
നാട്ടിൻപുറം നന്മകളാൽ സമൃദ്ധം എന്നു വിശേഷിപ്പിക്കുന്നത് അവിടുത്തെ നിഷ്കളങ്ക മനുഷ്യരുടെ സ്നേഹത്തെകുറിച്ചുകൂടിയാണ്. തനിക്കു മുൻപിൽ കാണുന്ന ഓരോ ആളുകളോടും ഒരു കുശലാന്വേഷണമെങ്കിലും ചോദിക്കാതെ പോകാൻ വിടാത്ത സഹൃദയർ എണ്ണത്തിൽ കുറഞ്ഞുവരുന്നെങ്കിലും എല്ലാ നാട്ടിൻപുറത്തുമുണ്ട്. സ്ഥലത്തെ എല്ലാ പൊതുകാര്യപരിപാടിയിലും, ഉത്സവങ്ങളിലും, ആഘോഷങ്ങളിലുമെല്ലാം മുൻപന്തിയിൽ ഇക്കൂട്ടരെ കാണാം. എല്ലാവരോടും ഒരു പുഞ്ചിരിയോടെ മാത്രം ഇടപെടാൻ കഴിയുന്ന, ആ പെരുമാറ്റത്തിലൂടെയും സംഭാഷണങ്ങളിലൂടെയും നമ്മുടെ ഹൃദയത്തിൽ ചേക്കേറി എന്നെന്നുമവിടെ ചിരപ്രതിഷ്ഠ നേടുന്നവർ…
‘സൗഹൃദ’ എന്നുപേരുള്ള ഓട്ടോയുടെ ഡ്രൈവർ മാത്രമായിരുന്നില്ല ഞങ്ങളുടെ നാട്ടിലെ മോഹനേട്ടൻ…ആ പേര് അന്വർത്ഥമാക്കുന്നതുപോലെ, എല്ലാ ആളുകളുമായും സൗഹൃദവും സ്‌നേഹവും കാത്തുസൂക്ഷിച്ചിരുന്ന, നേരത്തെ സൂചിപ്പിച്ചതുപോലെ നാട്ടിൻപുറത്തെ നന്മകൾ മാത്രം കാംക്ഷിക്കുന്ന ഒരു വലിയ സാധാരണക്കാരൻ. ഒപ്പം തന്നെ പൊതുവിഷയങ്ങളിൽ പ്രതികരിക്കാനും, കാര്യങ്ങൾ ആരോടും വെട്ടിത്തുറന്നു പറയാനും മടിയില്ലാത്ത ഒരു പൊതുപ്രവർത്തകനും. അമ്പലകമ്മിറ്റിയിൽ, ഓണാഘോഷപരിപാടികളിൽ, എന്റെ വീടുൾപ്പെടുന്ന റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എന്ന നിലയിലുമെല്ലാം ഊർജ്വസ്വലനായ ഒരു വ്യക്തിത്വം. പുതിയകാലത്തിന്റെ വാർത്താവിനിമയ ഉപാധികളിലൂടെ ഫേസ്ബുക്കും, വാട്സാപ്പുമെല്ലാത്തിലുമുള്ള ദൈനം ദിന സാന്നിധ്യം. നാട്ടിൽ നിന്നും പരോക്ഷമായെങ്കിലും അന്യരായികൊണ്ടിരിക്കുന്ന നമ്മളെപോലുള്ള പ്രവാസികളുമായും വ്യക്തിപരമായ അന്വേഷണങ്ങളിലൂടെ നല്ല ബന്ധം എല്ലായ്‌പോഴും നിലനിർത്തുന്ന ഒരു നല്ല അയൽക്കാരൻ…
അത്തരത്തിൽ കൺമുന്നിലെന്നപോലെ നിറഞ്ഞുനിൽക്കുന്നൊരാൾ പൊടുന്നനെ മാഞ്ഞുപോകുന്നതു ഉൾകൊള്ളാൻ കഴിയുന്ന മാനസികബലമൊന്നും ഈയുള്ളവനില്ല. തീർത്തും സാധാരണപോലെന്നപോലൊരു മെഡിക്കൽ ശുശ്രൂഷയിൽ, രക്തസമ്മര്ദം താഴ്ന്നു താങ്കൾ വേദനയില്ലാതെ മറഞ്ഞുപോയപ്പോൾ, വാർത്തകേട്ട മാത്രയിൽ മരവിച്ചുപോയതും ജീവച്ഛവമായതുമെല്ലാം ചുറ്റുമുള്ളവരാണ്!
സാങ്കേതികവിദ്യകൾ ജീവിതങ്ങൾ ഇത്രയും കീഴടക്കുന്നതിനു മുൻപൊരു കാലത്തിൽ, സാമൂഹ്യബന്ധങ്ങൾ കുറേക്കൂടി ദൃഢമായിരുന്നൊരു എൺപതുകളിലെയും തൊണ്ണൂറുകളിലെയും എന്റെ കുട്ടിക്കാലത്തുള്ള നല്ല ഓർമകളിലെല്ലാം, ഒരു വലിയ സ്ഥാനം ഇദ്ദേഹത്തിനുണ്ട്. കല്യാണവീടുകളിൽ തലേന്നു തുടങ്ങുന്ന ഓരോ ഒരുക്കങ്ങളിലും, അതിനു പിറ്റേന്നും, നാടിൻറെ ഓരോ ഉത്സവങ്ങളിലും – അയ്യപ്പൻ വിളക്കും, ശിവരാത്രിയും, താലപ്പൊലിയും, വിഷുവും, ഓണവും, വിജയദശമിയും സ്കൂൾ പ്രോഗ്രാമുകളും തുടങ്ങി നാട്ടിലെ ഓരോ പരിപാടികൾക്കും സ്വയം ശരീരവും മനസ്സും സമർപ്പിച്ച ഈ ജനസേവകന്റെ വിയോഗം വലിയ സാമൂഹ്യനഷ്ടമാണ്. മണ്മറയുന്നത് ഒരു വിശേഷാൽ വ്യക്തിയല്ല, മറിച്ചു നമ്മുടെ നല്ല സംസ്കാരശീലങ്ങളിലെ അവശേഷിക്കുന്ന തലമുറയുടെ പ്രതിനിധികളിലൊരാളാണ് എന്നതും കൂടുതൽ നിരാശപ്പെടുത്തുന്നു.
…
നട്ടുച്ചയോടടുക്കുന്ന സമയം.. തുണികൾകൊണ്ടലങ്കരിച്ച, രണ്ടുവശത്തും വാഴക്കുലകൾ സ്വാഗതമോതുന്ന പഴയൊരു ചെറിയ കല്യാണപ്പന്തലിലെ പന്തികളിലൊന്നിൽ, കൂടെയുള്ളവർ എഴുന്നേറ്റുപോയിട്ടും പായസത്തിനായി കൊതിച്ചൊരു ബാലനുവേണ്ടി, സ്റ്റീൽപാത്രവുമേന്തി നടന്നെത്തി, നാലും അഞ്ചും തവണ ഗ്ലാസിലേക്ക് പ്രഥമൻ നിറച്ചു കുടിപ്പിച്ചൊരു മാധുര്യമൂറുന്ന താങ്കളുടെ ഓർമകൾ ഈയുള്ളവന്റെ ജീവിതാവസാനം വരെ തുടരും… പ്രിയ മോഹനേട്ടാ, അങ്ങയോടു വിടപറയാൻ എനിക്കാവുന്നില്ല….
8 Responses
❤️
🙏
🙏🙏
🙏🙏
🙏🙏
🙏🙏
🙏🙏🙏
🙏