– “അതേയ്, ഈ മാങ്ങയും കയ്യിൽ പിടിച്ചു ഇവിടെ സ്വപ്നം കാണാണോ മനുഷ്യാ ?”
പരിചിതമായ പെൺശബ്‌ദം കാതിൽ പതിയെ വന്നു മന്ത്രിച്ചു..
അടുത്ത നിമിഷാർദ്ധത്തിൽ, സ്ഥലകാലവിഭ്രമത്തിന്റെ പിടിയിൽ നിന്നും മോചിതനായി മനസ്സ് ഓർമപ്പെടുത്തി; ഇതു അജ്മാനിലെ ലുലുവാണു, ഞാൻ ഫ്രൂട്ട്സ് എടുക്കാൻ ഈ ഭാഗത്തേക്ക് ഇപ്പോൾ വന്നതാണ്.
-“ഈ അൽഫോൻസക്കു കിലോ പതിനാലു ദിർഹംസ് ആണ് മാഷെ വില!..എന്റെ ഈ മാസത്തെ ബജറ്റ് അച്ഛനും മോനും കൂടി ഒരു തീരുമാനമാക്കും!”
ഭാര്യ, എന്റെ കയ്യിലെ മാമ്പഴം കൂടയിൽ തിരിച്ചുവച്ചു ആത്മഗതമായി പരിഭവം മൊഴിഞ്ഞു. മൂന്നരവയസുള്ള ഏകമകനാകട്ടെ, അവളുടെ ട്രോളിയുടെ സൈഡിൽ ഇരിക്കുന്നുണ്ട്. അവന്റെ കണ്ണുകൾ വ്യത്യസ്ത നിറങ്ങളിലുള്ള മിഠായികളിലും, ഐസ് ക്രീമിന്റെ ലേബലുകളും തിരയുന്നുണ്ട്; ആ ഭാഗം പരമാവധി ഒഴിവാക്കാൻ അവളും പാടുപെടുന്നുണ്ട്. സാധനങ്ങളെല്ലാമെടുത്തു കൗണ്ടറിൽ എത്തിയപ്പോൾ പക്ഷെ ദൈവം അവന്റെ കൂടെയായിരുന്നു, ഇഷ്ടമുള്ള ചോക്കലേറ്റ് ഒരെണ്ണം വാങ്ങിക്കാതെ വിടില്ലെന്നുറപ്പായപ്പോൾ ഒടുവിൽ ഞങ്ങൾ കീഴടങ്ങുകയും ചെയ്തു.
ഡ്രൈവിംഗ് സീറ്റിലിരുന്നു, ജയന്ത് സിഗ്നലിലെ പച്ചനിറമുള്ള അക്കങ്ങൾ കുറഞ്ഞുവരുന്നത് എണ്ണിത്തീർക്കുന്ന വേളയിൽ മകൻ അമ്മയോട് പറഞ്ഞു..
-അമ്മാ, ദ് നോക്ക് അച്ഛൻ ക്രൈയ് യ്യുണു..
“ങേ.. ഇതെന്തുപറ്റി?” ഭാര്യ ചോദിച്ചു.
-ഒന്നൂല്യ, ഈ പൊടിടെ അലർജി.. വിന്ഡോ ക്ലോസ് ചെയ്യാം…
“ഉം.. നമുക്ക് സമയമുണ്ടോ? ഉണ്ടെങ്കിൽ കുറച്ചുനേരം ബീച്ചിൽ പോയിരിക്കാം. ഇപ്പൊ എട്ടു മണി കഴിഞ്ഞിട്ടല്ലേയുള്ളു.”
-ഓക്കേന്നാ… ഞാൻ പറഞ്ഞപ്പോൾ ചെക്കനും ഹാപ്പി..
വഴിയിലെവിടെയോ മിസ്റ്റർ ബേക്കറുടെ കേക്ക് ഷോപ് കണ്ടതും അവൻ ദുശ്യാട്യത്തോടെ കരഞ്ഞു. ഇപ്പോഴത്തെ ജനിച്ചു വീഴുന്ന പിള്ളേരൊക്കെ ബ്രാൻഡഡ് പരസ്യങ്ങളിലൂടെ നിറങ്ങളും, ഫോണ്ടുകളും വരെ കൃത്യമായി മനസ്സിലാക്കുന്നുണ്ട്. പക്ഷെ ഇത്തവണ അതിനു ചെവി കൊടുക്കാതെ യാത്ര തുടർന്നു, ബീച്ചിലെ പാർക്കിങ്ങിൽ വണ്ടി നിർത്തി.
രണ്ടു മൂന്ന് അറബി ഫാമിലികൾ, പിന്നെ അടുത്ത റിസോർട് ഹോട്ടലിലെ ടൂറിസ്റ്റുകളായ സഞ്ചാരികളെയെല്ലാം അവിടെ കാണാനിടയായി. അവധി ദിവസങ്ങളിൽ പക്ഷെ ഈ സമയത്തും തിരക്കുണ്ടാവും.
കടൽ തിരകളിലേക്കു ഞങ്ങൾ ഇറങ്ങിയില്ല, ഡ്രസ്സ് അതിനു സമ്മതിക്കുമായിരുന്നില്ല. തെരുവുവിളക്കിന്റെ പ്രകാശം കിട്ടുന്നൊരു ബെഞ്ചിൽ ഞാനിരുന്നു, ഭാര്യയും കുഞ്ഞും മണലിലൂടെ ചുവടുവച്ചു, പിന്നെ അങ്ങോട്ടുമിങ്ങോട്ടും ഓടി കളിച്ചുകൊണ്ടിരുന്നു. അവർക്കും റൂമിലിരുന്ന് മടുക്കുകയാണല്ലോ.
ഇരുളാണെങ്കിലും കടൽത്തിരകളുടെ ശബ്‌ദവും, തണുപ്പുള്ള കാറ്റുമെല്ലാം സുഖമുള്ള ഒരു അനുഭൂതിയാണ്. കടൽ എത്രകണ്ടാലും മതിവരില്ല എന്നൊക്കെ പറയുന്നത് ശരിയാണ്.. പക്ഷെ എനിക്കേറെയിഷ്ടം പകൽ സമയങ്ങളാണ്. സൂര്യസ്തമയങ്ങളുടെ ഫോട്ടോ പറ്റുമെങ്കിൽ പകർത്താനും താല്പര്യം.
കുറെയേറെ കുട്ടികളുടെ ശബ്‌ദം വീണ്ടും കേട്ടു, വേറെ ഫാമിലി കൂടി വന്നിട്ടുണ്ട്. ആ കുട്ടികളെല്ലാം സ്വതന്ത്രരായി അതീവ സന്തോഷത്തോടെ ശലഭങ്ങളെപോലെ പാറിനടക്കുന്നുണ്ട്. മകന്റെ വികൃതിയെക്കുറിച്ചു ടെൻഷൻ ഉള്ളതിനാൽ ഭാര്യ പക്ഷെ അവനെ ഒറ്റയ്ക്ക് വിടാറില്ല.
ആകാശം കുറച്ചുകൂടി പ്രസന്നമാണ്, ചന്ദ്രനെ ദൃശ്യമല്ലെങ്കിലും നക്ഷത്രങ്ങളാൽ സമ്പന്നമാണിന്ന്. ഫോണിൽ ചാർജ് ഉണ്ടായിരുന്നെങ്കിൽ ഒരു ഫോട്ടോയെടുക്കാമായിരുന്നെന്നു തോന്നി, അത്രയും സുന്ദരം!
മണൽത്തിട്ടകളിൽ കുഞ്ഞികാലുകളുടെ തേരോട്ടം തുടരുന്ന വേളയിലെങ്ങോ കണ്പോളകൾ ഒന്നടഞ്ഞുപോയി.. കാക്കകളും, കുയിലും അണ്ണാനുമെല്ലാം ഒച്ചവെയ്ക്കുന്നൊരു നാട്ടിൻപുറത്തെ തോട്ടത്തിൽ മനസ്സെത്തി. തൊടിയിലെ മാവുകൾക്കിടയിൽ നിന്നൊരു മാമ്പഴം ആർത്തിയോടെ കഴിക്കുന്നൊരു പിഞ്ചുബാലിക കണ്മുന്നിൽ തെളിഞ്ഞുവന്നു. അത് കഴിച്ചുതീരും മുൻപൊരു വിളിയിൽ വീടിനകത്തേക്ക് ഓടിച്ചെല്ലുന്നൊരു അഞ്ചുവയസ്സുകാരികുട്ടി.. സ്വന്തം അമ്മ നഷ്ടപെട്ടത്തിന്റെ വേദനകൾക്കിടയിലും വീട്ടുവേലകൾ ചെയ്യാൻ വിധിക്കപ്പെട്ട ഒരു കുരുന്നുബാല്യം. ആരോടും പരാതി പറയാൻ പോലും അറിയാതെ, ഭക്ഷണം പോലും ലഭിക്കാതെ രണ്ടാഴ്ചകൾക്കു ശേഷം ഈ ഭൂമിയിൽ നിന്നണഞ്ഞ അതിഥി മോൾ!
സൂപ്പർമാർക്കറ്റിലെ ഫ്രൂട്ട് സ്റ്റാളിൽ നിന്നും തുടങ്ങിയ അസ്വസ്ഥത പൊടുന്നനെ കണ്ണീർബാഷ്പങ്ങളായി മാറി. വെള്ളിത്തിരമാലകളുടെ ഇരുൾമൂടിയ അറ്റത്തേക്ക് വ്യാപിച്ചുകിടക്കുന്ന താരാപഥത്തിൽ, പ്രകാശവർഷങ്ങളുടെ അകലങ്ങളിൽ വിന്യസിക്കപ്പെട്ട നക്ഷത്രങ്ങൾക്കിടയിൽ ആ ആത്മാവ് ഇപ്പോഴും സഞ്ചരിക്കുന്നുണ്ടോ?
ഓരോ മനുഷ്യജന്മവും മോക്ഷപ്രാപ്തിയുടെ അവസരങ്ങളായി വിശ്വസിക്കപ്പെടുന്ന തത്വസംഹിതകളിൽ, നിന്റെ യാത്ര പക്ഷെ എവിടെയാണ്?
അറിയില്ല. സൃഷ്ടിയുടെ നിയോഗരഹസ്യങ്ങൾ എനിക്കഞാതമാണ്. എന്നാൽ ഈ ഭൂമിയിൽ വീണ്ടുമൊരു ജന്മം ആഗ്രഹിക്കുന്നുവെങ്കിൽ വരൂ, ഈ അച്ഛനൊരു മകളായി ജനിക്കുവാൻ…
ആ പ്രാർത്ഥന ഇന്നും തുടരുന്നു…
No responses yet