
അന്നൊരു കാലം!
രാവിലെ ജിമ്മിൽ പോകാൻ സുനിഷ് വിളിക്കാറുണ്ടെങ്കിലും എഴുന്നേൽക്കാൻ വലിയ മടിയാണ്, കാരണം മഞ്ഞുകാലത്തെ മൂടിപ്പുതച്ചു കിടന്നുറങ്ങുന്ന സുഖത്തോളം വലുതല്ല എനിക്കൊന്നും..(അന്നും, ഇന്നും!) പക്ഷേ പിന്നീടൊരുനാൾ നിർബന്ധം സഹിക്കവയ്യാതെ ഞാനും അവന്റെ കൂടെ പോയി തുടങ്ങി. ജിമ്മിൽ നിന്നും ഇറങ്ങി റോഡിന്റെ ആദ്യത്തെ വളവിലുള്ള ഒരു ഹോട്ടലിൽ ചൂട് ദോശയും, താളിച്ച കടുകിന്റെയും കറിവേപ്പിലയുടെയും മണം മാറാത്ത തേങ്ങാചട്ണിയും കൂടെ ഒരു കിടിലൻ സമോവർ ചായയും.. ആ പ്രയത്നവും കഴിഞ്ഞു, ഞങ്ങളുടെ അലസമായ നടത്തം എരഞ്ഞിപ്പാലത്തെ സ്റ്റോപ്പിലെത്തുമ്പോഴേക്കും നേരം പരപരാ വെളുത്തിരിക്കും. നടത്തം പിന്നെയും തുടർന്നു പാസ്പോർട്ട് ഓഫീസ് പിന്നിട്ടു കഴിഞ്ഞാൽ പിന്നെ ഇടതുവശത്തെ കാനോലി കനാലിന്റെ കലുങ്കിൽ നിരയായിരിക്കുന്ന അൻപതോളം നീല ചുരിദാർദാരികളെയും കാണാം. ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ട്രെയിനിങ് നഴ്സിംഗ് വിദ്യാർത്ഥിനികളാണവർ.
ഒരു ദിനം ഈ കാഴ്ചകളെല്ലാം പിന്നിട്ടു രാരിച്ചൻ റോഡിലെ താമസസ്ഥലത്തേക്കുള്ള വഴിയിലൂടെ ഞങ്ങൾ നടക്കവേ, സാമാന്യം ഉയരവും നിറവുമുള്ള പ്രായമുള്ള ഒരു വ്യക്‌തി എതിർവശത്തുകൂടെ കടന്നുപോയി. ഇതു ‘എം ടി യല്ലേ’ എന്നു രണ്ടുപേരും ഒരുപോലെ പരസ്പരം പറഞ്ഞ നിമിഷം. അന്നത്തെ ദിവസം തന്നെ അന്വേഷിച്ചു. രാരിച്ചൻ റോഡിൽ നിന്നും നടക്കാവിലേക്കുള്ള കൊട്ടാരം റോഡരികിലാണ് അദ്ദേഹത്തിന്റെയും വീടായ ‘അശ്വതി’. ഈ വഴി അദ്ദേഹം പ്രഭാത സവാരിക്കിറങ്ങിയതാകാം. എന്തായാലും അദ്ദേഹത്തെ പരിചയപ്പെടണം എന്നു അതിയായി ആഗ്രഹിച്ചു. നടക്കാവ് ‘സൽക്കാര‘യിലെ ബ്രേക്ഫാസ്റ്റ് കഴിക്കാൻ തോന്നുമ്പോഴൊക്കെ ഞാൻ ആ റോഡ് വഴി നടന്നുപോകും, പോകുന്ന വഴി ’അശ്വതി’യിലേക്കും ഒരു നോട്ടം ചെന്നെത്തും, പക്ഷേ നിരാശയാണ് ഫലം. എന്നിരുന്നാലും പല പ്രഭാതങ്ങളിലും ഞങ്ങൾ അദ്ദേഹത്തെ കണ്ടു, എന്നാൽ ഏല്ലായ്പ്പോഴും ഏതോ ചിന്തയിൽ മുഴുകി നടക്കുന്നതിനാൽ അദ്ദേഹം ആളുകൾക്ക് മുഖം തന്നിരുന്നില്ല. ആ ഏകാഗ്രമനസ്സിനെ ഇടിച്ചുകയറി ശല്യപ്പെടുത്താൻ ഞങ്ങളും ആഗ്രഹിച്ചില്ല.
ഒന്നു പുഞ്ചിരിക്കുക, പറ്റുമെങ്കിൽ ഒന്നു പരിചയപ്പെടുക എന്നതിലപ്പുറം സാഹിത്യത്തെ കുറിച്ചൊന്നും പറയാനുള്ള ജ്ഞാനമൊന്നും നമ്മുടെ കൈവശമില്ല. പക്ഷേ അതും സംഭവിച്ചില്ല… വെറുതെ വഴിയിൽ വച്ചല്ല, മറിച്ചു എന്തെങ്കിലും സൃഷ്ടി സമർപ്പിച്ചുകൊണ്ടാകാം, അദ്ദേഹത്തെപോലുള്ളവരെ പരിചയപ്പെടേണ്ടത് എന്നു കരുതി ഞാൻ ആ ആഗ്രഹത്തെ പിന്നീട് മാറ്റിവയ്ക്കുകയും ചെയ്‌തു.
ഒരു വീക്കെൻഡ് വൈകുന്നേരം. ചായയിടാൻ തേയിലയും പിന്നെ ബിസ്‌ക്കറ്റും, വൈകീട്ടേക്ക് സവോളയുമൊക്കെ വാങ്ങാൻ ഒരു കൈലിമുണ്ടുടുത്തു, സർവീസ് റോഡിൽ തന്നെയുള്ള സ്റ്റേഷനറി കടയിലേക്ക് ഞാൻ പുറപ്പെട്ടു. റോഡിനു മേൽക്കൂര തീർക്കുന്ന മരച്ചില്ലകളിലൂടെ ഒളിച്ചു വന്നു തൊട്ടുപോകുന്ന സൂര്യരശ്മികളെ ഇഷ്ടപ്പെടുന്ന വേളകൾ കൂടിയാണവ.. അല്പദൂരം നടന്നപ്പോൾ എതിർവശത്തുകൂടെ വരുന്ന ആളിനെ പെട്ടെന്നു മനസ്സിലായി. ഞാൻ കൈലിമുണ്ടൊന്നു താഴ്ത്തിയിട്ടു ഭവ്യതയോടെ ‘നിങ്ങളൊക്കെ വലിയ ആളുകളല്ലേ’ എന്നൊരു വിനയത്തിൽ തലയും താഴ്ത്തി വഴിയുടെ ഓരം ചേർന്നു നടന്നു. പക്ഷേ അടുത്തെത്തിയപ്പോൾ പതിവു ജിജ്ഞാസ പോലെ ഒന്നു നോക്കി..
‘ങേ! ഇദ്ദേഹം എന്നെ നോക്കുന്നു!
എന്റെ എല്ലാ മനോവികാരങ്ങളും മനസ്സിലാക്കിയെന്നപോലെ ആ കണ്ണുകളിൽ ഒരു തിളക്കം, ചെറുപുഞ്ചിരി.
ആ നിമിഷത്തെ അമ്പരപ്പിൽ ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല എന്നതാണ് കാര്യം. അല്ലെങ്കിൽ എന്റെ വസ്ത്രത്തെ കുറിച്ചുള്ള അപകർഷതയാകാം. എന്തായാലും എനിക്കതു മതിയായിരുന്നു, സംസാരിക്കാനൊക്കെ പിന്നീട് സമയമുണ്ടല്ലോ എന്നു ഞാനും കരുതി…
എന്നാൽ, ഏതാനും ആഴ്ചകൾക്കുശേഷം ജോലിമാറ്റമായി എറണാകുളത്തേക്ക് ഞാൻ പോയി, പിന്നീട് ആറു മാസത്തിനു ശേഷം ഗൾഫിലും..
കോഴിക്കോട് ജീവിതം പല കലാവിരുന്നുകളിലും പങ്കെടുക്കാനുള്ള ഭാഗ്യം കൊണ്ടുവന്നിട്ടുണ്ട്. ശ്രീ. മോഹൻലാൽ പത്തു കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘കഥയാട്ടം‘ നാടകം, താജിൽ കാണാൻ സാധിച്ചതാണ് കൂട്ടത്തിൽ എടുത്തുപറയാനുള്ളത്. അന്ന് പ്രമുഖരായ ചലച്ചിത്ര പ്രതിഭകൾക്കൊപ്പം ശ്രീ എം ടി യും ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹത്തെ കാണാൻ സാധിച്ചില്ലെന്നത് ഇപ്പോൾ ഒരു സ്വകാര്യനഷ്ടവുമായി അവശേഷിക്കുന്നു.
No responses yet