‘മണ്ണിൽ ഇന്ത കാതിലൻട്രി’ കേൾക്കുമ്പോൾ ഇന്നും മനസ്സ് ഗൃഹാതുരത്വത്തിലേക്ക് ചുവടുവയ്ക്കും. ഗാനങ്ങൾ കാണുന്നതിനുമുൻപ് (ടിവി ജനകീയമാകുന്നതിനു മുൻപ്) കേട്ടവയെല്ലാം, അതാതു കാലഘട്ടത്തിലെ ഓർമകളുമായ് ഇഴചേർക്കപ്പെട്ടതോ, ഭാവനകളാൽ ദൃശ്യവത്കരിക്കപ്പെട്ടതോ ആയിരുന്നു. ഇമ്പമാർന്ന ഈണങ്ങളാൽ, ഇളയരാജയും, എസ് പി ബിയും, ജാനകിയമ്മയുമെല്ലാം അന്ന് അപരിചിതമായ തമിഴ്ദേശത്തെ, സംസ്കാരത്തെ, ഗ്രാമീണഭംഗിയെയുമെല്ലാം മനസ്സിൽ വരച്ചെടുത്തു സൃഷ്ടിച്ചെടുത്തവരാണ്.
ദാസേട്ടൻ എന്ന വടവൃക്ഷത്തിന്റെ വലിപ്പത്തിൽ നാം മലയാളികൾ രീതിയിൽ മനസ്സിലാക്കാതെപോയ ഒരു ഗായകനായിരുന്നോ ഇദ്ദേഹമെന്ന് തോന്നിയിട്ടുണ്ട്. കോവിഡ് അസുഖബാധിതനായതിനുശേഷമാണ് മിക്ക തമിഴ് തെലുങ്ക് പാട്ടുകളും എസ് പി ബിയുടേതാണെന്നു സത്യത്തിൽ മനസ്സിലാകുന്നത്. ഗായകനായും, അഭിനേതാവായും വേണ്ടിവന്നാൽ പ്രഭുദേവയോടൊപ്പം ഡാൻസ് ചെയ്യാൻ പോലും തയ്യാറായിരുന്ന ഒരു സമർപ്പണബോധമുള്ള കഠിനാധ്വാനി തന്നെയായിരുന്നു അദ്ദേഹം. വ്യത്യസ്ത മേഖലകളിലൂടെ ഉന്നതിയിൽ നിൽക്കുമ്പോഴും, പരസ്പരബഹുമാനവും മര്യാദയുമെല്ലാം മുറുകെ പിടിച്ചിരുന്ന മൂല്യ സംസ്കാരത്തിന്റെ അവശേഷിപ്പുകളിലൊന്നു കൂടിയാണ് നമ്മെ വിട്ടുപിരിഞ്ഞത്.
ഒരു കലാകാരൻ, തന്റെ സൃഷ്ടികളിലൂടെ കാലങ്ങളെ അതിജീവിക്കുന്നയാളാണ്. ‘മോണോലിസ’യിലൂടെ ഡാവിഞ്ചി, അഞ്ഞൂറുവർഷങ്ങളും കടന്നു വിസ്മയം തീർക്കുന്നതുപോലെ ഈ ഇതിഹാസ ഗായകനും തലമുറകളോളം നമ്മുടെയൊക്കെ ദൈനംദിനങ്ങളിൽ, ഹൃദയങ്ങളിൽ എന്നുമുണ്ടാകും…
പ്രണാമം, സ്നേഹാജ്ഞലികൾ.

No responses yet