
വയനാട് ജില്ലയിലെ ഇന്നലത്തെ വാർത്ത ഏവരെയും ദുഖിപ്പിക്കുന്നതാണ്. ഒരു കാട്ടാന വീട്ടുമുറ്റത്തേക്കു വരിക എന്നതൊക്കെ നമ്മുടെ സങ്കൽപ്പങ്ങളിൽ പോലുമില്ലാത്ത സംഗതിയാണ്… എന്നാൽ അടുത്തകാലത്തായി കേരളമൊട്ടാകെ ഇത്തരത്തിലുള്ള വന്യജീവി ആക്രമണങ്ങൾ പെരുകുന്നുണ്ട്. ആനയും, പുലിയും, കാട്ടുപന്നികളും, പോത്തുകളും, കുരങ്ങന്മാരും തുടങ്ങിയവയെല്ലാം മനുഷ്യന്റെ ജീവനും വിളകൾക്കും മുൻകാലത്തെക്കാൾ ഭീഷണിയായി മാറുന്നു. സ്വാഭാവികമായും ഇവയെ പ്രതിരോധിച്ചില്ലെങ്കിൽ, മലയോരമേഖലയിൽ മാത്രമല്ല, ഗ്രാമപ്രദേശങ്ങളിലും ഭയപ്പെടേണ്ട സാഹചര്യം എവർക്കുമുണ്ടാകും.
മനുഷ്യൻ കാടു കുടിയേറിയതുകൊണ്ടാണ് എന്നവകാശവാദമുന്നയിക്കുന്നവരോട് ആദ്യമേ ഓർമപ്പെടുത്തട്ടെ, നമ്മുടെ പൂർവികർ ഇത്തരം അതിജീവനങ്ങളിലൂടെയാണ് ഇക്കാണുന്ന എല്ലാ വാസയോഗ്യപ്രദേശങ്ങളും നിർമ്മിച്ചെടുത്തത്. അതുകൊണ്ടുതന്നെ ഇതു ഏതെങ്കിലും ഒരു മേഖലയെ ബാധിക്കുന്ന വിഷയം എന്ന ചിന്തകൾ ഒഴിവാക്കി, ഒന്നിച്ചു നമുക്കെങ്ങനെ പ്രതിരോധിക്കാം എന്നതലത്തിൽ കേരളം ഒറ്റക്കെട്ടാകണം.
ഈ വ്യാവസായിക ലോകത്തു നല്ല ജീവിതശൈലിയുടെ ഭാഗമായി കൂടുതൽ മനുഷ്യാവകാശങ്ങളും, അതോടോപ്പം മൃഗങ്ങളുടെ അവകാശങ്ങളും നാം നേടിയെടുത്തിട്ടുണ്ട്. മാനായാലും, മയിലായാലും, കാട്ടുപോത്തായാലും, കടുവയായാലും, മലമ്പാമ്പായാലും, കാട്ടാനയായാൽ പോലും അവയെ ഉപദ്രവിക്കുകയും കൊല്ലുകയുമെല്ലാം ഒരാളെ അഴിക്കുള്ളിലാക്കാൻ പര്യാപ്തമായ കേസുകളാണിന്ന്. ഇതിന്റെ മറ്റൊരു വശം, ഈ വന്യജീവികൾക്കൊന്നും മുൻകാലത്തെ അപേക്ഷിച്ചു ഏതു സന്ദർഭത്തിലും മനുഷ്യരെ ഒരു പേടിയുമില്ല എന്നതുകൂടിയാണ്!
അതേപോലെ വാൾട്‌ഡിസ്‌നി കാർട്ടൂണുകളൊക്കെ കണ്ടുവളരുന്ന ഇന്നത്തെ തലമുറയ്ക്ക് വളർത്തുമൃഗങ്ങളോട് മാത്രമല്ല, എല്ലാ മൃഗങ്ങളോടും വളരെ സ്നേഹമാണ്. കാഴ്ചബംഗ്ളാവിലും മറ്റും പോകുമ്പോൾ കുട്ടികൾ തങ്ങൾ കഴിക്കുന്ന ഭക്ഷണമൊക്കെ അവക്കും സ്വകാര്യമായി നൽകാൻ വാശിപിടിക്കാറുണ്ട്. വനത്തിലും മറ്റും ട്രക്കിങ്ങിനായി പോകുന്ന മുതിർന്ന കൂട്ടരാകട്ടെ, അണ്ടിപരിപ്പും, ഓറഞ്ചും, ലെയ്‌സും, റൈസും, വേവിച്ച മാംസപദാർത്ഥങ്ങളുമെല്ലാം നൽകി ഒന്നുകൂടെ ഫ്രണ്ട്‌ലി ആക്കാൻ ശ്രമിക്കും! ചിലർ ആ ഭക്ഷണമൊക്കെ അവിടെ അവശേഷിപ്പിച്ചും തിരിച്ചെത്തും.. ഫലമോ? ഇതിന്റെ രുചി അറിഞ്ഞു അന്വേഷിച്ചെത്തുന്ന അരികൊമ്പനും, തണ്ണീർ കൊമ്പനും സൂപ്പർമാർക്കറ്റ് കൊമ്പനും തുടങ്ങി ഓരോ പേരിൽ ഓരോരുത്തരും നാട് പിടിക്കാൻ തുടങ്ങുകയായി!!
ഈ അടുത്തകാലത്തുണ്ടായ ഇത്തരം കാടിറങ്ങൽ പ്രവണതയുടെ മറ്റൊരു കാരണം കോവിഡ് കാലത്തെ അടച്ചുപൂട്ടലാണ്. കുറച്ചുകാലത്തേക്കെങ്കിലും മനുഷ്യസാമീപ്യം അറിയാതെ വന്നപ്പോൾ അവയുടെ സ്വൈര്യവിഹാരവും വർധിച്ചു. നേരത്തെ സൂചിപ്പിച്ച നിയമപ്രശ്നങ്ങൾ മൂലം ഇവയെ നേരിൽ കണ്ടാൽ പ്രതിരോധിക്കാൻ പോലും കഴിയാത്ത ദയനീയ അവസ്ഥ നമുക്കുണ്ടാവുകയും ചെയ്തു; ഇന്നലത്തെ ദുരന്തത്തിന്റെ സാഹചര്യവും അതാണ്. അതുകൊണ്ടുതന്നെ കാടും നാടും മൃഗങ്ങൾക്കു വേർതിരിച്ചറിയുന്ന രീതിയിലുള്ള നടപടികളാണ് അത്യാവശ്യം.
നമ്മുടെ പൂർവികർ തീയും, കതിന വെടികളും മറ്റുമായി മൃഗങ്ങളെ ഭയപ്പെടുത്തി പണ്ടുകാലങ്ങളിൽ സ്വന്തം മേഖല സംരക്ഷിച്ചിരുന്നു. വേട്ടയാടൽ ഇത്രയും കുറ്റമല്ലാത്ത കാലത്തു മൃഗങ്ങൾക്കു മനുഷ്യവാസമുള്ള കേന്ദ്രങ്ങളെക്കുറിച്ചു നല്ല ധാരണയുണ്ടായിരുന്നു, അവ അവയുടെ ആവാസമേഖലക്കപ്പുറം സഞ്ചരിക്കാൻ ഭയപ്പെട്ടിരുന്നു. ഇന്ന് വൈദ്യുതകമ്പികളും മറ്റും പല കർഷകരും വീടിനതിർത്തിയായി ഘടിപ്പിക്കുന്നുണ്ടെകിലും, ഒരു ഏരിയൽ വീക്ഷണത്തിലൂടെ നോക്കുമ്പോൾ കാടും-നാടും തമ്മിലുള്ള കൃത്യമായ വേർതിരിവ് ഈ വേലികൾ നിർണയിക്കുന്നില്ല.
ഈ കാലത്തു വേട്ടയാടൽ വേണമെന്ന് പ്രോത്സാഹിപ്പിക്കുകയല്ല, എന്നാൽ നമ്മുടെ വനാതിർത്തിയെ ശരിയാം വണ്ണം നിശ്ചയിച്ചു, മൂന്നുമാസത്തിലൊരിക്കലോ മറ്റോ ഒരു ഫയർ റൌണ്ട് അപ്പ് നമ്മുടെ സർക്കാരുകൾക്ക് പരീക്ഷിക്കാവുന്നതാണ്. തീ ഉപയോഗിച്ചും, പടക്കങ്ങൾ പൊട്ടിച്ചും, വെടിയൊച്ചകൾ കേൾപ്പിച്ചും, ഇതൊരു മനുഷ്യവാസമുള്ള പ്രദേശമാണെന്നു ‘മൃഗങ്ങൾക്കു മനസ്സിലാകുന്ന’ ഭാഷയിൽ അങ്ങ് ചെയ്തുകൊടുക്കുക എന്നതുതന്നെയാണ് അവയെ അകറ്റി നിർത്താനുള്ള ശ്വാശ്വത പോംവഴി.
ഈ സ്മാർട്ട് യുഗത്തിൽ വന്യജീവികളുടെ കണക്കെടുപ്പും, അവയുടെ ആവാസവ്യവസ്ഥിതി, ഭക്ഷ്യ ശൃംഖല തുടങ്ങി കാര്യങ്ങളിലും നമുക്ക് ശ്രദ്ധയാകാം. കാട്ടുപന്നികൾ കൂടുതലുള്ള പ്രദേശങ്ങളിൽ കുറുക്കന്മാർ വന്നുകഴിഞ്ഞാൽ ആ ശല്യം പതിയെ കുറയും. അതുപോലെ കുരങ്ങുശല്യം ഒഴിവാക്കാൻ ടോയ് റബർ പാമ്പുകൾ തോട്ടങ്ങളിൽ തൂക്കിയിടാവുന്നതാണ്. അത്തരത്തിൽ കുറച്ചു സ്മാർട്ട് ആയി നമ്മളും മാറിയേ പറ്റൂ. കൂടാതെ ഭരണാധികാരികളും നിയമപാലകരും വനാതിർത്തിയിൽ ജീവിക്കുന്ന മനുഷ്യരെ കുറിച്ചും, അവർ നേരിടുന്ന പ്രയാസങ്ങൾ കാണാൻ ശ്രമിക്കുകയും, സ്വരക്ഷക്കായി ആയുധവും ആ മേഖലയിലെ താമസക്കാർക്കായി ഉപയോഗപ്പെടുത്താനുമുള്ള തലത്തിൽ നമ്മുടെ നിയമവും പരിഷ്കരിക്കേണ്ടിയിരിക്കുന്നു.
No responses yet