട്ടുണ്ട്. കോഴിക്കോട് ജോലി ആയതുകൊണ്ട് ഒന്ന് കാണണം എന്നാഗ്രഹം തോന്നി.. അത്രേയുള്ളു.“ – ഞാൻ മറുപടി നൽകി.
-ഓക്കേ. ഞാൻ കൊയിലാണ്ടിയിൽ നിന്നും വരാണ്. എന്റെ സുഹൃത്ത് പറഞ്ഞു ഇവരെ കണ്ടാൽ എന്തെകിലും പരിഹാരമുണ്ടാകും എന്നൊക്കെ. പക്ഷെ ഇന്ന് ഇനി കാണാൻ രാത്രി ഒരു പാടാകും, പക്ഷെ പിന്നെ ട്രെയിൻ കിട്ടില്ല.
“എല്ലാം ശരിയാകും ഭായ്.. എല്ലാവര്ക്കും എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ കാണും..” പ്രായത്തിൽ ഇളയതായിട്ടും എനിക്കങ്ങനെ പറയാൻ തോന്നി.
അടുത്തനിമിഷം അയാൾ എനിക്കരികിൽ വന്നിരുന്നു. പതിയെ അദ്ദേഹത്തിന്റെ കഥകൾ പറയാൻ ആരംഭിച്ചു. ഭാര്യയുമായുള്ള പിണക്കങ്ങളാണ് പ്രധാന കാര്യം. ഈ വൺസൈഡ് പരിഭവം പറച്ചിലുകൾ കേൾക്കാൻ താല്പര്യമില്ലായിരുന്നുവെങ്കിൽ പോലും ഞാനൊരു കേൾവിക്കാരനായി ഇരുന്നുകൊടുത്തു. എന്റെ ശ്രദ്ധയാകട്ടെ പലപ്പോഴും അടുത്ത സ്റ്റാളിലെ ചായയിലേക്കും ചൂടുള്ള എണ്ണ പലഹാരങ്ങളിലേക്കും പലപ്പോഴും തെന്നിമാറിപ്പോയി..
പിന്നെയും അയാൾ തുടർന്നു. ഭാര്യയല്ല, അവരുടെ വീട്ടുകാരാണ് പ്രശ്‍നം. ഇങ്ങേരെ അവർ വീട്ടിൽ കയറ്റുന്നില്ല..
-എന്റെ മോനെ കണ്ടിട്ട് നാലു മാസമായി അനിയാ!!
ഒരു നിമിഷം. ആ വാക്കുകൾ എന്റെയുള്ളിൽ തറഞ്ഞുപോയി.. കുറച്ചുനേരത്തേക്കു രണ്ടുപേരും നിശബ്ദരായിപ്പോയി.
എന്റെ തോളിൽ മുഖം ചേർത്ത് തേങ്ങുന്ന മുഖം മനസ്സൊന്നുലച്ചു. ആ നിമിഷത്തിലൊന്നിൽ ഞാൻ അയാളുടെ കൈ മുറുകെ പിടിച്ചു. അല്പസമയത്തേക്ക് ഞങ്ങൾ ഒന്നും സംസാരിച്ചില്ല. എല്ലാം ശരിയാകും, പ്രാർത്ഥിക്കാം എന്നൊരു ആശ്വാസവാക്കുകളല്ലാതെ മറ്റൊന്നും എനിക്കും പറയാനില്ലായിരുന്നു. മനസ്സ് തുറന്നു പറഞ്ഞത് ഒരു അപരിചിതനോടാണെന്ന ജാള്യത പിന്നീട് ആ മുഖത്തുണ്ടായിരുന്നോ എന്നെനിക്കു സന്ദേഹം തോന്നി. അൽപംകഴിഞ്ഞു അയാൾ യാത്ര പറഞ്ഞുപിരിഞ്ഞു.
ബെഞ്ചിൽ ഞാൻ വീണ്ടും ഒറ്റക്കായി. പിന്നിട്ട നിമിഷങ്ങളിലെ ഒരു ജീവിതാനുഭവകഥ, എന്നെ കുറച്ചുകൂടി ഗൗരവമുള്ളവനാക്കി മാറ്റി. ആ കാഴ്ചപ്പാടിൽ ചുറ്റുപാടും നിരീക്ഷിച്ചപ്പോൾ അതുവരെയുണ്ടായിരുന്ന ധാരണകളും മാറിമാറിയാൻ തുടങ്ങി. ഇത്രയും തിരക്കുള്ള സ്ഥലമായിട്ടും ഒരു തിരക്കുകൂട്ടലോ ബഹളമോ ആർക്കുമില്ല. വളരെ ശാന്തമായ ഒരു അന്തരീക്ഷം. പ്രസന്നമായി പുഞ്ചിരിക്കുന്നവരും, പരസ്പര ബഹുമാനവും അഭിവാദനവും കൈമാറുന്ന ആളുകളും. സത്യത്തിൽ ഈ അദ്ധ്യാത്മികമായ ആനന്ദം ഇതൊക്കെയാണോ? അറിഞ്ഞുകൂടാ.
കണ്ണുകൾ അടുത്തുള്ള ലഘുഭക്ഷണശാലയിലേക്ക് നയിച്ചു. കൗണ്ടറിലും, സപ്ലൈ ചെയ്യുന്നതും ക്ലീൻ ചെയ്യുന്നതുമെല്ലാം പ്രായമുള്ള സ്ത്രീകൾ. പലരും ഒറ്റപ്പെടലിന്റെയും വിരഹവേദനയുടെയും പശ്ചാത്തലമുള്ളവരാകാം. പക്ഷെ അവർക്കു പ്രത്യാശയും ആത്മാഭിമാനമുള്ള ജീവിതവും നൽകുന്നൊരാളെ ദൂരെ സൈഡ് സ്‌ക്രീനിൽ എനിക്കു അവ്യക്തമായി കാണാം.. ഏതാനും മീറ്ററുകൾ അകലെ, എന്നാൽ അടുത്തെത്താൻ മണിക്കൂറുകളും.. ഇന്ന് എത്ര സമയമെടുത്താലും ഈ അമ്മയെ എനിക്കും കാണണം; ഞാനുറപ്പിച്ചു.
സമയം കടന്നുപോയി, ട്യൂബ്ലൈറ്റ് വെളിച്ചം എങ്ങും നിറഞ്ഞു. ഏതാണ്ട് ഒൻപതേകാലോടെ ഞാനുൾപ്പെടുന്ന ടോക്കൺ അനൗൺസ് ചെയ്‌തു, അത്യാവശ്യം വേഗത്തിൽ ക്യൂ മുന്നോട്ടുപോയി. സമർപ്പിക്കാൻ പൂജാഫലദ്രവ്യങ്ങളുമായും ആളുകൾ മുന്നിലുണ്ടായിരുന്നു. ഹാളിന്റെ വാതിലിനു മുന്നിലെത്തിയപ്പോൾ, വലതു വശത്തുള്ള സ്റ്റേജിൽ, ആളുകൾ കടന്നുവരുന്ന വഴിയോട് ചേർന്നുള്ള ഉയർന്ന ഇരിപ്പിടത്തിൽ ഞാനാദ്യം ഒരു നോക്കു കണ്ടു. ഇനി മുന്നിൽ അഞ്ചോ ആറോ പേർ മാത്രം.
-നീങ്ക തമിഴാ?
വഴിയിലെ ഒരു പ്രായമുള്ള ഒരു വളണ്ടിയർ അപ്പൂപ്പൻ എന്നോടു ചോദിച്ചു.
അല്ലെന്നു തലയാട്ടിയപ്പോൾ ആ മുഖം ശ്രദ്ധിച്ചു. ഫോട്ടോയിൽ മാത്രം കണ്ടുപരിചയമുള്ള അച്ചാച്ചന്റെ ഒരു ഛായ തോന്നി.
അച്ഛൻ!!
ഞാനിപ്പോ എന്തിനാണ് അച്ഛനെ ഓർത്തത്??!
മിഴികളൊന്നടച്ചു ആലോചിച്ചു. കാതിൽ ഒരാരവം. അതു കലൂർ സ്റ്റേഡിയമാണോ?!
കാണാൻ ആഗ്രഹിച്ചിട്ടും നിരാശയോടെ മടങ്ങുന്ന അച്ഛന്റെ രൂപം അപ്പോൾ മനസ്സിൽ തെളിഞ്ഞു. ഇന്ന് പകൽ വിളിച്ചപ്പോൾ തന്റെ മകനെങ്കിലും ആ ഭാഗ്യത്തിനായി അച്ഛൻ പ്രാർത്ഥിച്ചു കാണണം..
കണ്ണിൽ അറിയാതെ ജലകണങ്ങൾ പൊടിഞ്ഞു,
മുന്നിൽ രണ്ടുപേർ മാത്രം..
ഏതോ പ്രേരക ശക്തിയാൽ എന്റെ കൈകൾ രണ്ടും കൂപ്പി. മനസ്സപ്പോൾ മന്ത്രിച്ചു,
‘ഈ ശരീരത്തിനുള്ളിൽ ഞാനാണോ അതോ അച്ഛനാണോ?!!’
ഉയർന്ന പീഠത്തിലെ രണ്ടു കൈകൾ വാരിയെടുത്തു പുണർന്നു. ശേഷം രണ്ടു ചെവികളിലും “പൊന്നുമോനെ” എന്നു മന്ത്രിച്ചു. ഇരുൾമൂടിയ ഒരു അഗാധഗർത്തത്തിലേക്ക് അതിശക്തമായ ഒരു പ്രകാശം പോലെ ആ മന്ത്രധ്വനി ചെന്നു പതിച്ചു. ആ സ്നേഹാമൃത സ്പർശത്തിൽ ഞാനൊരു കുഞ്ഞായി മാറിയപ്പോൾ വാക്കുകൾ ഒന്നും പുറത്തുവന്നില്ല…
തിരിച്ചുനടന്നു നീങ്ങവേ ഒരു വളണ്ടിയർ പെൺകുട്ടി ഒരു കാർഡ് സമ്മാനിച്ചു. പുതിയ വർഷത്തെക്കുള്ള ഒരു ചെറിയ പോക്കറ്റ് കലണ്ടറാണ്, ഞാനതു ഷർട്ടിന്റെ പോക്കറ്റിലിട്ടു.
സ്കൂളിനു പുറത്തു ബസുകൾ സ്പെഷ്യൽ സർവീസ് നടത്തുന്നുണ്ട്, എന്നാലും എരഞ്ഞിപ്പാലത്തേക്കുള്ള ബസിൽ ആ സമയത്തും അത്യാവശ്യം ആളുകളുണ്ടായിരുന്നു. നീട്ടിയടിച്ച വിസിലുകളുടെയും, ബഹളങ്ങളുടെയും അക്ഷമയുടെ പഴയ ലോകത്തെ തിരക്കിൽ വീണ്ടും എത്തിപ്പെട്ടു.
‘പൊന്നുമോനെ‘- ആ വാക്കുകൾ എനിക്കു വീണ്ടും വീണ്ടും അതെ ശബ്ദത്തിൽ ഈ ബസിനുള്ളിലും കേൾക്കാൻ കഴിയുന്നുണ്ട്!.. ബാല്യം പിന്നിട്ടാൽ സ്വന്തം അമ്മയോ അച്ഛനോ ഇതുപോലെ ചെവിയിൽ സ്നേഹത്തോടെ മക്കളെ വിളിക്കാറുണ്ടോ? എന്റെ ഓര്മയിലില്ല. അതു പക്ഷേ സ്നേഹക്കുറവുകൊണ്ടല്ല, അവർ എല്ലാം ചെയ്‌തു തരുന്നുണ്ട്. എന്നാൽ ഏതു പ്രായക്കാരനും ഒരു സാന്ത്വനവും, നന്ദി വാക്കും, പരിഗണനയും, നോട്ടം കൊണ്ടെങ്കിലും ഒരു അഭിനന്ദനവുമെല്ലാം ആഗ്രഹിക്കുന്നവരാണ്. ജീവിതം മുന്നോട്ടുപോകാനുള്ള കഠിനാധ്വാനത്തിന്റെ ഒറ്റയാൾ ഓട്ടത്തിൽ, പലപ്പോഴും അസൂയാലുക്കളും സ്വാർത്ഥരുമായി കൂടെയുള്ളവർ പോലും മാറുന്നൊരു കയ്പ്പേറിയ അനുഭവങ്ങളിൽ, ഇത്തരം നിസ്വാർത്ഥമായ ആത്മീയശാന്തിയുടെ തണലിലേക്ക് ആളുകൾ സന്ദർശനം തേടുന്നതിന്റെ പരമാർത്ഥം അങ്ങിനെ എനിക്കു ബോധ്യപ്പെട്ടു.
സ്റ്റോപ്പുകൾ പിന്നിടുന്തോറും ആളുകൾ കുറഞ്ഞുതുടങ്ങി, ഇരിക്കാൻ ഒരു ഫുൾ സീറ്റും ലഭിച്ചു. തഴുകിയെത്തുന്ന കാറ്റിനോടൊപ്പം, ഇരുളിൽ നിരനിരയായി ഓടിട്ട വീടുകളും, അടഞ്ഞ കച്ചവട സ്ഥാപനങ്ങളും ഇടക്ക് പ്രത്യക്ഷപ്പെടുന്ന വഴിവിളക്കുകളും വേഗതയോടെ പിന്നോട്ടു മറഞ്ഞുകൊണ്ടിരുന്നു.
എനിക്കൊന്നും തിരിച്ചു സമ്മാനിക്കാൻ കഴിഞ്ഞില്ലല്ലോ എന്നു അപ്പോഴോർത്തു. എന്നാൽ ഒരു വരം പോലെ ലഭിച്ച കലണ്ടർ ഞാനപ്പോൾ പോക്കറ്റിൽ നിന്നെടുത്തു. പുതുവർഷം അടുത്തമാസം തുടങ്ങുകയായി. ആ കാർഡിന്റെ മറുവശത്തു, കണ്ടു പരിചയിച്ച ആ ഓറഞ്ചുമാലാരൂപമണിഞ്ഞ ചിത്രം!
-നിന്റെ പരീക്ഷണമൊക്കെ കഴിഞ്ഞോ മോനെ“?
ഒരു കുസൃതിഭാവം ആ മുഖത്തു കണ്ടു.
എനിക്കു ചിരി വന്നു; ഉടനെ കണ്ടക്ടറെങ്ങാനും അവിടെയുണ്ടോ എന്നും ശ്രദ്ധിച്ചു!.
മറ്റാരും ശ്രദ്ധിക്കാതെ ആ ഇളംകാറ്റിൽ ‘പൊന്നുമോനെ‘ എന്നു ഞാൻ പതിയെ മന്ത്രിച്ചു… ദൂരെ, കൊയിലാണ്ടിയിലേക്ക് യാത്ര ചെയ്യുന്ന ഒരു പിതാവിന്റെ അടുക്കൽ ആ തെന്നൽ ചെന്നണയാൻ ആ വേളയിൽ ഞാനതിയായി ആഗ്രഹിച്ചു.
-ശുഭം.
No responses yet