ഒരു കലാലയ ഓർമ…

ഷൊർണൂർ പോളിയിലെ എന്റെ അഡ്മിഷൻ ദിനം. രാവിലെ ഓഫീസ് സമയത്തു ഞാനും അച്ഛനും പ്രിൻസിപ്പലിന്റെ റൂമിനു പുറത്തു മറ്റു കുട്ടികളോടൊപ്പം അവരുടെ പേരന്റസിനോടൊപ്പം നിൽക്കുകയാണ്. എന്റെ നാടും വീടുമെല്ലാം ചുറ്റുവട്ടത്തു തന്നെയായതിനാൽ സുപരിചിതമായ സ്ഥലമാണ്; പക്ഷെ ക്യാമ്പസിനുള്ളിൽ ആദ്യം.

സമയം അല്പം പിന്നിട്ടപ്പോൾ തൊട്ടടുത്ത ഓഫീസ് റൂമിലെ സ്റ്റാഫ് വന്നു, ‘പേരന്റോ, ഗാർഡിയനോ കൂടെ വരാത്ത കുട്ടികളുടെ അഡ്മിഷൻ സ്വീകരിക്കുന്നതല്ല’ എന്നറിയിച്ചു; അവർക്കായി പിറ്റേ ദിവസം സൗകര്യപ്പെടുത്താമെന്നും കൂടെ പറഞ്ഞു. ഞാൻ ശ്രദ്ധിച്ചപ്പോൾ രണ്ടോ മൂന്നോ പേരുടെ കൂടെ ആരും വന്നിട്ടില്ല. അവർ ഓഫീസിൽ റൂമിൽ പോകുകയും, തിരിച്ചു നിരാശരായി വരുന്നതും കണ്ടു.

അതിലൊരാൾ പിന്നീട് ഞങ്ങളുടെ അടുത്ത് വന്നു, പരിചയപ്പെട്ടു.

-ഞാൻ ഉണ്ണികൃഷ്ണൻ, പാലക്കാട് കൊഴിഞ്ഞാമ്പാറയാണ് സ്ഥലം. ഇവിടെ ഇലകട്രോണിക്‌സ് -ലേക്ക് അഡ്മിഷനായി വന്നതാണ്.

ഞാൻ പേര് പറഞ്ഞു. പ്രിന്റിങ് അഡ്മിഷനാണ്.

-എനിക്കൊരു ഉപകാരം ചെയ്യാമോ?

ഓ, പറഞ്ഞോളൂ.

-എന്റെ കൂടെ ആരും വന്നിട്ടില്ല, ഇനീപ്പോ നാളെ വീണ്ടും ഇത്രേം ദൂരെ വരാന്ന്‌ വച്ചാൽ… അതൊരു മെനക്കെടാ. അതുകൊണ്ടു തല്ക്കാലം നിങ്ങൾടെ അച്ഛനോടൊന്നു എന്റെ കൂടെ ഓഫീസിലേക്ക്… ഒപ്പം…… ഞാൻ അമ്മാവനെന്നു പറഞ്ഞോളാം…

ബെസ്‌റ്റ്.. ഞാൻ മനസ്സിൽ കുറിച്ചു,
ഞാൻ അച്ഛനെ നോക്കി.. മൂപ്പരാകട്ടെ പാവം പയ്യനല്ലേ, ഒന്ന് സഹായിച്ചേക്കാം എന്ന ഭാവം.

“ഏയ്, അത് പ്രശ്നാവുംട്ടോ, കാരണം ഇത്രേം ആൾക്കാരൊക്കെ ഇവിടെയില്ലേ. ഒരാള് തന്നെ രണ്ടു പേരോടൊപ്പം പോവ്വാന്ന് വച്ചാൽ…പിന്നെ അതൊക്കെ അറിഞ്ഞാൽ മോശമാണ്. ” ഞാൻ വിട്ടുപറഞ്ഞു.

-പ്ളീസ്. ഞാൻ വളരെ ദൂരേന്നും വരാണ്.. വേറെ നിവൃത്തി ഇല്ലാ. ഞാൻ ഓഫീസിൽ അന്വേഷിച്ചു, അവർക്കു ആരെങ്കിലും കൂടെ വന്നാൽ മതീന്ന് മാത്രം പറഞ്ഞു.

-അച്ഛന് എന്തെങ്കിലും ബുദ്ധിമുട്ട്? ഉണ്ണികൃഷ്ണന്റെ ചോദ്യം നേരെ എന്റെ അച്ഛനോടായി.

‘ഏയ്, കുഴപ്പമൊന്നുല്ല്യ, ഇവിടെ നമ്മളൊക്കെ അറിയുന്ന ആളുകളാണ്.’

എന്നെ അത്ഭുതപ്പെടുത്തി അച്ഛൻ ശരിക്കും ലോക്കൽ കാർഡ് ഇറക്കി. ഉണ്ണിയുടെ വിളിയിൽ അച്ഛൻ ക്ലീൻ ബൗൾഡ് ആയതുപോലെ!

-വെരി താങ്ക്സ് കേട്ടോ. ഉണ്ണിയുടെ മുഖത്തു വലിയ സന്തോഷം.

കാര്യം ശരിയാണ്, പത്തമ്പതു കിലോമീറ്ററൊക്കെ വീണ്ടും യാത്ര ചെയ്തു പിറ്റേന്നു വീണ്ടും വരിക എന്നത്… പക്ഷെ ആരെങ്കിലും അറിഞ്ഞാൽ.. അതും ഈ ആദ്യ ദിവസം തന്നെ.. എന്റെ ചിന്ത അങ്ങിനെയായി.. എന്തായാലും ആൽഫബെറ്റിക് ഓർഡറിൽ ആദ്യം എന്നെയാകും വിളിക്കുക.. ബാക്കി വരുന്നിടത്തു വച്ചു കാണാം…

അല്പം ദൂരെ ഒരു തടിച്ച പ്രകൃതക്കാരനായ ഒരു വ്യക്തി നിൽക്കുന്നത് കണ്ടു, അഡ്മിഷനായിരിക്കണം.. രൂപവും വേഷവും കണ്ടു ചിലപ്പോ ഗസ്റ്റ് ലക്ച്ചർ ആണോ എന്നും സംശയം.

— അയാളും പാലക്കാടുന്നാണ്.. കമ്പ്യൂട്ടർ സെക്ഷനിലേക്കു.. കൂടെ ആരും വന്നിട്ടില്ല. ഉണ്ണി എന്റെ നോട്ടം കണ്ടു പറഞ്ഞു.

ഇനീപ്പോ ഈ ചങ്ങായി, അയാളേം പോയി വിളിക്കോ… എന്റെ കൂടെ നിൽക്കുന്നത് കമലാഹാസനൊന്നുമല്ല ഭായ്.. ഞാൻ മനസ്സിൽ പറഞ്ഞു.

–മൂപ്പരുടെ വീട്ടിൽ നിന്നും ആരും വരാനില്ല.. അമ്മ മാത്രമേ ഉള്ളു, അവര് കിടപ്പിലാണ്. അയാളോട് വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ടുണ്ട്. ഉണ്ണി തുടർന്നു…

‘‘ഇലക്ട്രോണിക്സ് അഡ്മിഷൻകാരൊക്കെ ഒന്ന് മാറി നിൽക്കൂ… ആദ്യം അവരെയാണ് വിളിക്കുന്നത്’’.. ഓഫീസ് സ്റ്റാഫ് പെട്ടെന്ന് വന്നു ഞങ്ങളോടായ് പറഞ്ഞു.

എനിക്കിതു തന്നെ വേണം.. എന്തായാലും ഉണ്ണിയോടൊപ്പം അതേ വിളിപ്പേരുള്ള എന്റെ അച്ഛനും അൽപസമയം കഴിഞ്ഞു പ്രിൻസിപ്പൽ റൂമിലേക്ക് ചെന്നു. പോകുമ്പോൾ ഉണ്ണി എന്നെ നോക്കി ഒന്ന് ചിരിച്ചു.. അതൊരു തോൽപിച്ച ചിരിയാണോ? ഏയ് അല്ല, എനിക്ക് തോന്നിയതാണ്.

ഞാൻ പുറത്തു അക്ഷമനായി നിന്നു. ഇനീപ്പോ ഉണ്ണി മകനും, ഞാൻ മരുമകനും ആയി മാറുമോ?!

അകത്തു പതിവിൽ കൂടുതൽ സമയം എടുക്കുന്നുണ്ടോ? പ്രിൻസിപ്പൽ റൂമിലെ ഹാഫ് ഡോറിനു മുകളിലെ ബോർഡിലെ അക്ഷരങ്ങളിൽ ശ്രദ്ധിച്ചങ്ങനെ നിൽക്കുമ്പോൾ എനിക്കാധിയായി, ചിന്തകൾ ഓരോന്നായി വന്നു തുടങ്ങി..

—ഇതൊരു ഗവണ്മെന്റ് സ്ഥാപനമാണ്, ഒരു റിസ്ക് ആണ് അച്ഛനെടുത്തത്.. ഗാർഡിയന്റെ പേരോ, അഡ്രസോ, ഒപ്പോ മറ്റോ വേണ്ടിവന്നാൽ… അതും ഇതുവരെ പരിചയവും ഇല്ലാത്ത ഒരു പയ്യനുവേണ്ടി..

ഈശ്വരാ..അച്ഛനെന്തായാലും ഇതിനെക്കുറിച്ചൊന്നും വലുതായി ചിന്തിച്ചു കാണില്ല.. ഇനി എന്ത് ചെയ്യും?

—ഇനി ഒറ്റവഴിയെ ഉള്ളു, അച്ഛൻ പുറത്തിറിങ്ങിയാൽ നേരെ ഒരു ഓട്ടോയെടുത്തു വീട്ടിൽ പോകുക, അതേ വണ്ടിയിൽ അമ്മയുമായി വരിക. എന്തായാലും റിസ്ക് എടുക്കേണ്ട.. ഞാൻ ഉറപ്പിച്ചു. സർട്ടിഫിക്കറ്റ് വല്ലതും മറന്നു എന്ന് പറയാം… ഇന്നിപ്പോ ലേറ്റ് ആയാലും നാളെയും സമയമുണ്ടല്ലോ.

ആശങ്കക്കൊടുവിൽ അച്ഛനും, ഉണ്ണിയും പുറത്തേക്കു വന്നു. ഒരു ചമ്മിയ ചിരി അച്ഛന്റെ മുഖത്തുണ്ടോ എന്നെനിക്കു തോന്നി. ഉണ്ണിയാകട്ടെ നന്ദിയെല്ലാം പറഞ്ഞു കളം വിട്ടു.

—എന്തെങ്കിലും പ്രശ്‍നം ? ഞാൻ അച്ഛനോട് ചോദിച്ചു.

ഏയ് പ്രശ്നന്നുല്ല്യ.. അവിടെ പ്രിൻസിപ്പലിനെ കൂടാതെ ഒരു ടീച്ചറുണ്ടായിരുന്നു. ദേവയാനി ടീച്ചർ. അവർക്കു എന്നെ നേരത്തെ അറിയാം. ഞാൻ അകത്തു ചെന്നതും എന്റെ പേര് വിളിച്ചാണ് അവർ സ്വീകരിച്ചത്. പിന്നെ കുടുംബവിശേഷമായി.. അങ്ങനെ കുറെ സംസാരിച്ചു.

—കൂടെ ആരാണെന്നെങ്ങാനും? എന്റെ ടെൻഷൻ അതായിരുന്നു.

അത് നമ്മുടെ പരിചയത്തിലുള്ള ഒരു കുട്ടിയാണെന്ന് പറഞ്ഞു.. ഇവിടേക്കു ആരും കൂടെ വന്നിട്ടില്ലെന്ന് പറഞ്ഞപ്പോ ഞാൻ വന്നുന്നും പറഞ്ഞു. നിന്റെ കാര്യോം പറഞ്ഞിണ്ടുട്ടോ..

ആ പിന്നെ, ആ ടീച്ചർ നിന്റെ പ്രിന്റിങ്ങിലെ ക്ലാസ് ടീച്ചറാട്ടോ, അച്ഛൻ കൂട്ടിച്ചേർത്തു…

അപ്പൊ ചുരുക്കി പറഞ്ഞാൽ രണ്ടാമതൊരു ലോക്കൽ ഗാർഡിനയനെ കൂടി അച്ഛനു ഇവിടെനിന്നും കിട്ടിയിരിക്കുന്നു! ആദ്യത്തെയാൾ ജോർജ് മാഷാണ്, അദ്ദേഹത്തിനു പൊതുപ്രവർത്തനം കൂടിയുള്ളതിനാൽ ഞങ്ങളെയൊക്കെ വളരെക്കാലമായി അറിയാം, ഇനീപ്പോ ഈ ടീച്ചറും… എന്റെ അടുത്ത മൂന്നു വർഷത്തെ കലാലയ ജീവിതത്തെകുറിച്ചൊരു രൂപരേഖ ഏതാണ്ടപ്പോൾ സൃഷ്ടിക്കപ്പെട്ടു.. അല്ലേലും പഠനം കഴിഞ്ഞാൽ നേരേ ജോലിയാണല്ലോ ലക്‌ഷ്യം, അടിച്ചുപൊളിയല്ല… അങ്ങനെ സമാധാനിച്ചു.

ഇന്റർവ്യൂ വലിയ പ്രയാസമൊന്നും ഉണ്ടായില്ല, പത്മനാഭൻ സാറായിരുന്നു അന്ന് പ്രിൻസിപ്പൽ ചെയറിൽ; അച്ഛൻ ശരിക്കും എന്നെ ടീച്ചേഴ്സിന് പരിചയപ്പെടുത്തികൊടുത്തു.. ജന്മനാ ഒരു അയ്യോ പാവം മുഖമുള്ളതിനാൽ അവർക്കും അതീവ സന്തോഷം.

മടങ്ങുന്ന നേരം തടിച്ച പ്രകൃതമുള്ള കമ്പ്യൂട്ടർ അഡ്മിഷൻ സുഹൃത്തിനെ കണ്ടു. അധികം ആരോടും സംസാരിക്കാത്ത പ്രകൃതം. പ്രായത്തിനേക്കാൾ വലിയ പക്വത, തീർച്ചയായും കമ്പ്യൂട്ടർ അഡ്മിഷൻ കിട്ടിയ ആൾ പഠിപ്പിലും മുന്നിലായിരിക്കുമല്ലോ; ഒന്നു പരിചയപ്പെട്ടു. എനിക്ക് അയാളോട് ഒരു പ്രത്യേക ബഹുമാനം തോന്നി, പേരെന്റിനെ കൊണ്ടുവന്നില്ലെങ്കിലും നേരെ ഓഫീസിൽ പോയി കാര്യങ്ങൾ അവതരിപ്പിച്ചു അഡ്മിഷൻ സാധിപ്പിച്ചെടുത്തതിൽ…


ക്ലാസുകൾ തുടങ്ങി. എനിക്ക് കൂട്ടായി അയൽക്കാരൻ കൂടിയായ സന്തോഷ് എന്നുമുണ്ടാകും… IPT യിലെ പിന്നിലൂടെയുള്ള വഴിയിലൂടെയാണ് ഞങ്ങൾ കോളേജിലെത്തുക. സന്തോഷ് കമ്പ്യൂട്ടർ ബാച്ച് ആണ്, നേരത്തെപറഞ്ഞ ആ തടിച്ച കക്ഷിയുടെ ക്ലാസ്സിൽ..

ഇടക്ക് ചിലപ്പോഴൊക്കെ ഹോസ്റ്റലിൽ ഉണ്ണിയെ കാണാറുണ്ട്… കുശലാന്വേഷണം… എപ്പോഴും അച്ഛനെ ആദ്യം ചോദിക്കും… അച്ഛനും ഇടക്ക് ഉണ്ണിയോട് അന്വേഷണം അറിയിക്കാറുണ്ട്.. മറ്റേ സുഹൃത്തിനെ കാണുന്നത് അപൂർവമായി മാത്രം, വല്ലപ്പോഴും ഒരു വിഷ്…. അങ്ങനെ ദിവസങ്ങൾ പതുക്കെ കടന്നുപോയി. പല പുതിയ അഡ്മിഷനുകളും വന്നു, ചിലരെല്ലാം മറ്റു കോളേജിലേക്കും, എഞ്ചിനീയറിംഗ് അഡ്മിഷനുമെല്ലാമായി മാറിപ്പോയി.. അങ്ങനെയിരിക്കെ തടിച്ച പ്രകൃതക്കാരനായ കമ്പ്യൂട്ടർ ബാച്ചിലെ സുഹൃത്തും TC വാങ്ങിച്ചുപോയ വിവരം സന്തോഷ് ഒരിക്കൽ പറഞ്ഞു.

ആഴ്ചകൾ കടന്നുപോയി… ഉണ്ണി ഹോസ്റ്റലിൽ നിന്നും മാറി വേറെ സ്ഥലത്തു റൂമിൽ താമസിക്കുന്നു, ചിലപ്പോഴൊക്കെ കാണും, സംസാരിക്കും.. IPT യിലെ പ്രിന്റിങ് ക്ലാസ്സിലെ സുഹൃത്തുക്കൾ, ക്ലാസ് റൂം, ഹോസ്റ്റൽ പരിസരം, അങ്ങിനെയൊക്കെയായ് എന്റെ ലോകം മാറി… മാസങ്ങൾ കടന്നുപോയി.. പരീക്ഷകൾ.. വെക്കേഷനുകൾ..അതിന്റെ തുടർച്ചകൾ..

പരീക്ഷാകാലം കഴിഞ്ഞു വെക്കേഷനുശേഷം കോളേജ് തുറന്ന ഒരു മൺസൂൺ കാലം.. സാധാരണ ഹോസ്റ്റലേഴ്‌സ് എല്ലാവരും വന്നു കഴിഞ്ഞാണ് ക്ലാസുകൾ ആക്റ്റീവ് ആകുക. അതുവരെയുള്ള ദിവസങ്ങൾ ശരിക്കും ബോറാണ്. ക്ലാസുകൾ നേരത്തെ മിക്കവാറും വിടും.

കോളേജ് തുറന്നു രണ്ടോ മൂന്നോ ദിവസങ്ങൾ ആയതേയുള്ളു… രാവിലെ വീട്ടിൽ നിന്നും ഇറങ്ങുന്ന സമയം..

ഇറങ്ങാൻ നേരത്തു മേശക്കു മുകളിലെ മാതൃഭൂമി പത്രത്തിന്റെ ആദ്യപേജിലെ പ്രധാന വാർത്ത കണ്ണിലുടക്കി.

ഒരു നിമിഷം…

രണ്ടു ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകളിലൊന്ന് എനിക്ക് പരിചയമുള്ള മുഖം!

ഇതു നേരത്തെ കമ്പ്യൂട്ടർ ബാച്ചിൽ നിന്നും TC വാങ്ങിപ്പോയ കക്ഷിയല്ലേ?!!

ഒരു മിന്നായം പാഞ്ഞു…ഫോട്ടോക്ക് താഴെ പേരും അതുതന്നെ!

അതീവ ഞെട്ടലോടെ ഫ്രണ്ട് ലൈൻ വായിച്ചു…

“ആസ്സാമിൽ ബോഡോ തീവ്രവാദികളുടെ ആക്രമണത്തിൽ എട്ടു ബി എസ് ഫ് ജവാന്മാർ കൊല്ലപ്പെട്ടു” !!!

ഉള്ളടക്കം വായിക്കുമ്പോൾ മനസ്സ് പിടഞ്ഞു, പ്രാർത്ഥിച്ചു… എന്നാൽ കൊല്ലപ്പെട്ട രണ്ടു മലയാളികളിൽ ഒരാൾ ഈ പാലക്കാട്ടുക്കാരൻ തന്നെ..

കുറച്ചു നേരം വല്ലാതെ സ്തബ്തനായിപ്പോയി. എന്റെ ആ പ്രായത്തിൽ അത്തരമൊരു മരണ വാർത്ത ഉൾകൊള്ളാൻ കഴിയുമായിരുന്നില്ല.

അല്പസമയത്തിനുള്ളിൽ സന്തോഷ് വന്നു, ഞാൻ വിവരം പറഞ്ഞു, സംഗതി സത്യമാണ്.

ഈ കക്ഷി എപ്പോഴാണ് പട്ടാളത്തിൽ ചേർന്നത്? പോകുന്ന വഴിയിൽ എന്റെ സംശയം മുഴുവൻ അതായിരുന്നു.

–അത്, മൂപ്പിലാൻ അന്ന് TC വാങ്ങിയത് പഠനം നിർത്തി പട്ടാളത്തിൽ ചേരാനായിരുന്നു. വീട്ടിലെ പ്രയാസങ്ങളായിരിക്കാം…. സന്തോഷ് പറഞ്ഞു നിർത്തി.

എന്തോ എനിക്കതു ഉൾകൊള്ളാൻ പ്രയാസമായിരുന്നു. അതുവരെയുള്ള എന്റെ ധാരണയും, കാഴ്ചപ്പാടുകളുമെല്ലാം മാറി സഞ്ചരിക്കാൻ തുടങ്ങി..

ശരിയായിരിക്കാം, അഭിമാനിയാണയാൾ.. ആരോടും പ്രയാസങ്ങൾ അറിയിക്കാതെ സ്വന്തം കാലിൽ ജീവിതം കരുപ്പിടിപ്പിക്കുവാൻ ശ്രമിച്ചയാൾ.. എന്നാൽ ഭാഗ്യം അയാളെ കൈവിട്ടുവോ? എന്റെ നീതിബോധവും, വിശ്വാസപ്രമാണങ്ങളും രണ്ടു ധ്രുവങ്ങളിലാകുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്.

IPT യിലെ ഓഡിറ്റോറിയത്തിൽ, കോളേജിന് അവധി നൽകിയ ശേഷം അന്ന് സെബാസ്റ്റ്യൻ സർ ഒരു അനുശോചന മീറ്റിംഗ് വിളിച്ചു. കുറച്ചു മാസങ്ങൾ മാത്രമുള്ള അടുപ്പം, പക്ഷെ ആളുടെ പെരുമാറ്റവും, മര്യാദയുമെല്ലാം ക്ലാസ്സിലെ കൂട്ടുകാർ ഓർത്തെടുത്തു…. ഏവർക്കും വലിയ ദുഃഖം..


ജീവിതത്തിൽ നമുക്കൊന്നും ചെയ്യാൻ കഴിയാത്ത ചില സന്ദർഭങ്ങളുണ്ട്. വിധി എന്ന രണ്ടക്ഷരത്തിൽ നിർവചിച്ചെടുക്കുന്ന ചില ജീവിതങ്ങൾക്കു മുന്നിൽ കേവലം കാഴ്ചക്കാരായി മാറുക എന്നൊരു നിസ്സഹായാവസ്ഥ. ഭാഗ്യ-നിര്ഭാഗ്യങ്ങളുടെ കാണാച്ചരടിൽ ആരോ നിയന്ത്രിക്കുന്ന പാവകളാണോ നമ്മളെല്ലാം എന്നും തോന്നിപ്പോകും ഇത്തരം അനുഭവങ്ങൾ കടന്നുവരുമ്പോൾ…

കേവലം നിമിഷങ്ങളുടെ പരിചയം മാത്രമേ ഉള്ളുവെങ്കിലും, ഇപ്പോഴും മനസ്സിന്റെ കോണിൽ മുഖം തങ്ങിനിൽക്കുന്ന, എന്നാൽ കാലത്തിന്റെ വലിയ അന്തരത്തിൽ പേര് ഓര്മിച്ചെടുക്കാൻ കഴിയാത്ത നിങ്ങൾ തന്നെയാണ്, ആദ്യം എന്നിൽ കടന്നുവരുന്ന ആ കലാലയ ഓർമ..

ഓർമപ്പൂക്കൾ…

CATEGORIES

Blog

No responses yet

Leave a Reply

Your email address will not be published. Required fields are marked *