അവളുടെ സ്വപ്നങ്ങൾക്കു സ്വാതന്ത്ര്യം നൽകുക…

മൂല്യബോധം നിലനിന്നിരുന്ന ഒരു സമൂഹത്തിൽ, വിവാഹമോചനം എന്ന വാക്കുപോലും തെറ്റാണ് എന്നൊരു  വ്യവസ്ഥിതി നമുക്കുണ്ടായിരുന്നു. എന്നാൽ വ്യവസായയുഗത്തിലെത്തിയപ്പോൾ, ഓരോ പ്രവർത്തിയിലെയും പുണ്യ/പാപ മനോഭാവത്തിൽ നിന്നും, തനിക്കെന്തു ലാഭം/ നഷ്ടം തുടങ്ങി ചിന്തകളിലേക്ക് മനുഷ്യസമൂഹം മാറ്റപ്പെട്ടപ്പോൾ, വിവാഹവും ഒരു കമ്പോളമായി മാറി. സർക്കാർ ജോലിയും, ഗ്രീൻ കാർഡും, ഫാമിലി വിസയും ആ കച്ചവടത്തട്ടിൽ ഉയർന്നു നിന്നപ്പോൾ, നൂറുകണക്കിന് പവനും, കാറും, ഭൂമിയുമെല്ലാം ചോദിച്ചു വാങ്ങിക്കുന്ന തലത്തിൽ കേരളത്തിന്റെയും സാംസ്‍കാരിക പരിസരം മാറി. അത്തരം ചെലവേറിയ വിവാഹങ്ങൾ പെൺകുട്ടിയുടെ സ്വത്തവകാശം തന്നെ എഴുതികൊടുക്കുന്ന തലത്തിൽ കാലക്രമേണ മാറുകയും ചെയ്‌തു. സ്വാഭാവികമായും ഒരു പെൺകുട്ടി ജനിച്ചാൽ – അവൾ കെട്ടിച്ചു വിടേണ്ട ഒരു ഉൽപ്പന്നമായി വളർത്തപ്പെട്ടു. 

എന്നാൽ പുതുതലമുറ, പ്രത്യേകിച്ചും Gen Z, പക്ഷെ ഈ വ്യവസ്ഥിതികളിൽ നിന്നും മാറിചിന്തിച്ചു, ആദ്യം സ്വന്തം കരിയർ, ശേഷം വിവാഹം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരാണ്. ആ മാറ്റം പൊതുവെ സമൂഹത്തിൽ കാണാവുന്നതുമാണ്. എന്നിരുന്നാൽ പോലും ചില മാമൂലുകൾ പെട്ടു -പ്രത്യേകിച്ച് അവരുടെ മാതാപിതാക്കളുടെ ദുശ്ശാട്യത്തിനെല്ലാം വഴങ്ങി വിവാഹജീവിതം നേരത്തെ തെരെഞ്ഞെടുക്കേണ്ടി വരുന്ന പെണ്കുട്ടികളുമുണ്ട്.   

ഈ കുട്ടികളെ സംബന്ധിച്ചു അത്തരമൊരു ജീവിതം സത്യത്തിൽ ഒരു നറുക്കെടുപ്പ് തന്നെയാണ്. കാരണം പഠനം കഴിഞ്ഞു (ചിലപ്പോൾ പൂർത്തിയാക്കാൻ കഴിയാതെയും) ജോലിക്കൊന്നും പോകാൻ തുടങ്ങാത്ത അവസ്ഥയിൽ, ഭർത്താവിന്റെ വരുമാനം കൊണ്ട് ആ വ്യക്തിയുടെ ‘തണലിൽ’ ജീവിക്കേണ്ട ഒരു സാഹചര്യം അവിടെ ഉടലെടുക്കുകയാണ്. മാതാപിതാക്കളാകട്ടെ, മകളെ കെട്ടിച്ചുവിട്ട വൻസാമ്പത്തിക (സാമൂഹ്യ) ബാധ്യതയുടെ വർഷങ്ങൾ നീളുന്ന ഓട്ടത്തിലുമാണെങ്കിൽ, പെൺകുട്ടിയുടെ ജീവിതം സത്യത്തിൽ അവിടെ പ്രയാസപ്പെടുകയാണ്. കഷ്ടകാലത്തിനു കെട്ടിയവൻ ലഹരിക്കടിമയോ, മുൻശുണ്ഠിക്കാരനോ ആയാൽ അവൾ ഒന്നുകൂടി ശ്വാസം മുട്ടുകയാണ്. ശേഷമുള്ള കാര്യങ്ങൾ ഓരോ വ്യക്തികളുടെയും ജീവിതവീക്ഷണങ്ങൾ പോലെയാണ്!

നമ്മുടെ സമൂഹത്തിൽ സ്ത്രീസമൂഹം നേരിടുന്ന ഈയൊരു പ്രതിസന്ധിയെ ഇത്തരത്തിൽ ആഖ്യാനം ചെയ്യുമ്പോൾ, പ്രതിവിധികളും നമുക്ക് തെളിയുന്നുണ്ട്. അടിസ്ഥാനകാരണം സാമ്പത്തികം തന്നെയാണ്, പിന്നെ തള്ളിക്കളയേണ്ടതായ ചില മാമൂലുകളും.

മുത്തശ്ശിയുടെ കണ്ണടയുന്നതിനുമുന്പ് കൊച്ചുമകളുടെ കല്യാണം നടത്തണമെന്ന പിടിവാശി പരിപാടിയൊക്കെയുണ്ടെങ്കിൽ ഈ കാലത്തു അതങ്ങു ആദ്യമേ മാറ്റിവയ്ക്കുക. കാരണം വിവാഹം പൂർണമായും ആ വ്യക്തിയുടെ ജീവിതം വച്ചുള്ള കളിയാണ്, അവിടെ കുടുംബാംഗങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ അടിച്ചേൽപ്പിക്കാതിരിക്കുക. സ്വന്തമായി ഒരു വരുമാനമാർഗം, അല്ലെങ്കിൽ അതിനുള്ള തൊഴിൽ പഠിച്ചതിനുശേഷം, കഴിയുമെങ്കിൽ വാഹനമോടിക്കാനുള്ള ലൈസൻസെങ്കിലും നേടിയതിനുശേഷം മാത്രം കല്യാണമൊക്കെ മതി എന്നങ്ങു ഏതു കുടുംബത്തിലെയും പെൺകുട്ടികൾ തീരുമാനിക്കുക. വിവാഹമാകട്ടെ, വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കാതെ നടത്താൻ വീട്ടുകാരും ശ്രമിക്കുക. എന്തുസംഭവിച്ചാലും സ്വന്തം വീട്ടിൽ ഏതുസമയത്തും ഒരിടം തന്റെ മകൾക്കുണ്ട് എന്നൊരു ആത്മവിശ്വാസം മാതാപിതാക്കളും, സഹോദരങ്ങളും അവൾക്കു നൽകണം. മാത്രമല്ല നമ്മുടെ കാര്യങ്ങൾ തുറന്നു സംസാരിക്കാൻ കഴിയുന്ന സുഹൃത്തുക്കളും ഗുരുജനങ്ങളും നമ്മുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. ഇക്കാര്യങ്ങളെല്ലാം മനസ്സിലാകുന്ന പങ്കാളിക്കു നമ്മോടുള്ള സമീപനത്തിലും മാറ്റമുണ്ടാകും.

കൂടാതെ കല്യാണത്തിനു മുൻപായി ഇരുകൂട്ടർക്കും കൗൺസിലിംഗ് നൽകുന്നത് (ദാമ്പത്യജീവിതത്തെകുറിച്ചുള്ള നല്ല പാഠങ്ങൾ) പോസിറ്റീവായ മാറ്റങ്ങൾക്കു ഉപകരിക്കും. (സെമെസ്റ്റിക് സമൂഹത്തിൽ ഈ വ്യവസ്ഥിതിയുണ്ടെങ്കിലും, പൊതുവെ ഹിന്ദു സമൂഹത്തിൽ അവയില്ലെന്നു തന്നെ പറയാം)

ഷാർജയിൽ ദിവസങ്ങൾക്കുള്ളിൽ മരണപ്പെട്ട അതുല്യയുടെയും വിപഞ്ചികയുടെയും അവസ്ഥകൾ ഇനിയാർക്കും വരാതെ ശ്രദ്ധിക്കണം. അതുല്യയുടേത് കൊലപാതകമാണ് എന്നൊരു അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പറയാൻ നിർവാഹമില്ല. എന്നാൽ അവർക്കു ഗാർഹികപീഡനം നേരിട്ടതായുള്ള വാർത്തകൾ ദുഃഖമുണ്ടാക്കുന്നു. വിപഞ്ചിക പക്ഷെ കൂടുതൽ സഹതാപം അർഹിക്കുന്നില്ല. കാരണം വിദ്യാഭ്യാസവും, സാമ്പത്തിക അനുകൂല സാഹചര്യവുമുണ്ടായിട്ടും, വിവാഹമോചനത്തിനു ശ്രമിക്കാതെ (അവർ സൂചിപ്പിച്ച അത്യധികം ഗൗരവമുള്ള ആരോപണങ്ങൾ വച്ചുനോക്കുമ്പോൾ) ഭർത്താവിനോടുള്ള ഒരു പ്രതികാരമെന്നോണം സ്വന്തം കുഞ്ഞിനെപോലും കൊന്നുകളയാനുള്ള മനഃസ്ഥിതിയാണ് അവർ പ്രകടിപ്പിച്ചത്. അത് നീതീകരിക്കാൻ കഴിയുന്നതല്ല എന്നും ഇതോടൊപ്പം സൂചിപ്പിക്കട്ടെ.

നന്ദി,

Harish Chakkottil

CATEGORIES

Uncategorized

No responses yet

Leave a Reply

Your email address will not be published. Required fields are marked *