ആമുഖം:
ഇതൊരു കഥാരൂപത്തിലല്ല, മറിച്ചു പിന്നിട്ട കാലത്തിലെ ഫുട്ബാൾ ഓർമകളുടെ ഒരു എളിയ സമാഹാരമാണ്. ഓരോ ഭാഗങ്ങളും കാലവുമായി ബന്ധപ്പെട്ടുകിടക്കുന്നു, അതിൽ തുടർച്ച ഉണ്ടായിരിക്കണമെന്നില്ല. നന്ദി.

ഭാഗം – ഒന്ന്
കറുത്ത ഇൻസുലേഷൻ ടേപ്പിന്റെ ഒരു ഭാഗം കടിച്ചു പിടിച്ചാണ് കൃഷ്ണേട്ടൻ ലൗഡ് സ്പീക്കറിലേക്കുള്ള കണക്‌ഷൻ സെറ്റ് ചെയ്യുന്നത്. അത് ഏതാണ്ട് പൂർത്തിയായപ്പോൾ കണ്ണനെ വിളിച്ചു.
-ഇനി നീ ആ കാസറ്റ് ഇട്ടോ…
‘ഒരൊറ്റ മിനുട്ടുട്ടോ. കൊറച്ചൂടെ ചുറ്റാനുണ്ട്’.
കണ്ണൻ തന്റെ കയ്യിലെ റെനോൾഡ് പേനകൊണ്ട് കാസറ്റിലെ റീൽ കറക്കി പറഞ്ഞു..
-അത് മതീടാ,സമയായി..
‘ന്ന ശരി’.
കണ്ണൻ കാസ്സറ്റ്, റെക്കോർഡർ സ്ലോട്ടിലിട്ടു പ്ലേയ് ബട്ടൺ അമർത്തി.
“യെ ദിൽ തേരി, ആംഖോ മേം ദുബ,
ബൻ ജാ മേരി തു മെഹ്ബൂബ…
…………
…………
നഹി തുജ് കോ, കോയി ഹോഷ് ഹോഷ്
ഉസ്‌പർ ജോബാൻ ക ജോഷ് ജോഷ് നഹി തേരാ…
നഹി തേരാ കോയി ദോഷ് ദോഷ് നഹി
മധുഹോഷ് ഹേ തു ഹർ വഖ്ത് വഖ്ത്
തു ചീസ് ബഡി ഹേ മസ്ത്, മസ്ത് തു ചിസ് ബഡി ഹേ മസ്ത്….”
കവുങ്ങും തെങ്ങും നിറഞ്ഞ വളപ്പിലെ, വലിയ കോളാമ്പികളിൽ നിന്നുള്ള ഉദിത് നാരായണന്റെയും, കവിതാകൃഷ്ണമൂർത്തിയുടെയും ഉന്മേഷമുള്ള ഹിന്ദി സിനിമാഗാനങ്ങൾ, ഒരു നാടിന്റെ വൈകുന്നേരത്തെ ക്ഷണനേരംകൊണ്ടു നവോന്മേഷത്തിലേക്കുയർത്തി. ആ വളപ്പിനും താഴെയുള്ള ചെറുപന്തലിട്ട വയലിനുമപ്പുറം, ഞങ്ങൾ ‘പാട്ടുകണ്ടം’ എന്നു വിളിക്കുന്ന, നെൽകട്ടകൾ മെതിച്ചു വെടിപ്പാക്കിയ ഗ്രൗണ്ടിൽ ഒരു സെവൻസ് ഫുട്ബാൾ മത്സരത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങുകയായി.
ടൗണിൽ നിന്നും കണയം ബസിലൂടെ ഏതാണ്ട് മൂന്ന് കിലോമിറ്ററോളം പിന്നീടുമ്പോൾ, വീടുകളും മരങ്ങളും ആപേക്ഷികമായി സൃഷ്ടിക്കുന്ന തുരങ്കപാതക്കപ്പുറം വിശാലമായ ഒരു ആകാശം പൊടുന്നനെ തുറക്കുന്ന ഇടമാണിവിടം. റോഡിനിരുവശവും കണ്ണെത്താദൂരത്തോളമുള്ള നെൽപ്പാടങ്ങൾ നിറഞ്ഞ മനോഹരമായ പാലക്കാടൻ പ്രകൃതിഭംഗി ഒരു കിലോമിറ്റർ ദൂരമെങ്കിലും കൺകുളിരുള്ള ദൃശ്യമാണ്. ആ വളഞ്ഞ പാതയുടെ വലതുകോണിൽ കുന്നിൻമുകളിലായി തൃപ്പുറ്റ അമ്പലവും, ആൽമരവും കുളവും നാടിൻറെ ഗ്രാമീണ സൗന്ദര്യത്തിനു ഒന്നുകൂടെ മറ്റു കൂട്ടുന്നു.
ഹിറ്റ് സിനിമാഗാനങ്ങളുടെ തുടർച്ച അന്തരീക്ഷത്തിൽ വന്നുകൊണ്ടേയിരുന്നു. അധികം താമസിയാതെ തന്നെ പങ്കെടുക്കേണ്ട ടീമുകൾ എത്തിച്ചേർന്നു. അതിലെ കളിക്കാർ പലരും അവരുടെ ജോലിസ്ഥലത്തുനിന്നും നേരിൽ വരുന്നവരാണ്. ഷർട്ടും മുണ്ടും മാറി, ജേഴ്സിയും ബൂട്‌സും ധരിച്ചപ്പോൾ തന്നെ അവരിലെല്ലാവർക്കും വ്യത്യസ്ത ശരീര ഭാഷ വന്നതുപോലെ തോന്നി. കാണികൾ ഓരോരുത്തരായി ആ വരണ്ട പാടത്തിന്റെ ഇരുവശത്തും, അല്പം മുകളിലായുള്ള റോഡിന്റെ സൈഡിലുമായി പലപ്പോഴായി വന്നു നിലയുറപ്പിച്ചു. സാധാരണ കൂട്ടുകാരോടൊപ്പം പന്തലിനടുത്തെ അന്നൗൺസ്‌മെന്റ് ഭാഗത്താണ് ഞാൻ ഇരിക്കാറുള്ളത്. അതിനും പിന്നിലുള്ള വിശാലമായ വളപ്പിൽ അയൽവാസികളായ സ്ത്രീകളും ചെറിയ കുട്ടികളുമെല്ലാം കാണികളായി ഉണ്ടാകാറുണ്ട്.
സംഘാടകരായ സംഘം സ്പോർസ് ക്ലബിന്റെ അംഗങ്ങൾ റഫറിയുമായുള്ള ചർച്ചകളിലാണ്. നാട്ടിലെ അറിയപ്പെടുന്ന സ്പോർട്സപ്രേമികൾ തന്നെയാണ് പ്രധാനമായും കളികൾ നിയന്ത്രിക്കുന്നത്. അൽപ സമയത്തിനകം ടീമുകൾ ഗ്രൗണ്ടിലേക്ക്; അതിനുപുറകേ റഫറിമാരും. പാട്ടുകൾ പതിയെ നിലച്ചു, പിന്നെ ടോസ്. ആദ്യടച്ചുകൾ പിന്നിട്ടു നിമിഷങ്ങൾക്കകം, കാണികളുടെ കണ്ണും മനസുമെല്ലാം ഫുട്ബോൾ എന്ന ഒരൊറ്റ വികാരത്തിലേക്കു വഴിമാറും. നിമിഷങ്ങൾ പിന്നീടവേ ഗ്രൗണ്ട് അതിർത്തിയിലെ വരമ്പിൽ ഇരുന്നു കളി കാണുന്ന എനിക്കാകട്ടെ, ബൂട്സിന്റെ ശക്തമായ പന്തടിയും, ത്രോ എടുക്കാൻ വരുന്ന കളിക്കാരും, ലൈനിൽ ടാക്‌ളിംഗ് ചെയ്യുന്നവരും ചെറിയ ഭയങ്ങൾ സൃഷ്ടിച്ചു.
“ആറ്റുകാലിലമ്മേ, അമ്മേ,
ആറ്റുനോറ്റുവന്നു…
ഞങ്ങൾ നിൻ പദാരവിന്ദം തേടും,
ഭക്ത ഷഡ്പദങ്ങൾ…”
ചിത്ര ചേച്ചിയുടെ സ്വരമാധുര്യമുള്ള ഭക്തിഗാനം അടുത്തുള്ള തൃപ്പുറ്റ അമ്പലത്തിൽ നിന്നുമാണ്. സമയം അഞ്ചു മണിയായിരിക്കുന്നു. വെയിലിന്റെ കാഠിന്യം പതിയെ കുറഞ്ഞുവന്നെങ്കിലും കളിക്കളത്തിൽ ആവേശത്തിന്റെ ചൂട് ഉയർന്നു തന്നെ. യുവപ്രതിഭ വല്ലപ്പുഴയും, ഫ്രണ്ട്സ് ഓങ്ങല്ലൂരുമാണ് മത്സരം. ഒത്തിണക്കത്തിന്റെയും, ചടുലമായ ഫോർവേഡ് മുന്നേറ്റം കൊണ്ടും വല്ലപ്പുഴ ഉണർന്നു കളിച്ചപ്പോൾ, അത്രകണ്ട് ഒരു ഇണക്കം ഓങ്ങല്ലൂരിന് പറയാനില്ലായിരുന്നു. എന്നാൽ ഫൗളുകൾ ഒന്നുമില്ലാത്ത പോസിറ്റീവ് ഗെയിം തന്നെയാണ് അവരുടെ എന്നത്തേയും പ്രത്യേകത, അതുകൊണ്ടു തന്നെ ഫ്രണ്ട്‌സ് ജയിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു.
എന്നാൽ ഒരു മണിക്കൂർ ഗെയിം കഴിഞ്ഞപ്പോൾ വിജയിച്ചത് യുവപ്രതിഭ. ഗോളുകളൊന്നും ഏറ്റുവാങ്ങാതെയൊരു ജയം. ഒരു ചാമ്പ്യൻ ടച്ച് അവർ കാണിക്കുന്നുണ്ട്, ഇത്തവണ കപ്പടിക്കുമോ? മടങ്ങുമ്പോൾ കൂട്ടുകാരനോടൊത്തുള്ള ചർച്ച അതായിരുന്നു.
സംഘം സ്പോർട്സ്, നാട്ടിലെ അറിയപ്പെടുന്ന പുതിയ ക്ലബ്ബാണ്. ഉത്സാഹശീലരായ ചെറുപ്പക്കാരുടെ വലിയ കൂട്ടായ്മ. പലരും ദിവസവേതനക്കാരാണ്. എന്നാലും സ്പോർട്സിനും, മറ്റു സാംസ്‌കാരിക പരിപാടികൾക്കും അവർ സമയം കണ്ടെത്തും. നാട്ടുകാർക്കാകട്ടെ ആ ചുറുചുറുക്കിനോട് സ്നേഹവും, സന്തോഷവുമുണ്ട്, അത്തരം പ്രോത്സാഹനങ്ങൾക്കു ഒരു പിശുക്കും കാണിക്കാറുമില്ല.
എല്ലാ വർഷവും ഫെബ്രുവരി -മാർച്ച് മാസങ്ങളായാണ് സെവൻസ് ടൂർണമെന്റ്. വലിയ ഗ്രൗണ്ടുകൾ ഒന്നും ഇല്ലാത്തതിനാലാൽ കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലാണ് ഞങ്ങളുടെയെല്ലാം കായിക സ്വപ്‌നങ്ങൾ പൂവണിയുന്നത്. പാട്ടുകണ്ടത്തെ ഒരു വയൽ, നീളം കൂടിയതിനാലും, ഇടയിൽ വരമ്പുകൾ ഇല്ലാത്തതിനാലും സെവൻസ് നടത്താൻ പറ്റിയ ഇടമാണ്. പക്ഷെ മാർച്ചിലെ ഉത്സവത്തിനുമുന്പ് മത്സരങ്ങൾ തീർക്കണം എന്നു മാത്രം.
ക്ലാസ് വിട്ടുവന്നു അൽപ സമയത്തിനകം ടൂർണമെന്റ് കാണാൻ പോകുക, പിന്നെ മേല്കഴുകി വന്നു പഠിത്തം. കുറച്ചു ദിവസങ്ങൾ പിന്നീടങ്ങനെയായി. പലചരക്കു കടയിൽ വൈകിട്ട് സാധനങ്ങൾ വാങ്ങിക്കാൻ പോകുമ്പോൾ, അവിടെ ചിത്രഹാറും, ചിത്രഗീതവും, മനോരമ-മംഗളം വീക്കിലികൾ വായിക്കാനുള്ള സമയം കണ്ടെത്തലും നമ്മുടെ പതിവ് പരിപാടികളുടെ ഭാഗം തന്നെ.
എന്നാൽ ഒരു ദിനം പതിവിൽ നിന്നും വ്യത്യസ്തമായി ടൗണിൽ നിന്നും സാധനങ്ങൾ വാങ്ങി വന്നു വീട്ടിലെത്തിയത് അഞ്ചേകാലിന്റെ ഗൗതം ബസിന്. ബസ് ഇറങ്ങിയതും, ഡ്രസ്സ് മാറി നേരെ ഒരു ഓട്ടമായിരുന്നു ഗ്രൗണ്ടിലേക്ക്. ഹാഫ് ടൈം പോയല്ലോ എന്നൊരു നൈരാശ്യം ഉണ്ടെകിലും, ബാക്കിയുള്ള സമയം കാണാൻ പറ്റുമല്ലോ എന്നൊരു ആശ്വാസം കൂടെയുണ്ടായിരുന്നു.
വലിയ ആൾകൂട്ടമാണിന്ന്. അവർക്കിടയിലൂടെ താഴത്തെ വയലിലേക്ക് ബാക്കിയുള്ള സമയത്തിനായി മാത്രം പോകാൻ മടി. ഇന്ന് റോഡിൽ നിന്നും കാണാം, അങ്ങനെ കരുതി.
രണ്ടു ഗോൾപോസ്റ്റുകളും ഏതാണ്ട് നേർ രേഖയിൽ കാണുന്ന രീതിയിൽ തന്നെ ഒരു കാഴ്ച കിട്ടുന്ന സ്ഥലത്തു നിൽപ്പുറപ്പിച്ചു, ഇരിക്കാനൊക്കെ പ്രയാസമാണ്.
അങ്ങനെയിരിക്കെ സ്ഥിരമായി കാണുന്ന സുഹൃത്തു കയ്യിൽ തട്ടി.
“നീ ലേറ്റ് ആയോട?”
-ആടോ, ഇന്ന് ഷൊർണൂർ വരെ പോയി, കൊറച്ചു സാധനങ്ങൾ വാങ്ങിക്കാനുണ്ടായിരുന്നു…ഹാഫ് ടൈം കഴിഞ്ഞു ലെ..
“ഉം.. പക്ഷെ ഗോളൊന്നും അടിച്ചില്ല”
അത് കേട്ടപ്പോ ഒരു സമാധാനം. അപ്പൊ കുഴപ്പമില്ല.
-ഇന്ന് ഏതൊക്കെ ടീമാ കളി? ഞാൻ ചോദിച്ചു.
“ആ ബ്രൗൺ ജേഴ്‌സി ത്രിയ വാടാനാംകുറുശ്ശി, മറ്റേത് കാരക്കാടും”
ത്രിയ.. ഞാൻ ആദ്യമായാണ് കേൾക്കുന്നത്, പെണ്ണുങ്ങൾടെ പേരും ക്ളബ്ബുകൾ ഇടാൻ തൊടങ്ങിയോ? എന്റെ ആലോചന ആ വഴിക്കു പോയി.
“എന്തായ്യ്യ് ആലോചിക്കണത്.”
ലവന്റെ ചോദ്യം.
-അല്ല ഈ ത്രിയ എന്നൊക്കെ പറഞ്ഞാൽ..?
“അത് ത്രിയയും പ്രിയയും ഒന്നുല്ല. ത്രീ എ …ഇംഗ്ലീഷാ..അതായതു ആർട്സ്, അമേച്വർ ആൻഡ് അത്ലറ്റിക്…”
-ഓ.. ഇത്രേം വിവരള്ള ആൾക്കാരൊക്കെ മ്മടെ നാട്ടിലുണ്ടോ?
ഞാൻ എന്റെ അത്ഭുതം മറച്ചു വച്ചില്ല.
അവൻ ഒന്ന് ചിരിച്ചു തോളിൽ തട്ടി.
പതിയെ ഞങ്ങൾ കളിയിലേക്ക് മുഴുകി… കാരക്കാട് കുറച്ചു ടഫ് ആണ്.. രണ്ടു പേരും തരക്കേടില്ലാതെ കളിക്കുന്നുണ്ട്. പക്ഷെ ഗോൾ മാത്രം വരുന്നില്ല.
ആളുകൾക്കും ക്ഷമ കുറയുന്നുണ്ട്. ഇനീപ്പോ കഷ്ടി പതിനഞ്ചു മിനിറ്റ്. സമയമുണ്ടെകിൽ പത്തു മിനിറ്റ് വീതം എക്സ്ട്രാ ടൈം, പിന്നെ പെനാൽറ്റി.
വെയിൽ മെല്ലെ കുറയുന്നു. ത്രിയായുടെ നല്ല രണ്ടു മുന്നേറ്റം, എതിരാളികൾ ടഫ് പ്ലേയ് ലൂടെ തടഞ്ഞു.
വീണ്ടും..
നല്ലൊരു മുന്നേറ്റം…
ഒൻപതാം നമ്പർ കളിക്കാരൻ, പാസ് പെട്ടെന്ന് വശത്തുള്ള ആൾക്ക് കൈമാറി. മുന്നിൽ ആരുമില്ല. ഗോളിലേക്കുള്ള അകലം കുറച്ചു മുന്നോട്ടു കുത്തിക്കവെ പെട്ടെന്ന് പിന്നിൽ നിന്നും ഒരു ഡിഫെൻഡറുടെ ആഞ്ഞൊരു കാൽവെട്ടു പ്രയോഗം!.. റഫറി ഉടനെ ഇടപ്പെട്ടു, അല്ലെങ്കിൽ ഒരു അടി തുടങ്ങാൻ അത്രയും ധാരാളം!
കളി മുറുകുന്നു…
വീണ്ടും ത്രിയയുടെ ഫോർവേഡ്.
ഇത്തവണ രണ്ടും കൽപ്പിച്ചാണ്… പരസ്പര പാസുകൾ കൊടുക്കുന്നു. റഫറിയുടെ വാണിങ് കിട്ടിയ ഡിഫെൻഡറും അല്പം പരുങ്ങലിലാണ്.. ഒരിക്കൽ കൂടി ഗോളിലേക്ക് വന്ന ഷോട്ട് മറ്റൊരു കളിക്കാരൻ തട്ടിക്കളഞ്ഞു.
-ഇന്ന് മിക്കവാറും പെനാൽറ്റിയാകും.. പലരും ഗദ്ഗദം പറഞ്ഞു.
പെനാൽറ്റി അത്ര മോശമല്ല, പക്ഷെ അതു വെറും ഭാഗ്യമാണ്. പാഴാക്കുന്നവന് ജീവിതകാലം മുഴുവൻ ടെൻഷനും. ഭേദം ടോസാണ്, അതാണ് എന്റെ പക്ഷം.
ഇനിപ്പൊരു അഞ്ചാറ് മിനിട്ടു മാത്രേ ഉണ്ടാവുള്ളു. റഫറി വാച്ചിലേക്കും നോക്കുന്നുണ്ട്. പക്ഷെ അത്യാവശ്യം തെളിവാർന്ന വെയിലുള്ളതുകൊണ്ടു, എക്സ്ട്രാ ടൈം കൊടുത്തേക്കും..
വീണ്ടും ത്രിയായുടെ ഡിഫെൻഡർ റൈറ്റ് ഫോർവേഡിനു പാസ് നൽകി.. അവിടെ നിന്നും സെന്റർ ഫോർവേഡ് കളിക്കാരനിലേക്ക്. അല്പം മെലിഞ്ഞ, സാജനിലെ സൽമാനെപോലെ ഹെയർ സ്റ്റൈലും ലുക്കുമുള്ള ഒരു കളിക്കാരൻ. മൈതാനത്തിനു ഒത്ത നടുക്കാണ് അയാളിപ്പോൾ. ആദ്യം മുന്നോട്ടു വന്ന കളിക്കാരനെ വെട്ടിച്ചു പിന്നെ അല്പം സൈഡിലേക്ക്…. അടുത്തയാൾ വരുന്നു….പാസ് കൊടുക്കൂ … കാണികൾ അലറുന്നുണ്ട്… ഇല്ല… സമർത്ഥമായി ഒരു ഫാൾസ് ടച്ച്.. പന്തിനു മുകളിലൂടെ കാലുകൾ രണ്ടുതവണ വെറുതെ ചലിപ്പിച്ചു എതിരാളിയെ വളരെ മനോഹരമായി ദിശ തെറ്റിച്ചിരിക്കുന്നു… വീണ്ടും മുന്നോട്ട്…
ലെഫ്റ് സൈഡ് ആൾ മുന്നോട്ടു കയറുന്നുണ്ട്, ആളെ ആരും കവറിങ് ചെയ്തിട്ടില്ല.. ഇപ്പൊ അങ്ങോട്ട് പാസ് കൊടുക്കും ഏന്നെല്ലാ കാണികളും പ്രതീക്ഷിക്കുന്ന വേളയിൽ മറ്റൊരു ഫാൾസ് പ്ലേ കൂടി… ഹോ! അതി മനോഹരം…
ദൈവമേ.. ഇതു എന്താണിത്… പെനാൽറ്റി ബോക്സ് ഇനി ഏതാനും വാരകൾ മാത്രം… എല്ലാവരുടെയും ശ്വാസ നിശ്വാസങ്ങൾ ഗ്രൗണ്ടിൽ ഉയർന്നു കേൾക്കാൻ തുടങ്ങി… മുന്നോട്ടാഞ്ഞു വന്ന അടുത്ത ആൾക്ക് അവസരം നൽകുന്നതിനും മുൻപ്, ബോക്സിനു പുറത്തു നിന്നും ഒരു ഷോട്ട്!
ഒരു നിമിഷം….
പന്ത് വലയിൽ വളഞ്ഞു വീഴുന്ന നിമിഷത്തിൽ കണ്ണിൽ നിന്നും രണ്ടു തുള്ളികൾ വീണു!.. ഗ്രൗണ്ടിലും, റോഡിലും ആർപ്പുവിളികളോടെ തുള്ളിച്ചാടുന്ന ജനം.. ഈ മനോഹര നിമിഷത്തിനു വേണ്ടിയാണോ കാത്തിരിപ്പെന്നും തോന്നിപോയി… ഗോൾപോസ്റ് നേർവരയിൽ കാണുന്ന ആ ആംഗിളിൽ ആ ഗോളിന്റെ മുഴുവൻ ചന്തവും എനിക്ക് കാണാനായി. ശരിക്കും ലൈവ് ആയി കാണുന്ന ഭംഗിയാർന്ന ഒരു മികച്ച ഗോൾ…
ആ നിമിഷത്തെ, മനസ്സിന്റെ കാൻവാസിലേക്ക് അപ്പാടെ പകർത്തി, ഭാവിയിൽ പെയിന്റിംഗ് പഠിച്ചാൽ വരക്കുന്ന ദൃശ്യങ്ങളിൽ ഒന്നിതായിരിക്കണമെന്നുറപ്പിച്ചു… വലിയ നീലാകാശത്തിന്റെ പടിഞ്ഞാറെ കോണിൽ, വെണ്മേഘങ്ങളും അസ്തമയ സൂര്യൻ തീർക്കുന്ന ഓറഞ്ച് വർണത്തിനും താഴെ, പൊടിപാറുന്ന ഗ്രൗണ്ടിൽ വിരിഞ്ഞൊരു ഗോൾ ഷോട്ട്. അതിനു ചുറ്റുമായി ആർപ്പുവിളികളോടെ ആയിരങ്ങൾ… പോസ്റ്റിനപ്പുറമുള്ള പഴയൊരു തറവാട്, അതിനിടതുവശത്തെ പച്ചകാടുകൾ കീഴ്പെടുത്തിയ വളപ്പുകൾ, വലതുവശത്തെ ആൽമരം, അതിനപ്പുറമൊരു കുളം… നിരനിരയായി കറ്റ മെതിച്ച നെൽകണ്ടങ്ങൾ… വളഞ്ഞുപോകുന്ന റോഡിന്റെ ഇപ്പുറം മുന്നോട്ടുപോകാൻ കഴിയാതെ നിർത്തിയിട്ടു കളികാണുന്ന ഗൗതം ബസും, അതിലെ യാത്രക്കാരും, മറ്റു വാഹനങ്ങളും… എനിക്കിടത്തുവശം താഴെ ഗ്രൗണ്ടിലെ ക്ലബ്ബിന്റെ പന്തലും, അതിനുപിന്നിലെ തൊടിയിൽ ഗ്രൗണ്ടിന് സമാന്തരമായി കളികാണുന്ന സാരിയുടുത്ത രൂപങ്ങളുമെല്ലാം, വർണം തീർക്കുന്നൊരു ചിത്രം!
അധികനിമിഷങ്ങൾ വേണ്ടിവന്നില്ല ത്രിയ ജയിച്ചു, ആ ഗോളിന്റെ പിൻബലത്തിൽ.. ദൂരകാഴ്ചയാണെങ്കിലും, നീണ്ടുകൊലുന്ന കോലൻ മുടിയുള്ള, സൽമാൻ ഖാന്റെ കട്ടുള്ള ഫോർവേഡിനെ ഒന്നറിയാൻ താല്പര്യമായി.. കൂട്ടുകാരനോട് ചോദിച്ചു..
“ആ ഗോളടിച്ച ആളല്ലേ, മൂപ്പര്ടെ പേര് ഷിജു*.”
എന്തായാലും അടുത്തത് ക്വർട്ടർ മത്സരങ്ങളാണ്, അവയെല്ലാം കാണണം എന്നുറപ്പിച്ചു അവനോടും യാത്ര പറഞ്ഞു വീട്ടിലേക്ക് തിരിച്ചു.
ടൗണിൽ നിന്നും വന്ന ജീപ്പുകളും, ഓട്ടോകളും, ബൈക്കുകളുമെല്ലാം ഹോണടികൾ കൊണ്ടു ശബ്‌ദകോലാഹലം തന്നെ സൃഷ്ടിച്ചു, ചെറിയ റോഡാണ്, തിരിച്ചെടുക്കാൻ സ്ഥലമില്ല, ആരെങ്കിലും ഒന്നു വൈകിയാൽ എല്ലാവരെയും ബാധിക്കും… സോഡയും സർവ്വത്തും വിൽക്കുന്ന കടകളിലും ഇതു തിരക്കിൻറെ സമയമാണ്. തണുത്ത തൊട്ടിയിൽ നിന്നെടുക്കുന്ന സോഡ, ഓപണർ കൊണ്ടു തുറക്കുമ്പോൾ ആ ശബ്‌ദത്തിൽ അവ പൊട്ടിത്തെറിക്കുമോ എന്നൊരു സന്ദേഹവും തോന്നാതിരുന്നില്ല. വലിയ ഗ്ലാസിൽ അല്പം നന്നാരിയും, അതിനുമുകളിൽ സോഡയും അടിച്ചു മിക്സ് ചെയുന്ന സ്പൂണിന്റെ താളത്മക ശബ്‌ദം, എന്റെ വായിലെ രുചിമുകുളങ്ങൾക്കു പലപ്പോഴും പരീക്ഷണമായിപ്പോയി.
തിരിച്ചു വീട്ടിലേക്കു നടക്കുമ്പോൾ ദൂരം കൂടുതലാണോ എന്ന് ചിന്തിക്കുന്ന വേളയിൽ തന്നെ, അടുത്ത വീടുകളിലെ വൈദ്യുതി നിലച്ചു. ലോഡ് ഷെഡിങ് ഈ ആഴ്ചയിൽ ആറരക്കാണ്, ആ സമയം അറിയുന്നതു കൊണ്ടുതന്നെ പലരും വീടിനകം വിളക്കുകൾ തെളിയിച്ചിരുന്നു… സൂര്യൻ ഇനിയും അസ്തമിച്ചിട്ടില്ല. നടന്നു സേതുവേട്ടന്റെ പലചരക്കു കടയുടെ മുന്നിലെത്തിയപ്പോൾ, ചാക്കുനൂലിലെ കയറിനു മുകളിൽ വിരിച്ചിട്ട പുതിയ മനോരമ ആഴ്ചപ്പതിപ്പുകൾ കാണാനിടയായി. ഓ.. ഇന്ന് വ്യാഴാഴ്‌ച്ചയാണ്!.. ചിത്രഗീതം കാണാൻ വരുമ്പോൾ നോക്കണം.. ‘ലോറിത്തെരുവ്’ ആകാംക്ഷയിലാണ് കഴിഞ്ഞ ആഴ്ച അവസാനിപ്പിച്ചത്. ശിവൻകുട്ടി നോബിളിന്റെ വണ്ടി കണ്ടെത്തുമോ?!.. ജോസി വാഗമറ്റം നേരത്തെ മുതൽ നമ്മുടെ പ്രിയപ്പെട്ട നോവലിസ്റ്റാണ്, ‘കാവൽമാടം’ മുതലുള്ള പരിചയം! പിന്നെ സുധാകർ മംഗളോദയം, ജോയ്സി, കോട്ടയം പുഷ്പനാഥ്, ബാറ്റൺ ബോസ് തുടങ്ങിയവരെല്ലാം മനോരമയിലെ പ്രിയപ്പെട്ട നോവലിസ്റ്റുകളാണ്. ആർട്ടിസ്റ് മോഹന്റെ ജീവൻ തുടിക്കുന്ന വരകളും ക്ലാസിക് എന്നു വിശേഷിപ്പിക്കാവുന്നതുതന്നെ…
വീടിനു പുറകുവശത്തെ അലസമായി കിടന്നൊരു കെട്ടുപന്തിൽ വെറുതെ ഫാൾസ് ഡ്രിബിലിംഗ് ചെയ്തു നോക്കി. ഏയ്, ഇതു നമ്മളെകൊണ്ടിപ്പോ പറ്റില്ല…നല്ല പ്രാക്ടീസ് തന്നെ വേണം… മറക്കാനാവാത്ത ആ ഗോളിന്റെ ഹാങ്ങോവറും വച്ച് അടുക്കളപിൻഭാഗത്തങ്ങനെ ആലോചനയിൽ മുഴുകിയിരിക്കുമ്പോൾ അമ്മയുടെ അശരീരി മുഴങ്ങി…’ഇങ്ങനെ സ്വപ്നം കണ്ടുനിൽക്കാതെ പോയി മേലുകഴുകി വാടാ’…
ഒരു തോർത്തും, ചന്ദ്രികാ സോപ്പുമെടുത്തു പതിയെ കിണറ്റിനരികിലെ കുളിമുറിയിലേക്ക് ചുവടുവച്ചു. നേരം സന്ധ്യ പിന്നിട്ടിരിക്കുന്നു. കൂടണയുന്ന കിളികളുടെ ശബ്‌ദവിന്യാസങ്ങൾക്കും ചിറകടിയൊച്ചകൾക്കും, ചലനമില്ലാത്ത ഇലകളുടെയും, ഇരുൾനിറം പതിഞ്ഞ മരചില്ലകളുടെയുമെല്ലാം ഇടയിൽ ദൃശ്യമായ ചക്രവാളത്തിന് കടുംനീലയും, ഓറഞ്ചും കലർന്ന നിറം. അവിടെ ചന്ദ്രക്കലക്കുതാഴെ തിളക്കമാർന്ന ഒറ്റനക്ഷത്രം തെളിഞ്ഞുകണ്ടു; ശുക്രനായിരിക്കാം… മറ്റു കോലാഹലങ്ങളൊന്നുമില്ലാത്ത ആ അന്തരീക്ഷത്തിൽ അങ്ങു ദൂരെ, പാടങ്ങൾക്കപ്പുറം, പുറയംകുളങ്ങര അമ്പലത്തിലെ ഇനിയും നിലക്കാത്ത റെക്കോർഡർ ഗാനം ചെവിയെ പതിയെ തഴുകികൊണ്ടിരിന്നു… വർഷങ്ങളായി ശ്രവിക്കുന്ന ആ ഭക്തിഗാനങ്ങളിലെ വീണയുടെയും, പുല്ലാങ്കുഴലിന്റെയും ഇമ്പങ്ങൾ കാറ്റിലും, ഇലകളിലുമെല്ലാം തത്തികളിച്ചു പഴമയുടെ ഗൃഹാതുരത്വമുള്ള ചേരുവകളായി പിന്നെയും പരിണമിക്കപ്പെട്ടുകൊണ്ടേയിരുന്നു; അതോടൊപ്പം ആ ശുദ്ധ സംഗീതത്തിന്റെ ജയചന്ദ്രൻ മാധുര്യവും… പതിയെ കാതുകൂർപ്പിച്ചു.
“കൂടിയാട്ടം കഴിഞ്ഞു ഞാനുറങ്ങി എന്നെ
മുക്കുടിയ്ക്കായ് ഉണര്‍ത്തി നീ…
ചാക്യാരിലൂടെന്നെ പരിഹസിച്ചതും നിന്റെ
ചാടുവാക്യമായിരുന്നോ…
അത് നളചരിതമായ് തീര്‍ന്നോ?
കൂടുംപിണികളെ, കണ്ണാലൊളിക്കും
കൂടൽമാണിക്യ സ്വാമി…”
ഭാഗം – രണ്ട്
റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡിലേക്ക് നടക്കുകയാണോ ഓടുകയാണോ എന്നൊന്നും നോക്കിയില്ല, ഷൊർണൂരിലേക്കുള്ള ലാസ്റ് ബസ് ഒരെണ്ണം ഒന്പതരക്കുണ്ട്. വാച്ചിലൊന്നോടിച്ചു നോക്കി; സമയം ഒൻപതേ മുപ്പത്തി മൂന്ന്! ദൈവമേ എന്തെകിലും ഒരു അത്ഭുതം, പ്ളീസ്…
ആവുന്ന വേഗത്തിൽ ഓടി സ്റ്റാന്ഡിലെത്തി. ഇല്ല.. നമ്മുടെ ഭാഗത്തേക്കുള്ള ഏരിയയിൽ ഒരു ബസിനേയും കാണുന്നില്ല. എന്നാലും ഒരവസാന പ്രതീക്ഷയെന്നോണം ഇൻഫർമേഷൻ കൗണ്ടറിലും അന്വേഷിച്ചു. നിരാശയായിരുന്നു ഫലം; ഇനി അതുവഴി രാത്രി ഒരു മണിക്ക് വഴിക്കടവു ബസ്സേയുള്ളു.
ശ്ശെടാ. ഇനി എത്ര സമയം കാത്തു നിൽക്കണം!
വെറുതെ ഓടിയത് മിച്ചം. ആ ട്രെയിൻ പുതുക്കാട് ഔട്ടറിൽ പിടിച്ചിട്ടില്ലായിരുന്നേൽ എന്തായാലും തൃശ്ശൂരിൽ നിന്നും ഈ ബസ് കിട്ടുമായിരുന്നു… ഏതായാലും ആദ്യം ഫുഡ് കഴിക്കാം, വീട്ടിലെത്തുമ്പോഴേക്കും രണ്ടര മണിയാവും. അതുവരെ വിശന്നിരിക്കാൻ വയ്യ.
പൂരനഗരിയിലെ KSRTC സ്റ്റാൻഡിൽ നിന്നും പുറത്തേക്കു നടന്നു, ആദ്യം കണ്ട ഒരു തട്ടുകടയിൽ കയറി, സാധാരണ പോലെയല്ല, ഇരുന്നു കഴിക്കാനുള്ള ഒരു ചെറിയ സെറ്റപ്പൊക്കെയുണ്ടതിൽ. ദോശയും ചട്ണികളും, ഒരലങ്കാരമായി കിട്ടിയ ഇറച്ചിചാറും, പിന്നെ ഓംലെറ്റും, ഒടുവിൽ പൊറോട്ടയിലുമവസാനിപ്പിച്ചു, ലാവിഷായി വയർ നിറച്ചു വീണ്ടും സ്റ്റാൻഡിലേക്കു തന്നെ… വേറെങ്ങും പോകാനില്ല!. പ്രൈവറ്റ് സ്റ്റാൻഡിൽ രാത്രി ഒൻപതിനേ ഓട്ടം നിർത്തും. ഷൊർണൂർ വഴി ഈ സമയം ട്രെയിൻ ഇല്ല, ഇനി കിട്ടിയാലും അവിടുന്ന് വീട്ടിലേക്കു ഓട്ടോ പിടിച്ചാൽ പൈസ മുതലാവില്ല.
ബസ് സ്റ്റാൻഡിലെ ടീവി കളിൽ ചിലതിൽ മാത്രം എന്തൊക്കെയോ മിന്നിമറയുന്നത് കാണാം. പലയിടത്തും വെളിച്ചക്കുറവുണ്ട്, അവിടെ ചില നാടോടികൾ അങ്ങിങ്ങായി കിടക്കുന്നു. അവിടെ അധികം നിൽക്കാതെ ആ വെയ്റ്റിംഗ് ഏരിയയിൽ നിന്നും പുറത്തേക്കു നടന്നു. ചുവന്ന ടെലിഫോൺ കോയിൻ ബോക്സ് കണ്ടപ്പോൾ ഒന്ന് അയല്പക്കത്തേക്കു വിളിച്ചു വിവരം അറിയിക്കണോ എന്ന് തോന്നി, പേഴ്സിൽ പുതിയ ഒറ്റ രൂപ നാണയങ്ങൾ തപ്പിയെടുത്തു. അല്ലെങ്കിൽ വെറുതെ ബുദ്ധിമുട്ടിക്കേണ്ട, ബസ് കിട്ടിയില്ലെങ്കിൽ രാത്രി വൈകിയേ വരൂ എന്ന് വീട്ടുകാർക്കറിയാം.
സ്റ്റാൻഡിനു വലത് വശത്തെ ഷെഡിലേക്ക് പതിയെ ചുവടു വച്ചു. ചില ആളുകൾ അവിടെയും ബസ് കാത്തുനിൽക്കുണ്ട്. ഇന്റർവ്യൂവിനോ മറ്റോ യാത്ര പോകുന്ന ഒരു പെൺകുട്ടിയെയും അച്ഛനെയും കൂട്ടത്തിൽ കണ്ടു. ആ ചുരിദാർ വെട്ടത്തിന്റെ അടുത്തേക്ക് അധികം പോയില്ല, ബസുകൾ പാർക്ക് ചെയ്യാത്ത തുറസ്സായ സ്ഥലത്തു നിലയുറപ്പിച്ചു.
നല്ല നിലാവെളിച്ചം…
ശരിക്കും ഇത്രനേരം അതു ശ്രദ്ധിച്ചിരുന്നില്ല. ഇതുവരെ തിരക്കായിരുന്നല്ലോ. ഇപ്പൊ ഒരു തിരക്കുമില്ല, ദൈവം സമയം ബോണസ് തന്നിരിക്കുന്നു.
മറ്റൊന്നും ശ്രദ്ധിക്കാനില്ലാത്തതിനാൽ നീലാകാശത്തേക്കു മിഴികൾ നീട്ടി.
എത്ര സുന്ദരമായ ആകാശം…
വെളുത്ത വാവ് ചിലപ്പോൾ ഇന്നായിരിക്കാം. ഒരു വശത്തേക്ക് അല്പം ശ്രദ്ധയോടെ നോക്കുന്ന ഒരു മൊട്ട ബാലന്റെ മുഖമാണ് എല്ലായ്‌പോഴും ഞാൻ കാണുന്ന ചന്ദ്രന്റേതു.. അപ്പോഴെല്ലാം ഒന്നു നമ്മളെ നോക്ക് ഭായ് എന്നും വെറുതെ ഞാൻ മന്ത്രിക്കും!. പൗര്ണമിച്ചന്ദ്രനു ചുറ്റും വൃത്താകൃതിയിൽ ഒരു വലിയ പ്രഭാവലയം കാണുന്നുണ്ട്…അതിനപ്പുറം നക്ഷത്രങ്ങൾ… സ്ഥിരമായി കാണുന്ന ത്രിമൂർത്തി നക്ഷത്രങ്ങൾ ഇന്നും അവിടെ ഒരേ അകലത്തിൽ വരിയായുണ്ട്. അങ്ങിങ്ങായി ചില വേൺ മേഘങ്ങൾ… ശരിക്കും ഇതെന്തൊരു അത്ഭുതലോകമാണ്!
കണ്ണ് ചിമ്മാതെയങ്ങനെ നോക്കി നിന്നവേളയിൽ, ആനന്ദത്തിന്റെ ഒരു പുഞ്ചിരി എന്നിലും വിടർന്നു. ഒരു നിമിഷം കൈകൾ നീളത്തിൽ പിടിച്ചു, കണ്ണുകളടച്ചു ആ പൗർണ്ണമിയിലേക്ക് പറന്നെത്തി അലിഞ്ഞുചേരാൻ മനസ്സൊന്നു കൊതിച്ചു.
ഹൗ! ഇതെന്തൊരു ഒച്ചയാണ്!
ചെവി തുളഞ്ഞുപോയ വലിയൊരു ഹോണടി ശബ്‌ദം കേട്ട് വലത്തോട്ട് തിരിഞ്ഞതും കണ്മുന്നിൽ ഒരു ബസ്.
എന്താണ് ഭായ്?
ഹെഡ്‍ലൈറ്റ് തെളിയിക്കാതെ വന്ന കാലി ബസിന്റെ ഡ്രൈവർ കൈകൊണ്ടൊരു ആംഗ്യം.
അടുത്തുള്ള സർവീസ് ഷെഡിലേക്കുള്ള വരവാണ്, ഞാൻ വഴി മാറികൊടുത്തു. അത്തരം സന്ദർഭങ്ങളിലെ പതിവുള്ളൊരു ഉൾവിളിയോടെ ആ നീല ചുരിദാർ ഭാഗത്തേക്ക് ഒന്നു ഒളികണ്ണാൽ ശ്രദ്ധിച്ചു; കണക്കുകൂട്ടൽ തെറ്റിയില്ല. എന്റെ പേടിച്ച ചാട്ടം കണ്ടു ചിരിയടക്കാൻ പാടുപെടുന്നുണ്ട് സുന്ദരിക്കുട്ടി! ആ നിലാ പ്രകാശത്തിൽ മുക്കുത്തിയിൽ മിന്നിമറഞ്ഞ വെളിച്ചത്തിനുപോലും പ്രത്യേക ഭംഗി… മറ്റു പലരുടെയും കണ്ണുകൾ ശ്രദ്ധിക്കുണ്ടെന്നു തോന്നിയതിനാൽ തൽക്കാലം ആകാശത്തുനിന്നും ഭൂമിയിലേക്ക് റിലേ പതുക്കെ മാറ്റിപിടിച്ചു.
ബോറടി അധികം നീണ്ടുനിന്നില്ല, അല്പസമയത്തിനകം ഒരു പാസ്റ്ററെ പരിചയപ്പെടാനിടയായി, അദ്ദേഹം ഷൊർണൂരിലാണ് പ്രവർത്തിക്കുന്നത്. കുളഞ്ചിരികുളത്തിനടുത്ത്. സംസാരിച്ചു സമയം പോയതറിഞ്ഞില്ല, രാത്രി ഒരു മണിയോടെ വഴിക്കടവ് ബസ്, സ്റ്റാന്റിലെത്തി.
ശരിക്കും പറഞ്ഞാൽ കോട്ടയത്തുനിന്നും കേറിയാൽ മതിയായിരുന്നു എന്നപ്പോൾ തോന്നി. ബസിൽ സീറ്റ് പിടിച്ചു, അധികം തിരക്കില്ല, എന്നാൽ വലിയ സീറ്റ് ഒഴിവും കാണുന്നില്ല.
ഞാനിരുന്ന ബാക് ടയറിന്റെ മുകളിലെ സീറ്റ് അല്പം ഞെരുങ്ങിയതാണ്, എന്റെ നീളമുള്ള കാലുകൾ നന്നായി അഡ്ജസ്റ്റ് ചെയ്യേണ്ടി വരും. സീറ്റിൽ ഞാൻ മാത്രമേ ഉള്ളു. സാമാന്യം വലിയ ശരീരമുള്ള പാസ്റ്ററാകട്ടെ വലതു ഭാഗത്തെ മറ്റൊരു സീറ്റിലും ഇടം പിടിച്ചു. ബാഗ് വിൻഡോസൈഡിൽ വച്ചങ്ങനെ ഞാനിരുന്നു . ഇനി അല്പം കഴിഞ്ഞാൽ പുറപ്പെടും.
“ഹലോ, ഒന്ന് അഡ്ജസ്റ് ചെയ്യോ?”
എന്റെ അടുത്തെ ഒഴിവുള്ള സീറ്റിലേക്കുള്ള ആളിന്റെ ശബ്‌ദം കേട്ടു.
-ഓ സോറി.
ഞാൻ ബാഗ് കയ്യിലെടുത്തു വിന്ഡോ സീറ്റിലേക്ക് നീങ്ങിയിരുന്നു.
“കുഴപ്പമില്ല, ശരിക്കും ഇരുന്നോളു..”
എന്റെ ഇരിക്കാനുള്ള ബുദ്ധിമുട്ടു കണ്ടു വെള്ള മുണ്ടുടുത്ത പുതിയ ആൾ പറഞ്ഞു.
-സാരമില്ല. ഞാനൊന്നു ചിരിച്ചു, അപ്പോൾ മുഖം ശ്രദ്ധിച്ചു,
ഒരു നിമിഷാർദ്ധം പോലും വേണ്ടിവന്നില്ല, ആളെ മനസിയിലായി, നമ്മുടെ പഴേ സൽമാൻ ഖാൻ!!
“എവിടെ എറങ്ങണെ?” ചോദ്യം എന്നോടാണ്.
-ഞാൻ കുളപ്പുള്ളി.. എങ്ങോട്ടാണ്.?
എനിക്കൂഹിക്കാമെങ്കിലും ചോദിച്ചു.
“വാടാനാംകുറുശ്ശി. ഈ സമയത്തു ഈയൊരു ബസും കൂടി ഇല്ലെങ്കിൽ പെട്ടുപോയേനെ ലെ?”
-ശരിയാട്ടോ. ഞാൻ ഒമ്പതരെടെ ബസ് കിട്ടുംന്നാ വിചാരിച്ചെ.. ഞാൻ പറഞ്ഞു.
“ഞാനിപ്പോ ചാലക്കുടീന്ന് വരാണ്…എറങ്ങിയപ്പോ ലേറ്റ് ആയി.
-ഓ, അത് ശരി.
എന്തോ ഒരു നിമിഷം ഓർമയിലാണ്ടു പോയി. വർഷങ്ങൾക്കു മുൻപുള്ള കളിക്കളങ്ങളിലെ ദൃശ്യങ്ങൾ ഒന്നൊന്നായി വന്നു. എന്നെപോലും ആവേശം കൊള്ളിച്ച ഒരു മികച്ച പ്രതിഭാശാലിയായ സ്‌ട്രൈക്കർ ആണ് അടുത്തിരിക്കുന്നത്, ഒരു പക്ഷെ വലിയ ക്ലബുകളിലും, ചിലപ്പോൾ കേരള ടീമിലും വരെ കളിക്കേണ്ടയാൾ!.
ബസ് പതിയെ നീങ്ങിത്തുടങ്ങി. മുഖം പതിയെ വിന്ഡോ സൈഡിലേക്ക് തിരിച്ചു.
ടിക്കറ്റ്.. ടിക്കറ്റ്
കണ്ടക്ടർ വന്നു.
-ഞാൻ കൊടുക്കട്ടെ? ഞാൻ ചോദിച്ചു.
അതൊരു വള്ളുവനാടൻ മര്യാദയാണ്. ഒന്ന് പരിചയപ്പെട്ടാൽ ഉപചാരപൂർവം ഇത്തരം ചോദ്യങ്ങൾ ചോദിക്കുക, നിറഞ്ഞ മനസ്സോടെ നിരസിക്കലാണ് അതിന്റെ പ്രതിക്രിയ. ഇവിടെയും അതാവർത്തിച്ചു, രണ്ടുപേരും അവരവരുടെ ടിക്കറ്റ് എടുത്തു.
“എന്താ പഠിക്കാണോ?’
-ഏയ് അല്ല, ഇപ്പോ ഒരു ട്രെയിനിയായി ജോലി ചെയ്യുന്നു.
“ഓ, എവിടെയാണ്”?
-കോട്ടയത്ത്, എം എം പബ്ലിക്കേഷനിൽ., മനോരമടെ
“നന്നായി, ട്രെയിനിങ് കഴിഞ്ഞാ അവിടത്തന്നെ കിട്ടില്ലേ?”
-അത് ഉറപ്പില്ല, പിന്നെ ഒന്നും അങ്ങട് തീരുമാനിച്ചിട്ടില്യ.
ഞാനിപ്പോ എന്താ ചോദിക്യാ? മൂപ്പർക്ക് ചിലപ്പോ ഞാൻ പൊങ്ങച്ചക്കാരാണെന്നെങ്ങാനും തോന്നുമോ.. എന്നിലെ ഇരുപതുകാരന്റെ ചിന്തകൾ തലയെ ചുറ്റി കൊണ്ടിരുന്നു.
“നല്ല ഉറക്കക്ഷീണംണ്ട്. ഒന്നു മയങ്ങട്ടെ ട്ടോ.”
എന്റെ ചോദ്യങ്ങളെല്ലാം ആവിയായി. ഞാൻ പേര് ചോദിക്കാത്തതു കൊണ്ടാവാം എന്നോടും ചോദിച്ചില്ല. മൂപ്പർ പതിയെ ബസിന്റെ സീറ്റിലേക്ക് ചാരി തലവച്ചു കണ്ണടച്ചുറക്കം തുടങ്ങി.
കഷ്ടിച്ച് മുക്കാൽ മണിക്കൂർ യാത്രയുണ്ട് എനിക്കിനി. കുറച്ചുകഴിഞ്ഞു ഉറക്കമുയരുമ്പോൾ വിശദമായി കാര്യങ്ങൾ ചോദിക്കണം. പറ്റിയാൽ ഫുട്ബോളിനെ കുറിച്ചും സംസാരിക്കണം. ദൃഷ്ടി വീണ്ടും വിന്ഡോ സീറ്റിലേക്കായി.
ബസ് ഓടിക്കൊണ്ടിരുന്നു. ആളുകൾ ഭൂരിഭാഗം പേരും ഉറക്കത്തിലേക്കു നീങ്ങുന്നു. ഒന്നൊഴികെയുള്ള ലൈറ്റുകൾ കണ്ടക്ടർ അണച്ചു. എനിക്കുറക്കം വരാത്തതിനാൽ വിന്ഡോ സീറ്റ് താഴ്ത്തിയില്ല.
ജനാലയിലെ ദൃശ്യങ്ങൾ – അവ മരങ്ങളായും, വീടുകളായും അതിവേഗതയോടെ നീങ്ങികൊണ്ടിരുന്നു, ചിലയിടങ്ങളിൽ സ്ട്രീറ്റ് ലൈറ്റുകളുടെ നിരയും… ആ അർദ്ധരാത്രിയിൽ, ഏറെക്കുറെ നിശബ്തമായ നിമിഷങ്ങളിൽ മനസ്സ് ഫുട്ബാളിലേക്കു വീണ്ടും ചുവടുവച്ചു.
ശരിക്കും അന്നത്തെ ആ മത്സരം കഴിഞ്ഞു എത്ര കാലായിട്ടുണ്ടാകും? കൈവിരലുകൾ കൊണ്ട് ഗണിച്ചു 97,98,99,2000,2001. ഇപ്പൊ നവംബർ. അമേരിക്കയിലെ ട്രേഡ് സെന്റർ തകർന്നു രണ്ടു മാസം കഴിഞ്ഞതേയുള്ളൂ. ഈ വർഷങ്ങൾക്കുള്ളിൽ എന്തെല്ലാം മാറ്റങ്ങൾ! ഒരു വേൾഡ് കപ്പ് കഴിഞ്ഞു, അടുത്തതു അടുത്ത വർഷം ജപ്പാനിലും കൊറിയയിലും.
ശരിക്കും കഴിഞ്ഞ വേൾഡ് കപ്പ് ഫ്രാൻസ് അർഹിച്ചിരുന്നുവോ, അതോ ബ്രസീൽ അവസാനം കലമുടച്ചതോ? എന്തായാലും സിദാനും, ഹെൻറിയും, പെറ്റിറ്റും, ബെര്തെസുമെല്ലാമുള്ള ടീം ഒടുവിൽ ഏവരുടെയും ഹൃദയം കീഴടക്കി. വലിയ ആഘോഷമായി വന്ന റൊണാൾഡോ നിരാശപ്പെടുത്തിയപ്പോൾ, റിവാൾഡോയും കാർലോസും ബ്രസീൽ ആരാധകർക്ക് ആവേശമായി. ഡിഫെൻസിൽ നിന്നും ശരവേഗത്തിൽ മുന്നോട്ടെത്തുന്ന റോബർട്ടോ കാർലോസ്, മൂപ്പരുടെ എണ്ണം പറഞ്ഞ ഫ്രീകിക്കുകൾ, ആൻഡേഴ്സൺന്റെ മനോഹര ഡ്രിബ്ലിങ്സ്, നെതർലൻഡ്സിന്റെ മധ്യനിരയിലെ കണ്ണടക്കാരൻ ഡാവിഡ്സ്, പാട്രിക് ക്ളൈവർട്ട്, ടോപ് സ്കോറെർ ക്രോയേഷിയയുടെ ഡേവിസ് സുക്കർ, തുടങ്ങിയവർ ഓരോരുത്തരായി സ്ലൈഡുകൾ പോലെ തെളിഞ്ഞുവന്നു.
എന്നാൽ ശരിക്കും തകർപ്പൻ കളി, ഇംഗ്ലണ്ട്-അർജന്റീന മത്സരം തന്നെയായിരുന്നു. എന്തൊരു വേഗതയോടെയായിരുന്നു അതിന്റെ തുടക്കം! തൂവെള്ള ജേഴ്സിയിൽ ഇംഗ്ളണ്ടും, കടും നീല നിറത്തിൽ അർജന്റീനയും. ആദ്യത്തെ പതിനഞ്ചുമിനുട്ടുകൾക്കുള്ളിൽ തന്നെ ഓരോ ഗോളടിച്ചു സമാസമം! ആവേശം ഒട്ടും ചോരാതെ മത്സരം മുറുകുന്നതിനിടയിൽ ബെക്കാമിന്റെ പാസ്സ് പിടിച്ചെടുത്തു മധ്യരേഖയിൽ നിന്നും മൈക്കൽ ഓവന്റെ ഒറ്റയാൻ മുന്നേറ്റം. തലങ്ങും വിലങ്ങും പാഞ്ഞു ഒടുവിൽ ബോക്സിനു വെളിയിൽ നിന്നും ചാട്ടുളികണക്കൊരു ഷോട്ട് ! എന്തൊരു മനോഹരമായ ഗോൾ! ഇതുവരെ കണ്ടിട്ടുള്ള ഒരു ലോകകപ്പിലും ഇത്രയും ആവേശമുള്ള ഒരെണ്ണം… ഏയ് ഇല്ല. എന്നാൽ ആ മത്സരം ഇംഗ്ളണ്ട് തോറ്റു! മികച്ച പ്രകടനം കാഴ്ചവച്ച ബെക്കാം, സിമയോനിയുടെ വീഴ്ച ‘പ്രകടനത്തിൽ’ റഫറിയിൽ നിന്നും ചുവപ്പു കാർഡ് വാങ്ങി പുറത്ത്! പൊരുതിയെങ്കിലും 3 -2 നു അവർ വീണു. സത്യത്തിൽ ഇംഗ്ളണ്ടിനെ ആരോ ശരിക്കും കണ്ണുവച്ച പോലെ തോന്നിപ്പോയി.
ഫുട്ബോൾ അങ്ങനെയൊക്കെയാണ്, ചിലപ്പോ നന്നായി കളിക്കുന്ന ടീമിന് ഗോളടിക്കാൻ പറ്റില്ല, അതിനൊരു പാടവവും, ഭാഗ്യമെല്ലാം വേണം. എന്നാലും ഇതു അവസരങ്ങളുടെ കളിയാണ്, ക്രിക്കറ്റുപോലെ കളിക്കാരന്റെ ഒരു പിഴവിൽ വ്യക്തിയുടെ അവസരം തീരുന്നില്ല, അവസാന നിമിഷങ്ങളിൽ വരെ പൊരുതാം, വേണമെങ്കിൽ കൈവിട്ടുപോയ ജയം വരെ സ്വന്തമാക്കാം. ശക്തിയും, ബുദ്ധിയും, ഭാവനയും, കലയും ഒന്നിക്കുന്നൊരു രസക്കൂട്ട് ഇതിലെവിടെയോ സമ്മേളിക്കുന്നു…
ശരിക്കും ഈ കളിയോട് ഇത്രയും ഭ്രാന്തു തോന്നാൻ കാരണമെന്താണ്?
കണ്ണുകൾ ഇറുകെ അടച്ചുപിടിച്ചു. ബസിന്റെ വേഗതയോടൊപ്പം തണുത്ത കാറ്റിന്റെ ശീൽക്കാരം മാത്രം ഇപ്പൊ കേൾക്കാം. മനസ്സിന്റെ അടിത്തട്ടിലേക്ക് മെല്ലെ ഊളിയിട്ടു തുടങ്ങിയപ്പോൾ അവിടെ, ദാ എണ്പതുകൾക്കൊടുവിലെ ബാലരമയിലെ സെന്റർ പേജിൽ വന്ന ഒരു കളർ പോസ്റ്റർ നിവർന്നു നിന്നു. ചുവന്ന ജേഴ്സിയും ട്രൗസറുമിട്ടു, നാപ്പോളി ക്ളബ്ബിന്റെ വേഷത്തിൽ ഒരു ഫുട്ബോളിനെ കാൽകൊണ്ടു തടവുന്ന അല്പം തടിച്ച, ചുരുണ്ടമുടിയുള്ള കളിക്കാരൻ. ഒരു പക്ഷെ ഈ ജീവിതാവസാനം വരെ മായാത്ത ആ പേര്, ആ പോസ്റ്ററിലെ ലിപികളുടെ രൂപത്തിൽ തന്നെ ഓർത്തെടുത്തു മന്ത്രിച്ചു… ഡീഗോ മറഡോണ!!!
വിൻഡോ സൈഡിലെ ഇടം കയ്യിലെ രോമങ്ങൾ ഒരു നിമിഷത്തേക്ക് ഉണർന്നു. കാലിൽ അദൃശ്യമായ് കെട്ടിയ നൂലിലൂടെ പന്തുമായി, നൃത്തച്ചുവടുകൾ പോലെ കുതിച്ചോടുന്ന, കുറിയനായ, ഇറുകിയ ജേഴ്സി ധരിച്ച ഒരു മനുഷ്യൻ. ബലിഷ്ഠമായ മസിലുകളിലും അലസമായ മുടിയിലും വരെ ഒരു താളമുണ്ട്. അതെ ആ ശരീരം മുഴുവൻ പന്ത് കളിക്കുകയാണെന്നു തോന്നും.! മനോഹരമായ പല നീക്കങ്ങൾക്കും നിമിഷായുസ്സ് മാത്രമേയുണ്ടാകൂ, അപ്പോഴേക്കും എതിരാളികൾ ഒരു ദയയുമില്ലാതെ ചിവിട്ടി വീഴ്ത്തും. വേദന അഭിനയിക്കാൻ അറിയാതെ വീണ്ടും എഴുന്നേറ്റോടുന്ന, പന്ത് കിട്ടുമ്പോൾ ഒരു കൊച്ചുകുട്ടിയെ പോലെ മുഖം വിടരുന്ന ഈ മനുഷ്യനോടുള്ള പ്രണയം, കാലാന്തരത്തിൽ ആകാശനീലയും, വെള്ളയുമുള്ള ജേഴ്സിയിലെക്കും തുടർന്നു.
എന്നാൽ ഓർമ്മയിലെ ആദ്യത്തെ – 90ലെ വേൾഡ് കപ്പ് ഫൈനലിനുശേഷം, മാത്തേവൂസും, ക്ലിൻസ്മാനും, ബ്രഹ്മേയുമെല്ലാം ആഘോഷിക്കുന്ന പശ്ചിമ ജെർമനിയുടെ ടീമിനപ്പുറം, ഗ്രൗണ്ടിൽ മുട്ടുകുത്തി പൊട്ടിക്കരയുന്ന ഡീഗോയുടെ പത്രത്താളിലെ രൂപം ഇപ്പോഴും തങ്ങിനിൽപ്പുണ്ട്.. പത്രങ്ങളിലെ വാർത്തകളിൽ നിന്നും 86 ലെ ഒറ്റയാൻ ലോകകപ്പ് പ്രകടനവും, അതിൽ ഇംഗ്ലണ്ടിനെതിരെയുള്ള, ഒരു മത്സരത്തിൽ തന്നെ നേടിയ ഏറ്റവും മികച്ച ഗോളും, ഇടംകൈകൊണ്ടു നേടിയ മറ്റൊരു വിവാദഗോളും എന്നും മനഃപാഠവുമാണ്! ഒരു ആരാധനയായി വളർന്നുവരുമ്പോഴാണ് മരുന്നുവിവാദവും പുറത്താക്കലുമെല്ലാം. അടുത്ത വേൾഡ് കപ്പിൽ, ബാറ്റിസ്റ്റുട്ടയും, കനീജിയയും ഉൾപ്പെട്ട ടീമിൽ വലിയ പ്രകടനം കണ്ടില്ലെങ്കിൽ കൂടിയും അന്നത്തെ ഇഷ്ടത്തിന് കുറവ് സംഭവിച്ചില്ല.
മികച്ച പല ടീമുകളെയും കളിക്കാരെയും കുറിച്ച് കൂടുതലറിയുന്നതു 94 ലെ, ആ വേൾഡ് കപ്പോടെയാണ്. ഫുട്ബോൾ രാജാക്കന്മാരായ ബ്രസീൽ, ജർമ്മനി, ഇറ്റലി മുതൽ ചിലി, സ്വീഡൻ, നൈജീരിയ തുടങ്ങി കരുത്തന്മാരുടെ കളികളും ആകർഷിച്ചു. രണ്ടാം റൗണ്ടിൽ നൈജീരിയക്കെതിരെ അവസാനനിമിഷം ഗോൾ നേടി വായുവിൽ മലക്കം മറിയുന്ന റോബർട്ടോ ബാജിയോ, തന്റെ പുതിയ കുഞ്ഞിന് താരാട്ടു രൂപത്തിൽ കൈകൾ വീശി ഗോൾ ആഘോഷിക്കുന്ന ബെബറ്റോയും കൂട്ടരും, സയീദ് ഉവെറിന്റെ ക്ലാസിക് ഗോൾ തുടങ്ങി, ഏറെ പ്രതീക്ഷയുമായി വന്ന കൊളമ്പിയയും അവരുടെ താരം ആസ്പറില്ലയും ആദ്യം പുറത്തായതും, സെൽഫ്‌ഗോളിനു വിലയായി എസ്കോബാർ വെടിയേറ്റു മരിച്ചതും ദുഖമുണർത്തുന്ന ഓർമയുമായി. ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും ഭാഗ്യത്തിന്റെയും ഏറെക്കുറെ ബാജിയോയുടെ ഒറ്റയാൻ പ്രകടനവുമായി വന്ന ഇറ്റലി, പെനാൽറ്റി ഷൂട്ടൗട്ടിൽ അതേ വ്യക്തിയുടെ പിഴവിൽ നിർഭാഗ്യവാന്മാരായതും മറ്റൊരു നിയോഗം!. നിരാശനായി തലകുനിച്ചു നിൽക്കുന്ന ബാജിയോയും, മുട്ടുകുത്തി ദൈവത്തോട് ആഹ്ലാദം പ്രകടിപ്പിക്കുന്ന ബ്രസീലിയൻ ഗോളി ടഫ്റേലിന്റെയും ഒരേ ഫ്രെമിൽ പകർത്തപ്പെട്ട ഫോട്ടോയാണ് ആ ലോകകപ്പിന്റെ അവസാന ഓർമചിത്രം.
ബസിന്റെ വേഗത അല്പം കുറഞ്ഞപോലെ തോന്നി, ഏതാനും വണ്ടികളും, പോലീസ് എസ്കോര്ട് വാഹനങ്ങളും അതിവേഗം കടന്നുപോയി. വല്ല മന്ത്രിമാരും ആയിരിക്കാം. സത്യത്തിൽ KSRTC ബസിലെ യാത്ര എനിക്കിഷ്ടമാണ്, പ്രൈവറ്റ് ബസ് ഡ്രൈവർമാരെക്കാൾ കൂടുതൽ ഉത്തരവാദിത്വം, പ്രത്യേകിച്ചും ബ്രേക്ക് ഇടുമ്പോഴും മറ്റും അവർ കാണിക്കാറുണ്ട്.
ചിന്തകളിൽ പിന്നെ കടന്നുവന്നത് കേരള പോലീസ് ആയിരുന്നു. ഏതാനും വർഷം മുൻപ് വരെ ഇന്ത്യയിലെ തന്നെ മികച്ചൊരു ഫുട്ബോൾ ടീം. കുട്ടിക്കാലത്തു സന്തോഷ് ട്രോഫി, കേരളം ജയിക്കാൻ കൂടുതൽ ഉത്സാഹം ഞങ്ങൾക്കായിരുന്നു. ഏതു പാർട്ടി ഭരിച്ചാലും – നായനാരായാലും, കരുണാകരനായാലും ഫൈനലിൽ കേരളം ജയിച്ചാൽ പിറ്റേന്ന് സ്കൂളിനു അവധി കിട്ടും. ആ ദിവസത്തെ പത്രങ്ങളുടെ മുൻപേജിൽ, പൊലീസിലെ കളിക്കാരുടെ കളർ ചിത്രങ്ങൾ നിരന്നു കിടക്കും… സി വി പാപ്പച്ചൻ, വി പി സത്യൻ, കുരികേശ് മാത്യു തുടങ്ങി പരിശീലകൻ ജാഫർ വരെയുണ്ടാകും. കൂട്ടത്തിലെ ഭാഗ്യവാൻ ഐ എം വിജയൻ തന്നെ. ചെറുപ്രായത്തിൽ തന്നെ ടീമിൽ വരാനും, പിന്നീട് ഇന്ത്യയിലെ പല ക്ലബ്ബ്കളിലും കളിക്കാനും ഭാഗ്യം കിട്ടിയ കളിക്കാരൻ. ഒരു പക്ഷെ ശരാശരി മലയാളി കേരളത്തിനു പുറത്തുള്ള ടീമുകളെയും വരെ ഇഷ്ടപ്പെടാൻ കാരണക്കാരൻ ഈ ചങ്ങായിയും പിന്നെ ജോപോൾ അഞ്ചേരിയുമാണ്. ബംഗാളിലെ മോഹൻ ബഗാനും, പഞ്ചാബിലെ ജെ സി ടി ഫഗവാരയും, പിന്നെ സ്വന്തം നാട്ടിലെ എഫ് സി കൊച്ചിനും അത്തരത്തിൽ ഇഷ്ടമായ ടീമുകളാണ്. ബഗാനിൽ ചീമ ഒക്കെരിയിൽ നിന്നും ഇംഗ്ലീഷ് പഠിക്കാൻ പോയി, ഒടുവിൽ ഒക്കെരിയെ മലയാളം പഠിപ്പിച്ച കഥകളും മറ്റും മനോരമ ആഴ്ചപ്പതിപ്പിൽ വായിച്ചിട്ടുണ്ട്.
ഏറ്റവും തെളിവാർന്ന മറ്റൊരോർമ കൂടി അതോടോപ്പം കടന്നു വന്നു, അത് സിസ്സേർസ് കപ്പ് ഫൈനലിലെ ഐ എം വിജയൻറെ സിസ്സർ കട്ട് ഗോളാണ്. ജെ സി ടി യുടെ ചുവന്ന ജേഴ്സിയിൽ, കളിയവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ മലേഷ്യൻ ക്ലബിനെതിരെയുള്ള ആ ഗോൾ, ടി വി യിൽ ലൈവ് ആയി കാണാൻ കഴിഞ്ഞതിന്റെ ത്രിലിനോളം വലുതായിരുന്നു പിറ്റേന്ന് ആ ചിത്രം മാതൃഭൂമിയുടെ ഫ്രണ്ട് പേജിൽ വന്നുകഴിഞ്ഞപ്പോൾ! ഫോട്ടോഗ്രാഫറുടെ അസൂയപ്പെടുത്തുന്ന ടൈമിംഗ്.. ഒരു പക്ഷെ മലയാളിയുടെ കായിക ഫോട്ടോഗ്രാഫിയിൽ തന്നെ ആദ്യസ്ഥാനങ്ങൾ അലങ്കരിക്കാവുന്ന ഒന്ന്. ആ ഫോട്ടോഗ്രാഫർ വിത്സനെ അഭിനന്ദിച്ചുകൊണ്ടു മനോരമയുടെ ചീഫ് എഡിറ്റർ കെ എം മാത്യു സാർ അയച്ച കത്ത്, അതിനും പിറ്റേന്ന് മാതൃഭൂമിയിൽ പ്രസിദ്ധീകരിച്ചു കണ്ടപ്പോൾ, മാധ്യമ വൈരികളെപോലും ആദരവോടെ ബന്ധിപ്പിക്കുന്ന തലത്തിൽ ആ ഗോൾ മൂന്നാംദിനവും ആഘോഷിക്കപ്പെടുകയായിരുന്നു!
വണ്ടി ഇപ്പോ എവിടെത്തി? നീലപ്രഭയിൽ തെളിഞ്ഞ മലനിരകളുടെ ദൃശ്യത്തിൽ വടക്കാഞ്ചേരി കഴിഞ്ഞിരിക്കുന്നു എന്നു ബോധ്യമായി. നല്ല തണുത്ത കാറ്റുണ്ട്, ശരിക്കും ചെവിയിലടിച്ചാൽ പ്രശ്നമാണ്. പക്ഷെ വിന്ഡോ സീറ്റിൽ നിന്നും കാണുന്ന ഈ നിലാവും, കാറ്റും, മലനിരകളുടെ ഇരുണ്ട ദൃശ്യങ്ങളും, നിശ്ചല രാത്രിയുമെല്ലാം നല്ല അനുഭവങ്ങളാണ്, ആ സുഖം കളയാൻ മനസ്സ് തോന്നിയില്ല… ഏതാനും നിമിഷങ്ങൾക്കകം അകമല അമ്പലത്തിനു മുന്നിലൂടെ എത്തി, പതിവുപോലെ ഒരു മൗന പ്രാർത്ഥന, ഇനി അടുത്ത ആഴ്ചകളിൽ ശബരിമല യാത്രാതിരക്കുകൾ ഇവിടെ തുടങ്ങും.
നമ്മുടെ കക്ഷി നല്ല ഉറക്കമാണ്.
എന്റെ ചിന്തകൾ മുഖത്ത് കൃത്യമായി പ്രകടമാകുന്നതിനാൽ കണ്ടക്ടർ ശ്രദ്ധിക്കുന്നുണ്ടോ എന്നൊരു ശങ്ക തോന്നാതിരുന്നില്ല! രണ്ടാഴ്ചക്കു ശേഷം വീടണയുമ്പോഴുള്ള ആശ്വാസത്തിലേക്കു മനസ്സ് പതിയെ വഴിമാറി. ചെയ്യേണ്ട കാര്യങ്ങൾ ഓരോന്നായി ഓർമിച്ചെടുത്തു.
പുതിയ ചെറുതുരുത്തി പാലത്തിലേക്ക് ബസ് എത്തിയപ്പോൾ ഒന്നുകൂടെ ഉന്മേഷമായി, നാടെത്തിയിരിക്കുന്നു. ഭാരതപ്പുഴയിലെ ഓളങ്ങൾ നിലാവെളിച്ചത്തിൽ ഒന്നുകൂടെ മിനുങ്ങിയതുപോലെ..
അലസതയിലെങ്ങോ മിഴികൾ അടഞ്ഞു, പിന്നെ ഉണർന്നപ്പോൾ ബസ് ഗവണ്മെന്റ് പ്രസിനടുത്തെത്താറായി. റോഡിലേക്ക് ചാഞ്ഞ മരത്തിന്റെ നിഴൽ മാറിയപ്പോൾ ഗീതാ തിയേറ്ററിനു മുന്നിലെ, പാതിയടഞ്ഞ മിഴികളോടെ വീണ മീട്ടുന്ന സരസ്വതി ശില്പം, സ്ട്രീറ്റ് ലൈറ്റ് വെളിച്ചത്തിൽ ദൃശ്യമായി.. ഇനി അല്പം ദൂരം.
നിമിഷങ്ങൾക്കുള്ളിൽ ബസ് ഇടതുഭാഗത്തെ പട്ടാമ്പി റോഡിലേക്ക്… ഹൈവേ പാലസ് ഹോട്ടലിനു മുൻപിലാണ് ഇറങ്ങേണ്ട സ്റ്റോപ്പ്.
ഇനി കഷ്ടി അൻപതു മീറ്റർ മാത്രം… ഞാൻ ബാഗെടുത്തു, ഇറങ്ങാൻ തുടങ്ങി.
അടുത്തുള്ള ആൾ ഇപ്പോഴും ഉറക്കം വിട്ടിട്ടില്ല.
–അതേയ്.. ശ്..ശ്
ഞാൻ വിളിച്ചു.
ഞെരുങ്ങിയ സീറ്റിൽ നിന്നും പുറത്തു ചാടാൻ ഒന്ന് ശ്രമിച്ചു.
പക്ഷെ മൂപ്പരുടെ മുണ്ടു സമ്മതിക്കുന്നില്ല. വണ്ടി ഹോട്ടൽ നോബിൾ കഴിഞ്ഞു…
–മാഷെ… ഏയ്..
ഇത്തവണ ഞാനൊന്നു ചെറുതായി തട്ടി.
വഴിയിൽ തടസ്സമായ മുണ്ട്, കല്യാണസൗഗന്ധികത്തിന്റെ കഥ ഓർമിപ്പിച്ചു.
ഒരു അലസമായ മൂളൽ മാത്രം…
ഇനി മീറ്ററുകൾ മാത്രം.. കണ്ടക്ടർ എന്നെ കാണുന്നുണ്ട്…
എനിക്കു ക്ഷമകെട്ടു…
–ഹലോ… ഷിജു ഏട്ടാ…
ഓഹ്.. പെട്ടെന്ന് ആൾ ഞെട്ടിയുണർന്നു, കൈ കൊണ്ടു മുഖം തുടച്ചു…
കാര്യം മനസ്സിലായി, എനിക്കു വഴി ഒരുക്കി തന്നു.
ബസ് സ്റ്റോപ്പിലെത്തി, നിർത്തി.
സ്റ്റെപ്പിൽ നിന്നും ഇറങ്ങുന്നതിനു മുൻപ് ഇരുന്ന സീറ്റിലേക്കൊന്നു നോക്കി. അതെല്ലായ്‌പ്പോഴുമുള്ള ഒരു പതിവാണ്.
അപ്പോൾ…
ഉറക്കച്ചടവ് മാറിയ, അല്പം സംശയവും കൗതുകവും നിറഞ്ഞ രണ്ടു കണ്ണുകൾ എന്നെ സൂക്ഷിച്ചു നോക്കി. പേരറിയാത്തൊരാൾ, ഉറക്കത്തിൽ സ്വന്തം പേരു വിളിച്ചു തട്ടിവിളിച്ചതിന്റെ അന്ധാളിപ്പ് മുഖത്തു പ്രകടമായിരുന്നു.. ഞാനൊന്നു ചെറുതായി മന്ദഹസിച്ചു, പുറത്തിറങ്ങി… ബസ് മുന്നോട്ടെടുത്തു…
ഓട്ടോ സ്റ്റാൻഡിൽ, രാത്രി മയക്കത്തിലായിരുന്ന ഡ്രൈവറെ വിളിച്ചുണർത്തി, ഇനി അവസാന യാത്രാലക്ഷ്യത്തിലേക്ക്…
വീശിയടിക്കുന്ന കാറ്റിനോടൊപ്പം വശങ്ങളിലെ റക്സിൻ ഷീറ്റുകളും ശബ്‌ദമുണ്ടാക്കികൊണ്ടിരുന്നു. റിക്ഷയുടെ സീറ്റിൽ നിന്നും പുറത്തേക്കു നോക്കിയപ്പോൾ ഇനിയും ഒളി മങ്ങാത്ത ചന്ദ്രപ്രഭ ദൃശ്യമായി. വണ്ടി സിംക്കോ കമ്പനിയുടെ മുന്നിൽ നിന്നും വലത്തോട്ട് തിരിയുന്നതിനുമുമ്പ്, എന്നെ അത്ഭുതപ്പെടുത്തി ആകാശത്തെ രാജകുമാരന്റെ ഇങ്ങോട്ടൊരു ചോദ്യം…
” നീ ആ പാവത്തിന്റെ ഉറക്കം കളഞ്ഞൂ ലെടാ”…
എനിക്കു പെട്ടെന്നു ചിരി വന്നു. ഡ്രൈവർ കാണാതിരിക്കാൻ കൈകൾ കൊണ്ടു വായ പൊത്തി..
“വഴ്യങ്ങാനും തെറ്റിയോ ചേട്ടാ!?”
റിയർവ്യൂ മിററിലെ നിഷ്കളങ്ക കണ്ണുകളിലെ ചോദ്യത്തിന്റെ ടൈമിംഗ് ആസ്വദിച്ചുകൊണ്ടുതന്നെ മറുപടി നൽകി…
-ഏയ് ഇല്ല്യല്ല്യ., ഓക്കെയാണ്!… നേരെ പൂവാം…
ഒരു ചെറുപുഞ്ചിരിയോടെ ഞാൻ പറഞ്ഞു നിർത്തി…
ഭാഗം – മൂന്ന്
സ്പ്രൈറ്റിന്റെ ഒരു സിപ് ഞാനെടുത്തപ്പോൾ, സനൽ പറഞ്ഞു തുടങ്ങി..
“ഈ ദം ബിര്യാണിന്റെ ഹാങ്ങോവർ മാറ്റാൻ ഇതൊരെണ്ണം നല്ലതാ.. അല്ലെങ്കിൽ ഉറക്കം വരും”…
സംഗതി ശരിയാണ്, ഒന്ന് മയങ്ങിയാൽ കൊള്ളാമെന്നുണ്ട്. ക്ലോക്കിൽ സമയം രണ്ടേ നാൽപതു കഴിഞ്ഞു. ഹോട്ടലിൽ നിന്നും ഓർഡർ ചെയ്ത ഉച്ചഭക്ഷണം കഴിച്ചു തീർന്നതേയുള്ളു.
അവധിദിനമായതിനാൽ ശനിയാഴ്ച, സുഹൃത്തിന്റെ അജ്‌മാനിലെ വീട്ടിലേക്കു വന്നതാണ് ഞാനും കുടുംബവും. ഒരേ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികളുടെ സൗഹൃദം, അമ്മമാരിലൂടെ വളർന്നു ഞങ്ങളും നല്ല സുഹൃത്തുക്കളായി. സ്ത്രീകൾ രണ്ടുപേരും അടുക്കളയിൽ പതിവുള്ള ചർച്ചയിലാണ്. കുട്ടികളുടെ പഠനവും, ഭക്ഷണ രീതികളും കഴിഞ്ഞാൽ പിന്നെ ടി വി സീരിയൽ വിശേഷങ്ങളാണ്.. അതിൽ കടൽ ഭേദമില്ല.
“ബോറടിക്കുന്നുണ്ടോ ഭായ് ?” സനൽ റിമോട്ട് തപ്പിയെടുത്തു ചോദിച്ചു.
ഇപ്പൊ മാച്ചോന്നും കാണാനില്ലല്ലോ..
ചാനലുകളിലൂടെ ബട്ടൺ കീ ചലിപ്പിക്കുന്നതിനിടെ സനലിന്റെ ഗദ്ഗദം കേട്ടു.
ടി വി യിലെ സിനിമയോടൊന്നും ഇപ്പൊ വല്യ താല്പര്യമില്ല, ഇരുന്നു കഴിഞ്ഞാൽ പിന്നെ അത് കഴിയാതെ പോകാൻ പറ്റില്ല. ഇത്തരം സന്ദർഭങ്ങളിൽ ‘ഉപ്പും മുളകുമാണ്’ ഞങ്ങളുടെ ഇഷ്ട പ്രോഗ്രാം. പക്ഷെ സെർച്ച് ലിസ്റ്റിൽ ഒരു ഫുട്ബോൾ മാച്ച് കണ്ടതിനാൽ അവിടേക്കു സനൽ പ്രസ് ചെയ്തു.
“യൂ സീ ദാറ്റ് ഗോൾ മാൻ?”
എന്നോടാണ് ചോദ്യം..
റയൽ മാഡ്രിന് വേണ്ടി റൊണാൾഡോയുടെ ഒരു ബൈസിക്കിൾ കിക്കാണ്, സിദാൻ വരെ തലയിൽ കൈവച്ച ഒരു അതിമാനുഷിക പ്രകടനം.
-ഓ, ഇത് ഞാൻ കണ്ടിട്ടുണ്ട്.. എന്തൊരു ടൈമിംഗാ…
“യെസ്. വല്ലാത്ത ഡെഡികേഷനാണ് ക്രിസ്ത്യനോ. നല്ല ഹാർഡ്‌വർക്കും..”
ഞങ്ങൾ രണ്ടുപേരും ആ പ്രകടനം ഒന്നുകൂടി കണ്ടു. ആ ഉയരത്തിൽ നിന്നും അങ്ങനെയൊരു ശ്രമം പോലും സാധാരണ ആർക്കും തോന്നില്ല.
“മൂപ്പര് ഒരു ഭയങ്കര അറ്റാക്കറാണ് ട്ടോ. ആ ശരീരം, ഓട്ടം… ശരിക്കും റിയൽ ഫുട്ബോൾ ന്നു പറഞ്ഞാ അതാണ്… ങ്ങൾ വേറെ ഒരു പ്രാക്ടീസ് വീഡിയോ കണ്ടിട്ടുണ്ടോ? ഫ്ളഡ് ലൈറ്റ് ഓഫ് ചെയ്ത്ട്ട് വരെ അങ്ങേരു ഗോളടിക്കും…” സനൽ നല്ല ആവേശത്തിലാണ്.
ഞാനതു പക്ഷെ ഇതുവരെ കണ്ടിട്ടില്ല, മാത്യുസ് ഒരിക്കൽ പറഞ്ഞിട്ടുണ്ടായിരുന്നു. ഇനി അതൊന്നു കാണണമെന്നുറപ്പിച്ചു.
എനിക്കെന്തോ ഒരു ഇഷ്ടക്കൂടുതൽ എന്നും മെസ്സിയോടാണ്. അത് സനലിനും അറിയാം. മെസി – ബാർസ – അർജന്റീന – അതാണ് നമ്മുടെ ലൈൻ..
ഓട്ടോപ്ലേയിൽ അടുത്ത വീഡിയോ വന്നു, അതിൽ സ്ലാട്ടൻ ഇബ്രഹാമോവിച്ചിന്റെ ഗോളാണ്.. ഇംഗ്ളണ്ടിന്റെ ഗോളി അഡ്വാൻസ് ചെയ്തു ബോൾ തട്ടിയകറ്റിയപ്പോൾ, മറുപടിയായി വളരെ അകലെ നിന്നും തൊടുത്ത ഒരു ഉഗ്രൻ സീസർ കട്ട്. കൃത്യമായി അത് വലയിൽ വീഴുന്നതു ഒരു സ്വപ്നം കാണുന്നതുപോലുള്ളൊരു അനുഭൂതിയാണ്.
ഞാൻ സനലിനെ ശ്രദ്ധിച്ചു. മുഖത്തു മിന്നിമായുന്ന വികാരങ്ങളിൽ അത്ഭുതവും വലിയ ആവേശവുമുണ്ട്, അവ അണമുറിഞ്ഞു പുറത്തേക്കൊഴുകി.
“പഹയന്റെ ചാട്ടം കണ്ടോ? എന്തൊരു ഹൈറ്റാണ് !!”
ഞാനാ നിമിഷത്തിലൊന്നു ലയിച്ചുപോയി.
“അല്ല, ങ്ങള് പിന്നെ മെസ്സിടെ ആളാണല്ലോ…”
എന്റെ മൗനം കണ്ടു, ഒരു ചെറുചിരിയോടെ സുഹൃത്തു ചോദിച്ചു..
-ഏയ്… ഈ സ്ലാട്ടൻ, വലിയ കേമനൊക്കെയാണ്, പക്ഷെ അങ്ങേരു ഫുട്ബോളാണോ, കരാട്ടെയാണോ കളിക്കുന്നതെന്നു എനിക്കിപ്പോഴും മനസ്സിലായിട്ടില്ല.. ഒരു വിറ്റുകൊണ്ടു ആ ഗ്യാപ്പിനെ മറികടക്കാൻ ഞാനൊന്നു ശ്രമിച്ചു.
“റൊണാൾഡോ പറ്റില്ല, സ്ലാട്ടൻ ശരിയല്ല, നെയ്മർ പോരാ… ഈ മെസ്സി ഫാൻസിനെ കൊണ്ടൊരു രക്ഷയുമില്ല! ഉം…” സനൽ ചിരിച്ചു കൊണ്ട് പറഞ്ഞു.
സത്യത്തിൽ മെസ്സിയെയും റൊണാൾഡോയെയും താരതമ്യപ്പെടുത്തുന്നതിൽ കാര്യമില്ല. അവർ രണ്ടുപേരും മികച്ചവരാണ്. ഒരാൾ അസാമാന്യ ജന്മപ്രതിഭയുടെ ഗുണം കൊണ്ടും, മറ്റൊരാൾ സ്വന്തം ആഗ്രഹത്തെ കഠിനാധ്വാനം കൊണ്ടു സ്വായത്തമാക്കുവാൻ ശ്രമിക്കുന്നവനും.. ഇത്തരം രണ്ടുതരം ഹീറോയിസം എല്ലാ സമൂഹങ്ങളിലും മേഖലയിലുമുണ്ട്… തലേന്ന് കാലിപ്സോ സംഗീതവും, ബാറിൽ ഡാൻസും ആസ്വദിച്ചു പിറ്റേന്ന് ക്രീസിൽ തകർപ്പൻ പ്രകടനം നടത്തുന്ന ബ്രയാൻ ലാറയും, ചിട്ടയായ കഠിനാദ്ധ്വാനത്തിനു പിന്നെയും മൂർച്ചകൂട്ടി ക്ഷമയോടെ ഗൃഹപാഠം ചെയ്തു ഇന്നിങ്‌സ് കളിച്ചിരുന്ന ടെണ്ടുൽക്കറുമെല്ലാം ഈ താരതമ്യത്തിലെ മറ്റൊരു വകഭേദമാണ്.
അച്ഛാ… ഒരു ഫോണുണ്ട്… സനലിന്റെ മകൻ അപ്പു, ഫോൺ കൊണ്ടുവന്നു പറഞ്ഞു…
“ഒരു മിനിറ്റെ, ഓഫീസിൽ നിന്നാണ്..”
സനൽ ഫോണിലായി കുറച്ചുനേരം. ഇന്ന് അവധി ദിവസമാണ്.. പക്ഷെ പ്രൊഫഷണൽസിനു എന്തു ഹോളിഡേ?! ഗൾഫിൽ മിക്കയിടത്തും സെമി മാനേജ്മെന്റിന്റെ ജോലിയുടെ സ്വഭാവമെല്ലാം ഇങ്ങനെയൊക്കെയാണ്.
‘അങ്കിൾ കാണുന്നുണ്ടോ?’
അപ്പു ചോദിച്ചു..
-ഏയ്, അപ്പു എടുത്തോ.. ഞാൻ ടീവി അവനുവേണ്ടി കൊടുത്തു.
നമ്മുടെ മകൻ പക്ഷെ കോറിഡോറിൽ അടുത്ത ഫ്ളാറ്റിലെ കുട്ടികളുമായി കളിക്കുന്നുണ്ട്. ശബ്‌ദം കേൾക്കാം…ഭാര്യ അടുക്കളയിൽ തന്നെയാണ്.
സനൽ കൈകൊണ്ടു ഇപ്പൊ വരാം എന്നൊരാന്ഗ്യം കാണിച്ചു. ഞാൻ സാരമില്ല എന്നെങ്ങനെ കാണിക്കുകയും ചെയ്തു.
‘അങ്കിൾ, ർ യൂ പ്ലെയിങ് വിത്ത് മി?
ഫിഫ ഫുട്ബോൾ ഗെയിം സ്‌ക്രീനിൽ തെളിഞ്ഞു. അപ്പുവിന്റെ കയ്യിൽ ജോയ് സ്റ്റിക്കുണ്ട്.
പണ്ട് കീബോർഡിൽ കളിച്ചിട്ടുണ്ട് എന്നല്ലാതെ ജോയ് സ്റ്റിക് തീരെ വശമില്ല. ഇനി കളിയ്ക്കാൻ ശ്രമിച്ചാലോ പിള്ളേർക്ക് നമ്മുടെ സ്പീഡ് ശരിയാവില്ല, അവരെ വെറുതെ ബുദ്ധിമുട്ടിക്കലാവും..
-മോൻ കളിച്ചോ. അങ്കിൾ കാണട്ടെ.
‘ഓക്കേ.’
അപ്പു കൈകൊണ്ടൊരു തംസപ് ചിഹ്നം കാണിച്ചു.
സ്‌ക്രീനിൽ പുതിയ കളിക്കാരുടെ നിര തെളിഞ്ഞു. ഗ്രാഫിക്സ് പരമാവധിയുണ്ടെങ്കിലും നമ്മുടെ സങ്കൽപ്പങ്ങളിൽ ഇതെല്ലാം കാർട്ടൂണുകളാണ്.. അപ്പു സാമാന്യം നന്നായി കളിക്കുന്നുണ്ട്.
“അപ്പു.. നീ അങ്കിളിന്റെ കയ്യിൽ നിന്നും ടീവി വാങ്ങിച്ചോ ? ഇറ്റ്സ് നോട്ട് എ ഗുഡ് ഹാബിറ്റ്..സെ സോറി.” ഫോൺ സംസാരം കഴിഞ്ഞിറങ്ങിയ സനൽ മോനോടായി ദേഷ്യപ്പെട്ടു.
-മാഷെ, അവനെ വെറുതെ വഴക്കു പറയേണ്ട.. ഞാനാണ് അത് കൊടുത്തത്.
ഞാൻ രംഗം തണുപ്പിച്ചു.
-എന്ത് പറ്റി? ഓഫീസിൽ എന്തെകിലും അത്യാവശ്യം?
“ഉം. ഞാൻ കുറച്ചു ദിവസായി മെഡിക്കൽ ലീവിലായിരുന്നല്ലോ..കുറച്ചു പെൻഡിങ്‌സ്.. ഓൺലൈനിൽ ഒരു ക്ലയന്റ് മീറ്റിംഗുമുണ്ട്. ഒരു പതിഞ്ചുമിനിറ്റ് മാക്സിമം..നിങ്ങൾ വൈകീട്ടല്ലേ പോകുന്നുള്ളൂ.”
-അതെ… അപ്പൊ ഓക്കേ മാൻ, ക്യാരി ഓൺ…
ഞാനും അപ്പുവും ഗെയിമിലേക്കും, സനൽ റൂമിലുള്ള ലാപ്ടോപ്പിന് മുന്നിലേക്കും പോയി. അപ്പുവിനും പനി മാറാത്തതുകൊണ്ടാണ് അവൻ കൂട്ടുകാരോടൊപ്പം കളിയ്ക്കാൻ പോകാത്തത്. പക്ഷെ ആ ക്ഷീണമൊന്നുമില്ലാതെ നന്നായി അവൻ ജോയ് സ്റ്റിക് കൈകാര്യം ചെയ്യുന്നുണ്ട്. സ്ക്രീനിൽ വേൾഡ് കപ് ഇലവൻ വന്നു. പഴയ ഓർമകളുടെ ലോകത്തേക്കുള്ള യാത്രക്ക് ആ ദൃശ്യം മാത്രം മതിയായിരുന്നു!
പുതിയ നൂറ്റാണ്ടിലെ ആദ്യ ലോകകപ്പ് നേട്ടം, ലാറ്റിൻ അമേരിക്കൻ ടീമായ ബ്രസീ ലിന് ആയിരുന്നെങ്കിൽ പിന്നീടുള്ളവയെല്ലാം യൂറോപ്പ്യൻ ടീമുകൾ പങ്കിട്ടെടുത്തു; ഇറ്റലി, സ്പെയിൻ, ജർമ്മനി പിന്നെ ഏറ്റവുമൊടുവിൽ ഫ്രാൻസും… പല മികച്ച നിമിഷങ്ങളും അതോടൊപ്പം ഓർത്തെടുത്തു. സിമയോനിയുടെ ‘ചതിക്ക്’ ബെക്കാം വിജയഗോളോടെ പകരം വീട്ടുന്നതും, റൊണാൾഡീഞ്ഞോയുടെ ഗാരിഞ്ച മോഡൽ ഫ്രീകിക്കും, ഫൈനൽ വരെ എത്തി ഒടുവിൽ വില്ലൻ പരിവേഷത്തിൽ വിട വാങ്ങിയ സിദാനും, ടോട്ടൽ ഫുട്ബാളിന്റെ മനോഹാരിതയിൽ ജർമനിയെ വെള്ളം കുടിപ്പിച്ച സ്പെയിനിന്റെ ഷാവിയും, ഇനിയേസ്റ്റയും, ഇറാനെതിരെ മെസ്സി നേടിയ അവസാനനിമിഷ ക്ലാസിക് ഗോളും, സ്പെയിനിനെതിരെ വെൻപേഴ്സിയുടെ പറന്നുചാടിയ ഹെഡ്ഡറും, അടിവച്ചു അളന്നെടുക്കുന്ന വാമനനെ ഓർമിപ്പിക്കുന്ന ശൈലിയിൽ മസ്കാരസിനെ മറികടന്നു ഗോൾ നേടുന്ന എംബാബ്‌വെയും,ഹാട്രിക്കോടെ ക്രിസ്ത്യാനോയുടെ സമനില ഫ്രീകിക്ക് ഗോളും….അങ്ങിനെ ഒരുപാട് ഫ്രെയിമുകൾ!…
എന്നാൽ വിവര സാങ്കേതികതയുടെ മുന്നേറ്റവും, അതുവഴിയുള്ള വിപണി മൂല്യവും ക്ലബ് മത്സരങ്ങൾക്കായതിനാൽ, ഇംഗ്ലീഷ് പ്രീമിയർ ലീഗും, സ്പാനിഷ് – ഇറ്റാലിയൻ ലീഗുമെല്ലാം പുതിയ കാലത്തു എല്ലാ ഫുട്ബോൾ പ്രേമികൾക്കും പ്രാപ്യമായി. രാജ്യങ്ങളെക്കാൾ പ്രാധാന്യം ക്ളബ്ബുകൾ തമ്മിലുള്ള മത്സരങ്ങൾക്കായോ എന്നൊരു സംശയവും കൂട്ടത്തിൽ ഇല്ലാതിരുന്നില്ല. ഏറ്റവും കൂടുതൽ കാശുള്ളവൻ ഏറ്റവും നല്ല ടീം സ്വന്തമാക്കുന്നു. ഒരു കാലത്തു റിയൽ മാഡ്രിഡിൽ സിദാൻ, റൊണാൾഡോ, ബെക്കാം, റൗൾ, റോബർട്ടോ കാർലോസ് തുടങ്ങിയ മഹാരഥന്മാർ ഒന്നിച്ചു കളിച്ചിരുന്നത് ഓര്മയിലേക്ക്യാദ്യം വന്നു. വ്യത്യസ്ത രാജ്യക്കാർ ഒരു ടീമിൽ അണിനിരക്കുന്നതും, ഒരേ സമയം ബെക്കാമും, കാർലോസും സിദാനുമെല്ലാം ഫ്രീകിക്കിനായി ‘ക്യു’വിൽ നിൽക്കുന്നതും അതിശയോക്തി തന്നെയായിരുന്നു. ആ കാലത്തെങ്ങോ ആയിരിക്കണം ബാഴ്സയോടും എനിക്കിഷ്ടം തുടങ്ങുന്നത്. വലിയ നാട്യങ്ങളില്ലാതെ പോസിറ്റീവ് പ്ലേ, മികച്ച പാസുകൾ, കൂടാതെ ടീം വർക്ക് ഗോളുകളും… ഇന്നും ആ പ്രേമം തുടരുന്നു. പക്ഷെ ഈ വലിയ മാനദണ്ഡങ്ങളിൽ നമ്മുടെ സുനിൽ ഛേത്രിയെയും, ഐസ്എൽ മത്സരങ്ങളും വേണ്ട രീതിയിൽ പരിഗണിക്കപ്പെടുന്നില്ല എന്നൊരു സന്ദേഹമില്ലാതില്ല.
ഓൺലൈനിൽ സനലിന്റെ ക്ലയന്റ് വന്നെന്നു തോന്നി, അപ്പു ടി വി യുടെ വോള്യം കുറച്ചു. ഞാൻ ഹെഡ്സെറ്റും സ്പ്രൈറ്റ്‌മെടുത്തു, അപ്പുവിനോടു ആംഗ്യം കാണിച്ചു പതുക്കെ ബാല്കണിയിലേക്കു ചുവടു വച്ചു. കിച്ചൻ ഡോറിനു മുന്നിലൂടെ നീങ്ങിയപ്പോൾ ‘വാനമ്പാടി’യിലെ മോഹൻസാറും, അനുമോളും, തംബുരുവിനെയുമെല്ലാം പരാമർശിക്കുന്നതു കേട്ടു… ഗ്രില്ലു കൊണ്ടു താഴ് ഭാഗം മറച്ച ബാൽക്കണിയുടെ ഒരു കോണിൽ ഒരു ചാരുകസേരയുണ്ട്; ഞാനതിൽ ഇരിപ്പുറപ്പിച്ചു. നട്ടുച്ചയാണെങ്കിലും ഡിസംബർ മാസമായതിനാൽ ചെറിയൊരു തണുത്ത കാറ്റുണ്ട്. അവിടെയിരിക്കുമ്പോൾ വിശാലമായ ആകാശം കാണാം. ഒരു വശത്തു ഫ്ലാറ്റുകൾ, സർവീസ് റോഡുകൾ, മറുവശത്തു ഇൻഡസ്ട്രിയൽ ഏരിയയിലെ ദൃശ്യങ്ങൾ.. പൊടിപടലങ്ങൾ ഇല്ലെങ്കിലും പൊതുവെ ഒരു തവിട്ടു നിറം എല്ലായിടത്തും..
സ്പ്രൈറ്റിന്റെ ഒരു സിപ് എടുത്തപ്പോൾ, പണ്ടൊരിക്കൽ കോപ്പ ഫുട്ബോൾ ഫൈനൽ കാണാൻ ഈ പരിസരങ്ങളിലെങ്ങോ അലഞ്ഞ കഥയോർത്തു. അന്ന് റഫീഖ് ആയിരുന്നു കൂടെ. ബ്രസീലും അർജന്റീനയും തമ്മിലുള്ള അർദ്ധരാത്രിയിലെ മത്സരം കാണാഞ്ഞലഞ്ഞു, ഒടുവിൽ ഒരു കോഫിഷോപ്പിൽ എത്തിപ്പെട്ടതും അവിടുത്തെ അറബി യുവാക്കളുടെ ആതിഥ്യമര്യാദയും സ്നേഹവുമെല്ലാം ഈ ഗൾഫ് ജീവിതത്തിലെ മറക്കാനാവാത്ത ഓർമയായി നിലനിൽക്കുന്നു.
“സോറി മാഷെ…”
സനൽ വന്നു തോളിൽ തട്ടി.
-ഏയ് നോ പ്രോബ്ലം മാൻ.. പുറത്തെങ്ങാനും പോകുന്നുണ്ടോ?”
ഞാൻ ചോദിച്ചു.
“സത്യം പറഞ്ഞാൽ ഒന്നു കുറച്ചു നേരം റസ്റ്റ് എടുത്താൽ കൊള്ളാമെന്നുണ്ട്. പക്ഷെ നിങ്ങളിവിടെ വന്നിട്ട് അത് ശരിയല്ലല്ലോ…ഏതായാലും നമുക്കൊന്നു ഒരു അഞ്ചുമണിയാവുമ്പോ കോർണിഷിലേക്കൊന്നിറങ്ങാം.. പോരെ?
-അതുമതി. നിങ്ങള് പോയി കിടന്നോളു.. ഞാനിവിടെയുണ്ടാവും…ഈ ചാരുകസേരയിൽ കിടക്കാൻ നല്ല സുഖമുണ്ട്…
“ഒരു നാലരക്ക് വിളിക്കണേ…”
മൂപ്പര് അപ്പുവിന്റെ അടുത്തുള്ള സോഫയിൽ പോയി കിടന്നു. ടി വി സ്‌ക്രീനിലപ്പോൾ കറുപ്പും വെളുപ്പുമണിഞ്ഞ ടോട്ടൻഹാം ജേഴ്സിയിൽ കൊറിയൻ താരം സൺ ഹ്യുങ്നെ കണ്ടു.
ഞാൻ വീണ്ടും ഒറ്റയാനായി…ഹെഡ്സെറ്റ് കണക്ട് ചെയ്തു ഫോണിൽ യൂട്യൂബ് സെർച്ച് ബട്ടണിൽ ‘ഫാബിൾ -ഡ്രീം വേർഷൻ’ ടൈപ്പ് ചെയ്തു. പണ്ട് ഷൊർണൂർ മേളം തിയറ്ററിലും, കോട്ടയം അനശ്വരയിലും മറ്റും കർട്ടൻ റൈസർ സോങ് ആയി ശ്രവിച്ച ട്യൂണുകൾ… അവ ഗൃഹാതുരതയിലേക്കു കൊണ്ടുപോയി…
എന്റെ കണ്ണുകൾ പാതി മയക്കത്തിലേക്ക് നീണ്ടു…
ആ ധ്യാനത്തിൽ, ചെവിയിൽ പല താളത്തിലായി ട്യൂണുകൾ ഒഴുകിപോയ്കൊണ്ടിരുന്നു…അടഞ്ഞ മിഴികൾക്കുള്ളിൽ കറുപ്പും വെളുപ്പും നിറഞ്ഞ അലകൾ നൃത്തമാടി…
സാവധാനം അവയും കുറഞ്ഞുവന്നു…
…..
……
കാൽ വിരലുകളിൽ, നെൽകതിരുകൾ മെല്ലെ തഴുകുന്നുണ്ട്…
കണ്മുന്നിൽ വിശാലമായി നീണ്ടുകിടക്കുന്ന, പച്ചപുതച്ച വിളഞ്ഞ നെൽപ്പാടം. റോഡിനു വശത്തെ കലുങ്കിലിരുന്നു കാലുകൾ പാടത്തേക്കു നീട്ടിയിരിക്കുകയാണ് ഞാൻ.
അങ്ങകലെ അസ്തമയത്തിനായ് നീങ്ങുന്ന സൂര്യനെ കാണാം. കണ്ണെത്താ ദൂരത്തോളമുള്ള പച്ചപ്പിനൊടുവിൽ മങ്ങിയ മലനിരകൾ… അവിടെയൊന്നിനിടയിലേക്കു ആ ഗോളം ഇനി താഴ്നിറങ്ങും.
ഇളം കാറ്റിന്റെ ശീൽക്കാരം ചെവിയിൽ കേൾക്കുന്നുണ്ട്… പരിസരത്തൊന്നും ആളുകളില്ല, മറ്റു ബഹളങ്ങളില്ല. എനിക്കു പിൻവശം വലതുഭാഗത്താണ് കുന്നിൻ മുകളിലെ അമ്പലം. ഇടതുവശത്ത് ദൂരെയായി പഴയ പാട്ടുകണ്ടം, പച്ചപ്പുകൾ നിറഞ്ഞു കളകൾ മൂടിയിരിക്കുന്നതു കാണാം!.
അവിടെയിപ്പോൾ മത്സരങ്ങളുണ്ടോ? പ്രവാസജീവിതത്തിന്റെ സ്വയം തെരെഞ്ഞെടുത്ത ബന്ധനങ്ങളിൽ അതും അറിയുന്നില്ല! കൈവിരൽ സ്പർശങ്ങളിലെന്തും വിരിയിച്ചെടുക്കുന്ന ഡിജിറ്റൽ കാലത്ത്, ആ മത്സരങ്ങൾക്കിനി പ്രസക്തിയില്ല. വിനോദങ്ങൾ കുറവായിരുന്ന ഒരു കാലത്തു മത്സരങ്ങൾക്കും, ആഴ്ചപ്പതിപ്പുകൾക്കുമെല്ലാമുള്ള കാത്തിരിപ്പൊരു സുഖമുള്ള അനുഭൂതിയെങ്കിൽ, ഇന്നവയെല്ലാം വലിയ താരതമ്യങ്ങളിൽ പൊലിയുന്ന വേദികളും സമയംകൊല്ലി ചർച്ചകളുമാണ്.
ആർപ്പുവിളികളേറെ നിറഞ്ഞൊരു ഭൂതകാലത്തിൽ ഗ്രൗണ്ടിനെ തൊട്ടുവണങ്ങി, കറ്റ മെതിച്ച ആ കളങ്ങളിൽ കളിക്കാനിറങ്ങിയവരെ ഓർത്തു.. അന്നവർ എന്തായിരിക്കാം പ്രാർത്ഥിച്ചുണ്ടാവുക?.. പിറ്റേന്നത്തെ പണി മുടങ്ങരുതേ എന്നായിരിക്കണം. വലിയ കളിക്കാർ സുരക്ഷിതമുള്ള ഗ്രൗണ്ടിൽ നേടുന്ന ചന്തമുള്ള ഗോളുകളോടൊപ്പം തന്നെ മികച്ചതും അവിടങ്ങളിലും കണ്ടിട്ടുണ്ട്. കളിയോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ, നിമിഷങ്ങൾ ജീവിച്ചു ആസ്വദിച്ച തലമുറകളുടെ ഒരു കാലം.
അതെ, അതങ്ങനെയൊരു ഫുട്ബോൾ കാലം…
മിഴികൾ ആകാശത്തേക്കു നീട്ടവേ ചുരുളൻ മേഘങ്ങളുടെ നീണ്ടു കിടക്കുന്ന ദൃശ്യങ്ങൾ വല്ലാതെയാകര്ഷിച്ചു. വാനിൽ നീലയും ഓറഞ്ചും ചുവപ്പുമെല്ലാമുള്ള വർണ്ണരാജികൾ…സൂര്യൻ അസ്തമയത്തോട് അടുക്കുകയാണ്.
ഒരു കൗതുകത്തിനു ഞാനവയിൽ രൂപങ്ങൾ തിരഞ്ഞു. ചുരുളൻ മേഘങ്ങൾക്ക് വാൽഡെരമയുടെ മുടിയുടെ ഛായ കാണുന്നുണ്ടോ?… അതോ റൂഡ് ഗുള്ളിറ്റ്? ഇല്ല… എന്നാൽ ഇടതു വശത്തുള്ള ചില മേഘങ്ങൾക്ക് കൈവിരൽ ഘടനയുണ്ടെന്നു തോന്നി.
ആരും കാണുന്നില്ലെന്ന വിശ്വാസത്തിൽ എന്റെ ഇടം കൈ വാനത്തേക്കുയർന്നു. ആ മേഘങ്ങൾക്കനുസൃതമായി വിരലുകൾ ക്രമപ്പെടുത്തി.. ഇപ്പോൾ ഉള്ളം കയ്യിലാണ് സൂര്യൻ…
കൺപോളയടച്ചു തുറക്കുന്നതിനുമുന്പ് ഒരു ആരവം കേട്ടു.. അവ്യക്ത രൂപത്തിൽ മിന്നിമാഞ്ഞത് ഇംഗ്ളണ്ട് ഗോൾ കീപ്പർ പീറ്റർ ഷിൽട്ടൺ?!
ഒരു തണുത്ത സ്പർശമപ്പോൾ വിരലുകളെ ചേർത്തുപിടിച്ചു. അത് കുസൃതിക്കാരനായ, ആ പഴയ കുറിയൻ അർജന്റീനക്കാരനാണെന്നറിഞ്ഞു!!
ആനന്ദാശ്രുക്കൾ നിറഞ്ഞൊഴുകുന്ന ആ നിമിഷങ്ങളിലെങ്ങോ എന്റെ ഇടം കൈ, ആ ചുവന്ന പന്തിനെ വലയിലേക്കടിച്ചു!.
ശുഭം.
* പേരിൽ അല്പം മാറ്റം വരുത്തിയിട്ടുണ്ട്.
(വ്യക്തികളുടെ സ്വകാര്യതയെ അങ്ങേയറ്റം മാനിക്കുന്നതിനാൽ, അധികം ആരുടെയും – പ്രത്യേകിച്ച് നിർബന്ധമായും സൂചിപ്പിക്കേണ്ട സംഘം ക്ളബ് അംഗങ്ങളുടെയും, നാട്ടുകാരായ സുഹൃത്തുക്കളുടെയും മറ്റും വിവരങ്ങൾ കൊടുത്തിട്ടില്ല.)
Songs link
1) Tu cheez badi he mast mast…
https://youtu.be/VG16zeF8dbo
2) ആറ്റുകാലിലമ്മേ… (male version)
https://youtu.be/6sHBikd2oDU
3) കൂടും പിണികളെ കണ്ണാലൊഴിക്കും…
https://youtu.be/RqYUqw8QRwg
4) Robert miles – Fable Dream version
https://youtu.be/Aq51z-6npwg
No responses yet