ഇസ്രയേൽ vs പലസ്തീൻ.

ഓർമവച്ച നാൾ മുതൽ പത്രങ്ങളിലെ അന്താരാഷ്ട്ര വാർത്തകളിൽ എന്നും പ്രശ്നങ്ങൾ മാത്രം റിപ്പോർട്ട്‌ ചെയ്യാൻ വിധിക്കപ്പെട്ട ഭൂപ്രദേശം. വർഷങ്ങളിൽ ഇടക്കിടെ പൊട്ടിപുറപ്പെടുന്ന പോരാട്ടങ്ങൾ, പിന്നെ ഒരു സമാധാന ചർച്ച, അൽപകാലം താൽക്കാലിക ആശ്വാസം. പിന്നീടൊരു നാൾ വീണ്ടും ഒരു കല്ലേറ് അല്ലെങ്കിൽ വെടിയൊച്ച, പിന്നാലെ ടാങ്ക് ആക്രമണം, യുദ്ധം! കാര്യക്ഷമമായ ഭരണ സംവിധാനത്തിന്റെ പിടിപ്പുകേടോ, വികാരങ്ങൾക്കടിമപ്പെട്ട ജനങ്ങളെ വിവേകപൂർവ്വം നയിക്കാനുള്ള ഇച്ഛാശക്തി ഇല്ലാത്തതുകൊണ്ടോ ആകാം, സാമാന്യബുദ്ധിക്കു നിരക്കാത്ത ഒരു പ്രഹേളികയായാണ് ഇടക്കിടെ ആവർത്തിക്കുന്ന ഇത്തരം പോരാട്ടങ്ങൾ മുൻപൊക്കെ തോന്നിയിരുന്നത്. എന്നാലിപ്പോൾ, നിരപരാധികളായ പിഞ്ചുകുഞ്ഞുങ്ങളെയും, അമ്മമാരെയും, സ്ത്രീകളെയും ക്രൂരമായി കൊലപ്പെടുത്തി അധീശ്വനത്വം നിലനിർത്താൻ ശ്രമിക്കുന്ന – യുദ്ധനീതികളെ വെല്ലുവിളിക്കുന്ന – ആരുംതന്നെ, വിമർശിക്കപ്പെടെണ്ടവരും, ഒറ്റപ്പെടുത്തെണ്ടവരും തന്നെയാണ്.

നിരീക്ഷണങ്ങളും, അഭിപ്രായങ്ങളും രൂപപ്പെടുന്നതിൽ നമുക്കു ലഭിക്കുന്ന വാർത്തകൾക്ക് വലിയ പങ്കുണ്ട്. നവമാധ്യമ ലോകത്ത്, പറയുന്ന നാവിനെക്കാൾ കേൾക്കുന്ന ചെവിയെ അവിശ്വസിക്കേണ്ട കാലമായതിനാൽ, ഈ അടിച്ചമർത്തലിന്റെ തുടക്കവും, വികാസവും, നീതിയുടെ വശങ്ങളുമെല്ലാം ചർച്ച ചെയ്യുന്നത് കേവലം സമയ നഷ്ടമായേക്കാം. എന്നാൽ ഈ യുദ്ധവെറിയിൽ കണ്മുന്നിൽ തെളിയുന്ന ദൃശ്യങ്ങളിൽ നിറയെ കരയുന്ന കുട്ടികളുടെതാണ്; അവർക്ക് വേണ്ടിയാണു ഇതെഴുതുന്നതും…

പ്രകൃതിയുടെ വൈവിധ്യങ്ങൾ അത്ഭുതത്തോടെ അറിഞ്ഞും, പഠിച്ചും, ചിത്രശലഭങ്ങളെ പോലെ കൂട്ടുകാരോടൊത്ത് പാറി കളിച്ചും വളരേണ്ടവർ, അതിലുപരി മാതാപിതാക്കളുടെ വാത്സല്യം ആവോളം ആഗ്രഹിക്കുന്നവർ… മുതിർന്നവരുടെ വലിയ പ്രശ്നങ്ങൾ ഒന്നും തന്നെ ഈ നിഷ്കളങ്ക ബാല്യങ്ങൾക്ക്‌ മനസ്സിലാക്കാൻ പോലും കഴിയില്ല. ഈ ലോകത്തെ എല്ലാ നല്ല സംസ്കാരങ്ങളും ഗ്രഹിച്ചു ഉത്തമ മനുഷ്യരായി ജീവിക്കുവാനുള്ള അവകാശം അവർക്കുമുണ്ട്. എന്നാൽ ആരുടെക്കെയോ യുദ്ധകൊതിയിൽ, രാഷ്ട്രീയ ലാഭത്തിൽ അവരുടെ ദേഹത്തു വന്നു പതിക്കുന്നത് വെടിയുണ്ടകളും, മിസ്സൈലുകളുമാണ്…

സിറിയയിലെ രാസായുധ പ്രയോഗത്തിനു ശേഷം ലോകത്തെ ഇന്നു വീണ്ടും കരയിപ്പിക്കുന്നത്‌ പലസ്തീനിലെ ഈ നിഷ്കളങ്ക ബാല്യങ്ങളുടെ ദുരിതങ്ങളാണ്. യുദ്ധവെറിയന്മാരും, സൈനികരും, മറ്റു പോരാളികളുമാണ് സാധാരണ യുദ്ധമരണം വരിക്കാറുള്ളതെങ്കിൽ, ഇവിടെ തുടക്കം മുതൽ ടാർജെറ്റ്‌ ചെയ്യപെടുന്ന രീതിയിൽ കൊലചെയ്യപ്പെടുന്നത് സ്ത്രീകളും കുട്ടികളുമാണ്. മനുഷ്യത്വം തൊട്ടുതീണ്ടാത്തവർ ഇത്രയും ക്രൂരത സൃഷ്ട്ടിക്കുമ്പോൾ, മറ്റേതു രാജ്യങ്ങളിലെയും നിസ്സാര കാര്യങ്ങളിൽ ഇടപെടുന്ന ലോകപോലീസ് രാജ്യങ്ങളൊന്നും കാര്യക്ഷമമായി ഈ വിഷയത്തിൽ ഇടപെടുന്നില്ലെന്നത് പ്രതിഷേധാർഹം തന്നെയാണ്.

ദുർബലനായ പ്രതിയോഗിയെ അതിക്രൂരമായി ധ്വംസനം ചെയ്യുമ്പോൾ, വലിയവന്റെ ന്യായത്തിനു വലിയ മതിപ്പില്ല. അതുകൊണ്ടു തന്നെ എന്റെ മന:സാക്ഷി ആ ദുർബലനോടൊപ്പമാണ്. തനിക്കു ചുറ്റും നീതി നിഷേധിക്കപ്പെട്ടു, ശക്തി നഷ്ടപ്പെട്ട നിസ്സഹനായ ഒരുവന്റെ അവസാന ശ്വാസത്തിൽ ഒരു ശാപവചനമുണ്ട്; അത് ഫലിക്കുകയും ചെയ്യും! അതിനു മുകളിൽ എന്തു സാമ്രാജ്യം പണിയാൻ ശ്രമിച്ചാലും!.. 

See less

Edit

17Joby Devassy, Mathews Babu and 15 others

1 Share

Like

Comment

Share

Comments

Write a comment…

CATEGORIES

Articles

No responses yet

Leave a Reply

Your email address will not be published. Required fields are marked *